ഖുര്‍ആന്‍ അത്ഭുത ഗ്രന്ഥം(4)

കളി മണ്ണ്

ഖുര്‍ആന്‍ അത്ഭുത ഗ്രന്ഥം(4)

മനുഷ്യോല്‍പത്തി മണ്ണിലെ ധാതുലവണങ്ങളും വെള്ളവും ചേര്‍ന്ന മിശ്രിതത്തില്‍നിന്നാണ്:
”കളിമണ്ണ് കലങ്ങിയോ ഉരുകിയോ മൃദുലമാവുമ്പോഴുള്ള ഹമഅ്. അതില്‍ ധാതുലവണങ്ങള്‍ പാകമാക്കപ്പെടുന്നു.

ഈ സ്വല്‍സ്വാല്‍കൊണ്ടാണ് മനുഷ്യനെ നാം സൃഷ്ടിച്ചത്” (അല്‍ഹിജ്ര്‍: 26), ”അവരെ നാം ഒട്ടുന്ന മണ്ണില്‍നിന്ന് സൃഷ്ടിച്ചു” (അസ്സ്വാഫാത്ത്: 11), ”സ്വല്‍സ്വാലി(വെള്ളം ചേര്‍ന്ന് കുഴമ്പായ കളിമണ്ണ്)ല്‍നിന്ന് കേവലം മണ്‍പാത്രങ്ങളുണ്ടാക്കുന്നപോലെ (ലളിതമായി) അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചു” (അര്‍റഹ്മാന്‍: 14), ”അല്ലാഹു മനുഷ്യന്റെ സൃഷ്ടിപ്പ് കളിമണ്ണില്‍നിന്ന് തുടങ്ങി” (അസ്സജദഃ: 7), ”അവന്‍ തന്നെയാണ് മനുഷ്യവംശത്തെ വെള്ളത്തില്‍നിന്ന് സൃഷ്ടിച്ചത്” (അല്‍ഫുര്‍ഖാന്‍: 54). ഈ വചനങ്ങളില്‍നിന്ന് നമുക്ക് മനസ്സിലാക്കാം, വെള്ളവും മണ്ണിലെ ധാതുലവണങ്ങളും ലോഹങ്ങളുമെല്ലാം ചേര്‍ന്ന ഒരു സംയോജിതസത്താണ് മനുഷ്യസൃഷ്ടിപ്പിന്റെ ആധാരമെന്ന്.
ഏകജൈവഘടകത്തില്‍നിന്നാണ് ആണും പെണ്ണുമായുള്ള മുഴുവന്‍ മനുഷ്യവംശവും പെരുകിവന്നിട്ടുള്ളത്. ”നിങ്ങളെ (മനുഷ്യരെ) അല്ലാഹു സൃഷ്ടിച്ചു; ഏകജൈവഘടക(ഉദാ: കോശമോ അതിലും ചെറുതോ ആയ ജീവന്റെ ഏറ്റവും ചെറിയ യൂനിറ്റ്)ത്തില്‍നിന്ന്. പിന്നീട് അതിനെ പിളര്‍ത്തി അതിന്റെ ഇണയെ ഉണ്ടാക്കി. പിന്നീട് അല്ലാഹു എട്ടിനം കന്നുകാലി ഇണകളെ നിങ്ങള്‍ക്കുവേണ്ടി സജ്ജമാക്കി. പിന്നീട് നിങ്ങളെ അല്ലാഹു നിങ്ങളുടെ മാതാക്കളുടെ ഉദരങ്ങളില്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. മൂന്നു തമോയുഗങ്ങളായി ഒന്നിനുശേഷം മറ്റൊന്നായുള്ള സൃഷ്ടിപ്പുഘട്ടങ്ങളാണിവ. അതാണ് നിങ്ങളുടെ രക്ഷിതാവായ അല്ലാഹു, അവന്നാണ് ആധിപത്യം. അവനല്ലാതെ വേറെ ദൈവമില്ല. അപ്പോള്‍ നിങ്ങളെങ്ങനെ വ്യതിചലിക്കപ്പെട്ടു?” (അസ്സുമര്‍: 6).
മനുഷ്യസൃഷ്ടിപ്പിന്റെ മുമ്പ് സുദീര്‍ഘങ്ങളായ മൂന്ന് അജ്ഞാത, അഥവാ ഇരുണ്ട യുഗങ്ങള്‍ കഴിഞ്ഞുപോയിട്ടുണ്ടെന്നും അവയില്‍ ആദ്യത്തെ ഘട്ടത്തിലാണ് ഏകജൈവഘടകവും അത് പിളര്‍ന്ന് അതിന്റെ ഇണയുമുണ്ടായെതന്നും, രണ്ടാമത്തെ ഘട്ടത്തില്‍ കന്നുകാലികള്‍ രൂപംകൊണ്ടതായും മൂന്നാമത്തെ ഘട്ടത്തിന്റെ അവസാനത്തോടെ മാതാക്കള്‍ പ്രസവിച്ച് വംശവര്‍ധനവുണ്ടാകുന്ന മനുഷ്യസമൂഹം നിലവില്‍വന്നുവെന്നും മനസ്സിലാകുന്നു. ഇതില്‍ ഒന്നാമത്തെ ഘട്ടത്തില്‍ ഭൂഗോളം വേര്‍പ്പെട്ട് ഒറ്റയ്ക്കായ അവസ്ഥയിലായിരുന്നിരിക്കില്ലായെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം, രണ്ടാമത്തെ ഘട്ടത്തിനു മുമ്പ് വേര്‍പ്പെട്ട ഭൂഗോളത്തിലേക്ക് പിന്നീട് സൃഷ്ടികര്‍ത്താവ് എട്ടിനം കന്നുകാലികളെ ഇറക്കി (അന്‍സല) എന്നാണ് ഖുര്‍ആന്‍ സൂചിപ്പിക്കുന്നത്. മറ്റു ഗോളങ്ങളില്‍ പലയിനം മൃഗങ്ങളും മനുഷ്യരുമുണ്ടാകാന്‍ സാധ്യതയുണ്ട്. മുഹമ്മദ് നബി തന്റെ അനുചരന്മാരില്‍ ഇബ്‌നുഅബ്ബാസിനോട് ഇങ്ങനെ സൂചിപ്പിച്ചതായി നബിവചനമുണ്ടല്ലോ.

ഏതായാലും സൃഷ്ടിപ്പിന്റെ ഈ ഘട്ടങ്ങളെക്കുറിച്ച് ഭൂമിയില്‍ പഠന-പര്യവേക്ഷണങ്ങള്‍ നടത്തിയാല്‍തന്നെ മനസ്സിലാക്കാമെന്നാണ് ഖുര്‍ആന്‍ നിര്‍ദേശിക്കുന്നത് (29: 19,20).
സ്ത്രീ-പുരുഷ, അഥവാ അണ്ഡ-ബീജ സങ്കലനത്തിലൂടെയല്ലാതെ ഒരേ ശരീരത്തില്‍നിന്നുതന്നെ വംശവര്‍ധനവുണ്ടാവുന്ന സംവിധാനവും സ്രഷ്ടാവ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മനുഷ്യരിലും ഈ രീതി അസാധ്യമായതല്ല. ആദമിന്റെയും ഹവ്വായുടെയും ഈ രീതിയിലുള്ള സൃഷ്ടിക്ക് ഒരു പില്‍ക്കാലമാതൃകയാണ് യേശുവിന്റെ സൃഷ്ടി: ”അല്ലാഹുവിന്റെയടുത്ത് ഈസായുടെ (സൃഷ്ടിപ്പിന്റെ) ഉദാഹരണം ആദമിന്റെ (സൃഷ്ടിപ്പ്) പോലെയാണ്. മണ്ണില്‍നിന്ന് സൃഷ്ടിച്ചുകൊണ്ടുള്ള ദൈവിക ഇച്ഛ ഇറക്കി, അപ്പോള്‍ അതുണ്ടായി” (ആലുഇംറാന്‍: 59). യേശു പിതാവില്ലാതെ, പുരുഷസ്പര്‍ശമേല്‍ക്കാത്ത കന്യക പ്രസവിച്ച കുഞ്ഞ്.
ഇത്തരത്തിലുള്ള ധാരാളം സസ്യ-ജീവശാസ്ത്രവസ്തുതകള്‍ മുഹമ്മദ് നബിക്ക് വിവരിച്ചുകൊടുക്കാന്‍ പതിനാലുനൂറ്റാണ്ടുകള്‍ക്കു മുമ്പ് മനുഷ്യസമൂഹത്തില്‍ ഏതു ശാസ്ത്രജ്ഞനാണുണ്ടായിരുന്നത്? ഈ വസ്തുതകള്‍ ശരിയെന്നോ തെറ്റെന്നോ പറയാന്‍ ലോകത്താരാണുണ്ടായിരുന്നത്?

Related Post