- ശൈഖ് സല്‍മാനുല്‍ ഔദ
നാല് ഇമാമുകളുടെയും ഇസ്ലാമിക നിയമങ്ങളുടെ വിശകലനത്തിനുള്ള മൂലസ്രോതസ്സുകള്‍ ഒന്നു തന്നെയായിരുന്നു. ഖുര്‍ആനും സുന്നതും മുസ്ലിം ലോകത്തിന്റെ ഏകോപിതാഭിപ്രായ(ഇജ്മാഅ്)വുമായിരുന്നു പ്രസ്തുത സ്രോതസ്സുകള്‍. ളാഹിരി പണ്ഡിതന്മാരൊഴികെയുള്ള പണ്ഡിതന്മാര് ഖിയാസിനെയും ഒരു നിയമ സ്രോതസ്സായി സ്വീകരിച്ചു. പ്രവാചകന്റെയും സ്വഹാബാക്കളുടെയും കാലത്ത് ഇല്ലാതിരുന്ന, പിന്നീട് ഉയര്ന്നുവന്നപ്രശ്നങ്ങളില് ഈ രീതിയിലൂടെയായിരുന്നു അവര്‍ ഇസ്ലാമിക വിധികള്‍ കണ്ടെത്തിയിരുന്നത്. ഈ മൂന്ന് നിയമസ്രോതസ്സുകളുടെയും വിശദാംശങ്ങളിലും അതുള്‍ക്കൊള്ളുന്ന നിയമ വശങ്ങളിലുമായിരുന്നു പണ്ഡിതന്മാര്ക്കിടയില് അഭിപ്രായവ്യത്യാസം നിലനിന്നിരുന്നത്. അതുപോലെ ഖിയാസിന്റെ രീതിശാസ്ത്രത്തിലും അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായിരുന്നു. നാല് ഇമാമുമാര്‍ക്കും നിയമങ്ങള്‍ നിര്‍ധാരണം ചെയ്ത് വിധി പറയുന്നതില്‍ തങ്ങളുടേതായ തനതുരീതിശാസ്ത്രം ഉണ്ടായിരുന്നു. അതിന്റെ അടിസ്ഥാനമെന്തെന്ന് അവര്‍ തന്നെ പറയുകയോ അതല്ലെങ്കില്‍ അവരുടെ അഭിപ്രായപ്രകടനങ്ങളില്‍നിന്ന് ഉരുത്തിരിച്ചെടുക്കുകയോ ചെയ്തിട്ടുണ്ട്. ഇമാം മാലികി(റ)നെ സംബന്ധിച്ചിടത്തോളം മദീനയിലെ ജനങ്ങളുടെ ജീവിതരീതികളും, അവരുടെ സമ്പ്രദായങ്ങളും ഇസ്ലാമിക നിയമത്തിന്റെ ഒരു സ്രോതസ്സായിരുന്നു. മദീന നിവാസികളുടെ ചെയ്തികള്‍ പ്രവാചകസുന്നത്തിന്റെ ഒരു ഭാഗം തന്നെയാണെന്ന് അദ്ദേഹം വിശ്വസിച്ചു. കാരണം പ്രവാചകന്റെ ചെയ്തികളെ പിന്തുടര്ന്നാണ് മദീന നിവാസികള്‍ അത് പഠിച്ചത്. അതിനാല്‍ മദീന നിവാസികളുടെ ചെയ്തികളെ അദ്ദേഹം ഇസ്ലാമിന്റെ ഒരു നിയമസ്രോതസ്സായി പരിഗണിച്ചു. ഖിയാസിനെക്കാളും ഏകനിവേദകഹദീസിനേക്കാളും ശക്തമായ തെളിവായി ഇമാം മാലിക്(റ) കണ്ടത് മദീനവാസികളുടെ സമ്പ്രദായങ്ങളെയായിരുന്നു. ഈജിപ്തിലെ ന്യായാധിപനായിരുന്ന ലയ്സ് ബ്നു സഅദിന് ഇമാം മാലിക്(റ) ഒരിക്കല്‍ എഴുതി. ‘പ്രവാചകന്റെ നാട്ടിലെ സമൂഹത്തിന്റെ നടപടികള്‍ക്കു വിരുദ്ധമായ വിധികള്‍ താങ്കള്‍ പുറപ്പെടുവിക്കുന്നതായി നമ്മുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. നാം ജീവിച്ചുകൊണ്ടിരിക്കുന്ന മദീനയിലെ ജനങ്ങളെ പിന്പറ്റിയവരാണ് ഇവിടത്തുകാര്‍. പ്രവാചകനും കൂട്ടരും പലായനം ചെയ്തെത്തിയതും വിശുദ്ധ ഖുര്‍ആന്‍ അവതരിക്കപ്പെട്ടതുമായ പട്ടണമാണിത്. അങ്ങനെയുള്ള ഈ മദീന നഗരത്തില്‍ ഇവിടത്തെ ജനങ്ങള്‍ പൊതുവായി എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യുന്നുണ്ടെങ്കില്‍ അതിനു വിരുദ്ധമായി എന്തെങ്കിലും ചെയ്യാന്‍ ആര്‍ക്കും അവകാശമില്ല.’ ഇതിന് മറുപടിയായി ലയ്സ് മാലികി(റ)ന് എഴുതി. അതില്‍ ഇമാം മാലികിന്റെ വീക്ഷണത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമായ തന്റെ രീതിശാസ്ത്രം അദ്ദേഹം സമര്‍പ്പിച്ചിരുന്നു. ‘മദീനയിലെ ജനങ്ങള്‍ മൊത്തത്തില്‍ പ്രവാചക അനുയായികളുടെ പിന്തുടര്ച്ചക്കാരായിരുന്നുവെന്നത് ശരിതന്നെ. പ്രവാചകനോടൊപ്പം ജീവിച്ച് നമ്മില്‍ നിന്ന് മണ്മറഞ്ഞ, ആ സമൂഹത്തിനേ പ്രസ്തുത അപ്രമാദിത്വം നല്കാന് കഴിയൂ. കാരണം ആ സമൂഹത്തിലേക്കായിരുന്നു ഖുര്‍ആന്‍ അവതരിച്ചിരുന്നത്. അവരുടെ കാലശേഷം മദീനാ നിവാസികളില്‍ പലരും പല ദിക്കുകളിലേക്കു ചിതറി പോവുകയും അവര്‍ തന്നെ പല വിഷയങ്ങളിലും അഭിപ്രായവ്യത്യാസം പുലര്ത്തുന്നവരുമായിത്തീര്ന്നിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ മദീനയിലെ ജനങ്ങളുടെ ചര്യ മറ്റൊന്നാണെന്ന കാരണം ചൂണ്ടി, ഏകനിവേദകഹദീസുകളെ തള്ളിക്കളയുന്നത് ഭൂഷണമല്ല.’ ഇതായിരുന്നു ലൈയ്സ് ഇമാം മാലികിന് അയച്ച മറുപടി. മദീനയിലെ ജനങ്ങളുടെ ചര്യയെ ഒരു നിയമസ്രോതസ്സായി സ്വീകരിക്കുക എന്ന ഇമാം മാലികിന്റെ മേല്പറഞ്ഞ വീക്ഷണത്തോട് വിയോജിച്ചുകൊണ്ട് വ്യത്യസ്തനിയമങ്ങള്‍ മാലികി മദ്ഹബില്‍ ഉടലെടുക്കുകയുണ്ടായി. ഉദാഹരണത്തിന് മാതാവല്ലാത്ത ഒരു സ്ത്രീ ഒരു ശിശുവിനെ ഒന്നോ രണ്ടോ പ്രാവശ്യം മാത്രമാണ് മുലയൂട്ടിയിട്ടുള്ളതെങ്കില് പോലും അവര്‍ ആ കുട്ടിയുടെ വളര്ത്തുമാതാവായി പരിഗണിക്കപ്പെടുകയും അവര്‍ മുലയൂട്ടിയ മറ്റു സന്താനങ്ങളുമായി പ്രസ്തുത ശിശുവിന് വിവാഹം നിഷിദ്ധമാക്കപ്പെടുകയും ചെയ്യും എന്നായിരുന്നു ഇമാം മാലികിന്റെ അഭിപ്രായം. കാരണം ഒരു സ്ത്രീ ഒരു കുട്ടിയെ കുറഞ്ഞത് പത്തുപ്രാവശ്യമെങ്കിലും വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ മുലയൂട്ടണമെന്ന ആയിശ (റ) റിപോര്‍ട്ടു ചെയ്ത ഒരു ഹദീസ് മാലിക് (റ) സ്വീകരിക്കാന്‍ തയ്യാറായിരുന്നി്ല്ല. അതിനദ്ദേഹം പറഞ്ഞ കാരണം, മദീനാവാസികളുടെ സമ്പ്രദായവുമായി ഈ ഹദീസ് ഒത്തുപോകുന്നില്ല എന്നതായിരുന്നു. ഇതു പോലെ, രണ്ടു കൂട്ടര്‍ക്കിടയില്‍ ഒരു കച്ചവട സംബന്ധമായ കരാര്‍ നടക്കുമ്പോള്‍, ഏതുസ്ഥലത്തുവെച്ചാണോ കരാറിലേര്‍പ്പെടുന്നത് അവിടെവെച്ച് ആ കരാറില്‍ നിന്ന് പിന്മാറാനോ കരാര്‍ അസാധുവാക്കാനോ കഴിയില്ലെന്നായിരുന്നു ഇമാം മാലികി(റ)ന്റെ അഭിപ്രായം. അതിനദ്ദേഹം പറഞ്ഞ ന്യായം, ഇത്തരമൊരു രീതി മദീനക്കാര്‍ക്കിടയില്‍ പതിവില്ലാത്തതിനാല്‍ കരാറില്‍ നിന്ന് പിന്മാറാന് എന്തെങ്കിലും അനിവാര്യകാരണങ്ങള് താന്‍ കാണുന്നില്ലെന്നായിരുന്നു. മദീനക്കാരുടെ ചെയ്തികളും അവരുടെ നടപടിക്രമങ്ങളും ഇസ്ലാമിന്റെ നിയമപ്രമാണമായി സ്വീകരിക്കാന്‍ മാത്രം പ്രാധാന്യം നല്‍കുന്നുവെന്നതിന്റെ പേരില്‍ അക്കാലത്തെ പല ഫുഖഹാക്കളും ഇമാം മാലികി(റ)നെ വിമര്‍ശിച്ചിട്ടുണ്ട്്. കാരണം, മദീനയിലെ ജനങ്ങള്‍ മാത്രമല്ല, പടിഞ്ഞാറന്‍ അറേബ്യയിലും ഇറാഖിലും ഈജിപ്തിലും സിറിയയിലുമെല്ലാം ജനങ്ങള്‍ ഇതു പോലെ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ മദീനക്കാര്‍ക്ക് മാത്രമായി എന്താണ് പ്രത്യേകത എന്നായിരുന്നു അവരുടെ ചോദ്യം. മാത്രമല്ല, മുസ്ലിം പണ്ഡിതന്മാര്ക്കിടയില് തന്നെ അഭിപ്രായവ്യത്യാസമുള്ള കാര്യങ്ങളില്‍ ചിലരുടെ ചെയ്തികളെ ഒരു തെളിവായി സ്വീകരിക്കുന്നതു ശരിയല്ലെന്നായിരുന്നു അവരുടെ അഭിപ്രായം. ഇസ്ലാമിക നിയമത്തിനുള്ള തെളിവുകള്‍ തീര്‍ച്ചയായും പ്രവാചകന്റെ സുന്നത്തില്‍ നിന്നായിരിക്കണമെന്ന് അവര്‍ ശഠിച്ചു. വര്‍ഷങ്ങളോളം ഇസ്ലാമിക പണ്ഡിതര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു മേല്‍വിഷയം. നൂറ്റാണ്ടുകള്‍ക്കു ശേഷം ഇമാം ഇബ്നു തൈമിയ്യ മദീനാ നിവാസികളുടെ നടപടിക്രമം എന്ന പേരില്‍ ഒരു പുസ്തകം തന്നെ എഴുതുകയുണ്ടായി. ഇമാം മാലികി(റ)ന്റെ ഈ തത്ത്വവും അതിനെതിരെ അക്കാലത്തും പില്ക്കാലത്തും ഉയര്‍ന്നു വന്ന എതിരഭിപ്രായങ്ങളുമാണ് പ്രസ്തുതപുസ്തകത്തിന്റെ ഉള്ളടക്കം. ഇമാം ഇബ്നു തൈമിയ്യ(റ)യുടെ ശിഷ്യന് ഇബ്നുല്‍ ഖയ്യിമും ഈ വിഷയത്തില്‍ വളരെയധികം തൂലികചലിപ്പിച്ചിട്ടുള്ള ഒരു പണ്ഡിതനാണ്. സത്യത്തില്‍ മദീനക്കാരുടെ ചെയ്തിയെ ഇസ്്ലാമിക നിയമസ്രോതസ്സുകളില്‍ ഉള്‍പ്പെടുത്തുകയെന്നത് ഇമാം മാലിക് (റ)മാത്രം അവലംബിച്ച രീതിയല്ല എന്നതും ശ്രദ്ധേയമായ കാര്യമാണ്്. ഒരു വിഷയത്തില്‍ തുല്യ രീതിയില്‍ രണ്ട് പരിഹാര നിര്‍ദേശങ്ങള്‍ വരുമ്പോള്‍ അതില്‍ കൂടുതല്‍ യോജിക്കുന്നത് ഏതെന്ന് പരിശോധിക്കാന്‍ മദീനക്കാരുടെ ചെയ്തിയെ അവലംബിക്കുന്ന രീതി ഇമാം മാലികി(റ)നെ കൂടാതെ മറ്റു മദ്ഹബീഇമാമുമാരും അനുവര്‍ത്തിച്ചിട്ടുണ്ട്. ഉദാഹരണത്തിന് ഹനഫീ പണ്ഡിതനായിരുന്ന അബൂ യൂസുഫ് മാലികി(റ)ന്റെ അതേ രീതി തന്നെ അവലംബിച്ച ഒരു സന്ദര്‍ഭത്തെക്കുറിച്ച് അദ്ദേഹം തന്നെ വാചാലനാകുന്നുണ്ട്. ബാര്‍ലി, ഗോതമ്പു പോലുള്ള ഉണങ്ങിയ ധാന്യങ്ങളുടെ അളവു കണക്കാക്കപ്പെട്ടത്് സ്വാഅ്് എന്ന ഒരു ഏകകത്തിലാണ്. പ്രവാചകകാലത്ത് ഒരു സ്വാഅ് എന്നു പറഞ്ഞാല്‍ ഒരു ഒത്ത മനുഷ്യന്റെ രണ്ടുകൈപിടിയില് ഒതുങ്ങുന്ന ധാന്യമാണ്. ഇറാഖിലെ ജനങ്ങളുടെ അളക്കാന്‍ ഉപയോഗിച്ചിരുന്ന അളവു രീതി റിത്ല് ആയിരുന്നു. ഇറാഖിലെ അളവ് രീതിയുമായി പൊരുത്തുപ്പെടുത്താന് ഇമാം അബൂ യുസുഫിന് മാലികി(റ)ന്റെ അഭിപ്രായത്തെ സ്വീകരിക്കേണ്ടിവന്നു. പിന്നീട് ഹന്ബലി, ശാഫി മദ് ഹബുകളൊക്കെയും ഈ രീതി തന്നെയാണ് സ്വാഅിന്റെ യഥാര്‍ത്ഥ മൂല്യം കണ്ടെത്താന്‍ അവലംബിച്ചത്. തങ്ങളുടെ പ്രദേശങ്ങളില്‍ സുപരിചിതമായ അളവിലേക്കു അതിനെ പരിവര്‍ത്തിപ്പിക്കണമെങ്കില്‍ മദീനയില്‍ അന്ന് നിലവിലുണ്ടായിരുന്ന സമ്പ്രദായമായ സ്വാഇന്റെ യഥാര്‍ത്ഥ അളവ് എത്രയൊണെന്ന് അറിയല്‍ അവര്ക്ക്് അനിവാര്യമായിരുന്നു. . ഒരു സ്വാഅ് എന്നാല്‍ ഇറാഖിലെ തൂക്കസൂചികയായ എട്ട് റിത്തലിനു തുല്യമാണെന്നാണ് ഇമാം അബൂ ഹനീഫ(റ) ഗണിച്ചിരുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ ശിഷ്യനായ അബൂ യൂസുഫ് കാലങ്ങള്‍ക്കു ശേഷം ഹജ്്ജ് യാത്രാമധ്യേ മദീനയില്‍ ഇറങ്ങുകയും പ്രവാചകന്റെ സ്വാഅ് യഥാര്‍ത്ഥത്തില്‍ എത്രയുള്ള അളവാണെന്ന് പരിശോധിക്കുകയും ചെയ്തു. അദ്ദേഹം പറയുന്നു:’ എന്നെ അലട്ടിക്കൊണ്ടിരിക്കുന്ന ഒരു കാര്യത്തില്‍ മതപരമായ അറിവു നേടാന്‍ അതേകുറിച്ച് അന്വേഷിക്കാന്‍ ഞാന്‍ തീരുമാനിച്ചു. അങ്ങനെ ഞാന്‍ മദീനയിലൂടെ സഞ്ചരിച്ചു മദീനക്കാരോട് സ്വാഅ് എന്ന അളവിനെ കുറിച്ച് അന്വേഷിച്ചു. അവര്‍ പറഞ്ഞു:’ഞങ്ങളുടെ സ്വാഅ് എന്നു പറഞ്ഞാല്‍ പ്രവാചകന് തിരുമേനി ഉപയോഗിച്ചു കാണിച്ചുതന്ന ഈ അളവാണ്’. ‘അതിന് എന്താണ് നിങ്ങളുടെ അടുക്കലുള്ള തെളിവ്?’ ഞാന്‍ തിരക്കി. അവര്‍ പറഞ്ഞു:’ തെളിവ് ഞങ്ങള്‍ നാളെ കൊണ്ടുവരാം’. അടുത്ത ദിവസം അവര്‍ വന്നു. അമ്പതു മുതിര്‍ന്ന ആളുകളുമായാണ് അവര്‍ വന്നത്. ആ അമ്പതു പേരും പ്രവാചന് തിരുമേനിയുടെ സ്വഹാബാക്കളുടെ മക്കളായിരുന്നു. ഒരോരുത്തരും അവരവരുടെ കൈയ്യില്‍ ഒരു സ്വാഅ് ധാന്യം കരുതിയിരുന്നു. ആ അമ്പതു പേരും അവരുടെ പിതാക്കളോടോ സ്വന്തക്കാരോടു അന്വേഷിച്ചു അതുതന്നെയാണ് പ്രവാചകന് കാണിച്ചു തന്ന സ്വാഅ് എന്നു ഉറപ്പു വരുത്തിയിട്ടാണ് വന്നത്. അവര്‍ കൊണ്ടുവന്ന പാത്രങ്ങള്‍ ഞാന്‍ പരിശോധിച്ചു. എല്ലാവരും കൊണ്ടു വന്ന സ്വാഅ് എല്ലാം ഒരേ അളവു തന്നെ. ഞാന്‍ ഓരോ സാഉം പരിശോധിച്ചുറപ്പിച്ച ശേഷം അതിനെ റത്തലുമായി കണക്കുകൂട്ടി നോക്കി. അങ്ങനെ നോക്കുമ്പോള്‍ 5 1/3 റത്തല്‍ അളവിനു തുല്യമാണ് ഒരു സാഅ് എന്നു ഞാന്‍ മനസ്സിലാക്കി. ഇതാണ് ഈ വിഷയത്തില്‍ യഥാര്‍ത്ഥ തെളിവെന്നു അതോടെ എനിക്കു ബോധ്യമായി. അതിനാല്‍ ഇമാം അബൂഹനീഫയുടെ അഭിപ്രായം ഞാന്‍ ഉപേക്ഷിക്കുന്നു. മാത്രമല്ല മദീനയിലെ ജനങ്ങളുടെ അഭിപ്രായത്തെ ഞാന്‍ സ്വീകരിക്കുന്നു’