ഖുര്‍ആന്‍ അത്ഭുത ഗ്രന്ഥം(5)

സൂര്യനും ചന്ദ്രനും

ഖുര്‍ആന്‍ അത്ഭുത ഗ്രന്ഥം(5)

ഈ പ്രപഞ്ചം ഉത്ഭവത്തില്‍ ഒരു പുകപടലം പോലെയായിരുന്നു: ”സൃഷ്ടികര്‍ത്താവ് പിന്നീട് ഉപരിമണ്ഡലത്തിലേക്ക് തിരിഞ്ഞു. അതൊരു പുകയായിരുന്നു” (ഫുസ്സ്വിലത്ത്: 11). ഇന്ന് കാണുന്ന നൂറായിരം ഗോളങ്ങളും ഗ്രഹങ്ങളും ഉപഗ്രഹങ്ങളും നക്ഷത്രസമൂഹങ്ങളുമെല്ലാമടങ്ങുന്ന ഈ ബ്രഹ്മാണ്ഡം തുടക്കത്തില്‍ പരസ്പരം ഒട്ടിച്ചേര്‍ന്ന ഒരൊറ്റ ഏകകമായിരുന്നു: ”ഉപരിമണ്ഡലങ്ങളും ഭൂമിയുമെല്ലാം പരസ്പരം ഒട്ടിച്ചേര്‍ന്ന അവസ്ഥയിലായിരുന്നു ആദ്യത്തിലെന്നും പിന്നീട് നാമവയെ വേര്‍പ്പെടുത്തിയതാണെന്നും നിഷേധികള്‍ക്ക് മനസ്സിലാക്കാനായില്ലേ?” (അല്‍അമ്പിയാഅ്: 30).
ഭൂമിയെപ്പോലുള്ള വേറെയും ഗോളങ്ങളുണ്ട്. അവയ്ക്കിടയില്‍ ഒരു നിശ്ചിത കല്‍പന പരസ്പരം ഇറങ്ങിക്കൊണ്ടിരിക്കുന്നതിനുള്ള സംവിധാനവുമുണ്ട്: ”ഏഴ് ഉപരിമണ്ഡലങ്ങളെയും സൃഷ്ടിച്ചവന്‍ അല്ലാഹുവാകുന്നു. അവയെപ്പോലെ ഭൂമികളുമുണ്ട്. അവയ്ക്കിടയില്‍ നിശ്ചിത കമാന്റ് (കല്‍പന) ഇറങ്ങിക്കൊണ്ടിരിക്കുന്നുമുണ്ട്; അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും കഴിവുള്ളവനാണെന്ന് നിങ്ങള്‍ അറിയാനാണിത്…….” (അത്ത്വലാഖ്: 12).
ഭൂമിക്ക് മുകളില്‍ ഏഴ് ഉപരിമണ്ഡലങ്ങളുണ്ട്: ”തീര്‍ച്ചയായും നിങ്ങള്‍ക്കു മീതെ നാം ഏഴ് പഥങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. സൃഷ്ടിപ്പിനെക്കുറിച്ച് നാം അശ്രദ്ധനായിത്തീര്‍ന്നിട്ടില്ല” (അത്ത്വലാഖ്: 12). ഈ ഭൂമിയില്‍ മാത്രമല്ല ഇതര ഗോളങ്ങളിലും ജീവനുള്ള സൃഷ്ടികളുണ്ട്: ”ഉപരിലോകങ്ങളും ഭൂമിയും സൃഷ്ടിച്ചതും അവ രണ്ടിലും ജീവജാലങ്ങളെ വ്യാപിപ്പിച്ചതും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. ഇവ(ഈ വ്യത്യസ്തഗോളങ്ങളിലുള്ളവ)യെ ഒന്നിച്ചുകൂട്ടാനും കഴിവുള്ളവനാണല്ലാഹു” (അശ്ശൂറാ: 29). മറ്റു ഗോളങ്ങളിലുള്ളവരും ഭൂമിയിലുള്ളവരും അന്യോന്യം യാത്രചെയ്ത് ഒന്നിക്കാനുള്ള കാര്യത്തിലേക്കാണ് ഖുര്‍ആന്റെ ഈ സൂചനയെന്ന് മനസ്സിലാക്കാം. അല്ലാഹു ഇതിനായി നിശ്ചയിച്ച സമയമാവണമെന്നു മാത്രം.
ഭൗമികപദാര്‍ഥങ്ങള്‍കൊണ്ട് എന്ന പോലെ അഗ്നി, പ്രകാശം പോലുള്ള ഊര്‍ജങ്ങള്‍കൊണ്ടും ജീവികള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്: ”അതിനു മുമ്പ് ജിന്നിനെ അത്യുഷ്ണമുള്ള അഗ്നിജ്വാലയില്‍നിന്ന് നാം സൃഷ്ടിച്ചു” (അല്‍ഹിജ്ര്‍: 27), ”ജിന്നിനെ പുകയില്ലാത്ത തീജ്വാലയില്‍നിന്ന് അല്ലാഹു സൃഷ്ടിച്ചു” (അര്‍റഹ്മാന്‍: 15).
സൂര്യന് നിശ്ചിതമായ ചലനപഥമുണ്ട്. ചന്ദ്രന് അനുക്രമമായ നിര്‍ണിതമണ്ഡലങ്ങളുണ്ട്. രാപ്പകലുകളുടെ മാറ്റങ്ങള്‍ക്കും കാലഗണനയ്ക്കും സഹായകമാവുന്ന ഇവയ്‌ക്കോരോന്നിനും സുനിശ്ചിത സംവിധാനങ്ങളുണ്ട്. സൂര്യന്‍ ചന്ദ്രനെ ഗ്രസിക്കുകയില്ല. എല്ലാം ഒരേയൊരു വ്യവസ്ഥിതിക്കു വിധേയമാണ്. പരസ്പരം ഏറ്റുമുട്ടുന്നവയല്ല. സൂര്യനും ചന്ദ്രനും മാത്രമല്ല, ഈ ബ്രഹ്മാണ്ഡത്തിലെ സകലതും ചലിക്കുന്നു. എന്നല്ല, അവയെല്ലാം നീന്തിക്കൊണ്ടിരിക്കുകയാണ്: ”സൂര്യന്‍ അതിന് നിര്‍ണയിച്ചുവച്ചിട്ടുള്ള പഥത്തില്‍ ചലിച്ചുകൊണ്ടിരിക്കുന്നു. പ്രതാപശാലിയും സര്‍വജ്ഞനുമായ അല്ലാഹുവിന്റെ നിര്‍ണയമാണത്. ചന്ദ്രന് നാം ചില ഘട്ടങ്ങള്‍ നിശ്ചയിച്ചിരിക്കുന്നു. പഴയ ഈന്തപ്പഴക്കുലത്തണ്ടുപോലെ വളഞ്ഞ് നേര്‍ത്ത ഒരു ഘട്ടം വരെ അതില്‍പെടുന്നു. സൂര്യന് ചന്ദ്രനെ പിടിക്കേണ്ടതായിട്ടോ രാത്രിക്ക് പകലിനെ മുന്‍കടക്കേണ്ടതായിട്ടോ ഉള്ള ബാധ്യതകളൊന്നുമില്ല. എല്ലാ ഓരോന്നും അതതിന്റെ സംവിധാനത്തോടെ ഈ ബ്രഹ്മാണ്ഡത്തില്‍ നീന്തിക്കൊണ്ടിരിക്കുകയണ്” (യാസീന്‍: 38-40).

Related Post