മനശ്ശാസ്ത്രവും സാമൂഹികശാസ്ത്രവും ഏറ്റവും നന്നായി അറിയുന്നവന്റെ നിയമമാണ് ഖുര്‍ആനിലുള്ളത്. മുഹമ്മദ് നബിയുടെ നിയമങ്ങളല്ല അവയെന്ന് ഇവിടെ ശരിയായി മനസ്സിലാക്കാം. മുഹമ്മദ് നബിയെന്നല്ല, മനുഷ്യരില്‍ ആധുനികന്മാരാരും തന്നെ സദൃശമായ ഒരു നിയമം ഇന്നേവരെ അവതരിപ്പിച്ചിട്ടില്ലല്ലോ.
കടുത്ത ശിക്ഷാനിയമങ്ങള്‍ ഖുര്‍ആന്‍ അനുശാസിക്കുന്നുണ്ട്. എന്നാല്‍, അതിനേക്കാള്‍ കടുത്തതാണ് തെളിവുനിയമങ്ങള്‍. സത്രീയുടെയും പുരുഷന്റെയും ലൈംഗികസമ്മര്‍ദങ്ങളെ വേണ്ടവിധം കണക്കിലെടുത്തുകൊണ്ടുതന്നെയാണ് ഖുര്‍ആന്‍ വ്യഭിചാരത്തെ മ്ലേഛമായ സാമൂഹികതിന്മയായി കാണുന്നത്. ഉത്തരവാദിത്വങ്ങള്‍ പരസ്പരം ഏറ്റെടുക്കുന്ന നിയമാനുസൃതബന്ധങ്ങളാണ് സ്ത്രീപുരുഷന്മാര്‍ക്കിടയില്‍ ഉണ്ടാവേണ്ടതെന്ന് ഖുര്‍ആന്‍ അനുശാസിക്കുന്നു.ഇതിനായി ഉദാരമായ വിവാഹ-വിവാഹമോചനനിയമങ്ങളടങ്ങുന്ന ബൃഹത്തായ കുടുംബവ്യവസ്ഥ ഖുര്‍ആന്‍ നല്‍കുന്നുണ്ട്.
മനുഷ്യചരിത്രത്തിലാദ്യമായി ഭാര്യക്ക് ഭര്‍ത്താവിനെ വിവാഹമോചനം ചെയ്യാനുള്ള അവകാശം അത് പ്രഖ്യാപിച്ചു. ഈ വ്യവസ്ഥകളെയെല്ലാം മാനിക്കുന്ന ഒരു സമൂഹത്തില്‍ സ്ത്രീപുരുഷന്മാര്‍ പരസ്പരം പാലിക്കേണ്ട കണിശമായ പെരുമാറ്റച്ചട്ടമുണ്ട്. നോട്ടത്തിലൂടെയും പ്രകടനത്തിലൂടെയും മറ്റുമുള്ള ലൈംഗികപ്രലോഭനം തടഞ്ഞിട്ടുണ്ട്. ഇതിനെയെല്ലാം അവഗണിച്ച് വ്യഭിചാരത്തിലെത്തുന്നവര്‍ സാമൂഹികഭദ്രതയും കുടുംബബന്ധങ്ങളും തകര്‍ക്കുന്നുവെന്നതുകൊണ്ടാണ് ഖുര്‍ആന്‍ അവര്‍ക്ക് കടുത്ത ശിക്ഷ നല്‍കാന്‍ ഭരണകൂടത്തോടാവശ്യപ്പെടുന്നത്. എന്നാല്‍, സത്യം പറയുന്നവരെന്ന് തെളിയിക്കപ്പെട്ട നാലു ദൃക്‌സാക്ഷികള്‍, സാക്ഷാല്‍ അവിഹിത ലൈംഗികബന്ധപ്പെടല്‍ കണ്ടവരായി ഉണ്ടാകണമെന്നതാണ് തെളിവുനിയമം അനുശാസിക്കുന്നത്.
വ്യക്തികളുടെ അഭിമാനത്തിന് ക്ഷതം വന്നുപോകാനുള്ള സാധ്യത ഇവിടെ ഖുര്‍ആന്‍ കണക്കിലെടുക്കുന്നുവെന്നതാണ് മുഹമ്മദ് നബിയെ മാത്രമല്ല, മുഴുവന്‍ മനുഷ്യരെയും ഈ ഗ്രന്ഥം ആശ്ചര്യപ്പെടുത്തിക്കളയുന്ന മറ്റൊരു കാര്യം. ഈ മ്ലേഛമായ പ്രവൃത്തി കാണാനിടയായ ഒരു വ്യക്തി നാലു സാക്ഷികളില്ലാത്ത സാഹചര്യത്തില്‍ വ്യഭിചാരാരോപണം ഉന്നയിക്കാന്‍ പാടില്ല. വ്യഭിചാരാരോപണം നടത്തുന്നവര്‍ക്കും കടുത്ത ശിക്ഷയാണ് ഖുര്‍ആന്‍ വിധിക്കുന്നത്. വ്യഭിചാരിക്ക് നൂറ് അടിയാണെങ്കില്‍ ആരോപിച്ചവന് എണ്‍പത് അടി!!
എന്നാല്‍, ഏതു സാഹചര്യത്തിലും കൊലപാതകിയെ കൊല്ലണമെന്നും വ്യഭിചാരിയെ പ്രഹരിക്കണമെന്നും ഖുര്‍ആന്‍ ശഠിക്കുന്നില്ല. ‘ശിക്ഷകള്‍ നടപ്പാക്കാതിരിക്കാന്‍ പഴുത് കാണുന്നിടത്തോളം അത് ഒഴിവാക്കുക’ എന്ന് നബിവചനം. സമൂഹത്തിന്റെ ആരോഗ്യമാണ് മര്‍മപ്രശ്‌നം. സമൂഹത്തില്‍ പട്ടിണിയില്ലാതാക്കിയ ശേഷമാണ് കള്ളന്റെ കൈമുറിക്കേണ്ടത് എന്ന് ഖലീഫാ ഉമര്‍ വിധിച്ചത് ഖുര്‍ആന്റെ ഈ ആശയമുള്‍ക്കൊണ്ടാണ്. ശിക്ഷാനിയമങ്ങള്‍ക്ക് അടിസ്ഥാനമാവേണ്ട ഒരു തത്ത്വം ഖുര്‍ആന്‍ ഇവിടെ വ്യക്തമാക്കിത്തരുന്നുണ്ട്. ആധുനികഭരണകൂടങ്ങളെപ്പോലെ ശിക്ഷിക്കാന്‍ വേണ്ടി ശിക്ഷിക്കുക, അതല്ലെങ്കില്‍ ശല്യങ്ങളെ ഉന്മൂലനം ചെയ്യാന്‍ വേണ്ടി ശിക്ഷിക്കുക -ഇത് രണ്ടും ഖുര്‍ആന്റെ നയമല്ല.
തെറ്റുകുറ്റങ്ങള്‍ക്കുള്ള യഥാര്‍ഥ ശിക്ഷ പരലോകത്താണ്. ഈ ലോകത്ത് സമൂഹത്തിന് ഗുണപാഠമാവുന്നതിനു വേണ്ടിയാണ് ശിക്ഷ. അതീവ രഹസ്യമായി കുറ്റവാളിയെ ഉന്മൂലനംചെയ്യേണ്ട കാര്യമില്ല. പരമാവധി വിട്ടുവീഴ്ച ചെയ്യേണ്ടതുണ്ട്. എന്നാല്‍, സമൂഹത്തില്‍ കുഴപ്പമുണ്ടാകാതിരിക്കാന്‍ കൃത്യമായ നീതിനിര്‍വഹണം വേണ്ടതുമുണ്ട്.
ഖുര്‍ആനില്‍ അതീവ വൈദഗ്ധ്യത്തോടെ ഉള്‍ക്കൊള്ളിച്ചിട്ടുള്ള വൈവിധ്യമാര്‍ന്ന വിജ്ഞാനങ്ങളുടെ വൈപുല്യം വിസ്മയകരം തന്നെ. മനുഷ്യരുടെ ധിഷണാപരവും നാഗരികവുമായ വളര്‍ച്ചയ്ക്കനുസൃതമായി ഖുര്‍ആന്‍ കൂടുതല്‍ കൂടുതല്‍ പ്രോജ്വലമായിക്കൊണ്ടിരിക്കുന്നു.
ഇന്ന് വിജ്ഞാനം വളരെയധികം ശാഖകളും ഉപശാഖകളുമായി വികസിച്ചിരിക്കുകയാണല്ലോ. ഏതെങ്കിലുമൊരു ശാഖയില്‍ പരിജ്ഞാനം നേടിയ ഒരാള്‍ ഖുര്‍ആനെ സമീപിക്കുമ്പോള്‍ അയാളുടെ മേഖലയില്‍ ധാരാളം കണ്ടെത്തലുകള്‍ അയാള്‍ക്ക് ഖുര്‍ആനില്‍നിന്ന് ലഭിക്കുന്നു. ഏറ്റവും പ്രഗത്ഭനായ ഒരു മനശ്ശാസ്ത്രജ്ഞനെപ്പോലും അത്ഭുതപ്പെടുത്തുന്ന മനശ്ശാസ്ത്ര ആശയങ്ങള്‍ അയാള്‍ക്ക് ഖുര്‍ആനില്‍നിന്ന് ഇന്നും ലഭിക്കുന്നു. സ്ത്രീ-പുരുഷലൈംഗികമനശ്ശാസ്ത്രത്തിലുള്ള വ്യത്യാസങ്ങള്‍പോലും അതിസൂക്ഷ്മമായി പരിഗണിച്ചിരിക്കുന്നുവെന്ന് മനസ്സിലാക്കുമ്പോള്‍ ഒരു മനശ്ശാസ്ത്രജ്ഞന്‍ എങ്ങനെ ആശ്ചര്യപ്പെടാതിരിക്കും! ഭൗതികപദാര്‍ഥശാസ്ത്രമാകട്ടെ, സാമൂഹികശാസ്ത്രമാകട്ടെ എല്ലാ വിജ്ഞാനശാഖകള്‍ക്കും ഖുര്‍ആന്‍ തനതായ എന്തെങ്കിലും നല്‍കാതിരുന്നിട്ടില്ല.