By:
ഫറോവയുടെ പീഡനത്തില്‍ നിന്നും മൂസാ നബിയുടെ ജനതയെ അല്ലാഹു രക്ഷിക്കുകയുണ്ടായി. പക്ഷെ അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ അവര്‍ നിഷേധിച്ചതിനാല്‍ ദൈവകോപത്തിനിരയാകുകയും ചെയ്തു. ഫറോവക്കെതിരെയുളള അവരുടെ വിപ്ലവം വിജയിക്കുകയുണ്ടായി. പക്ഷെ സ്വയം മാറാന്‍ അവര്‍ സന്നദ്ധത പ്രകടിപ്പിച്ചില്ല, അതിനാല്‍ തന്നെ അവരുടെ അവസ്ഥയില്‍ അല്ലാഹു യാതൊരു പരിവര്‍ത്തനവും സൃഷ്ടിച്ചില്ല, അതോടൊപ്പം ദൈവശിക്ഷക്കവര്‍ പാത്രീപൂതരായി. അല്ലാഹുവിന്റെ വാചകം അവരില്‍ അക്ഷരം പ്രതി നടപ്പിലായി.’ സ്വയം മാറ്റത്തിന് സന്നദ്ധരാകാത്ത കാലത്തോളം അല്ലാഹു ഒരു ജനതയെയും അവരുടെ അവസ്ഥയില്‍ പരിവര്‍ത്തനം സൃഷ്ടിക്കുകയില്ല'(അര്‍റഅദ് 11)
പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ ജനത അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിലയുറപ്പിച്ച കാരണത്താല്‍ സ്വദേശത്ത് നിന്ന് ആട്ടിയോടിക്കപ്പെടുകയും മറ്റൊരു പ്രദേശത്തേക്ക് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാകുകയും ചെയ്തു. അവര്‍ക്കെതിരെ ഖന്‍ദഖ് യുദ്ധവേളയില്‍ സഖ്യകക്ഷികള്‍ ഒന്നിച്ചു നില്‍ക്കുകയും ജൂതന്മാര്‍ വഞ്ചന കാണിക്കുകയും ശത്രുക്കള്‍ ഉപരോധമേര്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍ മൂസാ നബിയുടെ സമൂഹത്തില്‍ നിന്ന് വ്യതിരിക്തമായ നിലപാടാണ് അവര്‍ കൈക്കൊണ്ടത്. അല്ലാഹു വിവരിക്കുന്നു: ‘സത്യവിശ്വാസികള്‍ സംഘടിതകക്ഷികളെ കണ്ടപ്പോള്‍ ഇപ്രകാരം പറഞ്ഞു: ഇത് അല്ലാഹുവും അവന്റെ ദൂതനും ഞങ്ങളോട് വാഗ്ദാനം ചെയ്തിട്ടുള്ളതാകുന്നു. അല്ലാഹുവും അവന്റെ ദൂതനും സത്യമാണ് പറഞ്ഞിട്ടുള്ളത്. അതവര്‍ക്ക് വിശ്വാസവും അര്‍പ്പണവും വര്‍ദ്ധിപ്പിക്കുക മാത്രമേ
ചെയ്തുള്ളൂ’.(അഹ്‌സാബ് 23).
പ്രയാസങ്ങളും പ്രതിസന്ധികളും അഭിമുഖീകരിക്കേണ്ടി വന്നപ്പോള്‍ ഇതെല്ലാം സത്യമാര്‍ഗത്തിലെ ചെറിയ തടസ്സങ്ങള്‍ മാത്രമായാണ് അവര്‍ കണ്ടത്. ഖന്‍ദഖ് യുദ്ധവേളയില്‍ ശത്രുക്കളുടെ ശക്തിയും കുതന്ത്രവും നേരിടേണ്ടി വന്നപ്പോള്‍ അവര്‍ക്ക് ആത്മവിശ്വാസവും സന്നദ്ധതയും വര്‍ദ്ദിക്കുകയാണ് ചെയ്തത്. സഹനശേഷിയും കരുത്തുമുള്ള ഉത്തമ സമുദായമായിട്ടാണ് ഖുര്‍ആന്‍ നമ്മെ വിശേഷിപ്പിക്കുന്നത്. അക്രമവും അനീതിയും നിഷഷേധവും അഭിമുഖീകരിക്കേണ്ടി വന്നപ്പോള്‍ രണ്ടു രീതിയിലുള്ള പോരാട്ടത്തിന് നാം നിര്‍ബന്ധിതരായി. അക്രമ മര്‍ദ്ധനങ്ങള്‍ക്കും അനീതിക്കും സത്യനിഷേധത്തിനുമെതിരെയുള്ള പോരാട്ടമായിരുന്നു ഇതില്‍ ഒന്നാമത്തേത്. ദേഹേഛക്കും പൈശാചിക പ്രേരണകള്‍ക്കടിപ്പെടുന്ന മനസ്സിനോടുമായിരുന്നു രണ്ടാമതായി പോരാടേണ്ടി വന്നത്. എന്നാല്‍ മൂസാ നബിയുടെ ജനത സത്യനിഷേധികളോട് മാത്രമാണ് പോരാടാന്‍ തയ്യാറായത്. പൈശാചിക പ്രേരണകളോടും ദേഹേഛയോടും പോരാടുന്നതില്‍ അവര്‍ പരാജയമടയുകയുണ്ടായി. മാത്രമല്ല, സത്യവിശ്വാസികളോട് ഏറ്റവും ശത്രുതയുള്ള വിഭാഗമാക്കി മാറ്റുകയും അല്ലാഹുവിന്റെ ശാപകോപങ്ങള്‍ക്കവര്‍ ഇരയാകുകയും ചെയ്തു. പൈശാചികതക്കുള്ള ആത്മ സമരത്തിലേര്‍പ്പെട്ടതിനാല്‍ അല്ലാഹു നമ്മെ നന്മകല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്ന ഉത്തമ സമൂഹമാക്കി മാറ്റുകയുണ്ടായി.
വിപ്ലവത്തെ കുറിച്ച ഇസ്‌ലാമിന്റെ യഥാര്‍ഥ കാഴ്ചപ്പാട് ഇവിടെയാണ് വ്യക്തമാകുന്നത്. വിപ്ലവത്തിന്റെ കാതലായ വശമാണ് ആത്മസമരം. ഹസന്‍ ബസരിയോട് ഏറ്റവും വലിയ ജിഹാദ് ഏതാണെന്ന് ചോദിച്ചപ്പോള്‍ നിന്റെ ദേഹേഛകളോടുള്ള പോരാട്ടമാണത് എന്ന് അദ്ദേഹം വ്യക്തമാക്കി. അതിനാലാണ് സ്വന്തത്തെ മാറ്റിപ്പണിയാനാത്തവര്‍ക്ക് വിപ്ലവം സാക്ഷാല്‍കരിക്കാന്‍ സാധിക്കുകയില്ല എന്ന് അല്ലാഹു അസന്നിഗ്ദമായി വ്യക്തമാക്കിയത്. ‘നിങ്ങളുടെ ഭരണാധികാരികളില്‍ നിന്ന് നിങ്ങള്‍ക്കരോചകമായത് വല്ലതും കണ്ടാല്‍ ആ പ്രവര്‍ത്തനത്തെ വെറുക്കുക’ എന്ന് പ്രവാചകനും പഠിപ്പിച്ചത് ഇക്കാരണത്താലാണ്.
വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്