എത്രതന്നെ കടുത്ത നിയന്ത്രണത്തിലും അധാര്‍മികചുറ്റുപാടിലും വളര്‍ത്തിയെടുത്ത് നിന്ദ്യവും ക്രൂരവുമായി പെരുമാറുന്നവരായാലും മാതാപിതാക്കളോട് അനുവര്‍ത്തിക്കേണ്ട മാന്യതയും സദ്‌പെരുമാറ്റവും കാരുണ്യവും എത്രമാത്രം ഉയര്‍ന്നതാണെന്നതാണ് ഖുര്‍ആന്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്. അവര്‍ യാതൊരു ഇസ്‌ലാമികനിയമങ്ങളെയും മാനിക്കാത്ത സെക്യുലര്‍ കാഴ്ചപ്പാടുകാരോ അന്യമതസ്ഥരോ ആയിരുന്നാലും പ്രായംകൂടിയതെന്നോ കുറഞ്ഞവരെന്നോ വ്യത്യാസമില്ലാതെ സന്താനങ്ങളെല്ലാവരുംതന്നെ മാതാപിതാക്കളെ ശകാരിക്കാനോ അവരെ അവഗണിക്കാനോ പാടില്ല എന്ന കാര്യവും നമുക്കറിയാം.
ഇവിടെ ഞാന്‍ കുറിക്കാനുദ്ദേശിക്കുന്നത് മാതാപിതാക്കള്‍ക്ക് ഇല്ലാത്ത, ഇപ്പോള്‍ സമൂഹത്തില്‍ നടമാടുന്ന ചില അവകാശങ്ങളെക്കുറിച്ചാണ്. പ്രായമേറിയ മാതാപിതാക്കള്‍ അവര്‍ സാമ്പത്തികവരുമാനമുള്ളവരും ശാരീരികാരോഗ്യമുള്ളവരും ആണെങ്കില്‍ത്തന്നെയും സന്താനങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ ശ്രമിക്കരുത്.
1. വിവാഹിതരായ മക്കളുടെ മേല്‍ അവരുടെ വസ്ത്രധാരണം, വാഹനം, ഭക്ഷണരീതി തുടങ്ങിയവയുടെ പേരില്‍ മാതാപിതാക്കള്‍ക്ക് നിയന്ത്രണമടിച്ചേല്‍പിക്കാന്‍ അവകാശമില്ല. അക്കാര്യത്തിലവരെ ഉപദേശിക്കാനും കാര്യങ്ങള്‍ ബോധ്യപ്പെടുത്തിക്കൊടുക്കാനും ശ്രമിക്കാമെന്നുമാത്രം. അതിനായി ഭീഷണിയുടെയോ മറ്റ് സമ്മര്‍ദ്ദതന്ത്രങ്ങളുടെയോ മാര്‍ഗങ്ങള്‍ സ്വീകരിക്കരുത്.
2. വിവാഹിതരായ മക്കളെ പ്രത്യേകിച്ചും അവരുടെ ഭാര്യമാരുടെയോ ഭര്‍ത്താക്കന്‍മാരുടെയോ മക്കളുടെയോ സാന്നിധ്യത്തില്‍ അവഹേളിക്കുന്നതിനോ ചീത്തപറയുന്നതിനോ അഭിമാനക്ഷതം വരുത്തുന്നതിനോ മാതാപിതാക്കള്‍ക്ക് അവകാശമില്ല. മറ്റുള്ളവരുടെ അഭിമാനത്തെ ക്ഷതപ്പെടുത്തുന്നത് ഗുരുതരമായ കുറ്റമായാണ് ഇസ്‌ലാം കണക്കാക്കുന്നത്. രക്ഷാകര്‍തൃത്വം അത്തരം തെറ്റുകള്‍ക്ക് സാധൂകരണമാകുന്നില്ല. അതിനാല്‍ മരുമക്കളെ തങ്ങളുടെ ഇസ്‌ലാമികബാധ്യതയില്‍പെട്ടതുപോലുമല്ലാത്ത പ്രവൃത്തികളുടെ (ഭക്ഷണം ആവശ്യത്തിലധികം വെന്തുപോയി, അടിയില്‍ തീപിടിച്ചു, ചുവന്ന വസ്ത്രം ധരിച്ചു)എന്നിങ്ങനെയുള്ള സംഗതികളില്‍ വഴക്കുപറയുന്നത് എത്രമാത്രം കുറ്റകരമാണ്!
3. മാതാപിതാക്കള്‍ മകന്റെയോ മകളുടെയോ സ്വകാര്യറൂമുകളില്‍ അവരുടെ അനുവാദമില്ലാതെ കയറരുത്. അതുപോലെ ഭാര്യാഭര്‍ത്താക്കന്‍മാര്‍ സ്വകാര്യനിമിഷങ്ങള്‍ പങ്കുവെക്കുന്ന സ്ഥലങ്ങള്‍ ഒരാള്‍ക്കുംതന്നെ അവര്‍ മാതാപിതാക്കളാണെങ്കില്‍തന്നെയും പ്രവേശനമില്ലാത്ത സ്ഥലങ്ങളാണ്. അതുപോലെ അവരുടെ അലമാര, പഴ്‌സ്, ഹാന്റ്ബാഗ്, ബാങ്ക് സ്റ്റേറ്റ്‌മെന്റ്‌സ് തുടങ്ങിയവയൊന്നും നോക്കാനോ പരിശോധിക്കാനോ മാതാപിതാക്കള്‍ക്ക് അധികാരമില്ല.
4. പ്രായമായ മാതാപിതാക്കള്‍ക്ക് മക്കളുടെ മേല്‍ അവകാശങ്ങളുള്ളതുപോലെ ആ മക്കള്‍ക്ക് അവരുടെ സന്താനങ്ങളുടെ മേല്‍ അവകാശമുണ്ട്. അതിനാല്‍ പേരക്കുട്ടി(പൗത്രന്‍മാര്‍)കളുടെ മേല്‍ മാതാ-പിതാ മഹന്‍/മഹിമാര്‍ക്ക് അന്തിമാധികാരമില്ല. അതിനാല്‍ ഭൗതികവിഷയങ്ങളില്‍(ഭക്ഷണം, വസ്ത്രം, വിനോദസമയം തുടങ്ങിയവ) മരുമകള്‍ക്കാണ് കുട്ടികളുടെ മേല്‍ ആജ്ഞാധികാരമുള്ളത്. തങ്ങളുടെ മകനേക്കാള്‍ മൂന്നുമടങ്ങ് അനുസരണത്തിന് മരുമകള്‍(കുട്ടിയുടെ മാതാവ്) ആണ് അര്‍ഹയെന്ന് മനസ്സിലാക്കുക.
5. തങ്ങളുടെ സന്താനങ്ങളുടെ വിഷയത്തില്‍ പ്രായമേറിയ മാതാപിതാക്കള്‍ അല്ലാഹുവെ ഭയപ്പെടട്ടെ. 60 ന് മുകളില്‍ പ്രായമുള്ള മാതാപിതാക്കള്‍ കുടുംബത്തിന്റെ വിലപിടിച്ച മുത്താണ്. മക്കള്‍ നല്ല സ്ഥാനമാനങ്ങളും സാമ്പത്തികനിലയും കൈവരിച്ചവരും സംതൃപ്തമായ കുടുംബജീവിതം നയിക്കുന്നവരുമാണെങ്കില്‍ ആ മാതാപിതാക്കള്‍ സൗഭാഗ്യവാന്‍മാരാണ്. അതിനാല്‍ തങ്ങളുടെ അധികാരവും പ്രായക്കൂടുതലും ശാരീരികബലക്ഷയവും മക്കളുടെ വീടുകളില്‍ പ്രശ്‌നം സൃഷ്ടിക്കാന്‍ നിമിത്തമാക്കരുത്.
6. പ്രായം എന്നത് അക്കങ്ങളുടെ കളിയാണ്. അറുപതുകള്‍ പിന്നിട്ട മാതാപിതാക്കളെ സംബന്ധിച്ച് പറയുകയാണെങ്കില്‍ അവര്‍ സാമ്പത്തികമായി സുരക്ഷിതരും സന്താനപരിപാലനത്തില്‍നിന്ന് സ്വതന്ത്രരും ആണെങ്കില്‍ ഗാര്‍ഹിക-സാമൂഹിക പ്രവൃത്തികളിലും പ്രയോജനപ്രദമായ ഹോബികളിലും മുഴുകുകയാണ് വേണ്ടത്. അവര്‍ക്ക് വേണമെങ്കില്‍ പുതിയ കോഴ്‌സുകള്‍ക്ക് ചേരാം. മറ്റുള്ളവര്‍ക്ക് ട്യൂഷന്‍ എടുക്കാം. സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാം.കൂടുതലായി ആരാധനാകര്‍മങ്ങളില്‍ മുഴുകാം. ഉദാഹരണത്തിന് ഈജിപ്തിലെ ആയിരംവര്‍ഷം പഴക്കമുള്ള അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയുടെ തലവനായിരുന്ന ശൈഖ് മുഹമ്മദ് സയ്യിദ് ത്വന്‍ത്വാവി തന്റെ 81 – ാം വയസ്സില്‍ അവാര്‍ഡ് സ്വീകരിക്കാനുള്ള യാത്രയില്‍ മദീനയില്‍വെച്ചാണ് മരണപ്പെട്ടത്. ജപ്പാനിലെ ഷിഗിയാകി ഹിനോഹര എന്ന ഡോക്ടര്‍ തന്റെ നൂറാമത്തെ വയസ്സിലും രോഗികളെ ചികിത്സിക്കുകയും വിദ്യാര്‍ഥികളെ പഠിപ്പിക്കുകയുംചെയ്യുന്നു. ഇന്ത്യയില്‍ തന്റെ 87-ാം വയസ്സിലും വഹീദുദ്ദീന്‍ ഖാന്‍ ഗ്രന്ഥരചനകള്‍ നടത്തിക്കൊണ്ടിരിക്കുന്നു.
7. പ്രായമേറിയ മാതാപിതാക്കള്‍ അവരെക്കാള്‍ കുടുംബത്തില്‍പെട്ട പ്രായമേറിയ മാതൃപിതൃസഹോദരങ്ങളോ കസിന്‍സോ ഉള്ളവരാണെങ്കില്‍ അവരെ കാണാനും സന്ദര്‍ശിക്കാനും സമയംകണ്ടെത്തുന്നത് നല്ലതാണ്. തങ്ങളുടെ മക്കളെക്കുറിച്ച വിരഹവേദനകളും പൗത്രന്‍മാരെ താലോലിക്കാന്‍ കഴിയാത്തതിന്റെ മോഹഭംഗങ്ങളും മറക്കാന്‍ ഇതിലൂടെ സാധിക്കും.
യൗവനയുക്തരും വിവാഹിതരുമായ മക്കള്‍ക്ക് മതിയായ സ്വാതന്ത്ര്യവും ഇടവും ആദരവും മാതാപിതാക്കള്‍ എത്രമാത്രം നല്‍കുന്നുവോ അത്രയും സമാധാനവും സന്തോഷവും അവര്‍ക്ക് ആ വീടുകളില്‍ കണ്ടെത്താനാകും. ഇന്‍ശാ അല്ലാഹ്!