ഹജ്ജ് ഫണ്ട് നിങ്ങള്‍ക്കായി നന്മയുടെ പൂക്കാലമൊരുക്കുന്നു

സാമ്പത്തികമായി കഴിവുള്ളവരെല്ലാം തന്നെ ഒന്hajj-fundനൊഴിയാതെ ഹജ്ജ് കര്‍മ്മം നിര്‍വഹിച്ചതായി ചരിത്രത്തിലൊരിടത്തും കാണാന്‍ കഴിയില്ല. ഇനി ഭാവിയിലും അതു തന്നെയാണ് സംഭവിക്കാന്‍ പോകുന്നത്. സാമ്പത്തികമായി കഴിവുള്ളവരാണെങ്കിലും ഹജ്ജ് ചെയ്യാനുള്ള അവസരം ഏറെ പേര്‍ക്കും നഷ്ടപ്പെട്ടു പോകുന്ന തരത്തിലാണ് വര്‍ഷം തോറും ആ പരിശുദ്ധ കര്‍മ്മത്തിന് പോകുവാനായി അപേക്ഷിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നത്. തെരഞ്ഞെടുപ്പെടുന്ന വളരെ കുറച്ച് പേര്‍ക്ക് മാത്രമേ ഇപ്പോള്‍ ഓരോ വര്‍ഷവും ഹജ്ജ് ചെയ്യാനുള്ള അവസരം ലഭിക്കുന്നുള്ളു. ഒരോ വര്‍ഷം കഴിയും തോറും ഹജ്ജ് ചെയ്യാനുള്ള സാമ്പത്തിക ചെലവും കൂടിവരികയാണ്. ഇന്ത്യയിലെ ഒരു ശരാശരി മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം ഒരു ഏഴെട്ട് വര്‍ഷമെങ്കിലും വേണ്ടിവരും ഹജ്ജിനു വേണ്ടിയുള്ള പണം സ്വരൂപിക്കാന്‍. ഹജ്ജിന്റെ ആവശ്യത്തിനായി സ്വരൂപിക്കപ്പെടുന്ന പണം വിവിധങ്ങളായ രീതിയിലാണ് ഓരോരുത്തരും സൂക്ഷിക്കുന്നത്.

എല്ലാ വര്‍ഷവും കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിനായി അപേക്ഷിച്ച ഏകദേശം ഒരു ലക്ഷത്തിലധികം ഇന്ത്യക്കാര്‍ക്ക് ഹജ്ജ് ചെയ്യാനുള്ള അവസരം നഷ്ടപ്പെടുന്നുണ്ട്. അതോടൊപ്പം തന്നെ അതിന്റെ ഇരട്ടി സംഖ്യ വരുന്ന മുസ്‌ലിംകള്‍ ഹജ്ജ് ചെയ്യുന്നതിനായുള്ള പണം സ്വരൂപിക്കല്‍ പ്രക്രിയയില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ ഹജ്ജാവശ്യത്തിനായി ശേഖരിക്കപ്പെടുന്ന യാതൊരു വിധത്തിലുള്ള സാമ്പത്തിക ക്രയവിക്രയങ്ങള്‍ക്കും വിധേയമാകാതെ നിശ്ചലമായി കിടക്കുന്ന പണത്തിന്റെ കണക്ക് ഞെട്ടിപ്പിക്കുന്നതാണ്. ഏകദേശം അഞ്ചൂറ് കോടി ഇന്ത്യന്‍ രൂപയാണ് ഉല്‍പാദന ക്ഷമമായ കാര്യങ്ങള്‍ക്ക് വിനിയോഗിക്കാതെ ഇത്തരത്തില്‍ ശേഖരിച്ചുവെക്കപ്പെടുന്നത്. ഇത് ഇസ്‌ലാം മുന്നോട്ട് വെക്കുന്ന സാമ്പത്തിക തത്വങ്ങള്‍ക്ക് നേര്‍ വിപരീതമാണ്. സമൂഹത്തിനും വ്യക്തിക്കും ഉപകാരപ്പെടാത്ത വിധത്തില്‍ ഒരു കാരണവശാലും പണം ഒരിടത്ത് കെട്ടികിടക്കരുതെന്നാണ് ഇസ്‌ലാമിന്റെ സാമ്പത്തിക കാഴ്ച്ചപാട്. സമൂഹത്തില്‍ സമ്പത്തിന്റെ ക്രിയാത്മകമായി വിതരണം ഉറപ്പു വരുത്തുന്ന രീതിയിലാണ് ഇസ്‌ലാം അതിന്റെ സാമ്പത്തിക നിയമങ്ങളും ധാര്‍മികാദ്ധ്യാപനങ്ങളും ചിട്ടപ്പെടുത്തിയിട്ടുള്ളത്. ഹജ്ജിന് പണം കണ്ടെത്തുന്നതിന് വേണ്ടി കൈവശമുള്ള ഭൂമി വില്‍ക്കുന്നത് ഇന്ത്യയില്‍ സാധാരണമാണ്. ഇതാകട്ടെ വ്യക്തിയുടേയും സമൂഹത്തിന്റേയും ഇസ്‌ലാമിക കാഴ്ച്ചപാടിലുള്ള സാമ്പത്തികോന്നമനത്തിന് യാതൊരു സംഭാവനയും നല്‍കുന്നില്ല.

ഇതാ ഒരു സന്തോഷ വാര്‍ത്ത ! ഹജ്ജിന് വേണ്ടി നാം സൂക്ഷിക്കുന്ന പണം മുഖേന മറ്റൊരു വിധത്തില്‍ കൂടി അല്ലാഹുവിന്റെ പ്രതിഫലം നേടുവാന്‍ അവസരമൊരുക്കുന്ന പദ്ധതിയാണ് ഇപ്പോള്‍ ഹജ്ജ് ഫണ്ട് ഓഫ് ഇന്ത്യ (HFI) ആവിഷ്‌കരിച്ചിരിക്കുന്നത്. കൂടാതെ ഇസ്‌ലാമിക കാഴ്ച്ചപാടില്‍ ഗുരുതരമായ തെറ്റായി ഗണിക്കപ്പെടുന്ന പണം വെറുതെ കെട്ടികിടക്കുന്ന പ്രശ്‌നത്തിന് ഒരു ഉത്തമ പരിഹാരം കൂടിയാണ് ഈ പദ്ധതിയിലൂടെ മുന്നോട്ട് വെക്കുന്നത്. ഹജ്ജിന് വേണ്ടി ഒരുക്കൂട്ടുന്ന പണം സുരക്ഷിതമായി സൂക്ഷിക്കുന്ന ഒരു സേവന സംരംഭത്തിനാണ് HIF രൂപം കൊടുത്തിട്ടുള്ളത്. സംരംഭത്തിന്റെ നിയമപരമായ എല്ലാ പരിശോധനകളും പൂര്‍ത്തിയായി കഴിഞ്ഞിട്ടുണ്ട്. വിദേശ ഇന്ത്യക്കാരടക്കം എല്ലാ ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കും HFI യില്‍ ഒരു ഹജ്ജ് അക്കൗണ്ട് തുറക്കാം. നിങ്ങള്‍ ഹജ്ജിനായി ഒരുകൂട്ടുന്ന ആയിരത്തിന്റെ ഗുണിതങ്ങളായ എത്ര സംഖ്യയും ഏതു സമയത്തും നിക്ഷേപിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.

സാമ്പത്തിക വിനിയോഗ പദ്ധതികള്‍ ആവിഷ്‌കരിക്കാനും നേരിടാന്‍ ഇടയുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരങ്ങള്‍ നിര്‍ദേശിക്കുവാനും HFI ക്ക് ഒരു ശരീഅ ഉപദേശക സമിതി നിലവിലുണ്ട്. ശരീഅത്തില്‍ അധിഷ്ഠിതമായ ബഹുമുഖ നിക്ഷേപ പദ്ധതികളിലാണ് ഇത് മുഖ്യമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇങ്ങനെ നിക്ഷേപമായി സ്വീകരിക്കുന്ന പണത്തിന്റെ ഒരു ഭാഗം ദരിദ്രരായ മുസ്‌ലിംകള്‍ക്ക് വായ്പയായി നല്‍കും. ഉദാഹരണമായി മറ്റൊരാളുടെ കയ്യില്‍ നിന്നും വാടകക്ക് വാങ്ങിയ റിക്ഷ കൊണ്ട് ഉപജീവനം തേടുന്ന ഒരാള്‍ക്ക് സ്വന്തമായി റിക്ഷവാങ്ങാനുള്ള പണം വായ്പയായി നല്‍കുക. ആറു മാസകാലയളവിനുള്ളില്‍ വായ്പയായി നല്‍കിയ പണം റിക്ഷയിലൂടെ കിട്ടുന്ന വരുമാനം കൊണ്ട് പലിശയില്ലാതെ തിരിച്ചടക്കാനുള്ള സാവകാശം അയാള്‍ക്ക് നല്‍കുന്നു. ആറു മാസം കൊണ്ട് വായ്പ തിരിച്ചടവ് കഴിയുന്നതോടെ ആ റിക്ഷ വലിക്കാരന് ഒരു റിക്ഷ സ്വന്തമാവുന്നതോടൊപ്പം സാമ്പത്തികമായ ഭദ്രതയും കൈവരുന്നു. നിക്ഷേപമായി സ്വീകരിക്കുന്ന പണത്തിന്‍മേലുള്ള സകാത്ത് നിക്ഷേപകരുടെ പേരില്‍ തന്നെ സകാത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയില്‍ ഒടുക്കുകയും ചെയ്യും. ഇങ്ങനെ ഹജ്ജ് ഫണ്ടില്‍ നിന്നും എടുക്കപ്പെടുന്ന സകാത്തിന്റെ വിഹിതം വിശുദ്ധ ഖുര്‍ആന്‍ പരാമര്‍ശിക്കുന്ന സകാത്തിന് അര്‍ഹരായവര്‍ക്ക് നല്‍കുകയും ചെയ്യും. ഇങ്ങനെ നാം ഹജ്ജിനായി സ്വരൂപിക്കുന്ന പണം HFI യില്‍ നിക്ഷേപിക്കുന്നതിലൂടെ ഒരുപാട് നന്മകള്‍ ചെയ്യാനുള്ള അവസരം ഒത്തുവരുന്നതോടൊപ്പം അല്ലാഹുവിന്റെ അടുക്കല്‍ നിന്നും അനേകമിരട്ടി പ്രതിഫലവും നമ്മെ കാത്തിരിക്കുന്നുണ്ട്.

ഹജ്ജുമായി ബന്ധപ്പെട്ട സാമ്പത്തിക രംഗം ഒരുപാട് ഐശ്വര്യങ്ങള്‍ പ്രധാനം ചെയ്യുന്നതാണ്. ഇന്നത്തെ ആഗോള സാമ്പത്തിക രംഗത്ത് സമുദായത്തിന്റെ ഉന്നമനത്തിന് വേണ്ട ഒരുപാട് സാധ്യതകള്‍ അതുമായി ബന്ധപ്പെട്ടിടുണ്ട്. അതിനെ വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്തുന്നതിന് മുതല്‍ കൂട്ടാവുന്ന പഠന ഗവേഷണങ്ങള്‍ വികസിച്ച് വരേണ്ടതുണ്ട്.

പണം നിക്ഷേപിക്കുന്നതിലൂടെ ഉണ്ടാവാനിടയുള്ള സാമ്പത്തികമായ നഷ്ടങ്ങളെ കുറിച്ചുള്ള എല്ലാ ഭയങ്ങളും അസ്ഥാനത്താണ്. അക്കൗണ്ട് തുടങ്ങുന്നവരുടെ പണം ഒരുവിധത്തിലും നഷ്ടപ്പെടുകയില്ല. ഏതു തരത്തിലുള്ള സാമ്പത്തിക പ്രശ്‌നങ്ങളും സകാത്ത് ഫണ്ട് മുഖേന പരിഹരിക്കാന്‍ കഴിയും. ചെറുപ്പക്കാര്‍ക്കാണ് ഇതു മുഖേനയുള്ള സദ്ഫലങ്ങള്‍ ഏറെയുള്ളത്. ജീവിതത്തിന്റെ ആദ്യ കാലങ്ങളില്‍ തന്നെ ഹജ്ജിന് വേണ്ട പണം കരുതി വെക്കാന്‍ ഈ സംരംഭം അവരെ പ്രോത്സാഹിപ്പിക്കുന്നു.

(ലേഖകന്‍ സകാത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ പോഷക ഘടകമായ ഹജ്ജ് ഫണ്ട് ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ ആണ്.)
——–
ഡോ. സയ്യിദ് സഫര്‍ മഹ്മൂദ്
വിവ : ഇര്‍ഷാദ് കാളാച്ചാല്‍
(Islam Onlive/Aug-25-2014)

Related Post