ഖുര്‍ആന്‍ അത്ഭുത ഗ്രന്ഥം(11)

AlQuran

ആത്മീയ,ഭൗതികമേഖല ഖുര്‍ആന്‍ അത്ഭുതം 11

ആത്മീയമേഖലയെയും ഭൗതികമേഖലയെയും ഭംഗിയായി സമന്വയിപ്പിച്ച ഗ്രന്ഥമാണ് ഖുര്‍ആന്‍. ഭൗതികതയെ അവഗണിക്കുന്ന ആത്മീയതയെയോ ആത്മജ്ഞാനത്തെയോ ഖുര്‍ആന്‍ അംഗീകരിക്കുന്നില്ല.

മനുഷ്യന്റെ സ്വാതന്ത്ര്യത്തെയും മഹത്വത്തെയും നിരാകരിക്കുന്ന യാതൊരു ആത്മീയാധ്യാപനവും ഖുര്‍ആന്‍ നല്‍കുന്നില്ല. മനുഷ്യനും, അവന്റെ സ്രഷ്ടാവും രക്ഷിതാവുമായ ദൈവവും തമ്മില്‍ നേരിട്ട് മധ്യസ്ഥരോ സഹായികളോ ഇല്ലാതെ സ്ഥാപിക്കപ്പെടുന്ന സുശക്തവും അനുഭൂതിസാന്ദ്രവുമായ ഒരു ബന്ധത്തിന്റെ അനുപമമായ ആധ്യാത്മജ്ഞാനം ഖുര്‍ആനില്‍ മറ്റെല്ലാ വിജ്ഞാനശാഖകളോടൊപ്പം നിറഞ്ഞുനില്‍ക്കുന്നു.
ഈ ആത്മീയതയെയും ഭൗതികതയെയും ഒരുപോലെ ഖുര്‍ആന്‍ മരണശേഷം അനശ്വരമാകുന്ന ജീവിതവുമായി ബന്ധിപ്പിച്ചിരിക്കുന്നു. മരണശേഷം ജീവിതമില്ലായെന്ന് വാദിക്കുന്നവരെ ഖുര്‍ആന്‍ ഭൗതികമായിത്തന്നെ വെല്ലുവിളിക്കുന്നു. ഒരിക്കല്‍ മനുഷ്യന്‍ ഈ ഭൂമുഖത്ത് ഉണ്ടായി എന്നത് യാഥാര്‍ഥ്യമെങ്കില്‍ ആ പ്രക്രിയയുടെ ആവര്‍ത്തനസാധ്യതയെ നിങ്ങള്‍ എങ്ങനെ തള്ളിക്കളയുന്നുവെന്ന് അത് ചോദിക്കുന്നു.

ചത്തുവരണ്ട ഭൂമിയില്‍ ഉണങ്ങിപ്പൊടിഞ്ഞുപോയ വിത്തുകള്‍ വീണ്ടും മുളച്ചുപൊങ്ങുന്നത് നിങ്ങള്‍ക്ക് കാണാനാകുന്നില്ലേ? അതേപോലെ നിങ്ങള്‍ മരിച്ചു പൊടിഞ്ഞലിഞ്ഞ് മണ്ണില്‍ ചേര്‍ന്ന ശേഷം വീണ്ടും മണ്ണിലുള്ളതോ വെള്ളത്തിലുള്ളതോ വായുവിലുള്ളതോ ആയ നിങ്ങളുടെ അംശങ്ങളില്‍നിന്ന് നിങ്ങള്‍ വീണ്ടും രൂപം കൊടുക്കപ്പെടാമെന്ന് എന്തുകൊണ്ട് അംഗീകരിച്ചുകൂടാ?
ആധുനികജീവശാസ്ത്രത്തിന് അനുകൂലമായി മാത്രം പ്രതികരിക്കല്‍ നിര്‍ബന്ധമായ ഇത്തരം സമര്‍ഥനങ്ങള്‍ പതിനാലു നൂറ്റാണ്ടുകള്‍ക്കു മുമ്പ് മുഹമ്മദ് നബിക്ക് ലഭിച്ച ഖുര്‍ആനിലടങ്ങിയിരിക്കുന്നുവെന്നതാണ് അതിനെ ഒരത്ഭുതഗ്രന്ഥമാക്കുന്നത്.

മനുഷ്യന്‍ വീണ്ടും മരണശേഷമുണ്ടാകുന്നതിന് ആദ്യമുണ്ടായത് എങ്ങനെയെന്ന് പഠിച്ചുനോക്കാന്‍ ഖുര്‍ആന്‍ ആവശ്യപ്പെടുന്നു: ”സൃഷ്ടിപ്പ് അല്ലാഹു എങ്ങനെ ആരംഭിക്കുകയും പിന്നീട് ആ പ്രക്രിയ എങ്ങനെ ആവര്‍ത്തിക്കുന്നുവെന്നും അവര്‍ പഠിച്ചുനോക്കുന്നില്ലേ?” (അല്‍അന്‍കബൂത്ത്: 19), ”നിങ്ങള്‍ ഭൂമിയില്‍ സഞ്ചരിച്ച് പഠനം നടത്തിനോക്കൂ; അപ്പോഴറിയാം അല്ലാഹു സൃഷ്ടിപ്പ് ആരംഭിച്ച പ്രക്രിയ എങ്ങനെയെന്ന്” (അല്‍അന്‍കബൂത്ത്: 20).

Related Post