ഖുര്‍ആനിലെ അധ്യായങ്ങള്‍ക്ക് നാമം നല്‍കപ്പെട്ടതെങ്ങനെ ?

Quran-and-Slavery-01

അല്ലാഹു ലോകജനതയ്ക്കായി ഇറക്കിയ സത്യസന്ദേശമാണ് ഖുര്‍ആന്‍. ജിബ് രീല്‍ എന്ന മലക്കുവഴി മുഹമ്മദ് നബിക്ക് കൈമാറിയാണ് അത് മനുഷ്യസമൂഹത്തിന് ലഭിച്ചത്. ഘട്ടംഘട്ടമായി നീണ്ട 23 വര്‍ഷക്കാലയളവില്‍ അതിന്റെ അവതരണം പൂര്‍ത്തിയായി. അതിന്റെ ഉള്ളടക്കം നൂറ്റിപ്പതിനാല് അധ്യായങ്ങളായി നല്‍കപ്പെട്ടിരിക്കുന്നു. ആ അധ്യായങ്ങള്‍ക്കുള്ള പേരുകള്‍ ആരാണ് നല്‍കിയതെന്ന സംശയം ഒരു വേള അതിന്റെ വായനക്കാര്‍ക്കുണ്ടാകാം. ജിബ്‌രീല്‍ പാരായണംചെയ്ത് കേള്‍പ്പിച്ചപ്പോള്‍ തന്നെ അതിന്റെ നാമകരണവും അറിയിച്ചിരുന്നോ അതല്ല പ്രവാചകന്‍ തന്റെ യുക്തിയനുസരിച്ച് അവയ്ക്ക് നാമകരണംചെയ്യുകയായിരുന്നുവോ എന്നാണ് പലരുടെയും സംശയം.

എന്നാല്‍ അല്ലാഹു നിര്‍ദ്ദേശിച്ച നാമങ്ങള്‍ ജിബ്‌രീല്‍ (അ) പ്രവാചകന് അറിയിച്ചുകൊടുക്കുകയായിരുന്നു എന്നാണ് വിഖ്യാതപണ്ഡിതനായ ഇമാം സുയൂത്വി തന്റെ ഗ്രന്ഥമായ ‘അല്‍ ഇത്ഖാനു ഫീ ഉലൂമില്‍ ഖുര്‍ആന്‍’ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് ഖത്തര്‍ ഫത്‌വാ കൗണ്‍സിലിന്റെ അഭിപ്രായമിതാണ്: പ്രവാചകന്‍ നബി(സ)യുടെ കാലത്തുതന്നെ ഖുര്‍ആനികഅധ്യായങ്ങളുടെ പേരുകള്‍ അറിയപ്പെട്ടിരുന്നു. അത് എല്ലാവര്‍ക്കും അറിയാമായിരുന്നു. ‘നവ്വാസി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു: ഖുര്‍ആനും ഇഹത്തില്‍ അതനുസരിച്ച് ജീവിതം നയിച്ച അഹ്‌ലുല്‍ ഖുര്‍ആനും അന്ത്യദിനത്തില്‍ കൊണ്ടുവരപ്പെടും. അവയില്‍ നിന്ന് ബഖറ സൂക്തവും ആലുഇംറാന്‍ സൂക്തവും അതനുസരിച്ച് പ്രവര്‍ത്തിച്ചവര്‍ക്കുവേണ്ടി വാദിക്കുന്നതാണ്. (മുസ്‌ലിം) നവ്വാസ് തുടര്‍ന്നുപറയുന്നു.

‘നബിതിരുമേനി അവയെ മൂന്നുസംഗതികളോട് ഉപമിച്ചത് പിന്നീട് ഞാനൊരിക്കലും മറന്നിട്ടില്ല. രണ്ടുമേഘങ്ങള്‍ പോലെ,രണ്ട് മേലാപ്പുകള്‍ക്കിടയില്‍ തെളിഞ്ഞപ്രകാശമെന്നപോലെ, ഖുര്‍ആന്‍ ഓതിയപക്ഷികളോട് മറ്റുള്ള പക്ഷികള്‍ സഹായാഭ്യര്‍ഥന നടത്തുംപോലെ'(മുസ്‌ലിം)

അബൂഹുറൈറ(റ) ല്‍നിന്ന്. നബിതിരുമേനി (സ) പറഞ്ഞു:’നിങ്ങള്‍ നിങ്ങളുടെ വീടുകളെ ശ്മശാനമാക്കരുത്. സൂറഃ അല്‍ബഖറ പാരായണംചെയ്യുന്ന വീടുകളില്‍നിന്ന് പിശാച് ഓടിയകലുന്നതാണ്.'(മുസ്‌ലിം)

നബി തിരുമേനി(സ) പറഞ്ഞതായി ഹുദൈഫ (റ)റിപോര്‍ട്ടുചെയ്യുന്നു: ‘ഞാന്‍ ഒരിക്കല്‍ തിരുമേനിയോടൊപ്പം നിന്നുനമസ്‌കരിക്കുകയായിരുന്നു. അദ്ദേഹം അല്‍ബഖറ ഓതി നമസ്‌കാരം തുടങ്ങി. നൂറു ആയത്ത് കഴിഞ്ഞാല്‍ അദ്ദേഹം റുകൂഇലേക്ക് പോകും എന്നുഞാന്‍ കരുതി. അദ്ദേഹം തുടര്‍ന്നുമോതി. അപ്പോള്‍ ഞാന്‍ വിചാരിച്ചു ഒരു റക്അത്തില്‍ അധ്യായം മുഴുവന്‍ ഓതുമെന്ന്. എന്നാല്‍ റുകൂഇലേക്ക് പോകാതെ തിരുമേനി ആലുഇംറാനും നിസാഉം തുടര്‍ന്ന് ഓതുകയായിരുന്നു.’

കയ്യില്‍ ഒന്നുമില്ലാത്ത നിസ്വനായ ഒരു മനുഷ്യന്‍ വിവാഹംകഴിക്കാന്‍ ആഗ്രഹംപ്രകടിപ്പിച്ച് നബിതിരുമേനിയുടെ അടുക്കല്‍ വന്ന സംഭവം ബുഖാരിയിലും മുസ്‌ലിമിലും ഉദ്ധരിക്കുന്നുണ്ട്. തിരുമേനി(സ) ചോദിച്ച്ു: ‘നിനക്ക് ഖുര്‍ആനില്‍നിന്ന് ഏതെങ്കിലും ഭാഗം പാരായണംചെയ്യാന്‍ കഴിയുമോ?’ തനിക്ക് ഇന്നയിന്ന അധ്യായങ്ങള്‍ അറിയാമെന്ന് അയാള്‍ മറുപടി പറഞ്ഞു. അപ്പോള്‍ പ്രവാചകന്‍(സ)ചോദിച്ചു:’അവ നിനക്ക് ഹൃദിസ്ഥമാണോ’? അതെയെന്ന് അയാള്‍ പ്രതിവചിച്ചു. ഇതുകേട്ടപ്പോള്‍ നബിതിരുമേനി ആ മനുഷ്യനോട് പറഞ്ഞു:’പോകൂ. താങ്കള്‍ മനഃപാഠമാക്കിയ ആ ഖുര്‍ആന്‍ അധ്യായങ്ങള്‍ മഹ്‌റായി സ്വീകരിച്ച് അവളെ വിവാഹംചെയ്തുതന്നിരിക്കുന്നു.’

കൂടാതെ, അബ്ദുല്ലാഹിബ്‌നുമസ്ഊദ് (റ)പറയുന്നു:’സൂറഅല്‍ഇസ്‌റാഅ്, അല്‍കഹ്ഫ്, മര്‍യം, അല്‍അന്‍ബിയാഅ് എന്നിവയാണ് ഞാന്‍ ആദ്യമായി പഠിച്ച ഖുര്‍ആന്‍ അധ്യായങ്ങളും ഞാന്‍ നേടിയ അമൂല്യസമ്പത്തും.’

ചുരുക്കത്തില്‍, നബി(സ) ഖുര്‍ആന്‍ അധ്യായങ്ങള്‍ക്ക് നാമകരണവും അതിന്റെ സ്ഥാനവും നിര്‍ണയിച്ചത് തനിക്കുലഭിച്ച വഹ്‌യിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്ന് മനസ്സിലാക്കാം.

Related Post