മനുഷ്യരാശിയെ ആന്തരികമായി സ്വാധീനിക്കുകയും കര്‍മശേഷിയെ ഉണര്‍ത്തുകയും ചെയ്യുന്നവരാണ് പ്രവാചകന്മാരും ഗുരുക്കന്മാരും. സാധാരണ മനുഷ്യന് ഗ്രഹിക്കാന്‍ വിഷമമുള്ള ഏതോ രൂപകല്‍പനയുടെ മര്‍മപ്രധാനങ്ങളായ ഭാഗങ്ങളാണ് അവരുടെ പ്രവര്‍ത്തനങ്ങള്‍ . ജഗന്നിയന്താവിന്റെ ഇച്ചയ്ക്കനുസരിച്ച നിയമങ്ങള്‍ അവരിലൂടെ നമുക്ക് പകര്‍ന്നു കിട്ടുന്നു എന്നതാണ് മറന്നു കൂടാത്ത വിഷയം. ഇവരില്‍ പലര്‍ക്കും കാലാന്തരത്തില്‍ പുരാണകഥകളിലെ അത്ഭുതപുരുഷന്മാരുടെ പ്രതിച്ചായയാണ് വന്ന് കൂടിയിട്ടുള്ളത്. ഈ കഥകള്‍ക്കുള്ളില്‍ നിസ്വാര്‍ഥതയുടെയും ത്യാഗത്തിന്റെയും നിരന്തര സഹനത്തിന്റെയും ചിത്രങ്ങള്‍ സൂക്ഷിച്ചുനോക്കിയാല്‍ കാണാം. നബി തിരുമേനിയുടെ കാര്യത്തില്‍ അത്തരം ചിത്രങ്ങള്‍ കണ്ടെടുക്കാന്‍ ശ്രമിക്കേണ്ടതില്ല. പരിശുദ്ധ ഖുര്‍ആനില്‍തന്നെ തിരുമേനിയുടെ ജീവിതം പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു. സഹചാരികള്‍ കുറിച്ചുവെച്ച ‘ഹദീസുക’ളും ആ ധീരജീവിതത്തിന്റെ സാക്ഷ്യപത്രങ്ങളായി ലോകത്തിനു കിട്ടിയിട്ടുണ്ട്. ദൈവത്തില്‍നിന്ന് ഒരു പുതിയ കല്പന ലോകത്തിനു നല്‍കാന്‍ പ്രയത്നിക്കുന്നവര്‍ക്ക് ശക്തമായ തടസ്സങ്ങളും ചെറുത്തുനില്‍പ്പുകളും നേരിടേണ്ടി വരും എന്ന വസ്തുത നബി തിരുമേനിയുടെ ജീവിതത്തില്‍ പകല്‍വെളിച്ചം പോലെ വ്യക്തമായി നമുക്ക് കാണാന്‍ കഴിയും. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ലോകകാര്യത്തിനായി അനുഭവിക്കേണ്ടി വരുന്ന കഷ്ടപ്പാടുകള്‍ക്ക് ആനുപാതികമായിട്ടാണ് അത് സാക്ഷാല്‍ക്കരിക്കാന്‍ വേണ്ട ഉള്‍ക്കരുത്തും പ്രാപ്തമാവുന്നത്.
പ്രവാചകന്റെ പിതാവ് അബ്ദുല്ലയും മാതാവ് ആമിനയും ഏതാനും ദിവസങ്ങളേ ഒരുമിച്ചു ജീവിച്ചുള്ളു. സിറിയയിലേക്ക് വ്യാപാരാവശ്യങ്ങള്‍ക്കായി പോയ അബ്ദുല്ല തിരിച്ചു വരുംവഴി അസുഖം പിടിപെട്ട് ഇഹലോകവാസം വെടിയുകയാണുണ്ടായത്. അങ്ങനെ കുട്ടിക്കാലത്ത് പിതാവിനെ കാണാനോ അദ്ദേഹത്തിന്‍റെ സംരക്ഷണവും ലാളനയും അനുഭവിക്കാനോ ഇടയായില്ല. കുടുംബപാരമ്പര്യമനുസരിച്ച് വളര്‍ത്തമ്മയുടെ അരികിലെത്തിച്ച കുഞ്ഞ് അഞ്ചു വര്‍ഷം കഴിഞ്ഞാണ് മാതാവിന്റെ അടുത്ത് തിരിച്ചു വരുന്നത്. ( അറബി രാജ്യത്തെ ഏറ്റവും തനിമയും ഭംഗിയുമുള്ള ഭാഷാമാതൃക ഇവിടെനിന്നാണ് നബിക്ക് കിട്ടുന്നത്. അതില്‍ പ്രത്യേക സന്തുഷ്ടിയും പില്‍ക്കാലത്ത് പ്രകടിപ്പിച്ചിട്ടുണ്ട്). പക്ഷേ ആറാം വയസ്സില്‍ മാതാവിനെയും നഷ്ടമായി. പിന്നീട് രണ്ടു വര്‍ഷം സംരക്ഷിച്ച മുത്തച്ഛനും പിരിഞ്ഞു. പിതൃസഹോദരന്‍ അബൂതാലിബ് കുട്ടിയെ ഏറ്റെടുത്തു. ഏറെ സ്നേഹിച്ചു വളര്‍ത്തിയെങ്കിലും അബൂതാലിബിന് കാര്യമായ സാമ്പത്തിക ശേഷി ഇല്ലാതിരുന്നത് കൊണ്ട് ചെറുപ്രായത്തില്‍തന്നെ നബിതിരുമേനിക്ക് ജോലിക്കിറങ്ങേണ്ടി വന്നു. പന്ത്രണ്ടാം വയസ്സില്‍ പിതൃസഹോദരനെ കച്ചവടത്തില്‍ സഹായിക്കാനും തുടങ്ങി. അബൂതാലിബ് പങ്കെടുത്ത ഒരു സായുധ സംഘര്‍ഷത്തിന് സാക്ഷ്യം വഹിക്കാനുമിടയായി. യുദ്ധത്തിന്റെ കെടുതികളോര്‍ത്ത് ഒരു സമാധാന സംഘം ചെറുപ്പത്തില്‍ രൂപീകരിച്ചതായും പറയുന്നു. മനുഷ്യര്‍ സമാധാനമായി ജീവിക്കണം എന്ന ആഗ്രഹം നബി തിരുമേനിയുടെ മനസ്സില്‍ പണ്ടേ പ്രബലമായിരുന്നു എന്നര്‍ത്ഥം. സത്യസന്ധതയും ഉത്തരവാദിത്വബോധവും വിവേകപൂര്‍ണമായ സമീപനവും കൊണ്ട് ‘അല്‍ അമീന്‍'(വിശ്വസ്തന്‍) എന്ന വിശേഷണം സമൂഹം നബിക്ക് ചെറുപ്പത്തില്‍തന്നെ ചാര്‍ത്തിക്കൊടുത്തു.
അബൂതാലിബിനു വേണ്ടി വ്യാപാരാവശ്യങ്ങള്‍ ചെല്ലുന്ന അങ്ങാടിത്തെരുവുകളില്‍ കവിതയും പാട്ടും ചൊല്ലുന്നവര്‍ ഉണ്ടായിരുന്നു. അതെല്ലാം കേള്‍ക്കാനിഷ്ടപ്പെട്ട നബി കൃസ്ത്യാനികളും ജുതന്മാരുമായ അറബികള്‍ നാട്ടുകാരുടെ ബഹുദൈവാരാധനയെ വിമര്‍ശിച്ചു നടത്തിയിരുന്ന പ്രഭാഷണങ്ങളും ശ്രദ്ധിക്കുമായിരുന്നുവത്രേ. ഭക്തിചിന്തകളെ പരിപോഷിപ്പിക്കാനും സമൂഹഗതിയെ വിലയിരുത്താനും സഹായിച്ച ഈ പരിചയം നബിയെ വരുംകാലങ്ങളിലേക്ക് പരുവപ്പെടുത്തുന്നതില്‍ പങ്കു വഹിച്ചിരിക്കണം.
കുട്ടിക്കാലത്തുതന്നെ ഏകാന്തത ഇഷ്ടപ്പെട്ടിരുന്ന നബി ഖദീജയുമായുള്ള വിവാഹത്തിനു ശേഷം ഹിറാഗുഹയില്‍ ധ്യാനിക്കാന്‍ ചെന്നിരിക്കുക പതിവാക്കിയതും അവിടെവെച്ചു റമദാന്‍ മാസത്തില്‍ ഖുര്‍ആന്‍ ആദ്യമായി വെളിപ്പെട്ടതും പ്രസിദ്ധമാണല്ലോ. ആ സംഭവത്തില്‍ ആദ്യം ഭയന്ന നബിക്ക് ആത്മധൈര്യം പകര്‍ന്ന ജീവിതസഖിയാണ് ഖദീജ, ആദ്യത്തെ വിശ്വാസിയും. കടന്നു പോയ പ്രവാചകന്മാരെപ്പോലെ നബിക്ക് വെളിപാടുകള്‍ കിട്ടുകയാണെന്ന് ബോധ്യപ്പെടുത്താന്‍ അവര്‍ക്ക് കഴിഞ്ഞു. ഖദീജയുമായുള്ള ദാമ്പത്യത്തിലെ പരസ്പര ധാരണയും( പ്രവാചകന് കുടുംബ ജീവിതത്തില്‍ പുത്രദു:ഖം സഹിക്കേണ്ടി വന്നു) പിതൃസഹോദരന്റെ ഹൃദയപൂര്‍വമായ പിന്തുണയുമൊഴിച്ചാല്‍ നബിക്ക് നേരിടേണ്ടി വന്നത് കഠിനമായ എതിര്‍പ്പുകളും തടസ്സങ്ങളും തന്നെ. ദൌത്യം തുടങ്ങി പത്തുവര്‍ഷമായപ്പോള്‍ ഖദീജയുടെ വേര്‍പാടുണ്ടായി; അധികം താമസിയാതെ അബൂതാലിബിന്റെയും.
അറബികള്‍ പരമ്പരാഗതമായി വിശ്വസിച്ചുവന്ന ദൈവങ്ങളെ ഒരു ഘട്ടത്തില്‍ നബി നേരെ എതിര്‍ക്കാനാരംഭിച്ചത് ഖുറൈശികളുടെ കഠിനമായ ശത്രുത ക്ഷണിച്ചു വരുത്തി. ദൈവങ്ങളെ നിഷേധിക്കുന്നത് വരെ നബിയെ ലാഘവത്തോടെയും പരിഹാസത്തോടെയും കണ്ട ഖുറൈശികള്‍ ഇപ്പോള്‍ ഭീഷണിയായി കാണാന്‍ തുടങ്ങി.
സ്രഷ്ടാവായ ദൈവം ഒന്നേയുള്ളൂ. ജീവന്‍ തരുന്നതും തിരിച്ചെടുക്കുന്നതും സമാനതകളില്ലാത്ത ആ ദൈവമാണ്. ബഹുദൈവ സങ്കല്‍പ്പവും വിഗ്രഹാരാധനയും തീര്‍ത്തും ഉപേക്ഷിക്കേണ്ടതാണ്. ഇതായിരുന്നു നബി അറബികള്‍ക്കും (മനുഷ്യരാശിക്കും) നല്‍കിയ മുഖ്യ സന്ദേശം. കാരുണ്യവും സഹാനുഭൂതിയും അവനവന് കിട്ടുന്നത് പങ്കിടാനുള്ള ഉദാരമനസ്കതയും വേണമെന്ന് മാത്രമേ നബി ഉപദേശിച്ചുള്ളൂ. ഖദീജയില്‍ തുടങ്ങി ആദ്യത്തെ മൂന്നുനാല് വര്ഷംകൊണ്ട് നാല്പതോളം പേര്‍ വിശ്വാസികളായി. പഴയ ആരാധന കൊണ്ടുനടന്ന ഖുറൈശികള്‍ക്കിടയിലെ പുരോഹിത വര്‍ഗമാണ് നബിയെ ഭീഷണിയായി കണ്ടതും എതിര്‍പ്പുകള്‍ക്ക് തീ പിടിച്ചതും.
നബിവചനങ്ങളനുസരിച്ച് വിശ്വാസികളായിത്തീര്‍ന്നവര്‍ക്ക് കഠിനമായ പീഡനം സഹിക്കേണ്ടി വന്നു. ദു:ഖിതനായ നബി അവരെ അബ്സീനിയയിലേക്ക് പറഞ്ഞയച്ചു. ഖുറൈശികള്‍ നബിക്ക് വിലക്ക് കല്‍പ്പിച്ചു. വര്‍ഷങ്ങളോളം അതിജീവനം തന്നെ ഒരു പ്രശ്നമായിത്തീരുകയാണുണ്ടായത്. ദൌത്യം തുടരാന്‍ ത്വാഇഫ് എന്നാ സ്ഥലത്തേക്ക് പോയ നബിയെ അവര്‍ പുറത്താക്കി കല്ലെറിഞ്ഞു പരിക്കേല്പിച്ചു. അങ്ങനെ ഉപദ്രവം തുടരുകയും ഒടുവിലത് നബിയെ വധിക്കാനുള്ള കരുനീക്കങ്ങളില്‍ എത്തുകയും ചെയ്തു. ദൌത്യനിര്‍വഹണത്തിനായി മറ്റൊരിടം തേടിപ്പോകാന്‍ നബി നിര്‍ബന്ധിതനായിത്തീര്‍ന്നു. മക്കയില്‍നിന്നു അങ്ങനെ മദീനയിലേക്ക് കുടിയേറിയ (ഹിജ്റ) തുമുതല്‍ക്കാണ് ഇസ്ലാമിക കാലഗണന തുടങ്ങുന്നത്.
അപമാനത്തിന്റെയും പീഡനത്തിന്റെയും കാലഘട്ടത്തെ പിറകിലാക്കിയാണ് നബിയും സംഘവും മദീനയിലെത്തുന്നത്. രാഷ്ട്രീയനേതാവും ഭരണ കര്‍ത്താവുമായിത്തീര്‍ന്ന നബിക്ക് ഖുറൈശികളുമായി പല യുദ്ധങ്ങളും (ബദ്ര്‍ യുദ്ധം ഏറ്റവും പ്രധാനം) ചെയ്യേണ്ടി വന്നു. നിപുണനായ യോദ്ധാവായും സൈന്യാധിപനായും യുദ്ധത്തടവുകാര്‍ക്ക് മാപ്പുകൊടുത്ത ഹൃദയാലുവായുമൊക്കെ നാം നബിയെ അറിയുന്നു.
ധ്യാനശീലനായിക്കഴിഞ്ഞ അവസ്ഥയില്‍ നിന്ന് ദൈവവാക്കുകളുമായി സമൂഹത്തിലിറങ്ങി, നേരിടേണ്ടി വന്ന എതിര്‍പ്പുകളിലൂടെ കരുത്തില്‍നിന്നു കരുത്തിലേക്കുയര്‍ന്ന നബി അനന്യമായ ഒരു വ്യക്തിവിശേഷമായി നമ്മെ ഇന്നും ആകര്‍ഷിക്കുന്നു. ദൈവികവും ഭൌതികവുമായ അറിവികളുടെയും കഴിവുകളുടെയും സമന്വയമായി, സ്നേഹകാരുണ്യങ്ങളുടെയും വിവേകത്തിന്റെയും മൂര്‍ത്തീമദ്ഭാവമായി നമ്മെ അതിശയിപ്പിക്കുന്നു.
(ഒ.വി.ഉഷ