ഇസ്‌ലാമിന് മുമ്പ് തന്നെ അറബികള്‍ക്കിടയില്‍ സുപരിചിതമായ സാഹിതീയ ശാഖയായിരുന്നു കഥ. ശാമിലെയും ഹീറയിലെയും ക്രൈസ്തവര്‍ മുഖേനയും മദീന, നജ്‌റാന്‍, യമന്‍ എന്നിവിടങ്ങളിലെ ജൂതന്മാര്‍ വഴിയുമായിരുന്നു അറബികളിലേക്ക് കഥകള്‍ എത്തിയിരുന്നത്. പക്ഷെ, വിശുദ്ധ ഖുര്‍ആന്റെ ശീതളഛായയില്‍ പാകമായത്ര ഔന്നത്യം അന്നത്തെ കഥകള്‍ െൈകവരിച്ചിരുന്നില്ല. ഇസ്‌ലാമിന് മുമ്പുണ്ടായിരുന്ന ശൈലിയില്‍ നിന്നും തികച്ചും ഭിന്നമായിരുന്നു ഖുര്‍ആന്റെ ആഖ്യാനം. പ്രവാചകന്‍ മുഹമ്മദ് നബി(സ)യോ അദ്ദേഹത്തിന്റെ സമകാലികരോ കേള്‍ക്കാത്ത കഥകളും സംഭവങ്ങളുമാണ് ഖുര്‍ആന്‍ വിവരിച്ചിരുന്നത്. ‘നാം നിനക്ക് നല്‍കുന്ന അഭൗതിക വിവരങ്ങളില്‍ പെട്ടതാണിത്. തങ്ങളില്‍ ആരാണ് മറിയമിന്റെ സംരക്ഷണം ഏറ്റെടുക്കേണ്ടതെന്ന് നിശ്ചയിക്കാന്‍ അവര്‍ തങ്ങളുടെ എഴുത്താണികള്‍ എറിഞ്ഞപ്പോള്‍ നീ അവരോടൊപ്പമുണ്ടായിരുന്നില്ല ‘ (ഖുര്‍ആന്‍ 3:44) ഖുര്‍ആനിലെ കഥകളുടെ അമാനുഷികതക്കുള്ള തെളിവുകളാണിതെല്ലാം. ‘ ഇങ്ങനെ മുമ്പു കഴിഞ്ഞുപോയ സംഭവങ്ങളുടെ വിവരങ്ങളൊക്കെ നാം നിനക്ക് വിശദീകരിച്ചു തരുന്നു'(ത്വാഹ 99). ഏറ്റവും ഉല്‍കൃഷ്ടമായ കഥകളാണ് താങ്കള്‍ക്ക് നാം വിവരിച്ചു തരുന്നതെന്ന് ഖുര്‍ആന്‍ മുഹമ്മദ് നബിയെ അറിയിക്കുന്നു. ‘ ഈ ഖുര്‍ആന്‍ ബോധനമായി നല്‍കുന്നതിലൂടെ നാം നിനക്ക് നല്ല ചരിത്രകഥകള്‍ വിവരിച്ചു തരികയാണ്.’ (യൂസുഫ്: 3) ഇതെല്ലാം കഥാ കഥനങ്ങളുടെ നിരൂപണങ്ങള്‍ കൂടിയാണ്. അതിനാല്‍ കഥകളും വിശ്വാസപരമായ കഥാഖ്യാനവും ഇസ്‌ലാമിന്റെ ശീതളഛായയിലാണ് വളര്‍ച്ച പ്രാപിച്ചത്. മനുഷ്യ സമൂഹത്തിന്റെ സംസ്‌കരണവും മോചനവും പുരോഗതിയും ലക്ഷ്യം വെച്ചുള്ള ഗുണപാഠപരമായ കഥകളാണ് ഖുര്‍ആന്‍ ചിത്രീകരിച്ചത്.
ഖുര്‍ആനിലെ കഥകളില്‍ സ്ഥലകാല വിവരണങ്ങള്‍ക്ക് പ്രാധാന്യം ഉണ്ടായിരുന്നില്ല. മറിച്ച് മനുഷ്യനിലും സമൂഹത്തിലും ഇസ്‌ലാം ഉല്‍പാദിപ്പിക്കാനുദ്ദേശിക്കുന്ന മൂല്യങ്ങള്‍ ഗുണപാഠാത്മകമായ രീതിയില്‍ അവതരിപ്പിക്കുകയാണ് ഖുര്‍ആന്‍ ചെയ്യുന്നത്. നേരിട്ട് പ്രഭാഷണ രൂപത്തിലല്ലാതെ ധാര്‍മിക മൂല്യങ്ങള്‍ കഥാരൂപേണ അവതരിപ്പിക്കുന്ന ശൈലിയാണ് ഖുര്‍ആന്റേത്.
യൂസുഫ് നബി(അ)യുടെ കഥയാണ് ഖുര്‍ആന്‍ മാതൃകാ കഥയായി അവതരിപ്പിക്കുന്നത്. യൂസുഫ് നബി എന്ന നായകനെ എല്ലാ പൂര്‍ണതോയോടും കൂടി ഖുര്‍ആന്‍ അവതരിപ്പിക്കുന്നു. നാടകീയമായ ശൈലിയിലാണ് ഖുര്‍ആന്‍ പ്രസ്തുത കഥ വിവരിക്കുന്നത്. നായകനായ യൂസുഫ് തന്റെ ബാല്യകാലത്ത് കണ്ട ഒരു സ്വപ്‌നത്തോടെയാണ് കഥ ആരംഭിക്കുന്നത്. പത്ത് നക്ഷത്രങ്ങള്‍, സൂര്യന്‍, ചന്ദ്രന്‍ എന്നിവയെല്ലാം അദ്ദേഹത്തിന് സാഷ്ടാംഗം അര്‍പ്പിക്കുന്നു. ക്രാന്തദര്‍ശിയായ പിതാവിന് മുമ്പില്‍ തന്റെ സ്വപ്‌നത്തെപറ്റി യൂസുഫ്(അ) വിവരിക്കുന്നു. തന്റെ സഹോദരങ്ങളെ ഇക്കാര്യം അറിയിക്കരുതെന്ന വിലപ്പെട്ട ഉപദേശം പിതാവ് മകന് നല്‍കുന്നു. അവരതിന്റെ പൊരുളറിഞ്ഞാല്‍ നിനക്കെതിരെ കുതന്ത്രം മെനയുമെന്ന വ്യംഗ്യമായ സൂചനയും അദ്ദേഹമവന് നല്‍കുന്നു. നാടക കഥയുടെ എല്ലാ ഇനങ്ങളും ഇതില്‍ നമുക്ക് ദര്‍ശിക്കാം. ഒരു ട്രാജഡിയുടെ രംഗം വൈവിധ്യമാര്‍ന്ന രീതിയില്‍ ചുരുങ്ങിയ വാക്കുകളില്‍ എല്ലാ സൗകുമാര്യതയോടും കൂടി ഇതില്‍ കടന്നുവരുന്നുണ്ട്. കഥാ പാത്രങ്ങള്‍ വളരുമ്പോള്‍ ഉണ്ടാകാനിടയുള്ള സംഘട്ടനത്തെ കുറിച്ച സൂചന ഇതില്‍ കാണാം. ഇത്തരത്തില്‍ ഒരു നാടകത്തിന്റെ എല്ലാ തന്തുവും ഇതില്‍ കാണാവുന്നതാണ്. യൂസുഫ് നബി സ്വപ്നത്തെ പിന്നീട് വിവരിക്കുന്നില്ല, എന്നാല്‍ അല്ലാഹുവിന്റെ വിധിപ്രകാരം പിതാവായ യൂസുഫ് ദര്‍ശിച്ച സ്വപ്‌നം യാദാര്‍ഥ്യമായി പുലരുന്നുണ്ട്.
ഈ കഥാവിവരണം മാനുഷികമായ ബന്ധങ്ങളെയും വൈകാരിക തലങ്ങളെയും ഉള്‍ക്കൊള്ളുന്നുണ്ട്. സാധാരണ പിതാക്കള്‍ ഏറ്റവും ചെറിയ പുത്രന്മാര്‍ക്ക് നല്‍കുന്ന പരിഗണനയും രണ്ടു ഭാര്യമാരിലൊരാള്‍ക്ക് അധികമായി നല്‍കുന്ന സ്വാഭാവിക മുന്‍ഗണനയും യഅ്ഖൂബ് എന്ന പിതാവില്‍ നമുക്ക് ദര്‍ശിക്കാം. ശത്രുക്കളുടെ കോപ്പുകൂട്ടലുകളേക്കാള്‍ ബന്ധുക്കളുടെ ശത്രുതയാണ് ഗുരുതരമായത് എന്ന പാഠവും ഇതിലുണ്ട്. സ്‌നേഹിതന്മാര്‍ക്കിടയില്‍ പ്രതിബന്ധങ്ങള്‍ തീര്‍ത്തുകൊണ്ടുള്ള പ്രേമ കഥ അന്ത്യനാള്‍ വരെ തുടര്‍ന്നുകൊണ്ടിരിക്കും. യൂസുഫിനെ കൊല്ലാനായി സഹോദരങ്ങള്‍ പൊട്ടക്കിണറ്റിലെറിഞ്ഞിട്ടും അല്ലാഹുവിന്റെ തീരുമാന പ്രകാരം യൂസുഫ് ജീവിച്ചു കൊണ്ടേയിരിക്കുന്നു. പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്താന്‍ ശ്രമിച്ച പയ്യനെ രാജകീയ സിംഹാസനത്തിലേക്ക് അല്ലാഹു ഉയര്‍ത്തുന്നു… കിണറ്റിലെറിയപ്പെട്ട കുട്ടിയെ യാത്രക്കാര്‍ക്ക് ലഭിക്കുകയും ഈജിപ്തിലെ രാജാവിന് വില്‍ക്കുകയും ചെയ്യുന്നു, തന്റെ സഹോദരങ്ങള്‍ റേഷന് വേണ്ടി തന്റെയടുത്ത് വരികയും ആവശ്യമായ അളവില്‍ സാധനങ്ങള്‍ നല്‍കുകയും ചെയ്യുന്നു. പ്രതികാരം ചെയ്യാനുള്ള എല്ലാ സാഹചര്യമുണ്ടായിട്ടും മാന്യമായ രീതിയില്‍ തിരിച്ചയക്കുന്നു… തുടങ്ങിയ നിരവധി ക്ലൈമാക്‌സുകള്‍ പ്രസ്തുത കഥയിലുണ്ട്.
ഒരു പഠനത്തില്‍ വന്നത് പോലെ വിശുദ്ധ ഖുര്‍ആനില്‍ കഥാകഥനം നാലിലൊന്നില്‍ കൂടുതലായി വരും. എന്നാല്‍ യൂസുഫ് നബിയുടേതൊഴിച്ചുള്ള മറ്റു കഥകളെല്ലാം ഭാഗികമായോ ഏതെങ്കിലും യൂനിറ്റോ മാത്രമാണ് അധ്യായങ്ങളില്‍ വന്നിട്ടുള്ളത്. ഖുര്‍ആന്‍ പൂര്‍ണമായി വായനക്ക് വിധേയമാക്കുമ്പോള്‍ മാത്രമാണ് പ്രവാചകന്മാരുടേതടക്കമുള്ള കഥകള്‍ മനസ്സിലാക്കാന്‍ സാധിക്കുക. വായന അധികരിക്കുമ്പോള്‍ അതിന്റെ ആശയതലങ്ങളും വികസിതമാകും.
പ്രതിസന്ധിയും പരീക്ഷണങ്ങളും അഭിമുഖീകരിക്കുമ്പോള്‍ എന്തുനിലപാട് സ്വീകരിക്കണമെന്ന് പ്രവാചകനെ ബോധ്യപ്പെടുത്തുകയും അന്തിമ വിജയം വിശ്വാസികള്‍ക്കാണെന്ന സന്തോഷ വാര്‍ത്തയറിയിക്കുന്നതിലൂടെ പ്രവാചക ഹൃദയത്തിന് കൂടുതല്‍ കരുത്ത് പകരുകയുമാണ് ഇത്തരം കഥകള്‍ വിവരിക്കുന്നതിന്റെ പ്രാധാന്യവും ലക്ഷ്യവും. ഇത്തരത്തിലുള്ള സംഭവങ്ങളുടെ ദൃശ്യാവിഷ്‌കാരത്തിന് ഇന്ന് വളരെ പ്രാധാന്യമുണ്ട്.
ഖുര്‍ആനിക കഥാവിവരണത്തില്‍ ആദം – ഹവ്വ, സ്വര്‍ഗനിഷ്‌കാസനം, നൂഹ് നബി, അദ്ദേഹത്തിന്റെ കാലത്തെ പ്രളയം, ഹൂദ്-സ്വാലിഹ്, അവരുടെ സമൂഹങ്ങള്‍, ഇബ്രാഹീം നബി-നംറൂദ്, ഇസ്മാഈല്‍ നബി അദ്ധേഹത്തിന്റെ സമര്‍പ്പണം, സംസം കിണര്‍, കഅ്ബ നിര്‍മാണം, ലൂത്വ് നബിയും ജനതയും, യഅ്കൂബും അദ്ദേഹത്തിന്റെ പുത്രന്മാരും, യൂസുഫ്-സഹോദരന്മാര്‍, രാജകൊട്ടാരം, ജയില്‍ വാസം, ശുഐബ് നബി, മൂസാ നബി…. അമാനുഷിക ദൃഷ്ടാന്തങ്ങള്‍, ഫറോവയുമായുള്ള സംഘട്ടനം, ജൂതരുടെ അലഞ്ഞു തിരിയല്‍, പശുവിനെ അറുത്ത സംഭവം, അസ്ഹാബുസ്സബ്ത്, സുലൈമാന്‍-ബല്‍ഖീസ്, അയ്യൂബ് നബിയുടെ പരീക്ഷണങ്ങള്‍, മല്‍സ്യത്തിന്റെ വയറ്റിലകപ്പെട്ട യൂനുസ് നബി, സകരിയ്യ-യഹയ, മറിയം, ഈസാ….തുടങ്ങിയ പ്രവാചകന്മാരുമായി ബന്ധപ്പെട്ട കഥകള്‍ കാണാം.
ഇസ്‌ലാമിനും അറബികള്‍ക്കും മുമ്പുള്ള ജനതയെ സംബന്ധിച്ച കഥാകഥനങ്ങള്‍ ഖുര്‍ആനില്‍ കാണാവുന്നതാണ്. അതില്‍പെട്ടതാണ് അസ്ഹാബുല്‍ കഹ്ഫ്, ദുല്‍ഖര്‍നൈന്‍, യഅ്ജൂജ്- മഅ്ജൂജ്, ഉസൈര്‍, അസ്ഹാബുല്‍ ജന്ന, ഖാറൂന്‍, ഖാബീല്‍ -ഹാബീല്‍, സദ്ദ് മഅ്‌രിബ്, സൈലുല്‍ അരിം, ഹികായതു അസ്ഹാബുര്‍റസ്, അസ്ഹാബുല്‍ ഉഖ്ദൂദ്, അസ്ഹാബുല്‍ ഫീല്‍ തുടങ്ങിയവ.
ഹദീസുകളില്‍ വന്ന കഥാകഥനങ്ങള്‍ വലിയ ഗുണപാഠങ്ങള്‍ പകര്‍ന്നുനല്‍കുന്നതാണ്. അതില്‍ ശ്രദ്ദേയമാണ് തൊണ്ണൂറ്റി ഒമ്പത് പേരെ കൊന്ന മനുഷ്യന്‍ തന്റെ നീചകൃത്യത്തിന് പാപമോചനമുണ്ടോ എന്ന് അന്വേഷിച്ച് വന്ന കഥ. പാപിയായ മനുഷ്യന് തന്റെ പാപത്തിന് പരിഹാരമുണ്ട് എന്ന ബോധ്യമാണ് തന്റെ തെറ്റുകള്‍ തിരുത്തി ശുദ്ധമനുഷ്യനായി ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന പാഠമാണ് ഇതിലുള്ളത്. ഗുഹയിലകപ്പെട്ട മൂവര്‍ സംഘത്തിന്റെ കഥയുള്‍പ്പടെ നിരവധി പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്ന സാരാംശങ്ങള്‍ ഹദീസ് കഥകളില്‍ കാണാം.
ഇസ്‌ലാം സമൂഹത്തില്‍ നട്ടുവളര്‍ത്താന്‍ ഉദ്ദേശിക്കുന്ന ധാര്‍മിക മൂല്യങ്ങലും ധാരണകളും നേരിട്ട് വിവരിക്കാതെ ചിന്തകളെ തൊട്ടുണര്‍ത്തുന്ന വിധം നാടകീയമായ രീതിയിലും കഥാ രൂപേണയും ഖുര്‍ആനും ഹദീസും ആവിഷ്‌കരിക്കുന്നതായി കാണാം.