ഡോ. സല്‍മാന്‍ ബിന്‍ ഫഹദ് ഔദ
സ്വര്‍ഗത്തില്‍ ആദമിനും ഹവക്കും പരീക്ഷണമായിട്ടാണ് വിലക്കപ്പെട്ട മരം സൃഷ്ടിക്കപ്പെട്ടത്. അല്ലാഹുവിന്റെ വിധിയുടെ ഭാഗമായിരുന്നു അത്. അവരെ ഭൂമിയില്‍ എത്തിച്ച് ഭൂമിയില്‍ അവരുടെ സന്താനപരമ്പര വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു അത്. അത് സംഭവിക്കുമെന്ന് പിശാചിന് അറിയാമായിരുന്നു. അതുകൊണ്ടാണ് പിശാച് ഇങ്ങനെ ഭീഷണി മുഴക്കിയത്: ”നീ എനിക്ക് പുനരുത്ഥാനനാള്‍ വരെ അവസരം തരുകയാണെങ്കില്‍, അവന്റെ വംശത്തെ മുഴുവന്‍ ആ പദവിയില്‍നിന്ന് ഞാന്‍ പിഴുതെറിയുകതന്നെ ചെയ്യും.” (അല്‍ഇസ്‌റാഅ്: 62)
ഒരു തെറ്റ് സംഭവിച്ചതിന് ശേഷം പശ്ചാത്തപിച്ചാല്‍ അതിന്റെ ഭാരം മനുഷ്യന്‍ ചുമക്കേണ്ടതില്ലെന്ന സൂചനകൂടി ഈ സംഭവം പകര്‍ന്നു നല്‍കുന്നുണ്ട്. ചിലപ്പോഴെല്ലാം അതവന് നന്മയായും മാറുന്നു. വിശ്വാസിയെ സംബന്ധിച്ചടത്തോളം അവന് സംഭവിക്കുന്നതെല്ലാം നന്മയാണെന്നാണ് നബി(സ) പഠിപ്പിച്ചിട്ടുള്ളത്. ”സത്യവിശ്വാസിയുടെ കാര്യം അത്ഭുതകരം തന്നെ. അവന്റെ എല്ലാ കാര്യങ്ങളും അവന് ഗുണകരമാണ്. ഒരു സത്യവിശ്വാസിക്കല്ലാതെ ഒരാള്‍ക്കും അങ്ങനെയൊരവസ്ഥ ഉണ്ടാവില്ല. എന്തെങ്കിലും സന്തോഷകരമായത് സംഭവിച്ചാല്‍ അവന്‍ നന്ദി കാണിക്കും. അങ്ങനെ അത് അവന് ഗുണകരമാവും. ഇനി എന്തെങ്കിലും ദ്രോഹകരമായത് സംഭവിച്ചാല്‍ അവന്‍ ക്ഷമിക്കും. അങ്ങനെ അതും അവന് ഗുണകരമാവും.” (മുസ്‌ലിം)
അതിന് വേണ്ടിയാണ് അല്ലാഹു നിഷിദ്ധമാക്കപ്പെട്ട മരത്തെയും മറ്റുള്ളവയെയും പടച്ചത്. ഭക്ഷിക്കല്‍ നിഷിദ്ധമാക്കപ്പെട്ട വസ്തുക്കള്‍ കൊണ്ട് ജനങ്ങള്‍ക്ക് ചികിത്സ, തണല്‍, അലങ്കാരം പോലുള്ള മറ്റു ഉപകാരങ്ങളുണ്ടാവാം. അല്ലെങ്കില്‍ ഇതര ജീവജാലങ്ങള്‍ക്ക് അതുകൊണ്ട് പ്രയോജനമുണ്ടാകാം.
വിലക്കപ്പെട്ട മരത്തില്‍ നിന്ന് ഭക്ഷിച്ചതോടെ ഉത്തരവാദിത്വത്തിന്റെ ഘട്ടത്തിലേക്ക് അവരിരുവരെയും മാറ്റി. ഭൂമിയില്‍ അധിവസിപ്പിക്കാനുള്ള സന്ദര്‍ഭമായിരുന്നു അത്. അവരിരുവരെയും അവരുടെ സന്താനങ്ങളെയും പരീക്ഷിക്കുമെന്നും അവരിലേക്ക് സന്മാര്‍ഗം അയക്കുമെന്നും ശേഷം വിചാരണക്കും രക്ഷാശിക്ഷകള്‍ക്കും വിധേയമാക്കുമെന്നും അല്ലാഹു അറിയിക്കുകയും ചെയ്തു.
‘‘ഈ മരത്തോട് അടുക്കരുത്” അവരിരുവരും അതിലേക്ക് നോക്കി കൊണ്ടിരിക്കുന്നവരായിരുന്നു എന്ന് ദ്യോതിപ്പിക്കും വിധമാണ് ഖുര്‍ആന്റെ ഈ പ്രയോഗം. വികാരത്തിന് വിധേയപ്പെടുന്നതിന്റെ ഒന്നാമത്തെ ഘട്ടം കാഴ്ച്ചയായതിനാലാണത്. ഇബ്‌നുല്‍ ഖയ്യിം പറയുന്നു: എല്ലാ സംഭവങ്ങളുടെയും തുടക്കം നോട്ടമാണ്, മുഴുവന്‍ തീയും ഒരു തീപ്പൊരിയില്‍ നിന്നാണുണ്ടാകുന്നത്.
കാഴ്ച്ചക്ക് വളരെ മനോഹരമായിരുന്നു അത്. അതുകൊണ്ടാണ് അതിനോട് അടുക്കുക പോലും ചെയ്യരുതെന്ന് നിര്‍ദേശിച്ചത്. നിഷിദ്ധമാക്കപ്പെട്ടതിലേക്കുള്ള വാതിലുകള്‍ കൂടി അടക്കുകയായിരുന്നു അതിലൂടെ. അതിനോട് സമീപിച്ചാല്‍ അത് രുചിക്കാനും ആസ്വദിക്കാനുമുള്ള പ്രേരണയുണ്ടാകും. രുചിക്കുന്നത് പിന്നീട് അതിന് അടിപ്പെടുന്നതിലേക്കും എത്തിക്കും.
ഒന്നാമത്തെ ചഷകം അതാണ് ഏറ്റവും അപകടം. അതുപോലെ ഒന്നാമത്തെ കാല്‍വെപ്പും ഒന്നാമത്തെ നോട്ടവും അപകടമാണ്. അതുകൊണ്ട് ഭക്ഷിച്ചു കൊണ്ടോ സ്പര്‍ശിച്ചോ മണത്തോ പോലും അതിനെ സമീപിക്കരുത്. ഭക്ഷിക്കുന്നും ഉള്ളിലത് പ്രവേശിക്കുന്നതും കേവലം സ്പര്‍ശനത്തേക്കാളും നോട്ടത്തേക്കാളും സ്വാധീനമുണ്ടാക്കും. എന്നാല്‍ അതിനെ സമീപിക്കാന്‍ പിശാച് പ്രേരിപ്പിക്കുകയും പ്രലോഭിപ്പിക്കുകയുമാണ് ചെയ്തത്. ആ മരമൊഴികെ സ്വര്‍ഗത്തിലെ എല്ലാ മരങ്ങളും അവര്‍ക്ക് അനുവദനീയമാക്കിയിരുന്നു. അപ്രകാരം മനുഷ്യന്റെ പ്രകൃതിപരമായ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള കാര്യങ്ങള്‍ അല്ലാഹു അനുവദനീയമാക്കിയിട്ടുണ്ട്. എങ്കിലും പിശാച് നിഷിദ്ധമാക്കിയത് ചെയ്യാന്‍ പ്രേരിപ്പിച്ചു കൊണ്ടേയിരിക്കും. ആദമിനും ഹവ്വക്കും ഉണ്ടായിരുന്ന പോലെ നമുക്കു ചുറ്റിലും അത്തരത്തിലുള്ള വിലക്കപ്പെട്ട മരങ്ങളുണ്ട്. അവയെ സമീപിക്കാന്‍ പിശാച് നമ്മെ പ്രേരിപ്പിച്ചു കൊണ്ടേയിരിക്കുമെന്ന വസ്തുത വിസ്മരിക്കാതിരിക്കാം