എല്ലാം അല്ലാഹുവിന്റെ തീരുമാനമാണെങ്കില്‍ ഇച്ഛാസ്വാതന്ത്ര്യം എവിടെ ?
ചോ: അല്ലാഹു അവനുദ്ദേശിക്കുന്നവരെ സന്മാര്‍ഗത്തിലാക്കുന്നു എന്ന ആയത്തിന്റെ ഉദ്ദേശ്യമെന്താണ് ? അല്ലാഹു അവനുദ്ദേശിക്കുന്നവരെയാണ് മുസ്‌ലിമാക്കുന്നതെന്ന് ആളുകള്‍ പറയുന്നതായി കേട്ടിട്ടുണ്ട്. വിശ്വാസികളല്ലാത്ത ആളുകള്‍ അങ്ങനെയായിത്തീര്‍ന്നത് അല്ലാഹുവിന്റെ തീരുമാനമനുസരിച്ചാണോ ? അങ്ങനെയെങ്കില്‍ പറയപ്പെടുന്ന ഇച്ഛാസ്വാതന്ത്ര്യം എവിടെ ? അല്ലാഹുവിന്റെ ഖദ്‌റുമായി ഇതിനെ ബന്ധപ്പെടുത്തി ചില കുറിപ്പുകള്‍ ഞാന്‍ കാണാനിടയായി. എന്നാല്‍ ഇച്ഛാസ്വാതന്ത്ര്യമുണ്ടെങ്കില്‍ ചില കര്‍മ്മങ്ങള്‍ ചെയ്യാന്‍ മനുഷ്യന്‍ വിധിക്കപ്പെടുന്നതെന്തുകൊണ്ടെന്ന് എനിക്ക് മനസ്സിലാകുന്നില്ല. വിശദമായ മറുപടി പ്രതീക്ഷിക്കുന്നു ?
ഉത്തരം: ഇച്ഛാസ്വാതന്ത്ര്യം എന്ന് പറയപ്പെടുന്ന സംഗതിയില്‍ മനുഷ്യന് തെരഞ്ഞെടുക്കാനുള്ള സമ്പൂര്‍ണസ്വാത ന്ത്ര്യമു ണ്ടോയെന്നും അതല്ല മുന്‍കൂട്ടിതയ്യാറാക്കപ്പെട്ട വിധിയനുസരിച്ച് നിര്‍ബന്ധിതാവസ്ഥയില്‍ മനുഷ്യന്‍ ചെയ്യുന്നതാണോ യെന്നുമുള്ള ഈ ചോദ്യം പുതിയതൊന്നുമല്ല.
ഈ വിഷയത്തില്‍ തത്ത്വശാസ്ത്രപരമായ രണ്ടുവാദങ്ങള്‍ സാധാരണയായി പറയപ്പെടുന്നതിങ്ങനെയാണ്:
1. ഈ ലോകം മുന്‍കൂട്ടി പ്രോഗ്രാം ചെയ്യപ്പെട്ട ഭീമന്‍യന്ത്രത്തെപ്പോലെയാണ്.
2. മനുഷ്യരാണ് തങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ സ്രഷ്ടാക്കള്‍. എന്നാല്‍ ഈ രണ്ടുവാദങ്ങളും വിഷയത്തെ ശരിയായ രീതിയില്‍ കൈകാര്യംചെയ്യുന്നില്ലെന്നതാണ് വസ്തുത.
മനുഷ്യന്‍ പ്രവര്‍ത്തിക്കുന്നതെന്തും നിര്‍ബന്ധിതമായാണെന്ന(മുജ്ബര്‍) വാദം ദൈവം അവനുദ്ദേശിക്കുന്നത് നടപ്പിലാ ക്കുന്നുവെന്ന പരികല്‍പനയെ അടിസ്ഥാനമാക്കി ഉടലെടുത്തതാണ്. മുഴുവന്‍ ആളുകളെയും അവന്‍ സ്വര്‍ഗത്തിലോ നര കത്തിലോ ആക്കിയാല്‍ പോലും അത് നീതിയാണെന്ന് ഇക്കൂട്ടര്‍ ധരിച്ചിരിക്കുന്നു. അത്തരം ചിന്താധാരയില്‍പെട്ടവരാണ് അശ്അരികള്‍ എന്ന് പൊതുവെ അറിയപ്പെട്ട ആളുകള്‍. അബുല്‍ ഹസന്‍ അല്‍ അശ്അരിയുടെ ‘ഖല്‍ഖുല്‍ അഅ്മാല്‍’ (പ്രവര്‍ത്തനങ്ങളുടെ സൃഷ്ടി) എന്ന പുസ്തകം , മനുഷ്യന്‍ തന്റെ പ്രവൃത്തികള്‍ക്ക് ഉത്തരവാദികളാണെന്ന മുഅ്തസില, ഖദരിയ്യ വാദത്തെ നിഷേധിക്കുന്നു. താഴെപ്പറയുന്ന സൂക്തങ്ങളുടെ വെളിച്ചത്തിലാണ് അവര്‍ തങ്ങളുടെ വാദത്തെ മുമ്പോട്ടുവെക്കുന്നത്.
‘പറയുക: തികവുറ്റ തെളിവുള്ളത് അല്ലാഹുവിനാണ്. അവനിച്ഛിച്ചിരുന്നെങ്കില്‍ നിങ്ങളെയെല്ലാം അവന്‍ നേര്‍വഴിയിലാക്കുമായിരുന്നു'(അല്‍അന്‍ആം 149). വല്ല നന്മയും വന്നുകിട്ടിയാല്‍ അവര്‍ പറയും: ”ഇത് ദൈവത്തിങ്കല്‍ നിന്നുള്ളതാണ്.” വല്ല വിപത്തും ബാധിച്ചാല്‍ അവര്‍ പറയും: ”നീയാണിതിന് കാരണക്കാരന്‍.” പറയുക: ”എല്ലാം അല്ലാഹുവിങ്കല്‍ നിന്നു തന്നെ. ഈ ജനതക്കെന്തുപറ്റി? ഇവരൊരു കാര്യവും മനസ്സിലാക്കുന്നില്ലല്ലോ.”(അന്നിസാഅ് :78)
‘നാം ഇച്ഛിച്ചിരുന്നെങ്കില്‍ നേരത്തെ തന്നെ എല്ലാ ഓരോരുത്തര്‍ക്കും നേര്‍വഴി കാണിച്ചുകൊടുക്കുമായിരുന്നു. എന്നാല്‍ നമ്മില്‍ നിന്നുണ്ടായ പ്രഖ്യാപനം യാഥാര്‍ഥ്യമായിത്തീര്‍ന്നിരിക്കുന്നു. ‘ജിന്നുകളാലും മനുഷ്യരാലും ഞാന്‍ നരകത്തെ നിറയ്ക്കുകതന്നെ ചെയ്യു’മെന്ന പ്രഖ്യാപനം.'(അസ്സജദ 13)
‘അല്ലാഹു ഇച്ഛിക്കുന്നുവെങ്കിലല്ലാതെ നിങ്ങള്‍ക്ക് അതിഷ്ടപ്പെടാനാവില്ല.നിശ്ചയമായും അല്ലാഹു സര്‍വജ്ഞനും യുക്തി മാനുമാണ്.'(അദ്ദഹ്ര്‍-30)
‘ഇവ്വിധം അല്ലാഹു താനിച്ഛിക്കുന്നവരെ വഴികേടിലാക്കുന്നു. താനുദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു .'(അല്‍ മുദ്ദസ്സിര്‍ 31)
‘എന്നാല്‍ മുഴുലോകരുടെയും നാഥനായ അല്ലാഹു ഇച്ഛിക്കുന്നതല്ലാതൊന്നും നിങ്ങള്‍ക്ക് ആഗ്രഹിക്കാനാവില്ല .'(അത്തക്‌വീര്‍ 29)
‘അല്ലാഹുവും അവന്റെ ദൂതനും ഏതെങ്കിലും കാര്യത്തില്‍ വിധി പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ സത്യവിശ്വാസിക്കോ വിശ്വാ സിനിക്കോ അക്കാര്യത്തില്‍ മറിച്ചൊരു തീരുമാനമെടുക്കാന്‍ അവകാശമില്ല. ആരെങ്കിലും അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുകയാണെങ്കില്‍ അവന്‍ വ്യക്തമായ വഴികേടിലകപ്പെട്ടതുതന്നെ.'(അല്‍ അഹ്‌സാബ് 36)
പറയുക: ”എനിക്കു തന്നെ ഗുണമോ ദോഷമോ വരുത്താന്‍ എനിക്കാവില്ല. അല്ലാഹു ഇച്ഛിച്ചാലല്ലാതെ.”(യൂനുസ് 49)
മനുഷ്യന്‍ ദൈവവിധിക്ക് നിര്‍ബന്ധിതനായവനാണെന്ന പ്രവാചകനിയോഗത്തിനുമുമ്പ് അറബികള്‍ക്കുണ്ടായിരുന്ന ധാരണ ഉമവീ, അബ്ബാസീ ഖലീഫമാരുടെ കാലത്താണ് പ്രചുരപ്രചാരം നേടിയത്(അല്‍ മുഅ്തസില വ മുശ്കിലാതുല്‍ ഹുര്‍രിയത്തില്‍ ഇന്‍സാനിയ്യ-ഡോ. മുഹമ്മദ് ഇമാറ). അറബികള്‍ തങ്ങള്‍ ചെയ്തുകൊണ്ടിരുന്ന തിന്‍മകളെ ന്യായീ കരിക്കാനായിരുന്നു പ്രസ്തുതവാദം ഏറ്റുപിടിച്ചിരുന്നത്. എന്നാല്‍ അല്ലാഹു ആ വാദത്തെ നിരാകരിച്ചു.
‘വല്ല മ്ലേച്ഛവൃത്തിയും ചെയ്താല്‍ അവര്‍ പറയുന്നു: ”ഞങ്ങളുടെ പിതാക്കന്മാര്‍ അങ്ങനെ ചെയ്യുന്നത് ഞങ്ങള്‍ കണ്ടിട്ടുണ്ട്. അല്ലാഹു ഞങ്ങളോട് കല്‍പിച്ചതും അതാണ്.” പറയുക: മ്ലേച്ഛവൃത്തികള്‍ ചെയ്യാന്‍ അല്ലാഹു കല്‍പിക്കുകയില്ല. നിങ്ങള്‍ അറിവില്ലാത്ത കാര്യങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ പറഞ്ഞുണ്ടാക്കുകയാണോ?'(അല്‍ അഅ്‌റാഫ്28)
മുകളില്‍ സൂചിപ്പിച്ച ഖലീഫമാരുടെ കാലത്ത് ജബ്‌റ് വാദം അവര്‍ ഉയര്‍ത്തിപ്പിടിച്ചത് തങ്ങളുടെ രാജാധികാരത്തെ ന്യായീകരിക്കാന്‍ മാത്രമായിരുന്നു. അങ്ങനെ ഭരണകൂടം ഏകാധിപത്യസ്വഭാവത്തോടെ മുസ്‌ലിംകളുടെ സമ്പത്ത് പിടിച്ചെടുത്ത് അവരെ അടിച്ചമര്‍ത്തി. ആദ്യഉമവീ ഖലീഫയായിരുന്ന മുആവിയ ഇപ്രകാരം പറഞ്ഞിരുന്നു: ‘അല്ലാഹു എന്നെയല്ലാതെ മറ്റാരെയെങ്കിലും ഖലീഫാസ്ഥാനത്തേക്ക് ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവന്‍ അങ്ങനെ ചെയ്യുമായിരുന്നു’. അബ്ബാസിയ ഖലീഫയായിരുന്ന അബൂ ജഅ്ഫര്‍ അല്‍ മന്‍സൂര്‍ ഇങ്ങനെ പറഞ്ഞിരുന്നു:’ദൈവത്തിന്റെ സമ്പത്തിന്‍മേലു ള്ള താഴാണ് ഞാന്‍. അല്ലാഹു ഇച്ഛിക്കുമ്പോള്‍ അവന്‍ ആ താഴ് തുറക്കുകയും അങ്ങനെ ഞാന്‍ നിങ്ങള്‍ക്ക് അത് തരികയും ചെയ്യും. അവനുദ്ദേശിക്കുമ്പോള്‍ ആ താഴ് പൂട്ടിക്കളയുന്നു.’
രണ്ടാമത്തെ വാദം ഇമാം ഇബ്‌നു ഹസം ഉള്‍പ്പെട്ട മുഅ്തസിലീ ചിന്താധാരയില്‍ നിന്നുത്ഭവിച്ചതാണ്. അതായത്, മനുഷ്യനാണ് തന്റെ പ്രവൃത്തികളുടെ സ്രഷ്ടാവ്. ദൈവം നീതിമാനാണെന്നതാണ് ആ വാദമുഖത്തിന് അവര്‍ പറയുന്ന ന്യായം. അതായത്, മനുഷ്യന്‍ ചെയ്തുകൂട്ടുന്ന പ്രവര്‍ത്തികള്‍ക്ക് അവന്‍തന്നെയാണ് ഉത്തരവാദി. എങ്കില്‍ മാത്രമാണ് നീതി പുലരുക. (ഉദാഹരണത്തിന് നോക്കുക: അല്‍ ഖാദി അല്‍ ജബ്ബാര്‍ , അല്‍ മുഗ്നി ഫീ അബ്‌വാബി ത്തൗഹീദി വല്‍ അദ്ല്‍-വാള്യം 8) . തങ്ങളുടെ വാദം സമര്‍ഥിക്കാന്‍ അവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍ നോക്കുക:
‘അല്ലാഹുവെവിട്ട് നിങ്ങള്‍ പൂജിച്ചുകൊണ്ടിരിക്കുന്നത് ചില വിഗ്രഹങ്ങളെയാണ്. നിങ്ങള്‍ കള്ളം കെട്ടിയുണ്ടാക്കുക യാണ്.'(അല്‍ അന്‍കബൂത് 17)
‘അനന്തരം നാം ആ ബീജത്തെ ഭ്രൂണമാക്കി മാറ്റി. പിന്നീട് ഭ്രൂണത്തെ മാംസക്കട്ടയാക്കി. അതിനുശേഷം മാംസത്തെ എല്ലു കളാക്കി. എല്ലുകളെ മാംസംകൊണ്ട് പൊതിഞ്ഞു. പിന്നീട് നാമതിനെ തീര്‍ത്തും വ്യത്യസ്തമായ ഒരു സൃഷ്ടിയായി വളര്‍ ത്തിയെടുത്തു. ഏറ്റം നല്ല സൃഷ്ടികര്‍ത്താവായ അല്ലാഹു അനുഗ്രഹപൂര്‍ണന്‍ തന്നെ.'(അല്‍ മുഅ്മിനൂന്‍ 14)
‘നിശ്ചയമായും അല്ലാഹു മനുഷ്യരോട് അക്രമം കാണിക്കുന്നില്ല. മറിച്ച് ജനം തങ്ങളോടുതന്നെ അനീതി കാണിക്കുകയാണ് .'(യൂനുസ് 44)
‘പറയുക: ഇത് നിങ്ങളുടെ നാഥനില്‍നിന്നുള്ള സത്യമാണ്. വിശ്വസിക്കാനുദ്ദേശിച്ചവര്‍ക്ക് വിശ്വസിക്കാം. നിഷേധിക്കാനു ദ്ദേശിച്ചവര്‍ക്ക് നിഷേധിക്കാം'(അല്‍ കഹ്ഫ് 29)
‘ആര്‍ നേര്‍വഴി സ്വീകരിക്കുന്നുവോ, അതിന്റെ ഗുണം അവനുതന്നെയാണ്. ആര്‍ വഴികേടിലാകുന്നുവോ അതിന്റെ ദോ ഷവും അവനുതന്നെ. ആരും മറ്റൊരുത്തന്റെ ഭാരം ചുമക്കുകയില്ല. ദൂതനെ നിയോഗിക്കും വരെ നാമാരെയും ശിക്ഷിക്കു കയുമില്ല.'(അല്‍ ഇസ്‌റാഅ് 15)
‘തീര്‍ച്ചയായും അത്മാവിനെ സംസ്‌കരിച്ചവന്‍ വിജയിച്ചു.അതിനെ മലിനമാക്കിയവന്‍ പരാജയപ്പെട്ടു.'(അശ്ശംസ് 9-10)
‘പറയുക: മനുഷ്യരേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനില്‍ നിന്നുള്ള സത്യം ഇതാ വന്നെത്തിയിരിക്കുന്നു. അതിനാല്‍ ആര്‍ സ ന്മാര്‍ഗം സ്വീകരിക്കുന്നുവോ അതിന്റെ നേട്ടം അവനുതന്നെയാണ്. ആരെങ്കിലും ദുര്‍മാര്‍ഗത്തിലാവുകയാണെങ്കില്‍ ആ വഴികേടിന്റെ ദുരന്തവും അവനുതന്നെ. ഇക്കാര്യത്തില്‍ എനിക്കു നിങ്ങളുടെമേല്‍ ഒരുവിധ ഉത്തരവാദിത്വവുമില്ല .'(യൂനുസ് 108)
രണ്ടുവാദങ്ങളും ‘ ഇസ്‌ലാമിക’ അഭിപ്രായങ്ങളാണ്. അത് സാധുവും ശരിയുമാകാം. എന്നിരുന്നാലും എനിക്കു തോന്നു ന്നത് ഇതിനുരണ്ടിലും മധ്യേയുള്ള അഭിപ്രായമാണ് കൂടുതല്‍ സ്വീകാര്യമായതെന്നാണ്. അതായത്, അല്ലാഹുവാണ് എല്ലാറ്റിന്റെയും സ്രഷ്ടാവ്, നന്‍മയും തിന്‍മയും അവനില്‍നിന്നാണ്. എന്നാല്‍ അവന്‍ മനുഷ്യന് തന്റെ പ്രവൃത്തികളെ തെരഞ്ഞെടുക്കാനുള്ള പ്രാതിനിധ്യം നല്‍കി. അതിനാല്‍ രണ്ടുചിന്താധാരകളും ഉദ്ധരിച്ച ഖുര്‍ആനികസൂക്തങ്ങള്‍ അതതി ന്റെ സാഹചര്യത്തില്‍ മനസ്സിലാക്കേണ്ടതുണ്ട്. അല്ലാഹുവാണല്ലോ എല്ലാം സൃഷ്ടിച്ചത്.
അതുകൊണ്ടുതന്നെ നാമെന്താണ് തെരഞ്ഞെടുക്കുകയെന്ന് അവനറിയുന്നു. പക്ഷേ , നാം മനുഷ്യരെ സംബന്ധിച്ചിടത്തോളം പ്രവൃത്തികളെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അവന്‍ നമുക്ക് നല്‍കിയിരിക്കുന്നു. ഈ മറുപടി താങ്കളെ തൃപ്തിപ്പെ ടുത്തുമെന്ന് വിശ്വസിക്കുന്നു. അല്ലാഹുവാണ് ഏറ്റം നന്നായി അറിയുന്നവന്‍.