അനുഗ്രഹവര്‍ഷം സുന്നത്തു നമസ്‌കാരത്തിലൂടെ – 1
ഉന്നതലക്ഷ്യങ്ങളിലേക്ക് നിരന്തരം തിരിച്ചുവിടുന്ന ആത്മീയശക്തി പ്രദാനംചെയ്യുന്ന വിശ്വാസിയുടെ ആരാധനാകര്‍മങ്ങളിലൊന്നാണ് നമസ്‌കാരം. ദിനേന അഞ്ചുനേരമാണ് മനുഷ്യര്‍ക്കായി അല്ലാഹു നമസ്‌കാരം നിശ്ചയിച്ചുതന്നിട്ടുള്ളത്. എന്നാല്‍ പ്രസ്തുത നിര്‍ബന്ധ നമസ്‌കാരങ്ങളിലെ കുറവുകളും ന്യൂനതകളും പരിഹരിക്കാനും മറ്റു ആരാധനാകര്‍മങ്ങള്‍ക്കില്ലാത്ത സവിശേഷപ്രാധാന്യവും പുണ്യവും നമസ്‌കാരത്തിനുള്ളതുകൊണ്ടുമാണ് സുന്നത്ത് നമസ്‌കാരം ശരീഅത് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
നബി(സ)പറഞ്ഞതായി അബൂഹുറൈറ(റ) നിവേദനം ചെയ്യുന്നു:’ഖിയാമത് നാളില്‍ കര്‍മങ്ങളില്‍വെച്ച് ഏറ്റവും ആദ്യമായി ജനങ്ങള്‍ ചോദ്യംചെയ്യപ്പെടുക നമസ്‌കാരത്തെക്കുറിച്ചായിരിക്കും. നമ്മുടെ റബ്ബ്- അവന്‍ എല്ലാ അറിയുന്നവനത്രേ-മലക്കുകളോട് പറയും: എന്റെ അടിമയുടെ നമസ്‌കാരം പരിശോധിക്കുവിന്‍. അതവന്‍ പൂര്‍ണമായി നിര്‍വഹിച്ചിട്ടുണ്ടോ, അതോ കുറവുവരുത്തിയിരിക്കുന്നുവോ എന്നുനോക്കുവിന്‍. ‘ നമസ്‌കാരം പൂര്‍ണമാണെങ്കില്‍ പൂര്‍ണമായ നിലയില്‍ അത് രേഖപ്പെടുത്തും. അതില്‍ വല്ല കുറവും വരുത്തിയിട്ടുണ്ടെങ്കില്‍ അല്ലാഹു പറയും: എന്റെ അടിമക്ക് വല്ല സുന്നത്തുനമസ്‌കാരവുമുണ്ടോ എന്ന് നോക്കുക. ‘സുന്നത്തുനമസ്‌കാരമുണ്ടെങ്കില്‍ അല്ലാഹു പറയും:’എന്റെ അടിമയുടെ ഫര്‍ദുനമസ്‌കാരം സുന്നത്തുനമസ്‌കാരംകൊണ്ടു പൂര്‍ത്തിയാക്കുവിന്‍.’അനന്തരം കര്‍മങ്ങളെല്ലാം ഇപ്രകാരം കണക്കിലെടുക്കുന്നതാണ്’.(അബൂദാവൂദ്)
നിങ്ങളിലൊരാള്‍ തന്റെ പള്ളിയില്‍നിന്നും നമസ്‌കരിച്ചാല്‍ തന്റെ നമസ്‌കാരത്തില്‍ ഒരു ഭാഗം വീടിനും നീക്കിവെക്കട്ടെ. കാരണം നമസ്‌കാരംമൂലം വീട്ടില്‍ അല്ലാഹുവിന്റെ അനുഗ്രഹമുണ്ടാകുന്നതാണ്. (ഇമാം അഹ്മദ്)
നിങ്ങളുടെ നമസ്‌കാരത്തില്‍ ഒരു ഭാഗം നിങ്ങളുടെ വീടുകളില്‍ വെച്ചാക്കുക; വീടുകള്‍ നിങ്ങള്‍ ഖബ്‌റുകളാക്കരുത്(അഹ്മദ് , അബൂദാവൂദ്)
വീട്ടില്‍വെച്ച് സുന്നത്ത് നമസ്‌കരിക്കുന്നത് നല്ലതാണെന്നും അതിന് പള്ളിയെക്കാള്‍ ഉത്തമം വീടാണെന്നും മേല്‍പറഞ്ഞ ഹദീസുകളെല്ലാം കുറിക്കുന്നുണ്ട്. കൂടുതല്‍ രഹസ്യമായതുകൊണ്ടും കപടഭക്തിക്കിടയില്ലാത്തതുകൊണ്ടും കര്‍മങ്ങളെ നശിപ്പിക്കുന്ന മറ്റു കാര്യങ്ങളില്‍നിന്നു സുരക്ഷിതമായതുകൊണ്ടും നമസ്‌കാരംമൂലം വീട്ടിന്ന് ഗുണം ലഭിക്കാനും അവിടെ അനുഗ്രഹങ്ങളും മലക്കുകളും ഇറങ്ങാനും പിശാച് അവിടെനിന്ന് ഓടിപ്പോകാനും ഉപകരിക്കുന്നതുകൊണ്ടാണ് വീട്ടില്‍വെച്ചുള്ള നമസ്‌കാരത്തിന് ഇത്രയും പ്രോത്സാഹനം നല്‍കപ്പെട്ടിരിക്കുന്നത്.
സുബ്ഹിന്റെ സുന്നത്ത്
ഫജ്‌റിന്റെ(സുബ്ഹ്)മുമ്പുള്ള രണ്ടുറക്അത്തുകളെ സംബന്ധിച്ച് ‘അവ ഇഹലോകത്തുള്ള എല്ലാറ്റിനെക്കാളും എനിക്ക് പ്രിയപ്പെട്ടതാണ് ‘ എന്ന് നബി(സ) അരുള്‍ ചെയ്തതായി ആഇശ (റ) പ്രസ്താവിക്കുന്നു(മുസ്‌ലിം, തിര്‍മിദി).
ളുഹ്‌റിന്റെ സുന്നത്ത്
ളുഹ്‌റിന്റെ സുന്നത്തിന്റെ നാലു റഖ്അത്ത്, ആറു റക്അത്ത് , എട്ടു റക്അത്ത് എന്നിങ്ങനെ പല റിപ്പോര്‍ട്ടുകളുണ്ട്.
ഇബ്‌നു ഉമര്‍ (റ) പ്രസ്താവിക്കുന്നു: ‘നബി(സ)യില്‍നിന്ന് പത്തുറക്അത്തുകള്‍ ഞാന്‍ പഠിച്ചിട്ടുണ്ട്. ളുഹ്‌റിന്റെ മുമ്പ് രണ്ട്, ളുഹ്‌റിനുശേഷം രണ്ട്, മഗ്‌രിബിനുശേഷം വീട്ടില്‍വെച്ച് രണ്ട്, ഇശാക്കുശേഷം വീട്ടില്‍വെച്ച് രണ്ട്, സുബ്ഹി നമസ്‌കാരത്തിനുമുമ്പ് രണ്ട്.'(ബുഖാരി)
അബ്ദുല്ലാഹിബ്‌നു ശഖീഖ് പറയുന്നു: നബി(സ)യുടെ നമസ്‌കാരത്തെക്കുറിച്ച് ഞാന്‍ ആഇശ(റ)യോട് ചോദിച്ചു. അവര്‍ പറഞ്ഞു:’ അവിടുന്ന് ളുഹ്‌റിന്റെ മുമ്പ് നാലുറക്അത്തും അതിനുശേഷം രണ്ടുറക്അത്തും നമസ്‌കരിക്കാറുണ്ടായിരുന്നു.'(അഹ്മദ് , മുസ്‌ലിം)
നബി(സ)തിരുമേനി ഇങ്ങനെ പറഞ്ഞതായി ഉമ്മുഹബീബ(റ)തന്നെ നിവേദനംചെയ്യുന്നു:
‘ളുഹ്‌റിനുമുമ്പ് നാലു റക്അത്തും അതിനുശേഷം നാലുറക്അത്തും ഒരാള്‍ നമസ്‌കരിക്കുകയാണെങ്കില്‍ അവന്റെ ശരീരം അല്ലാഹു നരകത്തിന് ഹറാമാക്കുന്നതാണ്.'(തിര്‍മിദി, അസ്ഹാബുസ്സുനന്‍)
മഗ്‌രിബിന്റെ സുന്നത്ത്
മഗ്‌രിബിന്നു ശേഷം രണ്ടുറക്അത്ത് നമസ്‌കരിക്കുന്നത് സുന്നത്താകുന്നു. നബി (സ)ഒരിക്കലും ഉപേക്ഷിക്കാത്ത സുന്നത്തുനമസ്‌കാരങ്ങളില്‍പെട്ടതാണതെന്ന് ഇബ്‌നുഉമര്‍(റ) പറഞ്ഞിട്ടുണ്ട്. മഗ്‌രിബിന്നുശേഷമുള്ള സുന്നത്തില്‍ ഫാത്തിഹക്കുശേഷം സൂറത്തുല്‍ കാഫിറൂന്‍, സൂറത്തുല്‍ ഇഖ്‌ലാസ്വ് എന്നിവ ഓതുന്നത് സുന്നത്താണ് എന്ന് ഇബ്‌നുമസ്ഊദില്‍നിന്ന് ഉദ്ധരിക്കപ്പെടുന്ന ഒരു ഹദീസില്‍ കാണാം. നബി (സ) പ്രസ്തുത സുന്നത്ത് നമസ്‌കാരം വീട്ടില്‍വെച്ചാണ് നിര്‍വഹിച്ചിരുന്നത്(അഹ്മദ് , തിര്‍മിദി, നസാഈ)
ഇശാഇന്റെ സുന്നത്ത്
ഇശാഇന്ന് ശേഷം രണ്ടുറക്അത്ത് സുന്നത്താണെന്ന് കുറിക്കുന്ന ഹദീസ് നേരത്തേ ഉദ്ധരിച്ചിട്ടുണ്ട്.
ഫര്‍ദിനോടനുബന്ധിച്ചുള്ള അപ്രധാന സുന്നത്തുനമസ്‌കാരങ്ങള്‍
അസ്‌റിന്റെ മുമ്പ് രണ്ടോ നാലോ റക്അത്ത്
ഹദീസ് പണ്ഡിതന്‍മാരുടെ നിരൂപണത്തിന് വിധേയമായതും എന്നാല്‍ വ്യത്യസ്തസ്രോതസ്സുകളിലൂടെ വന്നതുകൊണ്ട് പരസ്പരം ബലപ്പെടുത്തുന്നതുമായ പല ഹദീസുകളും ഈ വിഷയകമായി വന്നിട്ടുണ്ട്. ‘അസ്ര്‍ നമസ്‌കാരത്തിന് മുമ്പ് നാലുറക്അത്ത് നമസ്‌കരിച്ചവന്ന് അല്ലാഹുവിന്റെ അനുഗ്രഹമുണ്ടാകട്ടെ’ എന്ന് നബി(സ)പറഞ്ഞതായി ഇബ്‌നുഉമര്‍(റ) റിപോര്‍ട്ട് ചെയ്യുന്നു.
മഗ്‌രിബിനുമുമ്പ് രണ്ട് റക്അത്ത്
‘നിങ്ങള്‍ മഗ്‌രിബിന് മുമ്പ് നമസ്‌കരിക്കുക’ എന്ന് രണ്ടുപ്രാവശ്യം നബി(സ)പറഞ്ഞുവെന്നും ആളുകള്‍ അത് പതിവാക്കുമെന്ന് ഭയന്ന് മൂന്നാം പ്രാവശ്യം ‘ലിമന്‍ ശാഅ'(ഉദ്ദേശിക്കുന്നവര്‍ക്ക്) എന്നുകൂടി പറഞ്ഞുവെന്നും അബ്ദുല്ലാഹിബ്‌നു മുഗഫ്ഫല്‍ വഴി ഇമാം ബുഖാരി ഉദ്ധരിച്ചിരിക്കുന്നു.
ഇശായുടെ മുമ്പ് രണ്ടുറക്അത്ത്
‘ബൈന കുല്ലി അദാനൈന്‍ സ്വലാത്’ (എല്ലാ ബാങ്കിന്റെയും ഇഖാമത്തിന്റെയും ഇടയ്ക്ക് നമസ്‌കാരമുണ്ട്’ എന്ന് നബി(സ) രണ്ടുപ്രാവശ്യം പറഞ്ഞുവെന്നും മൂന്നാം പ്രാവശ്യം ലിമന്‍ ശാഅ(ഉദ്ദേശിക്കുന്നവര്‍ക്ക് )എന്നുകൂടി പറഞ്ഞുവെന്നും അബ്ദുല്ലാഹിബ്‌നു മുഗഫ്ഫല്‍ (റ)പ്രസ്താവിക്കുന്നു.