ഖുര്‍ആന്‍ അവതരിപ്പിച്ച സമ്പദ്‌വ്യവസ്ഥ ഇന്ന് ഏറ്റവും ഉന്നതവും ഉദാത്തവുമായി നിലകൊള്ളുന്നു. സാമ്പത്തികസമത്വം ലക്ഷ്യമാക്കി നീങ്ങുമ്പോള്‍ സാമ്പത്തികവളര്‍ച്ച മുരടിച്ചുപോവുന്നതാണ് ആധുനികലോകം അഭിമുഖീകരിക്കുന്ന വലിയ ഒരു സങ്കീര്‍ണത.
മറുവശത്ത് സാമ്പത്തികവളര്‍ച്ച ഉദ്ദേശിച്ചുള്ള ശ്രമങ്ങള്‍ക്ക് ഊന്നല്‍കൊടുക്കുമ്പോള്‍ സാമൂഹികനീതി തകര്‍ന്നുപോവുകയും ചെയ്യുന്നു. മുതലാളിത്തവും സോഷ്യലിസവും അകപ്പെട്ട ഈ പ്രതിസന്ധിയില്‍നിന്ന് ഒരു മോചനമാര്‍ഗം ഖുര്‍ആന്‍ വരച്ചുകാട്ടുന്നത് എത്ര അത്ഭുതകരം!
ആധുനികസമ്പദ്ശാസ്ത്രത്തിന്റെ ബാലപാഠങ്ങള്‍ പോലും അറിഞ്ഞിരുന്നിട്ടില്ലാത്ത മുഹമ്മദ് നബിയുടെ കാലഘട്ടത്തിലെ ജനങ്ങള്‍ക്കു മുമ്പില്‍ ഖുര്‍ആന്‍ നിരത്തിവയ്ക്കുന്ന സാമ്പത്തികനിയമങ്ങള്‍ എത്ര ഉദാത്തം!
പലിശ മുതലാളിത്തത്തിന്റെ ഒരു ഉപകരണമാണല്ലോ: ”ജനങ്ങളുടെ സമ്പത്തില്‍ വളര്‍ച്ചയുണ്ടാവുന്നതിനുവേണ്ടി നിങ്ങള്‍ കൊടുക്കുകയും വാങ്ങുകയും ചെയ്യുന്ന പലിശ അല്ലാഹുവിന്റെയടുത്ത് വളരുന്നില്ല. പ്രത്യുത, അല്ലാഹുവിന്റെ തൃപ്തി ലഭിക്കാനുദ്ദേശിച്ച് നിങ്ങള്‍ കൊടുക്കുകയും വാങ്ങുകയും ചെയ്യുന്ന സകാത്ത്‌വ്യവസ്ഥ നടപ്പാക്കുന്നവരത്രെ സത്യത്തില്‍ ധനം ഇരട്ടിപ്പിച്ചുകൊണ്ടിരിക്കുന്നവര്‍” (അര്‍റൂം: 39).
വ്യക്തികളുടെ സാമ്പത്തികസ്വാതന്ത്ര്യം പൂര്‍ണമായി നിഷേധിച്ചുകൊണ്ട് സാമൂഹികനീതി നടപ്പാക്കുകയെന്നത് പ്രകൃതിവിരുദ്ധവും അപ്രായോഗികവുമാണ്. മനുഷ്യാധ്വാനമാണ് സമ്പത്ത് വര്‍ധിപ്പിക്കുന്നതും വളര്‍ത്തുന്നതും. അതിനാല്‍ അതിന് പ്രോത്സാഹനം വേണം. അധ്വാനഫലം അധ്വാനിക്കുന്നവന് അംഗീകരിച്ചുകൊടുക്കുകയെന്നതാണ് ഏറ്റവും നല്ല പ്രോത്സാഹനം. എന്നാല്‍, ഒരു വിഹിതം അവനില്‍നിന്നെടുക്കുക. സമൂഹത്തില്‍ തളര്‍ന്നുപോകുന്നവരെ പൊതുജീവിതനിലവാരത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ അത് വിനിയോഗിക്കുക. ഈ രീതിയില്‍ വിഭവങ്ങള്‍ കൂടുതല്‍ വികേന്ദ്രീകരിക്കപ്പെടുന്നു.
സമൂഹത്തില്‍ ക്ഷേമവും സംതൃപ്തിയും സംജാതമാകുന്നു. അതോടൊപ്പം ഉല്‍പാദനം വര്‍ധിക്കുകയും വളര്‍ച്ചകൂടുകയും ചെയ്യുന്നു. ഈ പ്രക്രിയയെ വിഘ്‌നപ്പെടുത്തുന്ന ഏറ്റവും നാശകാരിയായ വില്ലനാണ് പലിശയെന്ന് ഖുര്‍ആന്‍ സമര്‍ഥിക്കുന്നു.
ലാഭം നിര്‍ണിതകണക്കില്‍ ഉറപ്പുവരുത്താന്‍ കഴിയാത്ത വ്യവസായ-വാണിജ്യ സംരംഭങ്ങള്‍ പലിശയ്ക്ക് മൂലധനം സ്വീകരിക്കാന്‍ തയാറാവുകയില്ല. പണം ബാങ്കുകളിലും കുത്തകവ്യക്തികളിലും കുന്നുകൂടുകയല്ലാതെ ഉല്‍പാദനസംരംഭങ്ങളില്‍ മുതലിറക്കപ്പെടില്ല. ഇതുവഴി ഉല്‍പാദനം കുറയുന്നു, തൊഴിലില്ലായ്മ വര്‍ധിക്കുന്നു, വളര്‍ച്ചയ്ക്കു പകരം തളര്‍ച്ചയുണ്ടാകുന്നു. വമ്പിച്ച സംഖ്യ പലിശയായി നല്‍കാന്‍ ബാങ്കുകള്‍ക്ക് കഴിയാതെവരുന്നു. ബാങ്കിംഗ്‌വ്യവസായം തകരുകയും പൊതുസാമ്പത്തികമാന്ദ്യം ലോകത്തെയൊന്നാകെ ഗുരുതരമായ സാമ്പത്തികപ്രതിസന്ധിയിലെത്തിക്കുകയും ചെയ്യുന്നു. തകര്‍ന്ന ലോകം മെല്ലെ എഴുന്നേറ്റുവരും. കുറച്ചുകാലം കഴിയുമ്പോള്‍ വീണ്ടും തകര്‍ന്നുവീഴുന്നു. വീണ്ടും പല ശ്രമങ്ങളിലൂടെയും എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നു; പക്ഷേ, വീണ്ടും തളര്‍ന്നുവീഴുന്നു. മത്തുബാധിച്ച ഒരു ഭ്രാന്തന്‍ എഴുന്നേറ്റുനില്‍ക്കാന്‍ ശ്രമിക്കുന്നപോലെയെന്ന് ഖുര്‍ആന്‍ പറയുന്നു: ”പലിശ തിന്നുന്നവര്‍ ശൈത്വാന്‍ബാധയേറ്റ് മറിഞ്ഞുവീഴുന്നവന്‍ എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതുപോലെയല്ലാതെ എഴുന്നേല്‍ക്കുകയില്ല” (അല്‍ബഖറഃ: 275).
പലിശ നിരോധിക്കുകയും ദാനം നിര്‍ബന്ധമാക്കുകയും ചെയ്ത ഖുര്‍ആന്റെ സംവിധാനം ഏറെ ശാസ്ത്രീയവും ആധുനികവുമാണെന്ന് കാണാന്‍ പ്രയാസമില്ല. ഇത് സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായി ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നു. സമ്പത്തിന്റെ വിതരണത്തിനും വികേന്ദ്രീകരണത്തിനുമായി ഖുര്‍ആന്‍ അവതരിപ്പിച്ച സംവിധാനത്തിന്റെ മഹത്വം മനസ്സിലാക്കാന്‍ ഒരു എളുപ്പവഴിയുണ്ട്. ഇതേ ലക്ഷ്യത്തിനായി കമ്യൂണിസം അവലംബിച്ച വഴി പരിശോധിക്കുക. സമ്പത്ത് മുഴുവന്‍ സമൂഹത്തിന്റെ പൊതുഉടമസ്ഥതയിലേക്ക് എന്ന പേരില്‍ സ്റ്റേറ്റ് ഉടമസ്ഥതയിലേക്ക് മാറ്റി. കൂടുതല്‍ കഠിനമായ സമ്പദ്‌കേന്ദ്രീകരണത്തിലേക്കും തുടര്‍ന്ന് നാശത്തിലേക്കുമാണതെത്തിച്ചത്.
ഖുര്‍ആന്‍ അവതരിപ്പിച്ച മറ്റൊരു അടിസ്ഥാന സാമ്പത്തികാശയം ഉല്‍പാദന-ഉപഭോഗസന്തുലനമാണ്. ഇതിലൂടെ ഖുര്‍ആന്‍ പഠിപ്പിച്ചുതരുന്ന വെല്‍ഫെയര്‍ എക്കണോമിക്‌സ് (ക്ഷേമധനശാസ്ത്രം) ഈ കാലത്തെ സമ്പദ്ശാസ്ത്രവിദഗ്ധര്‍ക്കുപോലും വളരെ നവീനമാണ്. ഇതോടൊപ്പം സമ്പത്തികസദാചാരത്തിന്റെ ഒരു വലിയ പട്ടിക തന്നെ ഖുര്‍ആന്‍ മുഹമ്മദ് നബിക്ക് നല്‍കിയിട്ടുണ്ട്. പതിനാലു നൂറ്റാണ്ടുകള്‍ക്കു മുമ്പ് അറേബ്യന്‍സമൂഹത്തില്‍ ജീവിച്ച മുഹമ്മദ് നബിക്ക് ഇതെല്ലാം മനസ്സിലാക്കാന്‍ കഴിഞ്ഞുവെന്നോ? അചിന്ത്യം!?