ഉമ്മ

പേര് ചക്കമ്മ, വയസ്സ് തൊന്നൂറ്, പെറ്റിട്ടത് ആറെണ്ണം, ഇളയ മകന്‍ സുരേന്ദ്രന്റെ വീട്ടുവളപ്പിലെ ഒരു ഷെഡിലായിരുന്നു ഇന്നലെ വരെ താമസം. മലമൂത്ര വിസര്‍ജ്യത്തോടെ അവശനിലയില്‍ കിടന്നിരുന്ന അവരെ പോലീസ് നിര്‍ദേശപ്രകാരം മക്കളും പേരക്കുട്ടിയും ചേര്‍ന്ന് കുളിപ്പിച്ച് വസ്ത്രം ധരിപ്പിച്ചത്രെ. അനേകം വാര്‍ത്തകളില്‍ വാര്‍ത്താപ്രസക്തി നഷ്ടപ്പെട്ട ഒരു വാര്‍ത്ത മാത്രമാണിത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ജാനകിയമ്മയെ പരിചയപ്പെട്ടിരുന്നു. എണ്‍പത്തിയാറ് കഴിഞ്ഞിരുന്നു അന്നവര്‍ക്ക്. തവനൂര്‍ ഔള്‍ഡേജ് ഹോമിലെ ഏറ്റവും പ്രായം കൂടിയ അന്തേവാസി. ശരീരം പ്രായത്തേക്കാള്‍ ശോഷിച്ചിരുന്നു. കണ്ണുകള്‍ കുഴിഞ്ഞ് ഉള്ളിലേക്കിറങ്ങിയിട്ടുണ്ടെങ്കിലും പഴയകാല പ്രതാഭത്തിന്റെ പ്രസരിപ്പ് അവിടെ കാണാമായിരുന്നു. ചുക്കിച്ചുളിഞ്ഞ തൊക്കുകള്‍ അടങ്ങിയിരിക്കാന്‍ വിസമ്മതിച്ച് തൂങ്ങിയാടികൊണ്ടിരുന്നു. ഈ സന്ധ്യയില്‍ തനിച്ചായിപ്പോയ ജാനകയമ്മ നൊന്ത് പെറ്റത് ആണും പെണ്ണുമായി പത്തു മക്കളെ. ഏതോ ദുരന്ത കഥയിലെ നായികയായി അവരിന്ന് ജീവിച്ചിരിപ്പുണ്ടൊ എന്നറിയില്ല.

അമ്മമാരുടെ ഈ നിര ഇവിടെ അവസാനിക്കുന്നില്ല. റെയില്‍വേ മേല്‍പാലത്തിന് ചുവടെ അന്തിയും പകലും നിശ്ചലമായുറങ്ങുന്ന അമ്മമാരില്‍ കണ്ണുടക്കിയിട്ടുണ്ട്, ഒരുപാട് തവണ. ട്രാഫിക്കില്‍ സിഗ്നലും കാത്ത് നില്‍ക്കുന്ന ആഡംബര കാറുകളുടെ വിന്റോകളില്‍ മുട്ടി നാണയ തുട്ടുകള്‍ക്കായി യാചിക്കുന്ന അവര്‍ എന്നെങ്കിലും സ്വന്തം മകന്റെ/മകളുടെ കാറില്‍ അറിയാതെ മുട്ടിയിട്ടുണ്ടൊ ആവൊ.

mother-

നമ്മുടെ മാതാക്കള്‍

എവിടെയാണ് നമുക്ക് പിഴച്ച് പോയത്?
ക്ഷീണിച്ചവശയായ ഉമ്മയെയും തോളിലേറ്റി മരുഭൂമി മുഴുവന്‍ താണ്ടി ഉമ്മയോടുള്ള തന്റെ കടപ്പാട് പൂര്‍ത്തിയായൊ എന്ന ചോദിച്ച അനുചരനോട് പ്രവാചകന്‍ പറഞ്ഞത് പ്രസവ സമയത്തെ ഒരു ഞെരക്കത്തോളം അതായിട്ടില്ല എന്നായിരുന്നല്ലോ. എന്ന് പഠിപ്പിച്ചതും പ്രവാചകന്‍. ദൈവ മാര്‍ഗത്തിലെ സമരത്തേക്കാളും പവിത്രമാണതെന്ന് പഠിപ്പിച്ചതും മറ്റാരുമല്ല.
എന്നിട്ടും, എവിടെയാണ് നമുക്ക് പിഴച്ച് പോയത്?

ധാര്‍മികത പണ്ടത്തെപോലെ പഥ്യമല്ല നമുക്ക്. ആധുനികതയുടെ മത്സരയോട്ടത്തിനിടയില്‍ എങ്ങോ അത് കൈമോശം വന്നിരിക്കുന്നു. സദാചാരമെന്നത് നമുക്കിന്നൊരു അശ്ലീല വാക്കാണ്. പുതിയ പുതിയ ജീവിത സങ്കല്‍പ്പങ്ങളാണ്. അങ്ങനെയാണല്ലോ പുതിയതിനെ കൊള്ളുകയും പഴയതിനെ തള്ളുകയും വേണം. മുന്‍കാല ഉപയോഗങ്ങളെ കുറിച്ചാലോചിച്ച് തലപുണ്ണാക്കരുത്. ഉപയോഗം കഴിഞ്ഞാല്‍ പിന്നെ വെച്ചേക്കരുത്. വലിച്ചെറിയണം, വാട്ടെവര്‍ ഇറ്റീസ്…!!

Related Post