ബാലലൈംഗിക പീഡനം: ചില മുന്‍ കരുതലുകള്‍
‘അതൊരു ദുസ്വപ്‌നം പോലെയായിരുന്നു. ഞാന്‍ തീരെ ചെറുതായിരിക്കുമ്പോഴാണ് അത് സംഭവിച്ചത്. അന്നെനിക്ക് എത്ര വയസ്സുണ്ടെന്നു പോലും ഓര്‍മ്മയില്ല. എന്റെ മാതാപിതാക്കള്‍ എന്നെ അവരുടെ വീട്ടില്‍ കൊണ്ടു ചെന്നാക്കുമായിരുന്നു. അവിടെ വരാറുണ്ടായിരുന്ന ഒരു അകന്ന ബന്ധു വീട്ടിലെ ഒരു ഇരുട്ടു മുറിയിലേക്കു കൂട്ടിക്കൊണ്ടു പോകും. കളിക്കുകയാണെന്നാണ് അയാള്‍ പറയുക. വളരെ വൈകിയാണ് അയാളെ മനസ്സിലാക്കാനായത്. മാതാപിതാക്കളോടു തുറന്നു പറയാന്‍ ഞാന്‍ മടിച്ചു. അതേ കുറിച്ചോര്‍ക്കുമ്പോള്‍ ഇപ്പോഴും പേടിയാണ്.’ കുഞ്ഞു നാളില്‍ തനിക്കേറ്റ ലൈംഗിക പീഡനത്തിന്റെ കറുത്ത നൊമ്പരങ്ങള്‍ പങ്കുവയ്ക്കുകയാണ് ഒരു യുവതി. സമാനമായ അനുഭവങ്ങള്‍ നാനാ കോണില്‍ നിന്നും ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ കുട്ടികള്‍ക്കെതിരെ മുതിര്‍ന്നവരില്‍ നിന്നുണ്ടാകുന്നു. ഇവിടെ മാതാപിതാക്കളാണ് കൂടുതല്‍ ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തേണ്ടത്.
കുട്ടികള്‍ കള്ളം പറയില്ല
കുട്ടികള്‍ കള്ളം പറയില്ലെന്നത് ഒരു പൊതുതത്ത്വമാണ്. അവര്‍ ഒരു കാര്യം പറയാന്‍ ശ്രമിക്കുമ്പോള്‍ ഉദാഹരിക്കുകയും താരതമ്യം ചെയ്യുന്നതുമായ കഥകള്‍ ഭാവനകളല്ല. ജീവിതത്തില്‍ എപ്പോഴെങ്കിലും സംഭവിച്ച കാര്യങ്ങളില്‍ നിന്നാണ് അവ വരുന്നത്. കുട്ടികള്‍ പറയുന്ന കഥകള്‍ ഭാവനയാണെന്ന് മാതാപിതാക്കള്‍ കരുതുന്നു. ശരിയാണ് കുട്ടികള്‍ക്ക് നല്ല ഭാവനയുണ്ട്. എന്നാല്‍ അവരുടെ ഭാവനകള്‍ യഥാര്‍ത്ഥ കഥകളില്‍ നിന്നും സംഭവങ്ങളില്‍ നിന്നും ഉണ്ടാകുന്നതാണ്. ഒരു തുമ്പിയെ നേരില്‍ കാണാതെ അവര്‍ ഒരിക്കലും അതെക്കുറിച്ച് വിവരിക്കില്ല. കുട്ടികള്‍ തങ്ങള്‍ കണ്ട കാര്യങ്ങളില്‍ പൊടിപ്പും തൊങ്ങലും ചേര്‍ക്കുന്നുണ്ടാകാം. എന്നാല്‍ യാഥാര്‍ത്ഥ്യത്തിന്റെ ലോകത്തു നിന്നാണ് അവര്‍ അതിനെ കുറിച്ചു പഠിക്കുന്നത്. അതിനാല്‍ കുഞ്ഞുങ്ങള്‍ പറയുന്ന കാര്യങ്ങള്‍ വളരെ ശ്രദ്ധിച്ചു കേള്‍ക്കുകയും അവയില്‍ മറ്റുള്ളവരുടെ അസാധാരണമായ സാമീപ്യവും സമീപനവും പരാമൃഷ്ടമെങ്കില്‍ തീര്‍ച്ചയായും കുഞ്ഞിനെ കുറിച്ചു കൂടുതല്‍ ജാഗ്രത പുലര്‍ത്തണം.
ആരെ വിശ്വസിക്കണം ?
കുട്ടികള്‍ക്കെതിരിലുള്ള അതി സങ്കീര്‍ണ്ണമായ ആക്രമണമാണ് ലൈംഗികാതിക്രമം. തന്നെ ഉപദ്രവിച്ച ആളെ കുറിച്ചു പറയുമ്പോള്‍ തന്നെ കുട്ടിക്ക് വലിയ കുറ്റബോധവും ലജ്ജയുമുണ്ടാകാം. എന്താണ് സംഭവിച്ചതെന്ന് കൃത്യമായി പറയാന്‍ കഴിയാതെ വരാം. പ്രധാന കാര്യം, ഇത്തരം ആക്രമണങ്ങള്‍ പലപ്പോഴും സംഭവിക്കുന്നത് നമുക്ക് നല്ല വിശ്വാസമുള്ളവരില്‍ നിന്നായിരിക്കുമെന്നതാണ്. അയാളോടുള്ള വെറുപ്പ് എല്ലാവരോടുമുള്ള വെറുപ്പും വിദ്വേഷവുമായി പരിവര്‍ത്തിക്കപ്പെട്ടേക്കാം.
ഇരകള്‍ അപലപിക്കപ്പെടുന്നു
ഇത്തരം സന്ദര്‍ഭങ്ങളില്‍ പീഡനത്തിന് ഇരകളാകുന്ന കുട്ടികള്‍ അപലപിക്കപ്പെടുന്ന പ്രവണതയുമുണ്ട്. അവര്‍ ഒരു തെറ്റും ചെയ്തിട്ടില്ലെങ്കില്‍ കൂടിയും. ഇത്തരം സന്ദര്‍ഭങ്ങളില്‍ അവരെ നിന്ദിക്കുകയോ ശകാരിക്കുന്നതിനോ പകരം അവര്‍ക്ക് വേണ്ടത്ര ആശ്വാസവും സുരക്ഷിതത്വവും നല്‍കണം. അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ മാതാപിതാക്കള്‍ സന്നദ്ധരാകണം. ലൈംഗികമായ കാര്യങ്ങള്‍ കുട്ടികള്‍ പറയാന്‍ മുതിരുന്നുവെങ്കില്‍ അത് കേള്‍ക്കാന്‍ തയ്യാറാവുകയും അവരെ പറയാന്‍ അനുവദിക്കുകയും ചെയ്യുക. അവരുടെ മനസ്സില്‍ ഉള്ളത് പുറത്തു വരാന്‍ അനുവദിക്കുക. നടന്നുപോയ അനിഷ്ടകരമായ സംഭവത്തിന് താനാണ് ഉത്തരവാദിയെന്ന് കുട്ടിക്ക് കുറ്റബോധം ഉണ്ടാകാന്‍ അവസരം നല്‍കരുത്. അതിന്റെ പേരില്‍ കുട്ടിയെ മോശമായികാണുന്ന പ്രവണതയും ഉണ്ടാകവതല്ല.
കുട്ടിയെ പീഡിപ്പിക്കുന്നവര്‍ സ്വാഭാവികമായും അത് പുറത്തു പറയരുതെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തുും. അതിനാല്‍ കുട്ടി പലപ്പോഴും പറയാതിരിക്കുകയായിരിക്കും പതിവ്. എന്നാല്‍ അറിയാതെ പുറത്തുപറയുന്നകാര്യങ്ങളിലൂടെ മതാപിതാക്കള്‍ സംഭവത്തിന്റെ വിശദാംശങ്ങളിലേക്ക് എത്തിപ്പെടാനാണ് ശ്രമിക്കേണ്ടത്. തന്റെ മാതാപിതാക്കളുടെ അടുത്ത് സുരക്ഷയുണ്ടെന്ന് വന്നാല്‍മാത്രമേ കുട്ടികള്‍ കാര്യങ്ങള്‍ തുറന്നുപറയുകയുള്ളൂ.
അനന്തര ഫലം
പീഡനത്തിരയാകുന്ന കുട്ടികള്‍ പലപ്പോഴും വിഷാദത്തിന് അടിപ്പെടാറുണ്ട്. വളരെ നേരത്തെയാണെങ്കില്‍ അവരെ രക്ഷപ്പെടുത്തിയെടുക്കാന്‍ മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. എല്ലാവരെയും അനാവശ്യമായി സംശയിക്കേണ്ടതില്ല. എന്നാല്‍ അന്യരോടൊപ്പം കുട്ടി തനിച്ചാകുന്ന സന്ദര്‍ഭങ്ങള്‍ ഒഴിവാക്കുക.
താഴെ കാണുന്ന ലക്ഷണങ്ങള്‍ കാണുന്നുണ്ടെങ്കില്‍ കുട്ടിയെ കൗണ്‍സിലിങിന് വിധേയമാക്കണം
1.നടക്കാനും ഇരിക്കാനും പ്രയാസമുണ്ടാകുക
2.കുട്ടിയുടെ പ്രായത്തിന് ചേരാത്ത രീതിയില്‍ സെക്‌സിനോടു താല്‍പ്പര്യമുള്ള ചേഷ്ടകള്‍ കാണിക്കുക
3.മാതാപിതാക്കളുടെ മുമ്പില്‍ വച്ച് വസ്ത്രങ്ങള്‍ മാറാന്‍ മടികാണിക്കുക.
4.പഠനകാര്യങ്ങളില്‍ താല്‍പ്പര്യം കുറയുക.നിസ്സാരകാരണങ്ങള്‍ പറഞ്ഞ് സ്‌കൂളില്‍ പോകാതിരിക്കുക.
5.ക്ലാസില്‍ മാര്‍ക്കു കുറഞ്ഞതിന്റെ പേരില്‍ അധ്യാപകന്‍ നിരന്തരം പരാതിപറയുക.