സമുദായ നേതാക്കള്‍ ചെയ്യേണ്ടത്.

d8b9d984d985d8a7d8a1-d8a7d984d8afd98ad986

സമുദായ നേതാക്കള്‍ ചെയ്യേണ്ടത്

 കെ.കെ. ഫാത്വിമ സുഹ്‌റ 

മുത്തലാഖിന്റെ മറവിലും ചെലവിലും വിവാഹമോചനം തന്നെ (തലാഖ്) നിരോധിക്കണമെന്ന ആവ ശ്യം ഉന്നയിക്കാന്‍ ചിലര്‍ ധാര്‍ഷ്ട്യം കാണിക്കുംവരെ എത്തിയിരിക്കുന്നു ചര്‍ച്ചയുടെ ഗതി. മുത്തലാഖ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ മുസ്‌ലിം മഹിള ആന്ദോളന്‍ സുപ്രീംകോടതിയെ സമീപി ച്ചതാണ് ഇപ്പോഴത്തെ വിവാദ പശ്ചാത്തലം. ഇതേ വിഷയത്തില്‍ ശായറാ ബാനുവിന്റെ മറ്റൊരു കേസും പരമോന്നത കോടതിക്കു മുന്നിലുണ്ട്.

ഈ കേസില്‍ ഹരജിക്കാരികള്‍ പൊതു സിവില്‍കോഡ് ആവശ്യപ്പെട്ടില്ലെങ്കിലും വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ നിലപാട് എന്താണെന്നും സമുദായ വിവേചനം അവസാനിപ്പിച്ച് ഭരണഘടന ആവശ്യ പ്പെടുന്ന പൊതു സിവില്‍കോഡ് നടപ്പാക്കാന്‍ എന്തുകൊണ്ടാണ് വൈകുന്നതെന്നും കോടതി ചോദിച്ചു. മുത്തലാഖും ബഹുഭാര്യത്വവും നിരോധിക്കണമെന്ന് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയ സര്‍ക്കാര്‍ പൊതു സിവില്‍കോഡിന്റെ സാധ്യത പരിശോധിക്കാന്‍ നിയമ കമീഷനെ ചുമതലപ്പെടുത്തി. സുപ്രീംകോടതിയിലെ കേസില്‍ കക്ഷിചേര്‍ന്ന മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡിന്റെ സത്യവാങ് മൂല ത്തിലാകട്ടെ, ഭരണഘടന വാഗ്ദാനം ചെയ്യുന്ന മൗലികാവകാശങ്ങളുടെ ഭാഗമായ വ്യക്തി നിയമത്തില്‍ സര്‍ക്കാര്‍ ഇടപെടരുതെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ചില വനിതസംഘടനകളും മതേതരരെന്നറിയപ്പെടുന്നവരും വ്യക്തിനിയമ ബോര്‍ഡിന്റെ നിലപാടിനെ വിമര്‍ശിച്ചിട്ടുണ്ട്. ബോര്‍ഡില്‍ മുസ്‌ലിംവനിതകള്‍ക്ക് പ്രാതിനിധ്യമില്ലെന്നും മൊത്തം സമുദായത്തിന്റെ ആധികാരികവക്താവാകാന്‍ ബോര്‍ഡിന് അവകാശമില്ലെന്നുമാണ് ഒരു വിമര്‍ശനം. ബോര്‍ഡ് ഏതാനും വ്യക്തികളുടെയോ പണ്ഡിതന്മാരുടെയോ മാത്രം കൂട്ടായ്മയല്ല. ജംഇയ്യതുല്‍ ഉലമായെ ഹിന്ദ്, മുസ്‌ലിം ലീഗ്, ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ, ജമാഅത്തെ ഇസ്‌ലാമി, അഹ്‌ലെ ഹദീസ്, ശിയാ സംഘം, മുസ്‌ലിം അഭിഭാഷകര്‍, എഴുത്തുകാര്‍, മതപണ്ഡിതന്മാര്‍ തുടങ്ങി എല്ലാ വൃത്തങ്ങളില്‍നിന്നുമുള്ള പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന വേദിയാണത്.

ബോര്‍ഡില്‍ വനിതപ്രാതിനിധ്യമില്ലെന്ന ആരോപണവും കണ്ണടച്ച് ഇരുട്ടാക്കലാണ്. മൂന്നുമാസം മുമ്പ് കഴിഞ്ഞ ജൂണ്‍ അഞ്ചിന് ബോര്‍ഡിലെ എക്‌സിക്യൂട്ടിവ് അംഗങ്ങളായ ഡോ. അസ്മ സഹ്‌റ, മദൂഹ മാജിദ്, സീനത്ത് മെഹ്താബ്, പ്രഫ. സമീന താബിശ്, ഉമ്മു ഐമന്‍ എന്നിവര്‍ ന്യൂഡല്‍ഹിയിലെ പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പൊതു സിവില്‍കോഡിന്റെ പേരില്‍ നടക്കുന്ന ശരീഅത്ത് വിരുദ്ധ ആക്രമണങ്ങളെ നിശിതമായി അപലപിച്ചതും വ്യക്തിനിയമ ബോര്‍ഡിനെ ശക്തമായി പിന്തുണ ച്ചതും ഇവിടെ ഓര്‍ക്കുക. വിവാഹമോചനം കോടതിയില്‍ തീര്‍പ്പാക്കണമെന്നാവശ്യപ്പെടുന്നവരോട് കീഴ്‌കോടതിയില്‍ അതിനെടുക്കുന്ന സമയം 48 വര്‍ഷമാണെന്നും മേല്‍കോടതിയിലത്തെുമ്പോള്‍ അത് 812 വര്‍ഷമെടുക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

വിവാഹമോചനവും ബഹുഭാര്യത്വവും ഏറ്റവും കൂടുതല്‍ മുസ്‌ലിംകളിലാണെന്ന പ്രചാരണത്തിന്റെ മറവിലാണ് മുസ്‌ലിം വ്യക്തിനിയമത്തിനെതിരെയുള്ള കടന്നാക്രമണങ്ങള്‍. മുസ്‌ലിം മഹിള ആന്ദോളന്‍ നടത്തിയ സര്‍വേയിലും ഇത് മുഴപ്പിച്ചുകാണിക്കാനായിരുന്നു ശ്രമം. അവര്‍ നടത്തിയ രണ്ട് സര്‍വേയും ഒട്ടും ശാസ്ത്രീയമല്ലെന്ന് പറയുന്നത് ഹൈദരാബാദിലെ നെല്‍സാര്‍ നിയമ സര്‍വകലാശാല വൈസ് ചാന്‍ സലര്‍ ഫൈസാന്‍ മുസ്തഫയാണ്.

സുപ്രീംകോടതിയില്‍ അവര്‍ നല്‍കിയ ഹരജി പാഴ്‌വേലയാണെന്ന് മുംബൈ കേന്ദ്രമായി പ്രവര്‍ത്തി ക്കുന്ന നിയമ സഹായ വേദി മജ്‌ലിസിന്റെ പ്രോഗ്രാം ഡയറക്ടര്‍ ആഡ്രെ ഡിബല്‌ളോയും പറയുന്നു (ഹിന്ദുസ്ഥാന്‍ ടൈംസ് 25 ഒക്ടോബര്‍ 2016). മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് സമര്‍പ്പിച്ച സത്യവാ ങ്മൂലത്തിലും ഈ രണ്ട് വസ്തുതകളിലേക്ക് സുപ്രീംകോടതിയുടെ ശ്രദ്ധ ക്ഷണിച്ചതായി കാണാം. ബോര്‍ഡിന്റെ സത്യവാങ്മൂലം 70 പേജോളം വരും. അതൊന്നും സൂക്ഷ്മമായി വായിക്കാതെയാണ് ബോര്‍ഡിനെതിരെയുള്ള അച്ചടിദൃശ്യമാധ്യമങ്ങളുടെ കടന്നാക്രമണം.

മുത്തലാഖ് സാധുവാകുമെന്ന് അഭിപ്രായമുള്ളവര്‍ക്കുതന്നെ അത് തെറ്റായ (ബിദ്ഈ) നടപടിയാണെന്ന വിഷയത്തില്‍ അഭിപ്രായ വ്യത്യാസമില്ല. ബോര്‍ഡിലെ അംഗങ്ങളായ അഹ്ലെ ഹദീസും ശിയാ വിഭാഗ വും, മൂന്നു ഘട്ടങ്ങളായി നിര്‍വഹിക്കേണ്ട തലാഖ് ഒന്നിച്ച് നിര്‍വഹിച്ചാല്‍ ഒറ്റ തലാഖായേ പരിഗണി ക്കപ്പെടൂ എന്ന വീക്ഷണഗതിക്കാരാണ്. മുസ്‌ലിം മഹിള ആന്ദോളന്റെ ഹരജിയെ പിന്തുണച്ച് ലേഖന മെഴുതിയ വെങ്കയ്യനായിഡുവിന്റെയും മുത്തലാഖ് ഇരകളായ മുസ്‌ലിം സഹോദരിമാര്‍ എന്തു പി ഴച്ചുവെന്ന പ്രധാനമന്ത്രിയുടെ സഹതാപ രോദനത്തിന്റെയും ലക്ഷ്യം പൊതു സിവില്‍കോഡിലൂടെ മുസ്‌ലിം വ്യക്തിത്വ ഹനനമാണെന്ന് വ്യക്തമാണ്. നിരവധി സകിയ ജാഫരിമാരെ സൃഷ്ടിക്കുകയും ദാമ്പത്യധര്‍മം നിര്‍വഹിക്കാതെ സ്വന്തം ഭാര്യയെ അവഗണനയിലേക്ക് പുറംതള്ളുകയും ചെയ്ത ഭരണാധികാരി മുസ്‌ലിം സ്ത്രീയുടെ രക്ഷാകര്‍തൃവേഷമാടുന്നത് പരിഹാസ്യമാണ്.

വ്യക്തിനിയമത്തില്‍ സര്‍ക്കാര്‍ കൈക്കടത്തല്‍ അനുവദിച്ചാല്‍ അത് ദൂരവ്യാപകമായ പ്രത്യാഘാത ങ്ങള്‍ക്കിടയാക്കുമെന്ന് കരുതുന്നതുകൊണ്ടാകാം ബോര്‍ഡ് കോടതിയില്‍ അഫിഡവിറ്റ് നല്‍കിയത്. സാമൂഹികസംസ്‌കരണം (ഇസ്‌ലാഹെ മുആശറ) ബോര്‍ഡിന്റെ പ്രഖ്യാപിത നയമാണ്. ‘ദാറുല്‍ ഖദാ’ പോലുള്ള കുടുംബതര്‍ക്ക പരിഹാരവേദികള്‍ അതിന്റെ ഭാഗമാണ്. വിവാഹമോചനം കഴിയുന്നത്ര ഒഴിവാക്കാനും അനിവാര്യഘട്ടത്തില്‍ ഖുര്‍ആന്‍ അനുശാസിക്കുന്ന വ്യവസ്ഥകള്‍ പാലിച്ചു കൊണ്ടാ ക്കാനുമാണ് ബോര്‍ഡ് ഇതിലൂടെ ശ്രമിക്കുന്നത്. എങ്കിലും മുത്തലാഖ് എന്ന ദുരാചാരം ഇല്ലാതാക്കാന്‍ കുറെക്കൂടി ശക്തവും വ്യാപകവുമായ ശ്രമങ്ങള്‍ നടക്കണം.

മുത്തലാഖ് ഖുര്‍ആനിനും സുന്നത്തിനും കടകവിരുദ്ധമാകയാല്‍ അനിസ്‌ലാമികമാണ്. നബിതിരുമേനി അതിനെ വളരെയേറെ ഗൗരവത്തിലാണ് കൈകാര്യംചെയ്തിരുന്നത്. ഒരിക്കല്‍ ആരോ മുത്തലാഖ് മൊഴിഞ്ഞ സംഭവം പരാമര്‍ശിക്കപ്പെട്ടപ്പോള്‍ ‘ഞാന്‍ നിങ്ങള്‍ക്കിടയിലുണ്ടായിരിക്കെ നിങ്ങള്‍ ദൈവിക ഗ്രന്ഥംകൊണ്ട് കളിക്കുകയാണോ?” എന്ന് വളരെ ഗൗരവത്തില്‍ മുഹമ്മദ് നബി അവരെ ശാസിച്ചു.

ഇസ്‌ലാമികശരീഅത്തില്‍ വിധിനിര്‍മാണത്തില്‍ പ്രത്യേകം ദീക്ഷിക്കപ്പെടുന്നത് ഘട്ടംഘട്ടമായിരിക്കുക, പ്രയാസമില്ലാതാക്കുക, ബാധ്യതകള്‍ ലഘൂകരിക്കുക എന്നിങ്ങനെ മൂന്നു കാര്യങ്ങളാണെന്ന് പ്രശസ്ത പണ്ഡിതന്‍ മുഹമ്മദ് അബ്ദു നിരീക്ഷിക്കുന്നു. മുത്തലാഖ് സ്ത്രീ പീഡനത്തിന്റെ മൂര്‍ത്ത രൂപമാണെ ന്നതില്‍ സംശയമില്ല. അന്യായമായി സ്ത്രീയെ പീഡിപ്പിക്കുന്നതിന് ശരീഅത്ത്വിധികളെ പഴിചാരാ നാവില്ല.

വിവാഹവിവാഹമോചന അധികാരം പുരുഷന് ഇസ്‌ലാം നല്‍കുന്നത് വിവേകത്തോടെയും ദൈവം നല്‍കിയ വ്യവസ്ഥകളോടെയും അത് നടപ്പില്‍വരുത്താനാണ്. വിവാഹത്തില്‍ സ്ത്രീയുടെ അനുമതിയും സംതൃപ്തിയും പരിഗണിക്കപ്പെടണമെന്നതും വിവാഹമോചനം തന്റെകൂടി ഒരാവശ്യമാണെന്ന് സ്ത്രീക്ക് ബോധ്യം വരണമെന്നതും ഇതിനോട് ചേര്‍ത്തുപറയേണ്ടതാണ്. ഇസ്‌ലാമികശരീഅത്തിന്റെ മഹത്ത്വവും സൗന്ദര്യവും ശരിയാംവിധം പ്രയോഗിച്ച് സമൂഹത്തിന് കാണിച്ചുകൊടുക്കേണ്ട ബാധ്യതകൂടി സമുദായത്തിനുണ്ട്. എങ്കില്‍ ശരീഅത്ത് സ്ത്രീകളെ പീഡിപ്പിക്കുന്നുവെന്ന പതിവു പല്ലവിക്ക് അറുതി വന്നേക്കും. ഒരു സ്ത്രീ സമുദായത്തിന്റെ അനാസ്ഥമൂലം പീഡിപ്പിക്കപ്പെടുകയോ കണ്ണീര്‍ കുടിക്കേണ്ടിവരുകയോ ചെയ്താല്‍ അതിന് സമുദായ നേതൃത്വവും പണ്ഡിതന്മാരുമാണ് ദൈവത്തിന്റെ മുന്നില്‍ മറുപടി പറയേണ്ടി വരുക.

അതിനാല്‍, താഴെ പറയുന്ന കാര്യങ്ങള്‍ നടപ്പില്‍വരുത്തുന്നതില്‍ മുസ്‌ലിം പണ്ഡിതന്മാരും നേതൃത്വവും സഹകരിച്ചിരുന്നെങ്കില്‍ എന്നാശിക്കുന്നു.
1. സമുദായത്തിന് ഒന്നിക്കാനുള്ള സമയമായിരിക്കുന്നു. അവരെ ഖുര്‍ആനിലേക്കും സുന്നത്തിലേക്കും മാര്‍ഗദര്‍ശനം ചെയ്യാന്‍ സമുദായനേതൃത്വവും പണ്ഡിതന്മാരും ഒന്നിച്ചു പ്രവര്‍ത്തിക്കണം.
2. ഇസ്‌ലാമിന്റെ സുന്ദരവും സുതാര്യവുമായ കുടുംബവ്യവസ്ഥ പ്രയോഗവത്കരിക്കാന്‍ സമുദായത്തെ ബോധവത്കരിക്കണം. പ്രത്യേകിച്ച് ബഹുഭാര്യത്വം, തലാഖ് തുടങ്ങിയ വിഷയങ്ങളില്‍.
3. വിവാഹം ഇരു കുടുംബങ്ങളും കൂടിയാലോചിച്ചും തൃപ്തിപ്പെട്ടും നടത്തുന്നതുപോലെ വിവാഹമോചനവും ഇരു കുടുംബത്തിന്റെയും അറിവോടും കൂടിയാലോചന യോടും കൂടിയാ യിരിക്കണം. മഹല്ലു നേതൃത്വത്തിന് കത്തു നല്‍കി അത്ര എളുപ്പം തടിയൂരാവുന്ന കുട്ടിക്കളിയല്ല വിവാഹമെന്ന് സമുദായത്തെ പഠിപ്പിക്കണം.
4. വിവാഹത്തിലെന്നപോലെ വിവാഹമോചനത്തിലും ഖുര്‍ആന്‍ നിര്‍ദേശമനുസരിച്ച് രണ്ടു സാക്ഷി കള്‍ വേണമെന്ന് നിബന്ധന വെക്കണം. 

ദമ്പതികള്‍ക്കിടയില്‍ അനുരഞ്ജനത്തിന്റെ എല്ലാ മാര്‍ഗങ്ങളും അടയുമ്പോള്‍ ഗത്യന്തരമില്ലാതെ ചെയ്യുന്നതാണല്ലോ തലാഖ്. എന്നാല്‍, വിവാഹമോചനം ചെയ്യുമ്പോള്‍ മതിയായ ജീവനാംശം (മതാഅ്) പ്രായശ്ചിത്തമായി നല്‍കണമെന്ന് ഇസ്‌ലാം അനുശാസിക്കുന്നു. ആര്‍ത്തവ കാലം കഴിഞ്ഞ് ശാരീരി കബന്ധം പുലര്‍ത്തും മുമ്പ് ഒന്നാമത്തെ തലാഖ് ചൊല്ലിയാല്‍ മൂന്ന് ആര്‍ത്തവകാലം അല്ലെങ്കില്‍ മൂന്നു ശുദ്ധികാലം ഭാര്യ ഭര്‍തൃവീട്ടില്‍ കഴിച്ചുകൂട്ടണം.

അതിനിടയില്‍ അവര്‍ക്ക് ദാമ്പത്യബന്ധം തുടരാമെന്ന് തോന്നിയാല്‍ പുനര്‍വിവാഹം കൂടാതെ ദമ്പതികളായി ജീവിക്കാം. രണ്ടും മൂന്നും തവണ മുന്‍ പ്രക്രിയകളൊക്കെ പൂര്‍ത്തിയാക്കിയ ശേഷമാണ് ഒരു സ്ത്രീ പൂര്‍ണമായും വിവാഹമോചിതയാവുന്നത്. അപ്പോള്‍ മാത്രമേ ഭര്‍തൃവീട്ടില്‍നിന്ന് സ്വയം പുറത്തുപോവുകയോ അവരെ ഭര്‍ത്താവ് വീട്ടില്‍നിന്ന് പറഞ്ഞയക്കുകയോ ചെയ്യാന്‍ പാടുള്ളൂ. ഇത്തരം ഒരു വിവാഹമോചന രീതി സമുദായത്തില്‍ നടക്കുന്നുണ്ടോ എന്ന് പരിശോധിക്കപ്പെടണം. അതിനാല്‍, വിശുദ്ധ ഖുര്‍ആന്‍ ഇത്ര വ്യക്തമായി പഠിപ്പിച്ച ഈ വിവാഹമോചന രീതി സമുദായം പ്രയോഗവത്കരിക്കുമ്പോഴേ ശരീഅത്തും മുസ്‌ലിംസ്ത്രീകളും രക്ഷപ്പെടുകയുള്ളൂ.
(ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സമിതി അംഗമാണ് ലേഖിക)

കടപ്പാട്: മാധ്യമം

Related Post