കേരള സര്‍ക്കാറിന്റെ പുതിയ മദ്യനയം കുട്ടികളെ കൂടി കുടിയന്‍മാക്കാനേ ഉപകരിക്കുകയുള്ളൂ. 1984-ല്‍ കേരളീയര്‍ കുടിച്ചു തുടങ്ങിയത് പത്തൊമ്പതാമത്തെ വയസ്സിലായിരുന്നു. 1990-ല്‍ അത് പതിനേഴാമത്തെ വയസ്സിലേക്ക് താഴ്ന്നു. 1994-ല്‍ അത് പതിനാലാം വയസ്സിലെത്തി. ഇപ്പോള്‍ പന്ത്രണ്ടിലും പതിമൂന്നിലും കുടിച്ചു തുടങ്ങുന്നവരും കുറവല്ല.
ബിയര്‍ വൈന്‍ പാര്‍ലറുകള്‍ തുടങ്ങുന്നതോടെ കുടിയുടെ പ്രായം ഇനിയും കീഴ്‌പ്പോട്ടു വരുമെന്നുറപ്പ്. എട്ടും ഒമ്പതും വയസ്സില്‍ കൊച്ചു കുട്ടികള്‍ പോലും കുടി തുടങ്ങാനുള്ള സാധ്യത വളരെയേറെ വര്‍ധിക്കുമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ലഹരി കുറഞ്ഞവയെന്ന ന്യായത്തിലാണ് അടച്ചു പൂട്ടിയ ബാറുകള്‍ക്ക് ബിയര്‍ – വൈന്‍ ലൈസന്‍സുകള്‍ നല്‍കുന്നത്. എന്നാല്‍ കൂടുതല്‍ കച്ചവടം നടത്താനും ലാഭമുണ്ടാക്കാനും അവസരമൊരുക്കലാണ് യഥാര്‍ത്ഥ ലക്ഷ്യമെന്ന് മനസ്സിലാക്കാന്‍ ഒട്ടും പ്രയാസ്സപ്പെടേണ്ടതില്ല.
ബിയര്‍ – വൈന്‍ ഉപയോഗിച്ച് ശീലിക്കുന്നവര്‍ അതിവേഗം വര്‍ധിത യുള്ള മദ്യപാനത്തിലേക്ക് നീങ്ങാതിരിക്കില്ല. ഇക്കാര്യം ഇതു സംബന്ധമായ റിപോര്‍ട്ടുകള്‍ കൈവശമുള്ള സര്‍ക്കാറിന് നന്നായറിയാം. കേരളത്തില്‍ കുടിച്ച് കുടിച്ച് കുലം വിട്ടവര്‍ക്ക് കയ്യും കണക്കുമില്ല. മദ്യമൊരുക്കുന്ന മരണത്തിന്റെ വഴികള്‍ പലതാണ്. ആത്മഹത്യ, വാഹനാപകടം, കൊല, മാരകരോഗങ്ങള്‍ അങ്ങനെ പലതും. കുടിയുടെ തുടക്കം ബിയറിലും വീഞ്ഞിലുമാണെങ്കിലും ഒടുക്കം കടുപ്പമേറിയ മദ്യത്തിലായിരിക്കും. അത് വരുത്തുന്ന വിപത്തോ വളരെ വലുതും.
നമ്മുടെ നാട്ടിലെ നിയമമനുസരിച്ച് കൊലയാളികളെ പോലെ തന്നെ കൊലക്ക് പ്രേരിപ്പിക്കുന്നവരും കുറ്റവാളികളും ശിക്ഷാര്‍ഹരുമാണ്. കേരളത്തില്‍ ഓരോ ദിവസവും നടക്കുന്ന അപകട മരണങ്ങളിലേറെയും മദ്യം കാരണമായാണ്. കൊലപാതകങ്ങളും അവ്വിധം തന്നെ. അതിനാല്‍ ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ക്ക് പ്രേരകമായിത്തീരുന്ന മദ്യമാണിവിടത്തെ ഏറ്റവും വലിയ കുറ്റവാളിയും കൊലപാതകിയും. സാമ്പത്തിക താല്‍പര്യങ്ങള്‍ക്കായി ഈ കൊടും കുറ്റവാളിക്ക് നാട്ടിലെങ്ങും സൈ്വരമായി വിഹരിക്കാന്‍ അവസരമൊരുക്കുന്ന ഭരണാധികാരികളാണ് മനുഷ്യരാശിയുടെ ഏറ്റവും വലിയ ശത്രുക്കളെന്ന് പറയാനുള്ള കാരണവും അതുതന്നെ. ആ ഭരണകൂടമിപ്പോള്‍ കൊച്ചുകുട്ടികളെ കൂടി കുടിയന്‍മാരാക്കാനുള്ള ഹീനശ്രമത്തിലാണ്. നന്മയില്‍ താല്‍പര്യവും സമൂഹത്തോടു പ്രതിബദ്ധതയും വരും തലമുറകളോട് കാരുണ്യവും രാജ്യത്തോട് സ്‌നേഹവുമുള്ള ഏവരും ഈ പൈശാചിക വൃത്തിക്കെതിരെ രംഗത്ത് വരേണ്ടിയിരിക്കുന്നു.