ഖുര്‍ആന്‍ നല്‍കുന്ന നീതിന്യായസങ്കല്‍പവും നിയമങ്ങളും നിയമനിര്‍മാണത്തിന്റെ അടിസ്ഥാനതത്ത്വങ്ങളുമെല്ലാം തന്നെ ഇതേപോലെ ഉദാത്തവും ഉന്നതവുമാണ്. വ്യക്തിയുടെയും സമൂഹത്തിന്റെയും മനശ്ശാസ്ത്രസങ്കീര്‍ണതകളെയും സ്വഭാവപ്രകൃതങ്ങളെയും നിഗൂഢമായ വികാരവിചാരധാരകളെയും വളരെ ആശ്ചര്യകരമായി ഈ രംഗത്ത് പരിഗണിച്ചിട്ടുള്ളതായികാണാം.
ഖുര്‍ആന്റെ സ്വാധീനമില്ലാത്ത സമൂഹങ്ങളിലെ നീതിന്യായ-നിയമങ്ങളുടെ കഴിഞ്ഞ പതിനാലു നൂറ്റാണ്ടുകളിലെ ചരിത്രം ഭേദഗതികളുടെയും പരിഷ്‌കരണങ്ങളുടെയും നിരന്തരമായ ചരിത്രമായിത്തീര്‍ന്നതിന്റെ കാരണം ഇവിടെ വ്യക്തമാണല്ലോ. ഖുര്‍ആന്റെ നിയമങ്ങള്‍ക്ക് ഇന്നും ഭേദഗതികളാവശ്യമാവുന്നില്ല. ഇത്തരം ഒരാവശ്യം ഉന്നയിക്കുന്നവര്‍ക്കൊന്നുംതന്നെ അതിനേക്കാള്‍ മെച്ചപ്പെട്ട ബദല്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.
നീതിന്യായനിര്‍വഹണത്തില്‍ ഭരണനിര്‍വഹണവിഭാഗത്തിന് (എക്‌സിക്യൂട്ടീവ്) അധികാരമുപയോഗിക്കാനുള്ള അവകാശം, നീതിനിര്‍വഹണവിഭാഗ(ജുഡീഷ്യറി)ത്തിന്റെ സുരക്ഷയും സ്വതന്ത്രമായ അവസ്ഥയും ഉറപ്പുവരുത്തുകയെന്നതു മാത്രമാക്കിയത് ഖുര്‍ആനാണ്. ഇന്നും ഈ നിലപാടിലേക്ക് പൂര്‍ണമായി എത്തിച്ചേരാന്‍ ആധുനികസമൂഹങ്ങള്‍ക്കായിട്ടില്ല. എക്‌സിക്യൂട്ടീവിന്റെ തലവന് കോടതിയുടെ അന്തിമവിധിക്കു മേല്‍ മാപ്പുകൊടുക്കാനും ഇളവു കൊടുക്കാനുമുള്ള അധികാരം ആധുനികഭരണകൂടങ്ങള്‍ ഇന്നും നിലനിര്‍ത്തുന്നു. ഇതിലൂടെ സ്വജനപക്ഷപാതവും താല്‍പര്യസംരക്ഷണവും നിലനില്‍ക്കുന്നു.
കൊലപാതകിക്ക് മാപ്പുകൊടുക്കാനുള്ള അധികാരം ഖുര്‍ആന്‍ ഭരണത്തലവന് നല്‍കുന്നില്ല. വിധികര്‍ത്താവായ ന്യായാധിപനു പോലും ഈ അധികാരം ഖുര്‍ആന്‍ വകവച്ചുകൊടുത്തിട്ടില്ല. എന്നാല്‍, കൊല്ലപ്പെട്ടവന്റെ ഏറ്റവുമടുത്ത നിയമാനുസൃത അവകാശിക്ക് മാപ്പു നല്‍കാനുള്ള അധികാരം നല്‍കിയിരിക്കുന്നു: ”…….. ഇനി കൊലയാളിക്ക് തന്റെ സഹോദരന്റെ പക്ഷത്തുനിന്ന് വല്ല മാപ്പും ലഭിക്കുകയാണെങ്കില്‍ അവന്‍ മര്യാദ പാലിക്കുകയും നല്ല നഷ്ടപരിഹാരം കൊടുക്കുകയും ചെയ്യേണ്ടതാണ്.
നിങ്ങളുടെ രക്ഷിതാവിന്റെ ഒരു വിട്ടുവീഴ്ചയും കാരുണ്യവുമാകുന്നു ഇത്….” (അല്‍ബഖറഃ: 178), ”അന്യായമായി വല്ലവനും കൊല്ലപ്പെടുന്നപക്ഷം അവന്റെ അവകാശിക്ക് നാം അധികാരം വച്ചുകൊടുത്തിട്ടുണ്ട്. എന്നാല്‍, കൊലയില്‍ അതിരു കടക്കരുത്” (അല്‍ഇസ്രാഅ്: 33). എന്നുമാത്രമല്ല, മാപ്പു നല്‍കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. മരണത്തിന്റെ വക്കില്‍നിന്ന് ജീവന്‍ തിരിച്ചുകിട്ടുന്ന കൊലപാതകി കൊല്ലപ്പെട്ടവന്റെ കുടുംബത്തിന്റെ ഏറ്റവുമടുത്ത മിത്രമായിത്തീരുന്നു. മറിച്ച്, ഭരണകൂടം മാപ്പു നല്‍കിയിരുന്നെങ്കില്‍ പകരത്തിനു പകരം കൊലകളുടെ ഒരു ശൃംഖലതന്നെ തുടരുകയാവും ഫലം