ലോകാവസാനത്തിന്റെ അടയാളങ്ങള്‍ ഹദീസില്‍

ലോകാവസാനത്തിന്റെ അടയാളം

കാലത്തിന്റെ മാറ്റം, ധാര്‍മികമൂല്യങ്ങള്‍ക്കും വിശ്വാസസംഹിതകള്‍ക്കും സംഭവിക്കുന്ന ശോഷണം, തിന്‍മയുടെ ആധിക്യവും വളര്‍ച്ചയും, കുഴപ്പങ്ങളുടെ പെരുപ്പം മുതലായ ലോകാന്ത്യത്തിന്റെ സൂചനയായി ഗണിക്കപ്പെടുന്ന സംഭവവികാസങ്ങളെ പണ്ഡിതന്‍മാര്‍ ലോകാവസാനത്തിന്റെ അടയാളങ്ങള്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. ബുഖാരി, അബൂഹുറൈറ(റ)യില്‍ നിന്ന് ഉദ്ധരിക്കുന്നത് കാണുക:

‘ഒരാള്‍ നബി(സ)തിരുമേനിയെ സമീപിച്ച് ലോകാവസാനത്തെക്കുറിച്ച് ചോദിച്ചു. അപ്പോള്‍ തിരുമേനി പ്രതിവചിച്ചു: വിശ്വസ്തത നഷ്ടപ്പെട്ടാല്‍ ലോകാവസാനം പ്രതീക്ഷിച്ചുകൊള്ളുക. ആഗതന്‍ ‘അതെങ്ങനെയാണ് നഷ്ടപ്പെടുക?’ തിരുമേനി:’അനര്‍ഹരെ കാര്യങ്ങളേല്‍പിക്കുന്ന ഘട്ടമെത്തിയാല്‍ ലോകാവസാനം പ്രതീക്ഷിച്ചുകൊള്ളുക.”

എല്ലാ മനുഷ്യര്‍ക്കുമായി പൊതുവെ ഒരു ലോകാവസാനവും ഓരോ സമുദായത്തിനും പ്രത്യേകഅന്ത്യവുമുണ്ടെന്ന് സയ്യിദ് റശീദ് രിദാ പ്രസ്താവിച്ചിട്ടുണ്ട്. ഒരു സമുദായത്തില്‍ വിശ്വസ്തത നഷ്ടപ്പെടുകയും അനര്‍ഹര്‍ കാര്യം   കയ്യാളുകയും ചെയ്യുന്ന അവസ്ഥ സംജാതമായാല്‍ അതിന്റെ പ്രതാപവും വാഴ്ചയും അവസാനിക്കുന്നുവെന്നതുകൊണ്ട് ആ സമുദായത്തിന്റെ അന്ത്യം അടുത്തു എന്നാണര്‍ഥം.

മൂല്യച്യുതി

ലോകാവസാനത്തെക്കുറിച്ച് ജിബ്‌രീല്‍ (അ) ഒരുവേള മുഹമ്മദ് നബി(സ)യോട് ചോദിച്ചപ്പോള്‍ ‘ചോദിക്കപ്പെട്ടയാള്‍ ചോദ്യകര്‍ത്താവിനെക്കാള്‍ ജ്ഞാനിയല്ല’ എന്നാണ് പ്രതികരിച്ചത്. തുടര്‍ന്ന് അതിന്റെ ലക്ഷണങ്ങള്‍ നബിതിരുമേനി വിശദീകരിച്ചത് ഇങ്ങനെയാണ്:
‘അടിമസ്ത്രീ തന്റെ യജമാനനെ അഥവാ യജമാനത്തിയെ പ്രസവിക്കുകയും ദരിദ്രരും നഗ്നരും നഗ്നപാദരും ആട്ടിടയന്‍മാരും ആയിരുന്ന ആളുകള്‍ വമ്പന്‍ കെട്ടിടങ്ങളുണ്ടാക്കിത്തുടങ്ങുന്നതും കണ്ടാല്‍ ലോകാവസാനമായി ‘. സാമൂഹികമൂല്യങ്ങളില്‍ വമ്പിച്ച നിഷേധാത്മകസ്വഭാവത്തിലുള്ള മാറ്റങ്ങളുണ്ടാകുമെന്നാണ് പറഞ്ഞതിനര്‍ഥം. മാതാക്കളോട് മക്കള്‍ നന്‍മ ചെയ്യില്ലെന്നും മക്കള്‍ മാതാക്കളെ വാഴുമെന്നും സാരം. ഒരു കാലത്ത് തീര്‍ത്തും ദരിദ്രരായിരുന്നവര്‍ അധ്വാനമില്ലാതെ പെട്ടെന്നുണ്ടാകുന്ന സാമ്പത്തികവളര്‍ച്ചയാല്‍ കൊട്ടാരമുടമകളാകുമെന്നാണ് വ്യക്തമായ സൂചന.

വിശ്വസ്തത നഷ്ടപ്പെടുന്നതിനെക്കുറിച്ച് നബിതിരുമേനി ഇങ്ങനെ പറഞ്ഞു:’ആളുകള്‍ അന്യോന്യം ഇടപാടുകള്‍ നടത്തിക്കൊണ്ടിരിക്കും. പക്ഷേ , ആരും വിശ്വസ്തത പാലിക്കില്ല. എത്രത്തോളമെന്നാല്‍ ഇന്നാലിന്ന കുടുംബത്തില്‍ വിശ്വസ്തനായൊരാളുണ്ട്. അയാളെത്ര ചന്തമുള്ളവന്‍! അയാളെത്ര ബുദ്ധിമാന്‍! എന്നിങ്ങനെയെല്ലാം ആളുകള്‍ വിലയിരുത്തും. അയാളുടെ ഹൃദയത്തിലാകട്ടെ കടുക് മണിത്തൂക്കം ഈമാനുണ്ടാവുകയില്ല.’ ആളുകളെ വിലയിരുത്താന്‍ ജനങ്ങള്‍ സ്വീകരിക്കുന്ന മാനദണ്ഡങ്ങള്‍ മാറുമെന്നര്‍ഥം. ആളുകളെ ഈമാനികമൂല്യങ്ങളുടെയും ദൈവികാശയങ്ങളുടെയും സ്വഭാവവൈശിഷ്ട്യങ്ങളുടെയും വെളിച്ചത്തില്‍ വേണം വിലയിരുത്താനെന്നാണ് ഇസ്‌ലാമികപാഠം. ചന്തവും ബുദ്ധിസാമര്‍ഥ്യവും മറ്റും വ്യക്തിത്വം നിര്‍ണയിക്കാനുള്ള മാനദണ്ഡമല്ല.

ആഗോളഗൂഢാലോചന

സൗബാനില്‍ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: ‘തീറ്റക്കൊതിയന്‍മാര്‍ ഭക്ഷണത്തളികയിലേക്കെന്നപോലെ ശത്രുസമൂഹങ്ങള്‍ എല്ലാ ചക്രവാളങ്ങളില്‍നിന്നുമായി നിങ്ങള്‍ക്കെതിരെ ചാടിവീഴാന്‍ കാലമായിരിക്കുന്നു’ അപ്പോള്‍ സ്വഹാബികള്‍ ‘അല്ലാഹുവിന്റെ ദൂതരേ, അന്ന് ഞങ്ങള്‍ ന്യൂനപക്ഷമായതുകൊണ്ടാണോ?’ തിരുമേനി:’അല്ല, അന്ന് നിങ്ങള്‍ ധാരാളം പേരുണ്ടാവും. പക്ഷേ നിങ്ങള്‍ മലവെള്ളപ്പാച്ചിലിലെ ചപ്പുചണ്ടികളെപ്പോലെയായിരിക്കും. ശത്രുക്കളുടെ ഹൃദയത്തില്‍നിന്ന് നിങ്ങളെക്കുറിച്ച ഭയം അല്ലാഹു എടുത്തുകളയും. അവന്‍ നിങ്ങളുടെ ഹൃദയങ്ങളില്‍ ദൗര്‍ബല്യം ഇട്ടുതരികയുംചെയ്യും.’സ്വഹാബികള്‍ :’അല്ലാഹുവിന്റെ ദൂതരേ, എന്താണ് ദൗര്‍ബല്യം?’ തിരുമേനി:’ഇഹലോകത്തോടുള്ള പ്രേമം. മരണത്തോടുള്ള വെറുപ്പ് ‘ മുസ്‌ലിംകള്‍ക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന ഗൂഢാലോചനയെക്കുറിച്ച വ്യക്തമായ ദീര്‍ഘദര്‍ശനമാണ് ഈ ഹദീസ്. തീറ്റക്കൊതിയന്‍മാര്‍ക്ക് എളുപ്പത്തില്‍ വിഴുങ്ങാവുന്ന ഉരുള എന്നതാണ് മുസ്‌ലിംകളുടെ ഇപ്പോഴത്തെ അവസ്ഥ. പടിഞ്ഞാറും കിഴക്കും വലതും ഇടതും യഹൂദരും ക്രൈസ്തവരും നിരീശ്വരും ഇതില്‍ ഭാഗഭാക്കാണ്. അന്യോന്യം സഹകാരികളാണ്.

സുവാര്‍ത്താ പ്രവചനങ്ങള്‍

ഇസ്‌ലാമിന്നും മുസ്‌ലിംകള്‍ക്കും മാത്രമല്ല, മൊത്തം മാനവസമൂഹത്തിനുതന്നെയും സന്തോഷം പകരുന്ന സുവാര്‍ത്താ പ്രവചനങ്ങളാണ് മറ്റൊന്ന്. ഇസ്‌ലാം യൂറോപ്പിലേക്ക് മടങ്ങുന്നതും റോം വിജയവും സംബന്ധിച്ച പ്രവചനങ്ങളാണ് ഇവയില്‍ പ്രധാനം.

അബ്ദുല്ലാഹിബ്‌നു അംറില്‍ നിന്ന് നിവേദനം:
‘രണ്ട് നഗരങ്ങളില്‍ ഏതാണ് ആദ്യം ജയിച്ചടക്കപ്പെടുക? കോണ്‍സ്റ്റാന്റിനോപ്പിളോ, റോമോ?’ തിരുമേനി :’ഹിര്‍ഖലിന്റെ നഗരമാണ് ആദ്യം ജയിച്ചടക്കപ്പെടുക.’ ഇപ്പോഴത്ത ഇറ്റലിയുടെ തലസ്ഥാനമാണ് റോം. കോണ്‍സ്റ്റാന്റിനോപ്പിളാകട്ടെ ഇപ്പോഴത്തെ തുര്‍ക്കിയിലെ ഇസ്തംബൂളും. മേല്‍പ്പറഞ്ഞ രണ്ട് നഗരങ്ങളും ഇസ്‌ലാമിന്ന് കീഴ്‌പ്പെടുമെന്നും അവിടത്തുകാര്‍ ഇസ്‌ലാം സ്വീകരിക്കുമെന്നും സ്വഹാബികള്‍ മനസ്സിലാക്കിയിരുന്നു. പക്ഷേ, ഇവയിലേതാണ് ആദ്യം ഇസ്‌ലാമിന് വിധേയമാവുക എന്നതാണ് അവര്‍ക്ക് അറിയേണ്ടിയിരുന്നത്. അതിനുള്ള മറുപടിയായാണ് ഹിര്‍ഖലിന്റെ നഗരമെന്ന് നബിതിരുമേനി മൊഴിഞ്ഞത്. ചരിത്രത്തില്‍ മുഹമ്മദുല്‍ ഫാതിഹ് എന്ന പേരില്‍ അറിയപ്പെടുന്ന ഇരുപത്തിമൂന്നുകാരന്‍ മുഹമ്മദ്ബ്‌നു മുറാദ് എന്ന ഉസ്മാനീ യുവാവിന്റെ കൈയ്യാല്‍ അത് യാഥാര്‍ഥ്യമായി.സുവാര്‍ത്തയുടെ രണ്ടാം ഭാഗം പുലരാനിരിക്കുന്നതേയുള്ളൂ. ഒരിക്കല്‍ അന്തുലുസില്‍നിന്നും മറ്റൊരിക്കല്‍ ബാല്‍ക്കണില്‍നിന്നും തുരത്തപ്പെട്ട ശേഷം ഇസ്‌ലാം ഒരിക്കല്‍കൂടി യൂറോപ്പില്‍ വെന്നിക്കൊടി പാറിക്കും.

സര്‍വവ്യാപിയാകുന്ന ഇസ്‌ലാം

ഇസ്‌ലാമിന്റെ സാര്‍വലൗകികപ്രഭാവത്തെക്കുറിച്ച് നബി(സ) ദീര്‍ഘദര്‍ശനംചെയ്യുന്നുണ്ട്. നബി(സ) പ്രസ്താവിച്ചത് കേട്ടതായി തമീമുദ്ദാരി ഉദ്ധരിക്കുന്നു:’ഇക്കാര്യം -ഇസ്‌ലാം- രാവും പകലും എത്തുന്നിടത്തെല്ലാം എത്തുകതന്നെ ചെയ്യും. മണ്ണിന്റെയോ രോമത്തിന്റെയോ എല്ലാ വീടുകളിലും അല്ലാഹു ഈ ദീനിനെ പ്രവേശിപ്പിക്കുക തന്നെ ചെയ്യും. പ്രതാപിയുടെ പ്രതാപം വഴിയോ നിന്ദ്യനെ നിന്ദ്യനാക്കിയോ ആയിരിക്കും ഇത് സാധിക്കുക. അല്ലാഹു ഇസ്‌ലാമിനെ പ്രതാപത്തിലാക്കുന്ന പ്രതാപം കൊണ്ട്; സത്യനിഷേധത്തെ നിന്ദ്യമാക്കുന്ന നിന്ദ്യതകൊണ്ട്’. രാവും പകലും എത്തുന്നിടം എന്നതിന്റെ ഉദ്ദേശ്യം സാര്‍വലൗകിക തലത്തില്‍ ഇസ്‌ലാം പ്രചരിക്കുമെന്നാണ്. മണ്ണുകൊണ്ടോ കല്ലുകൊണ്ടോ വീടുണ്ടാക്കുന്ന നഗരങ്ങളും രോമങ്ങള്‍കൊണ്ട് തമ്പുകെട്ടിത്താമസിക്കുന്ന ഗ്രാമങ്ങളും ഒന്നൊഴിയാതെ ഇസ്‌ലാമിന് വിധേയമാകും.

ഇസ്‌ലാമികരാഷ്ട്രത്തിന്റെ വിസ്തൃതി

നബി(സ) പ്രസ്താവിച്ചതായി സൗബാന്‍ ഉദ്ധരിക്കുന്നു:
‘തീര്‍ച്ചയായും അല്ലാഹു എനിക്ക് ഭൂമിയെ ഒന്നടങ്കം ചുരുട്ടിപ്പിടിച്ച് കാണിച്ചുതന്നു. ഞാന്‍ അതിന്റെ കിഴക്കും പടിഞ്ഞാറും കണ്ടു. തീര്‍ച്ചയായും എന്റെ സമുദായത്തിന്‍െര അധികാരം ഭൂമിയില്‍നിന്ന് അല്ലാഹു എനിക്ക് ഒരുമിച്ചുകൂട്ടി കാട്ടിത്തന്നിടത്തെല്ലാം എത്തുകതന്നെ ചെയ്യും. ചുവന്നതും വെളുത്തതുമായ രണ്ട് നിധികള്‍ എനിക്ക് നല്‍കപ്പെട്ടിരിക്കുന്നു.’ ‘ചുരുട്ടിപ്പിടിച്ചു’ എന്നതിന്റെ വിവക്ഷ നബിക്ക് ഭൂമിയെ മൊത്തത്തില്‍ കാണത്തക്കവിധം സൗകര്യംചെയ്തുകൊടുത്തു എന്നാണ്. ഭൂഗോളം മുഴുവന്‍ ഒരുഘട്ടത്തില്‍ ഇസ്‌ലാമിന്റെതാകുമെന്ന വ്യക്തമായ സൂചനയാണ് ഈ നബിവചനം നല്‍കുന്നത്.

സുഭിക്ഷത, നിര്‍ഭയത്വം , ധനസമൃദ്ധി

മറ്റൊരു സുവാര്‍ത്ത ഇങ്ങനെയാണ്. നബി(സ) പ്രസ്താവിച്ചതായി അബൂഹുറൈയ്‌റ(റ) ഉദ്ധരിക്കുന്നു:’അറേബ്യന്‍ ഭൂമി പുല്‍മേടുകളും നദികളുമാവുന്നതുവരെ ലോകാവസാനമുണ്ടാവുകയില്ല.’
അഹ്മദില്‍നിന്ന് റിപോര്‍ട്ടില്‍ ‘മക്കക്കും ഇറാഖിനുമിടയില്‍ , വഴിതെറ്റുമോ എന്ന ഭയമല്ലാതെ മറ്റൊന്നും ആശങ്കിക്കേണ്ടാത്തവിധം യാത്രക്കാരന് സഞ്ചരിക്കാന്‍ കഴിയുന്നതുവരെ ‘എന്നുമുണ്ട്.
നിങ്ങള്‍ക്കിടയില്‍ സമ്പത്ത് പെരുത്തൊഴുകുന്നത് വരെ ലോകാവസാനമുണ്ടാവുകയില്ല. തന്റെ ദാനധര്‍മം സ്വീകരിക്കാന്‍ ആരുമുണ്ടാവില്ലേ എന്ന് മുതലുടമ ആശങ്കിക്കുന്ന അവസ്ഥയുണ്ടാകും. ദാനധര്‍മം വെച്ചുനീട്ടിയാല്‍ ‘എനിക്ക് അതിന്റെ ആവശ്യമില്ലെന്ന് ‘ ആളുകള്‍ പറയുന്ന അവസ്ഥ സംജാതമാവും.
അബൂമൂസാ ഉദ്ധരിക്കുന്ന ഒരു പ്രവാചകവചനം ഇപ്രകാരമാണ്: ‘സ്വര്‍ണം ദാനം ചെയ്യാനായി ഒരാള്‍ ചുറ്റിനടന്നാലും അയാളില്‍നിന്ന് അത് സ്വീകരിക്കാന്‍ ആരും മുന്നോട്ടുവരാത്ത ഒരു കാലഘട്ടം തീര്‍ച്ചയായും ജനങ്ങള്‍ക്ക് വരാനിരിക്കുന്നു.’അത്യാര്‍ത്തിയോടെ ശേഖരിക്കാനായി ജനം മത്സരിക്കുന്ന സ്വര്‍ണം വിതരണം ചെയ്യാനായി ആളുകള്‍ നടന്നിട്ടും സ്വീകര്‍ത്താക്കളില്ലാതാവുമാറ് സമ്പല്‍സമൃദ്ധി കളിയാടുമെന്നര്‍ഥം.
ഹാരിഥഃ ഇബ്‌നു വഹ്ബ് നബി(സ)യില്‍നിന്ന് ഉദ്ധരിക്കുന്നു:

‘നിങ്ങള്‍ സ്വദഖഃ ചെയ്യുക. വിതരണത്തിനുള്ള സ്വദഖഃയുമായി ദാതാവ് നടന്നാലും അത് സ്വീകരിക്കാന്‍ ആളില്ലാത്ത ഒരു കാലം വരും. അപ്പോള്‍ ആളുകള്‍ പറയും:’ഇന്നലെ ഇതുമായി താങ്കള്‍ വന്നിരുന്നെങ്കില്‍ ഞാന്‍ അത് സ്വീകരിച്ചേനെ. ഇന്ന് എനിക്ക് അതിന്റെ ആവശ്യമില്ല.”
ജനജീവിതത്തില്‍ സത്യവിശ്വാസവും ദൈവഭക്തിയും സൃഷ്ടിക്കുന്ന സല്‍ഫലങ്ങളെയും ഇസ്‌ലാമികനീതിയുടെ അനുഗ്രഹങ്ങളെയും കുറിച്ച വ്യക്തമായ തെളിവാണ് ഈ നബിവചനം.

പ്രവാചകരീതിയെ പിന്തുടരുന്ന ഖിലാഫത്ത്

ഈ ഇനത്തിലെ സുപ്രധാനസുവിശേഷളടങ്ങുന്ന നബിവചനം ഇങ്ങനെ:
ഹുദൈഫത്തുല്‍ യമാനില്‍ നിന്ന് നിവേദനം. നബി(സ) പ്രസ്താവിച്ചു:’അല്ലാഹു ഉദ്ദേശിച്ചിടത്തോളം കാലം പ്രവാചകത്വം നിങ്ങളില്‍ നിലനില്‍ക്കും. പിന്നീട് അവന്‍ അതിനെ ഉയര്‍ത്തിക്കളയാന്‍ ഉദ്ദേശിക്കുമ്പോള്‍ ഉയര്‍ത്തിക്കളയും അനന്തരം പ്രവാചകത്വരീതിയനുസരിച്ച ഖിലാഫത്തുണ്ടായിരിക്കും അല്ലാഹു ഉദ്ദേശിക്കുന്ന കാലമത്രയും അതുണ്ടായിരിക്കും. ശേഷം, അതിനെ ഉയര്‍ത്തിക്കളയാന്‍ ഉദ്ദേശിക്കുമ്പോള്‍ അവന്‍ അതിനെ ഉയര്‍ത്തിക്കളയും. പിന്നീടുണ്ടാവുക പീഡകാധികാരമായിരിക്കും. അല്ലാഹു ഉദ്ദേശിക്കുവോളം കാലം അതുണ്ടായിരിക്കും. അനന്തരം അതിനെ ഉയര്‍ത്തിക്കളയാന്‍ ഉദ്ദേശിക്കുമ്പോള്‍ അവന്‍ ഉയര്‍ത്തിക്കളയും. പിന്നീടുണ്ടാവുക സ്വേഛാധിപത്യ ഭരണമായിരിക്കും. അല്ലാഹു ഉദ്ദേശിക്കുവോളം കാലം അതുണ്ടായിരിക്കും. പിന്നീട് അതിനെ ഉയര്‍ത്തിക്കളയാന്‍ ഉദ്ദേശിക്കുമ്പോള്‍ അവന്‍ ഉയര്‍ത്തിക്കളയും.ശേഷം പ്രവാചകത്വമാതൃകയനുസരിച്ച ഭരണമായിരിക്കും. ഇത് പറഞ്ഞ ശേഷം നബി (സ) മൗനം ഭജിച്ചു.’

യഹൂദികള്‍ക്കെതിരെ വിജയം

തിരുമേനി (സ) പ്രസ്താവിച്ചതായി ഇബ്‌നു ഉമര്‍ (റ) ഉദ്ധരിക്കുന്നു:
‘യഹൂദികള്‍ നിങ്ങള്‍ക്കെതിരെ യുദ്ധം ചെയ്യും. അങ്ങനെ നിങ്ങള്‍ അവരെ ജയിക്കും. പിന്നീട് കല്ല് പറയും. ഓ മുസ്‌ലിം, എന്റെ പിന്നില്‍ ഇതാ ഒരു യഹൂദി. നീ അവനെ കൊല്ലുക’. കല്ലും മരവും സംസാരിക്കുക എന്നത് അല്ലാഹുവിന്റെ ദൃഷ്ടാന്തമാണ്. എല്ലാ വസ്തുക്കളും യഹൂദികളെ കാണിച്ചുകൊടുക്കുകയും അവരെ കണ്ടെത്തുകയും ചെയ്യുമെന്ന് ആശയം. എല്ലാ വസ്തുക്കളും മുസ്‌ലിംകളുടെ നന്‍മയില്‍ സഹകരിക്കുകയും അവരുടെ ശത്രുക്കളായ യഹൂദികള്‍ക്കെതിരെ സഹായിക്കുകയുംചെയ്യുമെന്ന് സാരം.

എന്നും ജയിക്കുന്ന വിഭാഗം

ചില സ്വഹാബികള്‍ ഉദ്ധരിച്ച നബി(സ)യുടെ മറ്റൊരു ഹദീസ് ഇങ്ങനെയാണ്:
മുആവിയയില്‍നിന്ന്:’എന്റെ സമുദായത്തിലെ ഒരു വിഭാഗം അല്ലാഹുവിന്റെ കല്‍പന പാലിച്ചുകൊണ്ടേയിരിക്കും. അല്ലാഹുവിന്റെ ഉത്തരവ് വരുന്നത് വരെ അവരെ കൈവിട്ടവരോ എതിര്‍ത്തവരോ അവര്‍ക്കൊരു ഉപദ്രവവും വരുത്തില്ല. അവര്‍ ജനങ്ങള്‍ക്കുമേല്‍ വിജയിച്ചുകൊണ്ടേയിരിക്കും.’
ഉമര്‍, മുഗീറഃ, സൗബാന്‍, അബൂഹുറൈറ, ഖുര്‍റത്തുബ്‌നു ഇയാസ്, ജാബിര്‍, ഇംറാനുബ്‌നു ഹുസൈന്‍, ഉഖ്ബത്തുബ്‌നു ആമിര്‍ ജാബിറുബ്‌നു സമുറ എന്നിവരില്‍നിന്നെന്ന പോലെ അബൂ ഉമാമഃയില്‍ നിന്ന് ഉദ്ധരിക്കപ്പെടുന്നു. നബി(സ) പ്രസ്താവിച്ചു:
‘എന്റെ സമുദായത്തിലെ ഒരു വിഭാഗം മതത്തെ ജയിച്ചുകൊണ്ടേയിരിക്കും. ശത്രുക്കളെ അമര്‍ച്ച ചെയ്തുകൊണ്ടേയിരിക്കും. അവരെ എതിര്‍ക്കുന്നവര്‍ അവര്‍ക്ക് ദോഷംചെയ്യില്ല. അവരെ ചില്ലറ കഷ്ടപ്പാടുകള്‍ മാത്രമേ ബാധിക്കുകയുള്ളൂ. അല്ലാഹുവിന്റെ കല്‍പന വന്നെത്തുന്നതുവരെ അവര്‍ ഈ നിലയില്‍ തുടരും.’ സ്വഹാബികള്‍ ചോദിച്ചു:’അവര്‍ എവിടെയാണ്, തിരുദൂതരേ?’ തിരുമേനി’ബൈത്തുല്‍ മുഖദ്ദസിലും ബൈത്തുല്‍ മുഖദ്ദസിന്റെ പാര്‍ശ്വങ്ങളിലും’. മുസ്‌ലിംസമുദായത്തിന് അല്ലാഹുവിന്റെ ഭാഗത്തുനിന്നുള്ള നന്‍മകള്‍ ലഭിച്ചുകൊണ്ടേയിരിക്കുമെന്നും അല്ലാഹവിന് വേണ്ടി നിലകൊള്ളുന്നവരും സത്യത്തെ സഹായിക്കുന്നവരും മുറുകെപിടിക്കുന്നവരും ലോകാവസാനം വരെ ഉണ്ടായിരിക്കുമെന്നും അവരെ ചില പീഡനങ്ങളും പ്രയാസങ്ങളും ഏല്‍പിക്കാനേ ശത്രുക്കള്‍ക്ക് കഴിയുകയുള്ളൂവെന്നുമാണ് അതിന്റെ സാരം.

നൂറ്റാണ്ടുകള്‍ തോറും പരിഷ്‌കര്‍ത്താക്കള്‍

അബൂഹുറൈറ(റ) നബി(സ)യില്‍ നിന്ന് ഉദ്ധരിക്കുന്നു:
തീര്‍ച്ചയായും അല്ലാഹു ഓരോ നൂറ്റാണ്ടിന്റെയും തുടക്കത്തില്‍ ഈ സമുദായത്തിന് അതിന്റെ ദീനിനെ നവീകരിക്കുന്നവരെ നിയോഗിച്ചുനല്‍കും( ഇന്നല്ലാഹ യബ്അസു…മന്‍ യുജദ്ദിദു ലഹാ ദീനഹാ). പ്രസ്തുത ഹദീസിലെ ‘മന്‍’എന്നതിന്റെ വിവക്ഷ പരിഷ്‌കര്‍ത്താക്കളായ വ്യക്തികളോ ഒരു സംഘമാളുകളോ, പ്രസ്ഥാനങ്ങളോ ആകാം.
ഇവയ്ക്കുപുറമെ വേറെയും സുവാര്‍ത്തകള്‍ ഹദീസുകളിലുണ്ട്. ഇസ്‌ലാമികശരീഅത്ത് അനുസരിച്ച് ഭരണം നടത്താനായി ഈസാനബി(അ)യുടെ പുനരാഗമനം, അക്രമം നിറഞ്ഞ ഭൂമിയില്‍ നീതിസ്ഥാപിക്കാനായി രംഗപ്രവേശം ചെയ്യുന്ന മഹ്ദീ എന്ന പേരില്‍ അറിയപ്പെടുന്ന ഭരണാധികാരിയുടെ വാഴ്ച മുതലായവ പ്രതിപാദിക്കുന്ന ഹദീസുകള്‍ ഉദാഹരണങ്ങളാണ്

Related Post