ഖുര്‍ആന്‍ അത്ഭുത ഗ്രന്ഥം-12

ആഖിറ

ഖുര്‍ആന്‍ അത്ഭുത ഗ്രന്ഥം-12

‘സ്വന്തം സൃഷ്ടിപ്പിന്റെ കഥ മറന്നുപോയ മനുഷ്യന്‍ നമുക്ക് ഒരു ഉദാഹരണം പ്രയോഗിച്ചുതന്നുകൊണ്ട് ന്യായവാദം നടത്തുന്നു: ഇതാ, ഈ ദ്രവിച്ചു പൊടിഞ്ഞ അസ്ഥികൂടം. ഇതാരാണ് വീണ്ടും ജീവിപ്പിക്കാന്‍ പോകുന്നത്? പറയുക: ആദ്യത്തെ പ്രാവശ്യം അവനെ സൃഷ്ടിച്ച് വളര്‍ത്തി വലുതാക്കിയവന്‍ തന്നെ ആ എല്ലുകളെ ജീവിപ്പിക്കുന്നുവെന്ന്” (യാസീന്‍: 78,79). ഇല്ലായ്മയില്‍നിന്ന് ഒരിക്കല്‍ മനുഷ്യന്‍ ഉണ്ടായെങ്കില്‍ പിന്നീട് അതേ പദാര്‍ഥങ്ങളില്‍നിന്നോ അതേ കോശങ്ങള്‍ പെരുകിയോ മനുഷ്യന്‍ വീണ്ടും വളര്‍ന്നുണ്ടാവില്ലായെന്ന് സ്ഥാപിക്കാന്‍ എന്ത് ന്യായം? ഒരിക്കല്‍ ഉണ്ടായ പ്രക്രിയ വീണ്ടും ആവര്‍ത്തിക്കാനുള്ള സാധ്യതയുടെ ന്യായം ആദ്യം ഉണ്ടായി എന്നതുതന്നെയാണല്ലോ എന്നാണ് ഖുര്‍ആന്‍ ഇവിടെ സമര്‍ഥിക്കുന്നത്. ഇതിന്റെ അര്‍ഥം ആദ്യം മനുഷ്യന്‍ രൂപംകൊണ്ട ഏകജൈവഘടകം (നഫ്‌സുന്‍ വാഹിദഃ) അമീബയെപ്പോലെയോ മറ്റു ചില സസ്യബീജം പോലെയോ അനുകൂല കല്‍പന (ഇീാാമിറ) വരുന്നതുവരെ നശിക്കാതെ കിടക്കാന്‍ സംവിധാനമുണ്ടെന്നാവാം.

ക്ലോണിംഗ് പഠിച്ച ആധുനികമനുഷ്യന് മാത്രം മനസ്സിലാവുന്ന ഇത്തരം കാര്യങ്ങള്‍ എങ്ങനെയാണ് മുഹമ്മദ് നബി ആ കാലത്ത് ജീവിച്ച സമൂഹങ്ങള്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുത്തത് എന്ന് ഇന്ന് ചിന്തിക്കാന്‍തന്നെ പ്രയാസം തോന്നുന്ന കാര്യമാണ്.

ഖുര്‍ആനെക്കുറിച്ച് ഇത്രയും മനസ്സിലാക്കിയാല്‍തന്നെ മതി; അതൊരു അത്ഭുതമാണെന്ന കാര്യത്തില്‍ സന്ദേഹത്തിനിടമില്ല. അത്ഭുതമല്ല, ധിഷണാശാലികള്‍ക്ക് അതൊരു മഹാത്ഭുതമാണ്. അനന്തമായ വിജ്ഞാനങ്ങളുടെ ഒരു മഹാസാഗരം.
പരിശോധിക്കുന്ന ആരെയും അതിശയിപ്പിക്കും വിധം അനേകം വിജ്ഞാനങ്ങളെ വളരെ സ്വാഭാവികതയോടെ സമന്വയിപ്പിച്ച്, സംഗ്രഹിച്ച്, മനുഷ്യജീവിതവുമായി ബന്ധിപ്പിച്ച് സമര്‍പ്പിക്കപ്പെട്ട ഈ ഖുര്‍ആന്‍ മനുഷ്യരുടെ അഖിലസാധ്യതകള്‍ക്കും യോഗ്യതകള്‍ക്കും അതീതമായ അത്യത്ഭുതഗ്രന്ഥം തന്നെ. അത് ആദ്യം മുഹമ്മദ് നബിയെ വിസ്മയിപ്പിച്ചു. പിന്നെ അദ്ദേഹത്തിന്റെ അനുചരന്മാരെ വിസ്മയിപ്പിച്ചു. തുടര്‍ന്ന് ലോകത്തെ തോല്‍പിച്ചു. അവസാനം മനുഷ്യസഞ്ചയത്തെ ഒന്നടങ്കം വിസ്മയിപ്പിച്ചു.
ഈ ഖുര്‍ആന്‍ അജയ്യനും പ്രതാപശാലിയുമായ ദൈവത്തില്‍നിന്ന് അവതീര്‍ണമായതുതന്നെ; നിസ്സംശയം.

Related Post