അന്ത്യനാളും പാളിപ്പോയ പ്രവചനങ്ങളും
ദൈവം നിര്‍ണ്ണയിച്ച കൃത്യമായ ഒരു കാലയളവ് വരെ മാത്രമേ മനുഷ്യവാസം സാദ്ധ്യമായ വിധം ഈ പ്രപഞ്ചം നിലനില്‍ക്കുകയുള്ളൂവെന്നും അന്ത്യനാളെത്തിക്കഴിഞ്ഞാല്‍ ഈ ലോകത്തിന്റെ ഇന്നത്തെ ക്രമം അവസാനിക്കുമെന്നുമുള്ള സങ്കല്പം സെമിറ്റിക് മതങ്ങള്‍ (ജൂത-ക്രൈസ്തവ-ഇസ്‌ലാം) പൊതുവായി പങ്ക്‌വയ്ക്കുന്ന ആശയമാണ്.
പ്രാപഞ്ചിക സംവിധാനം മറ്റൊരു രീതിയിലേക്ക് വഴുതിമാറുന്ന അതിഭീകരമായ ഈ സംഭവത്തിന്റെ മുന്നോടിയായി നടക്കുന്ന ഘട്ടങ്ങളെപ്പറ്റി സെമിറ്റിക് വേദങ്ങള്‍ വിപുലമായി പ്രതിപാദിക്കുന്നുണ്ട്; ഇവര്‍ക്ക് സമാനതകളെന്നപോലെ വൈജാത്യങ്ങളുമുണ്ട്.
ബൈബിളിന്റെ വെളിച്ചത്തില്‍ നടത്തപ്പെട്ട അന്ത്യനാള്‍ പ്രവചനങ്ങളെക്കുറിച്ച സാമാന്യമായ ഒരവലോകനമാണ് ഈ പ്രബന്ധം. 1948 ലെ ഇസ്രയേല്‍ രാഷ്ട്രരൂപീകരണത്തിനുശേഷം അന്ത്യനാള്‍ പ്രവചനത്തിന്റെ തീവ്രത കൂടിയതായി കണ്ടെത്താനാകും. പശ്ചിമേഷ്യയില്‍ യുദ്ധം പടര്‍ത്തിവിടുക, ഇസ്രയേലിനെ അന്ധമായി പിന്തുണച്ചുകൊണ്ട് എണ്ണയുടെ രാഷ്ട്രീയത്തില്‍ ഇടപെടുക തുടങ്ങിയവയ്ക്ക് ബൈബിള്‍ പ്രവചനങ്ങള്‍ ഉപയോഗിക്കപ്പെട്ടുവെന്ന് എളുപ്പത്തില്‍ നിരൂപിക്കാനാവും. ഈ സമീപന രീതിയുടെ വേരുകളിലേക്ക് വെളിച്ചം വീശാന്‍ കൂടി ഈ പ്രബന്ധം ലക്ഷ്യം വെക്കുന്നു.
പഴയനിയമ പുസ്തകത്തില്‍ മൊത്തം 23210 വചനങ്ങളുള്ളതായും അവയില്‍ 6641 വാക്യങ്ങള്‍ (28.5%) പ്രവചനപരമാണെന്നും കണക്കാക്കപ്പെടുന്നു. പുതിയനിയമ പുസ്തകത്തിലെ 7914 വാക്യങ്ങളില്‍ 1711 എണ്ണം (21.5%) പ്രവചനപരമാണ്. മൊത്തം ബൈബിളിന്റെ 31124 വാക്യങ്ങളില്‍ 8352 വാക്യങ്ങള്‍ (27%) പ്രവചനപരമാണ് എന്ന് കാണാനാവും. അതായത് ബൈബിളിന്റെ ഏതാണ്ട് മൂന്നിലൊന്ന് വരുന്ന ഭാഗങ്ങള്‍ ഭാവിയെ ചൂണ്ടി സംസാരിക്കുന്നവയാണ്!
പ്രവചനങ്ങള്‍, പാളിച്ചകള്‍
യേശുക്രിസ്തുവിന്റെ രണ്ടാംവരവ് ഉടനുണ്ടാകുമെന്ന പ്രതീക്ഷ ക്രൈസ്തവതയുടെ പ്രാരംഭവേളയില്‍ത്തന്നെ ആരംഭിച്ചിരുന്നു. വിശുദ്ധ പൗലോസിന് (ക്രി.5-67) പോലും ഈ ധാരണയുണ്ടായിരുന്നുവെന്ന് കണ്ടെത്തുന്ന പണ്ഡിതന്മാരുണ്ട്. (1)
ലോകാവസാനം ആദ്യസഹസ്രാബ്ദത്തിന്റെ ഒടുവിലുണ്ടാകുമെന്ന് വിശുദ്ധ അഗസ്റ്റിന്‍ (354-430) അഭിപ്രായപ്പെട്ടു. ക്രിസ്ത്വബ്ദം 999-ല്‍ ആദ്യസഹസ്രാബ്ധത്തിന്റെ ഒടുവില്‍, ഫ്രഞ്ച് പാതിരിയായ മാര്‍ക്കുള്‍ഫ് ഇങ്ങനെ മുന്നറിയിപ്പ് നല്കി:
‘ലോകത്തിന്റെ അവസാനത്തെക്കുറിച്ച് വ്യക്തമായ സൂചനകള്‍ വന്നിരിക്കുന്നു. നാശം ഇനി കൂടുതല്‍ തീഷ്ണമാകും.'(2)
ലൂതറന്‍ സഭയുടെ സ്ഥാപകനും പ്രൊട്ടസ്റ്റന്റ് നവീകരണ പ്രസ്ഥാന തലവനും കൂടിയായ മാര്‍ട്ടിന്‍ ലൂതര്‍ (1483-1546) ലോകം 1600-ാം ആണ്ടിനപ്പുറം കടക്കില്ല എന്ന് കരുതി. (3) ലൂതര്‍ കുറിച്ചു: ‘അന്ത്യവിധി സമീപസ്ഥമാണെന്ന് ഞാന്‍ കരുതുന്നു.(4)
ലൂതറിന്റെ മരണശേഷവും കാലത്തിന്റെ തികവ് സംബന്ധിച്ച ലൂതറന്‍ വീക്ഷണം സഭയുടെ പില്‍കാല നേതാക്കളും പുലര്‍ത്തി. 1546-ല്‍ ലൂതറാന്‍ നേതാവായിരുന്ന അദാം നാകെന്‍മോസര്‍, സുവിശേഷം സകലരാജ്യങ്ങളിലേക്കും പ്രഘോഷിക്കപ്പെട്ടതിനാല്‍ അന്ത്യനാള്‍ അതിവേഗം വന്നെത്തുമെന്ന് നിരൂപിച്ചു. ഇത് സംബന്ധമായ വിവിധ ഊഹാപോഹങ്ങള്‍ ഉയര്‍ത്തിയതിനുശേഷം ലോകാവസാനത്തിന് സാധ്യതയുള്ള വര്‍ഷമായി 1635 അദ്ദേഹം സ്ഥിരപ്പെടുത്തി.(5)
ലോകം സൃഷ്ടിക്കപ്പെട്ടത് ക്രി.മു. 5343 ലാണെന്നും 7000 വര്‍ഷം മാത്രമേ അത് നിലനില്‍ക്കുകയുള്ളൂവെന്നും കണക്കാക്കിക്കൊണ്ട് 1658-ല്‍ അന്ത്യനാള്‍ വന്നെത്തുമെന്ന് ക്രിസ്റ്റോഫര്‍ കൊളമ്പസ്(1451-1506) കണക്കുകൂട്ടി. (6)
17-ാം നൂറ്റാണ്ടിലെ ഐറിഷ് ആര്‍ച്ച് ബിഷപ്പായിരുന്ന ജെയിംസ് ഉഷര്‍ (1581-1656) വിഖ്യാതനായ ബൈബിള്‍ കലണ്ടര്‍ വിശാരദനായിരുന്നു. ലോകാവസാനം 1997 ഒക്ടോബര്‍ 23 ന് സംഭവിക്കുമെന്ന് അദ്ദേഹം പ്രവചിച്ചു (7)
ക്രിസ്തുവിന്റെ സഹസ്രാബ്ദവാഴ്ച 2000-ാം ആണ്ടില്‍ ആരംഭിക്കുമെന്ന് വിഖ്യാത ശാസ്ത്രകാരന്‍ സര്‍ ഐസക് ന്യൂട്ടണ്‍ (1642-1727) കണക്കുകൂട്ടിയിരുന്നു. (8)
18-ാം നൂറ്റാണ്ടിലെ യു.എസ്. ഇവാഞ്ചലിക്കല്‍ നേതാവ് ജോനാഥന്‍ എഡ്വേര്‍ഡ് (1703-1758), 2000-ാം ആണ്ടില്‍ യേശുവിന്റെ സഹസ്രാബ്ദവാഴ്ച തുടങ്ങുമെന്ന് കണക്ക് കൂട്ടി. (9)
ബാപ്റ്റിസ്റ്റ് ഉപദേശകനായിരുന്ന വില്യം മില്ലറുടെ (1782-1849) അധ്യാപനങ്ങളിലാണ് അഡ്വെന്റിസം ഉദയം കൊണ്ടത്. യേശുവിന്റെ രണ്ടാംവരവ് 1844 മാര്‍ച്ച് 21 നു മുമ്പ് സംഭവിക്കുമെന്ന് അദ്ദേഹം പ്രവചിച്ചു. പ്രവചിതദിനം കഴിഞ്ഞപ്പോള്‍ 1844 ഏപ്രില്‍ 18 എന്ന മറ്റൊരുദിനം അദ്ദേഹം മുന്നോട്ടുവച്ചു. (10) മില്ലറുടെ മറ്റൊരനുയായി ഈ ദിനം പിന്നീട് 1844 ഒക്ടോബര്‍ 22 ന് പുനഃപ്രതിഷ്ഠിച്ചു.
1999-ല്‍ ലോകാവസാനം ഉണ്ടാകുമെന്ന് സെവന്‍ത്‌ഡേ അഡ്‌വെന്റിസ്റ്റുകള്‍ പ്രവചനം നടത്തി. (11)
16-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ യേശുക്രിസ്തുവിന്റെ സഹസ്രാബ്ദവാഴ്ച ഉണ്ടാകുമെന്ന് 1533-ല്‍ അനാബാപ്റ്റിസ്റ്റുകള്‍ പ്രചരിപ്പിച്ചു. (12)
അസംബ്ലീസ് ഗോഡ് സഭയുടെ ഔദ്യോഗിക വാരികയായ ദി വീക്കിലി ഇവാഞ്ചല്‍ അതിന്റെ 1916 മേയ് 13 ലക്കത്തില്‍ അര്‍മഗെഡ്ഡന്‍ (അന്തിമമായ ഭീകരയുദ്ധം) 1934-35 നു മുമ്പ് സംഭവിക്കുമെന്ന് പ്രവചിച്ചു.
ഇംഗ്ലണ്ടിലെ പ്രസ്ബിറ്റേറിയന്‍ സഭാപിതാക്കളിലൊരാളായിരുന്ന 1562 മുതല്‍ 1607 വരെ ജീവിച്ച തോമസ് ബ്രൈറ്റ്മാന്‍ അനേകം ജൂതന്മാരുടെ ക്രൈസ്തവതയിലേക്കുള്ള മതപരിവര്‍ത്തനവും ഫലസ്തീനിലെ അവരുടെ ചേക്കേറലും പാപ്പായിസത്തിന്റെ പതനവുമൊക്കെ 1650 നും 1695 നുമിടക്ക് സംഭവിക്കുമെന്ന് പ്രവചിച്ചു.(13)
1618-1651 കാലഘട്ടത്തില്‍ ജീവിച്ചിരുന്ന പ്രസ്ബിറ്റേറിയന്‍ സഭയിലെ വേദപണ്ഡിതന്‍ ക്രിസ്റ്റോഫര്‍ ലവ് ഈ വിധം പ്രവചിച്ചു: (1) ബാബിലോണ്‍ 1758-ല്‍ നിലംപൊത്തും. (2) അസാന്മാര്‍ഗ്ഗികളോടുള്ള ദൈവിക രോഷം 1759 ഓടെ പ്രകടമാകും. (3) 1763-ല്‍ ലോകമെങ്ങും വമ്പന്‍ ഭൂകമ്പങ്ങളുണ്ടാകും. (14)
1926-ല്‍ ഓസ്‌വാള്‍ഡ് സ്മിത്ത് എന്ന ബൈബിള്‍ പണ്ഡിതന്‍ (1889-1986), ഇറ്റാലിയന്‍ ഫാഷിസ്റ്റ് ബെനിറ്റോ മുസോളിനിയാണ് അന്തിക്രിസ്തുവെന്ന് പ്രവചിച്ചു. (15)
പിന്നീട് മറ്റുചിലര്‍, സോവിയറ്റ് യൂണിയന്റെ ഭരണത്തലവന്‍ ജോസഫ് സ്റ്റാലിനെ അന്തിക്രിസ്തുവിന്റെ സ്ഥാനത്ത് പ്രതിഷ്ഠിച്ചുവെങ്കിലും 1953 മാര്‍ച്ച് 5 ന് രക്തസമ്മര്‍ദ്ദം ബാധിച്ച് കിടപ്പായതിനെ തുടര്‍ന്ന് പ്രവചനം പാളി. (16)
യേശുക്രിസ്തു, ക്രി.മു.5-ാമാണ്ടില്‍ സെപ്റ്റംബറില്‍ ജനിച്ചതായും 1996 സെപ്റ്റംബര്‍ 14 ന് കൃത്യമായി 2000 വര്‍ഷം പൂര്‍ത്തിയായതായും കണക്കാക്കിക്കൊണ്ട് അന്ത്യനാള്‍ വിദഗ്ദന്‍ ബാര്‍നി ഫുള്ളര്‍ എഴുതി:
‘ദാനിയേല്‍ പ്രവചന പ്രകാരമുള്ള 17-ാമത്തെ ആഴ്ച 2003 ന് ശേഷം 7 വര്‍ഷത്തിനുള്ളില്‍ അവസാനിക്കും. (17)
‘റപ്ചര്‍’ (18) 1988 ല്‍ നടക്കുമെന്ന് എഡ്ഗാര്‍വിറ്റ്‌സെനാറ്റ് എന്ന ബൈബിള്‍ പണ്ഡിതന്‍ പ്രവചിച്ചു. (19) പിന്നീട് ആണവ തീപിടിത്തത്താല്‍ 1994 ല്‍ ലോകം നശിപ്പിക്കപ്പെടുമെന്ന് അദ്ദേഹം തിരുത്തിപ്പറഞ്ഞു. നടക്കാതെ വന്നപ്പോള്‍ 1997 ലേക്ക് വര്‍ഷം മാറ്റി പ്രതിഷ്ഠിച്ചു. (20) ഒന്നും പുലര്‍ന്നില്ല.
2000-ാം ആണ്ടോടെ യേശു ഭൂമിയില്‍ തിരികെയെത്തുമെന്ന് പാസ്റ്റര്‍ എഡ് ഡോബ്‌സണ്‍ പ്രവചിച്ചു. (21)
1938-മുതല്‍ 1948 വരെയുള്ള കാലഘട്ടത്തില്‍ വേള്‍ഡ് വൈഡ് ചര്‍ച്ച് ഓഫ് ഗോഡിന്റെ സ്ഥാപകനേതാവായ ഹെര്‍ബെര്‍ട്ട് ഡബ്ല്യൂ ആംസ്‌ട്രോങ് (1892-1986) പാളിപ്പോയ 21 വന്‍ പ്രവചനങ്ങള്‍ നടത്തി. 1986-ല്‍ മരിക്കുന്നതുവരെ ബൈബിളിനെ അടിസ്ഥാനമാക്കി അദ്ദേഹം നടത്തിയ 200 ഓളം പ്രവചനങ്ങളാണ് തെറ്റിയത്. 1934-ല്‍ അദ്ദേഹം ഇപ്രകാരം പ്രവചിച്ചു:
‘വിജാതീയരുടെ കാലത്തികവായിരിക്കും 1936 -ാ മാണ്ട്. ഇന്നത്തെ ലോകത്തെ സാമ്പത്തികദുരിതവും യുദ്ധഭീതിയും 1936 വരെ തുടരും! ഝടുതിയില്‍ ജ്യോതിര്‍ഗോളങ്ങളും സൂര്യചന്ദ്രന്മാരും കറുക്കുകയും നക്ഷത്രങ്ങള്‍ പതിക്കുകയും ചെയ്യും. തുടര്‍ന്നാകും രക്ഷകന്റെ ദിനം വന്നെത്തുക.(22)
ഇതേ വ്യക്തി 1940 ആയപ്പോഴേക്കും വര്‍ഷം മാറ്റിപ്പറഞ്ഞുകൊണ്ടെഴുതി: ‘അര്‍മഗെഡ്ഡണ്‍ യുദ്ധത്തിന് ഇനി ചുരുങ്ങിയത് മൂന്ന് – നാല് വര്‍ഷം മാത്രമാണ് അവശേഷിക്കുന്നത്.’ (23)
റപ്ചര്‍ (18) 1936-ല്‍ നടക്കുമെന്ന് ആംസ്‌ട്രോങ് തന്റെ സഭാംഗങ്ങളോട് നേരത്തേ പറയാറുണ്ടായിരുന്നു. പ്രവചനം തെറ്റിയപ്പോള്‍ തിയതി മാറ്റിപ്പറഞ്ഞുകൊണ്ടേയിരുന്നു. (24)
വിഖ്യാത അമേരിക്കന്‍ ഇവാഞ്ചലിക്കല്‍ റേഡിയോ പ്രഭാഷകനാണ് ഹാരോള്‍ഡ് കാമ്പിങ് (1921). 150 റേഡിയോ സ്റ്റേഷനുകളുള്ള ഫാമിലി റേഡിയോയുടെ പ്രസിഡന്റ് ആണ് കാമ്പിങ് . 1970-ല്‍ കാമ്പിങ് പ്രസിദ്ധീകരിച്ച ചരിത്രത്തെ സംബന്ധിച്ച ബൈബിള്‍ കലണ്ടര്‍ (25) പിന്നീട് ‘ആദം എപ്പോള്‍?’ എന്ന തലക്കെട്ടോടെ പുന:പ്രസിദ്ധീകരിച്ചു. ഈ കൃതിയില്‍ പ്രപഞ്ചസൃഷ്ടി ക്രിസ്തുവിനുമുമ്പ് 11013 ലും നോഹയുടെ പ്രളയം ക്രി.മു 4990 ലും നടന്നതായി കണക്കാക്കിയിരുന്നു. ബിഷപ്പ് ഉഷറിന്റെ ക്ലാസിക്കല്‍ കാലഗണനാക്രമത്തിന്റെ അപാകത തിരുത്തുന്നതായി അദ്ദേഹം അവകാശപ്പെട്ടിരുന്നു. (ഉഷറുടെ ഗണനപ്രകാരം കിസ്തുവിനുമുമ്പ് 4004 ല്‍ സൃഷ്ടിയും ക്രിസ്തുവിനുമുമ്പ് 2348 ല്‍ പ്രളയവും നടന്നു.)
അന്ത്യദിനം 1988 മേയ് 21 നും 1994 സെപ്റ്റംബര്‍ 7 നും ഇടയ്ക്ക് നടക്കുമെന്ന് ആദ്യം പ്രവചിച്ച കാമ്പിങ് (26) പിന്നീട് 2011 ന് ലോകാവസാനം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചു. (27) പിന്നീട് 2011 ജനുവരി 2 ന് ലോകാവസാനത്തിന്റെ വളരെ കൃത്യമായ തീയതിതന്നെ കാമ്പിങ് കണക്കുകൂട്ടി പറഞ്ഞു: 2011 ഒക്ടോബര്‍ 21. 2011 മേയ് 21 ന് യേശുക്രിസ്തു തിരിച്ചുവരുമെന്നും അദ്ദേഹം ദീര്‍ഘദര്‍ശനം ചെയ്തു.(28)
ഈ പ്രവചനത്തിന്റെ പ്രചരണാര്‍ത്ഥം ഫാമിലി റേഡിയോ 100 മില്യണ്‍ ഡോളര്‍ ചെലവിട്ടു. സദ്‌വൃത്തര്‍ സ്വര്‍ഗ്ഗത്തിലേക്ക് പറക്കപ്പെടുമെന്നും ഭൂമിയില്‍ തുടര്‍ച്ചയായുണ്ടാകുന്ന തീപിടിത്തം, പ്ലേഗ് എന്നീ വ്യാധികളില്‍ ദശലക്ഷക്കണക്കിനാളുകള്‍ ദിനേന മരണപ്പെടുമെന്നും ഈ പ്രക്രിയയുടെ പാരമ്യത്തിലാകും ലോകാവസാനം വന്നെത്തുകയെന്നുമാണ് കാമ്പിങിന്റെ നിഗമനം.
പ്രവചനം പാളിയതിനെ തുടര്‍ന്ന് 2011 ജൂണ്‍ 9 ന് ശക്തമായ രക്തസമ്മര്‍ദ്ദം ബാധിച്ച് കാമ്പിങ് ആസ്പത്രിയില്‍ പ്രവേശിക്കപ്പെട്ടു.
യഹോവ സാക്ഷികളും സഹസ്രാബ്ധവാഴ്ചയും
സര്‍വ്വശക്തനായ ദൈവത്തിന്റെ യുദ്ധം (വെളിപാട് 16:14),1914-ല്‍ അവസാനിക്കുമെന്നും ഭൂമിയിലെ അധികാരം മുഴുക്കെ ചുഴറ്റിയെറിയപ്പെടുമെന്നും യഹോവ സാക്ഷി പ്രസ്ഥാനം 1886 ല്‍ പ്രഖ്യാപിച്ചു. (29)
1914 കഴിഞ്ഞപ്പോള്‍ അവര്‍ വര്‍ഷം 1915 ആക്കി പുനര്‍ നിര്‍ണ്ണയിച്ചു.(30) 1915 ഉം കഴിഞ്ഞപ്പോള്‍ 1918 ല്‍ സഭകളെ ദൈവം നശിപ്പിക്കുമെന്നും പാസ്റ്റര്‍ റസ്സലിന്റെ (യഹോവ സാക്ഷിയുടെ താത്ത്വിക നേതാവ് ) പ്രവര്‍ത്തന മേഖലകളിലുള്‍പ്പെടുന്നവര്‍ക്ക് മാത്രമായി രക്ഷ പരിമിതപ്പെടുമെന്നും അവര്‍ പ്രഖ്യാപിച്ചു.(31)
പ്രസ്തുത പ്രവചനം പരാജയപ്പെട്ടപ്പോള്‍ പഴയലോകം ക്രമേണ അവസാനിച്ച് 1925 ല്‍ വിശ്വാസികളുടെ പുനരുത്ഥാനമുണ്ടാകുമെന്നായി അവകാശവാദം. (32)
1938 ല്‍ സാക്ഷികളോട് സന്താനോല്പാദനം നിരുത്സാഹപ്പെടുത്തിക്കൊണ്ടുള്ള പ്രഖ്യാപനം പുറത്തുവന്നു. അന്തിമയുദ്ധം ഉടനുണ്ടാകുമെന്ന പ്രതീക്ഷയാണ് കാരണമായി പറഞ്ഞത്.(33)
1975 ഓടെ ആദം മുതലുള്ള മനുഷ്യചരിത്രം 6000 വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് അവര്‍ കണക്കുകൂട്ടി.(34) ഏഴാമത്തെ സഹസ്രാബ്ധം നിദാന്തതയുടെ ഒരു പുതുയുഗ പിറവിയായിരിക്കും എന്നവര്‍ ഗണിച്ചെടുത്തു.(35)
പാപപങ്കിലമായ ലോകവ്യവസ്ഥ 1975 ഓടെ അവസാനിക്കുമെന്നതിനാല്‍ (ഇനി ഏറെ നാള്‍ അവശേഷിക്കാത്തതിനാല്‍) യഹോവ സാക്ഷികള്‍ സ്വന്തം ഭവനങ്ങള്‍ വിറ്റുകൊണ്ട് അന്ത്യനാളിലേക്കുള്ള തങ്ങളുടെ പാഥേയമൊരുക്കാനായി ദൈവവേല (യഹോവ സാക്ഷികളുടെ പ്രചാരണം) ശക്തിപ്പെടുത്താന്‍ ആഹ്വാനം ചെയ്യപ്പെട്ടു.(36)
തുടര്‍ച്ചയായ പ്രവചന പാളിച്ചയെ തുടര്‍ന്നാകണം പിന്നീടവര്‍ അടവുമാറ്റി. 1914 ല്‍ ജീവിച്ചവര്‍ അവസാന തലമുറയാണെന്നും അവര്‍ മരിച്ചു തീരുന്നതുവരെ അന്ത്യയുഗത്തിന് കാത്തിരിക്കണമെന്നുമായി വാദം.(37)
കടുത്ത ദുരിതത്തിന്റെ (38) കേളികൊട്ട് തുടങ്ങിക്കഴിഞ്ഞതായും 1914 ലെ തലമുറ ഏതാണ്ട് അവസാനിക്കാറായെന്നുമുള്ള പ്രഖ്യാപനം 1980-ല്‍ വീണ്ടും ആവര്‍ത്തിക്കപ്പെട്ടു.(39) അനുകൂല സാഹചര്യമുള്ളവര്‍ ദീര്‍ഘായുഷ്മരായി കഴിയുന്നതാണ് അന്ത്യനാളിനെ വൈകിക്കുന്നതെന്നും വിശദീകരണം വന്നു.(40)
തുടരെ തുടരെയുള്ള പ്രവചന പരാജയങ്ങള്‍ക്ക് ഒരു നീതികരണവും അവര്‍ നിരത്തി. യഹോവയുടെ നാമത്തിലല്ല തങ്ങളുടെ പ്രവചനങ്ങള്‍, അതുകൊണ്ട് തെറ്റ് വലിയ പ്രശ്‌നമായി കാണുന്നില്ല!
പിന്നീട് മലക്കം മറിഞ്ഞുകൊണ്ട് അവര്‍ പറഞ്ഞു: എണ്ണപ്പെട്ട ദിനങ്ങളെപ്പറ്റി ഊഹാപോഹം നടത്തുന്നത് നിരര്‍ത്ഥകമാണ്.! ദുഷിച്ചുനാറിയ ഈ വ്യവസ്ഥിതി എത്രയും വേഗം നശിച്ചുകാണണമെന്നുള്ള ആഗ്രഹമാണ് തങ്ങള്‍ വരുത്തിയ അബദ്ധങ്ങളുടെ കാരണമെന്ന് യഹോവ സാക്ഷികളുടെ പ്രസിദ്ധീകരണം ഒടുവില്‍ സമ്മതിച്ചു.(41)