ദൈവം നീതിമാനാണെന്നാണല്ലോ പറഞ്ഞുവരുന്നത്. എന്നാല്‍ അനുഭവം മറിച്ചാണ്. മനുഷ്യരില്‍ ചിലര്‍ വികലാംഗരും മറ്റു ചിലര്‍ മന്ദബുദ്ധികളുമാണ്. ഇത് അവരോടു ചെയ്ത കടുത്ത അനീതിയല്ലേ?
ഈ ചോദ്യം പ്രത്യക്ഷത്തില്‍ വളരെ പ്രസക്തവും ന്യായവും തന്നെ. എന്നാല്‍ അല്പം ആലോചിച്ചാല്‍ അബദ്ധം അനായാസം ബോധ്യമാകും. നമുക്ക് ഈ ചോദ്യം ഒന്നുകൂടി വികസിപ്പിക്കാം. അപ്പോള്‍ പ്രസക്തമെന്ന് തോന്നുന്ന നിരവധി ചോദ്യങ്ങള്‍ നമ്മുടെ മുമ്പില്‍ ഉയര്‍ന്നുവരും. എനിക്ക് എന്തുകൊണ്ട് ആറടി നീളം നല്‍കിയില്ലെന്ന് കുറിയവനു ചോദിക്കാവുന്നതാണ്. തന്നെ എന്തുകൊണ്ട് തൊലി വെളുത്തവനാക്കിയില്ലെന്ന കറുത്തവന്റെ ചോദ്യവും സുന്ദരനാക്കിയില്ലെന്ന വിരൂപന്റെ ചോദ്യവും പ്രതിഭാധനനാക്കിയില്ലെന്ന സാമാന്യബുദ്ധിയുടെ ചോദ്യവും സുഖകരമായ കാലാവസ്ഥയുള്ളേടത്ത് ജനിപ്പിച്ചില്ലെന്ന മരുഭൂവാസിയുടെ ചോദ്യവും ധനികകുടുംബത്തിലാക്കിയില്ലെന്ന ദരിദ്രന്റെ ചോദ്യവും ഭരണാധികാരിയാക്കിയില്ലെന്ന ഭരണീയന്റെ ചോദ്യവും ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ജീവിപ്പിച്ചില്ല എന്ന പത്താം നൂറ്റാണ്ടുകാരന്റെ ചോദ്യവുമൊക്കെ പ്രസക്തവും ന്യായവുമത്രെ. ഇതൊക്കെയും ഓരോരുത്തരുടെയും തലത്തില്‍നിന്ന് നോക്കുമ്പോള്‍ തികഞ്ഞ അനീതിയുമാണ്.
നമ്മുടെ സഹധര്‍മിണിമാരുടെ ചോദ്യം ഇതിനെക്കാളെല്ലാം ന്യായവും പ്രസക്തവുമത്രെ. മാസത്തില്‍ നിശ്ചിത ദിവസം ചില പ്രയാസങ്ങളനുഭവിക്കുന്നവളും ഗര്‍ഭം ചുമക്കേണ്ടവളും പ്രസവിക്കേണ്ടവളും കുട്ടിക്ക് മുല കൊടുക്കേണ്ടവളുമായി തന്നെയെന്തിനു സൃഷ്ടിച്ചു; തന്റെ ഭര്‍ത്താവിന് ഇത്തരം പ്രയാസങ്ങളൊന്നുമില്ലല്ലോ; അതിനാല്‍ തന്നെ എന്തുകൊണ്ട് ആണായി സൃഷ്ടിച്ചില്ല എന്ന് ഏതൊരു സ്ത്രീക്കും ചോദിക്കാവുന്നതാണ്. തന്നോട് ചെയ്തത് കടുത്ത അനീതിയാണെന്ന് സമര്‍ഥിക്കുകയും ചെയ്യാം. മനുഷ്യര്‍ക്കിടയിലെ ഈ വ്യത്യാസങ്ങളെല്ലാം ഇല്ലാതാവലാണ് നീതിയെങ്കില്‍ എല്ലാവരും ഒരേ ഭൂപ്രദേശത്ത്, ഒരേ കാലാവസ്ഥയില്‍, ഒരേ കാലത്ത്, ഒരേ കുടുംബത്തില്‍, ഒരേ മാതാപിതാക്കളുടെ മക്കളായി, ബുദ്ധിപരമായി ഒരേ നിലവാരത്തിലുള്ളവരായി, ഒരേ ശരീരപ്രകൃതിയോടുകൂടി, ഒരേ ലിംഗക്കാരായി, ഒരേവിധം ആരോഗ്യാവസ്ഥയില്‍ ജനിക്കുകയും ജീവിക്കുകയും വേണ്ടിവരും. ഇത് തീര്‍ത്തും അസാധ്യവും അപ്രായോഗികവുമാണെന്ന് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. അതിനാല്‍ എല്ലാ കാര്യങ്ങളിലെയും വൈവിധ്യം മനുഷ്യരാശിയുടെ നിലനില്പിന് അനിവാര്യമത്രെ.
മനുഷ്യജീവിതം മരണത്തോടെ അവസാനിക്കുമെങ്കില്‍ നീതിയെ സംബന്ധിച്ച ഈ ചോദ്യങ്ങളെല്ലാം തീര്‍ത്തും പ്രസക്തങ്ങളാണ്. എങ്കില്‍ ജനനം മുതല്‍ മരണം വരെയുള്ള ജീവിതം എല്ലാവര്ക്കും ഒരേപോലെ തുല്യമായി അനുഭവിക്കാനും ആസ്വദിക്കാനും അവസരം ലഭിക്കുകതന്നെ വേണം. എന്നാല്‍ നീതിമാനായ ദൈവം മരണത്തോടെ മനുഷ്യജീവിതം അവസാനിപ്പിക്കുന്നില്ല. ഐഹിക ജീവിതം കര്‍മകാലമാണ്. വിചാരണയും വിധിയും കര്‍മഫലവും മരണശേഷം മറുലോകത്താണ്. ഓരോരുത്തര്‍ക്കും ഭൂമിയില്‍ നിര്‍വഹിക്കാനുള്ള ബാധ്യത അവരവര്‍ക്ക് നല്കപ്പെട്ട കഴിവുകള്‍ക്കനുസരിച്ചാണ്. പണക്കാരന്റെയത്ര ബാധ്യത പാവപ്പെട്ടവന്നില്ല. പണ്ഡിതന്റെ ചുമതല പാമരന്നില്ല. പ്രതിഭാശാലികളുടെ ഉത്തരവാദിത്വം സാമാന്യബുദ്ധിക്കില്ല. മന്ദബുദ്ധിക്ക് അത്രയുമില്ല. വികലാംഗന് പൂര്‍ണ ആരോഗ്യവാനെ അപേക്ഷിച്ച് കുറഞ്ഞ ഉത്തരവാദിത്വമേയുള്ളൂ. ഈ ബാധ്യതകളുടെ നിര്‍വഹണമാണ് ജീവിതത്തിന്റെ ജയാപജയങ്ങളുടെ നിദാനം. ഓരോരുത്തര്‍ക്കും ലഭ്യമായ കഴിവുകള്‍ ഏതുവിധം വിനിയോഗിച്ചുവെന്നതാണ് വിലയിരുത്തപ്പെടുക. തദനുസൃതമായി ഓരോരുത്തരിലും അര്‍പ്പിതമായ ചുമതലകളുടെ പൂര്‍ത്തീകരണത്തിന്റെ അടിസ്ഥാനത്തിലാണ് മരണാനന്തരജീവിതത്തിലെ രക്ഷാശിക്ഷകള്‍ നിശ്ചയിക്കപ്പെടുക. അതിനാല്‍ മരണശേഷം മറുലോകമില്ലെങ്കില്‍ മാത്രമേ ഈ ഭൂമിയിലെ മനുഷ്യന്റെ അവസ്ഥാന്തരങ്ങള്‍ അനീതിപരമാവുകയുള്ളൂ. അനശ്വരമായ പരലോകം അനിഷേധ്യമാണെന്നതിനാല്‍ അംഗവൈകല്യവും ആരോഗ്യാവസ്ഥയിലെ അന്തരവും ധൈഷണിക നിലവാരത്തിലെ വ്യത്യാസവുമൊന്നും ദൈവനീതിക്കു തീരെ വിരുദ്ധമാവുന്നില്ല.
വികലാംഗന് അംഗവൈകല്യമില്ലാത്തവന്റെയും പാവപ്പെട്ടവന് പണക്കാരന്റെയും മുമ്പിലെ പരീക്ഷണം കൂടിയത്രെ. തങ്ങള്‍ക്ക് ദൈവം നല്കിയ അനുഗ്രഹങ്ങളനുസ്മരിച്ച് വികലാംഗരോടും ദരിദ്രരോടും സഹാനുഭൂതിയും അനുകമ്പയും പുലര്‍ത്തി, സ്നേഹം പകര്‍ന്നുകൊടുക്കുകയും സഹായസഹകരണങ്ങള്‍ നല്‍കുകയും ഉദാരമായി പെരുമാറുകയും ചെയ്യുന്നുണ്ടോയെന്നതിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും അവരുടെ മരണാനന്തരജീവിതത്തിലെ രക്ഷാശിക്ഷകള്‍.
എന്നാല്‍ ദൈവത്തെയും പരലോകത്തെയും നിഷേധിക്കുന്ന ഭൌതിക വാദികള്‍ക്ക് നീതിയെ സംബന്ധിച്ച ഇത്തരം ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം നല്‍കുക സാധ്യമല്ല. പ്രപഞ്ചത്തിന് നിയതമായ താളവും വ്യക്തമായ ക്രമവും വ്യവസ്ഥയും നല്കിയ ‘പ്രകൃതി’ എന്തുകൊണ്ട് മനുഷ്യരോട് നീതി കാണിച്ചില്ല? പ്രകൃതി ചെയ്ത ഈ കടുത്ത അനീതിക്ക് എന്തു പരിഹാരമാണ് ഭൌതികവാദിക്ക് നിര്‍ദേശിക്കാനുള്ളത്? ഉത്തരം നല്‍കേണ്ടത് ദൈവനിഷേധികളും മതവിരുദ്ധരുമാണ്.