ശിശുപീഡനം !!

 

securedownload  1

children & culture

ശിശുപീഡനം ഇന്നൊരു വാര്‍ത്തയല്ല. അത്തരമൊരു വാര്‍ത്ത വായിക്കുമ്പോള്‍ നമ്മള്‍ക്കിപ്പോള്‍ നിസ്സംഗതയാണു താനും. വീടിന് അകത്തും പുറത്തുമായി ധാരാളം കുട്ടികള്‍ ദിവസവും പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. സംരക്ഷിക്കേണ്ട കൈകള്‍ തന്നെ പീഡകരായി മാറിയിരിക്കുന്നു. താലോലിക്കേണ്ട കൈകളില്‍ക്കിടന്ന് കുഞ്ഞുങ്ങള്‍ പിടഞ്ഞുമരിക്കുന്നു. ഭക്ഷണം കൊടുക്കാതെ കഠിനമായ ജോലികള്‍ ചെയ്യിച്ച് നാം കുരുന്നുകളുടെ ജീവിതം ഇരുട്ടിലാഴ്ത്തുന്നു.
ശാരീകവും വൈകാരികവും ലൈംഗികവുമായ പീഡനം അനുഭവിക്കുന്നവരാണ് കുട്ടികള്‍. വ്യക്തികളാലും സമൂഹത്താലും കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നു. നമ്മുടെ ശിശുക്ഷേമ കേന്ദ്രങ്ങളും അനാഥ അഗതി മന്ദിരങ്ങളും എന്തിന് പള്ളിക്കൂടങ്ങള്‍ പോലും പീഡന കേന്ദ്രങ്ങളായി മാറിയിരിക്കുന്നു. മാതാപിതാക്കള്‍ തന്നെ പീഡകരാവുന്ന ഒരു കാലത്ത് അന്യന്മാരുടെ കഥയെന്തു ചെയ്യാന്‍?

എന്തുകൊണ്ടാണ് കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നത്? അടിച്ചമര്‍ത്തപ്പെട്ട വികാരങ്ങളും ഉള്ളിലൊളിപ്പിച്ച് നടക്കുന്നവര്‍ പ്രായവും ബന്ധവും നോക്കാതെ ഇരയെ കൈക്കലാക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ അസംസ്‌കൃതമായ വികാരങ്ങളുമായി നടക്കുന്നവരില്‍ കുട്ടികളുടെ പിതാവും സഹോദരന്മാരും അധ്യാപകരും അയല്‍വാസികളും ഒക്കെ ഉണ്ടാവും. ഇരയെ എളുപ്പത്തില്‍ ലഭ്യമാക്കാമെന്നുള്ളതും ഏകപക്ഷീയമായി ഇടപെടാമെന്നതും ഈ ക്രൂരകൃത്യത്തിന് കുറ്റവാളികളെ പ്രേരിപ്പിക്കുന്നു. കുട്ടികളാവുമ്പോള്‍ എതിര്‍പ്പുകള്‍ ദുര്‍ബലമാകാമെന്നതും ചെറിയ പ്രലോഭനങ്ങളിലും ഭയപ്പെടുത്തലുകളിലും കാര്യം സാധിക്കാമെന്നതും ശിശുപീഡനത്തിന്റെ അനുകൂല ഘടകങ്ങളാണ്.
ശാരീരിക പീഡനം മൂലമുള്ള ക്ഷതങ്ങളും ശാരീരിക ക്ലേശങ്ങളും ചികിത്സ നല്കി ഭേദമാക്കാന്‍ കഴിയും. എന്നാല്‍ അവയേല്പിക്കുന്ന വൈകാരിക ക്ഷതങ്ങളുടെ അവസ്ഥയെന്താണ്? പലതരം സ്വഭാവ വൈകൃതങ്ങളും മാനസിക പ്രശ്‌നങ്ങളും ഇത്തരം കുട്ടികളില്‍ കണ്ടുവരുന്നു. പില്ക്കാല ജീവിതത്തില്‍ വൈവാഹിക ജീവിതം പോലും അസാധ്യമാകുന്ന തരത്തില്‍ ലൈംഗിക മരവിപ്പ് ഇത്തരം കുട്ടികളില്‍ കണ്ടേക്കാം. പെണ്‍കുട്ടികളാണ് ശാരീരിക പീഡനം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത്.
വൈകാരികമായ പീഡനവും നമ്മുടെ നാട്ടില്‍ കുറവല്ല. കുട്ടിയുടെ വളര്‍ച്ചയും വികാസവും തടയുന്ന പെരുമാറ്റങ്ങളും നിരാകരണവുമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ചീത്ത പറയല്‍, കുറ്റം കണ്ടെത്തല്‍, അമിത സംരക്ഷണം തുടങ്ങിയവയൊക്കെ വൈകാരിക പീഡനങ്ങളാണ്. മാനസിക രോഗങ്ങളും വ്യക്തിത്വ വൈകല്യങ്ങളുമുള്ള മാതാപിതാക്കള്‍, മാതാപിതാക്കള്‍ തമ്മിലുള്ള കലഹങ്ങള്‍, അസ്വസ്ഥമായ കുടുംബാന്തരീക്ഷം, രക്ഷിതാക്കളുടെ കുറ്റവാസന, മദ്യപാനം, ദാരിദ്ര്യം, തൊഴിലില്ലായ്മ ഇവയൊക്കെ വൈകാരിക പീഡനത്തിന് പ്രേരണ നല്കുന്ന ഘടകങ്ങളാണ്.
ശിശുപീഡനത്തോടൊപ്പം കൂട്ടിവായിക്കേണ്ട ഒന്നാണ് അവഗണനയും. രക്ഷിതാക്കളുടെ മനപ്പൂര്‍വമല്ലാത്ത അശ്രദ്ധയും അവഗനയുടെ പരിധിയില്‍ വരും. അവഗണന പലതരത്തിലുണ്ട്. ശാരീരിക അവഗണന, ഭക്ഷണ അവഗണ, സുരക്ഷിതത്വമില്ലായ്മ, ചികിത്സകളും മറ്റു സൗകര്യങ്ങളും നിഷേധിക്കല്‍ എന്നിവയൊക്കെ അവഗണനയുടെ വിവിധ രൂപങ്ങളാണ്.

ശരിയായ ഭക്ഷണവും വസ്ത്രവും പാര്‍പ്പിടവും ഇല്ലാത്ത കുട്ടികള്‍ ഉണ്ട്. ഉച്ചഭക്ഷണം ഇല്ലാതെ മുഷിഞ്ഞുനാറിയ വസ്ത്രങ്ങളുമായി സ്‌കൂളിലെത്തുന്ന കുട്ടികളെ കണ്ടേക്കാം. അവഗണനയുടെ മൂര്‍ത്ത രൂപങ്ങളാണ് ഇത്തരം കുട്ടികള്‍. കുട്ടികള്‍ വളരുന്ന പ്രായത്തില്‍ ശാരീരിക വളര്‍ച്ചക്കും മാനസിക സാമൂഹ്യവളര്‍ച്ചക്കും ഭക്ഷണം ആവശ്യമാണ്. നെഞ്ചുന്തി, വാരിയെല്ലുകള്‍ തെളിഞ്ഞ്, ഉണങ്ങിയ കൈകാലുകളുമായി പട്ടിണിയുടെ പേക്കോലങ്ങളായി വരുന്ന കുട്ടികള്‍ അവഗണനയുടെ തിക്തഫലം വേണ്ടുവോളം അനുഭവിക്കുന്നവരാണ്.
അച്ഛനുമമ്മയും ജോലിക്കു പോകുന്ന കുടുംബങ്ങളിലും കുട്ടികള്‍ അവഗണിക്കപ്പെടുന്നു. സമ്പന്ന വീടുകളിലും ദരിദ്രവീടുകളിലും സമാനമായ അവസ്ഥകള്‍ ഉണ്ട്. ശരിയായ ഭക്ഷണം, സ്‌നേഹം, പരിഗണന, സുരക്ഷിതത്വം എന്നിവയൊക്കെ ഇത്തരം കുട്ടികള്‍ക്ക് നഷ്ടപ്പെടുന്നു. സമ്പന്ന വീടുകളില്‍ വേലക്കാരാല്‍ അവഗണിക്കപ്പെടുന്ന കുട്ടികളുടെ സംഖ്യയും കുറവല്ല. ചെറുപ്പത്തില്‍ തന്നെ ഹോസ്റ്റലുകളില്‍ നിന്ന് പഠിക്കേണ്ടി വരുന്ന കുട്ടികളും അവണനയുടെ ജീവിക്കുന്ന ഉദാഹരണങ്ങളാണ്. മാതാപിതാക്കള്‍ തമ്മിലുള്ള അകല്‍ച്ച, സാമ്പത്തിക പ്രയാസം, കൂടുതല്‍ അംഗസംഖ്യയുള്ള കുടുംബങ്ങള്‍ എന്നിവയൊക്കെ അവഗണനയിലേക്ക് നയിക്കുന്ന കുടുംബ സാഹചര്യങ്ങളാണ്.

പീഡനവും അവഗണനയും കുട്ടികളില്‍ ശാരീരികവും മാനസികവുമായ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു. ബുദ്ധിമാന്ദ്യം, വികസനം മന്ദീഭവിക്കല്‍ എന്നിവ പീഡനത്തിന്റെ ശാരീരിക പ്രത്യാഘാതങ്ങളാണ്. ഭയം, ഉല്‍ക്കണ്ഠ, വിഷാദം പോലെയുള്ള വൈകാരിക പ്രശ്‌നങ്ങളും കണ്ടേക്കാം. വിരല്‍ നുകരല്‍, നഖം കടിക്കല്‍, കിടക്കയില്‍ മൂത്രമൊഴിക്കല്‍ പോലെയുള്ള ദുശ്ശീലങ്ങള്‍ ഇവരെ വിടാതെ പിന്തുടരുന്നു. ഉറക്കമില്ലായ്മ, അമിതമായ വിശപ്പ്, വിശപ്പില്ലായ്മ എന്നിവയും അനുഭപ്പെടുന്നു. വ്യക്തിത്വ വൈകല്യങ്ങള്‍ ബാധിച്ചവരായി ഇത്തരം കുട്ടികള്‍ മാറുന്നു. സാമൂഹ്യ വിരുദ്ധരുടെ കൈകളില്‍ ഇവര്‍ എത്തിപ്പെടാന്‍ സാധ്യതയുണ്ട്. മദ്യപാനം, മയക്കുമരുന്ന് തുടങ്ങിയ ദുര്‍ഗുണങ്ങളുടെ ഇരകളായി സമൂഹത്തിനു തന്നെ ഭാരമായി ഇവര്‍ മാറുന്നു. പെണ്‍കുട്ടികള്‍ സാമൂഹ്യവിരുദ്ധരുടെ കൈകളില്‍ അകപ്പെട്ട് പ്രണയക്കുരുക്കില്‍ പെട്ട് അവിഹിത ഗര്‍ഭവും പേറി നശിക്കുന്നു.

പീഡിപ്പിക്കപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്യുന്ന കുട്ടികളുടെ രക്ഷയ്ക്കായി സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കണം. രക്ഷിതാക്കളുടെ കൂട്ടായ്മകള്‍ സംഘടിപ്പിച്ചും സാമ്പത്തികവും സാമൂഹ്യവുമായ സഹായങ്ങള്‍ നല്കിയും ഇവരെ പൊതുധാരയില്‍ കൊണ്ടുവരണം. കുട്ടികള്‍ക്ക് സ്‌നേഹവും പരിഗണനയും കൊടുക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തണം. പീഡനത്തിനു പ്രേരണ നല്കുന്ന ഘടകങ്ങള്‍ കണ്ടെത്തി പരിഹരിക്കാന്‍ സര്‍ക്കാറും സന്നദ്ധ സംഘടനകളും തയ്യാറാകണം.

ലോകത്ത് ഏറ്റവും കൂടുതല്‍ കുട്ടികള്‍ ഉള്ള രാജ്യം ഇന്ത്യയാണ്. മൊത്തം ജനസംഖ്യയുടെ മൂന്നിലൊന്ന് വരുന്ന കുട്ടിപ്പട നമ്മുടെ നാട്ടിലുണ്ട്. ഇവരില്‍ പന്ത്രണ്ട് മില്യണിലധികം കുട്ടികള്‍ ബാലവേലയില്‍ എത്തിപ്പെട്ടിട്ടുണ്ടെന്ന് കണക്കുകള്‍ കാണിക്കുന്നു.
കുട്ടികള്‍ക്ക് വകവെച്ചു കൊടുക്കേണ്ട അവകാശങ്ങളെ കുറിച്ച് രക്ഷിതാക്കളും മുതിര്‍ന്നവരും അറിഞ്ഞിരിക്കണം. കുട്ടികള്‍ക്കുവേണ്ടി നടത്തപ്പെട്ട ആദ്യത്തെ അവകാശപ്രഖ്യാപനം 1924 ലെ ജനീവാ പ്രഖ്യാപനമാണ്. അതിനുശേഷം 1989 ല്‍ 142ഓളം രാ ജ്യങ്ങള്‍ ഒപ്പുവെച്ച യു എന്‍ പ്രഖ്യാപനം ഉണ്ടായി. 54 ആര്‍ട്ടിക്കിളിലായി നീണ്ടുകിടക്കുന്ന ഈ നയരേഖ കുട്ടികളുടെ വ്യക്തിപരവും കുടുംബപരവും വിദ്യാഭ്യാസപരവും സാമൂഹികവുമായ അവകാശങ്ങളെ കര്‍ക്കശമായ നിബന്ധനകളോടെ നിര്‍വചിക്കുന്നു.

കുട്ടികള്‍ക്ക് അവരുടെ സുരക്ഷയ്ക്കായി പലതരം നിയമങ്ങളുടെ പരിരക്ഷ നമ്മുടെ ഭരണഘടന നല്കുന്നുണ്ട്. നവജാതശിശുക്കളെ കൊല്ലുന്നത് നിയമദൃഷ്ടിയില്‍ കൊലപാതകമാണ്. പന്ത്രണ്ടു വയസ്സില്‍ താഴെയുള്ള കുട്ടികളെ ഉപേക്ഷിച്ചുപോകുന്നത് ഐ പി സി സെക്ഷന്‍ 317 അനുസരിച്ച് ഏഴ് വര്‍ഷം തടവുകിട്ടാവുന്ന കുറ്റമാണ്. കുട്ടികളെ തട്ടിക്കൊണ്ടുപോവല്‍ ഐ പി സി സെക്ഷന്‍ 369 അനുസരിച്ച് കുറ്റകൃത്യമാണ്. ഐ പി സി സെക്ഷന്‍ 375 അനുസരിച്ച് കുട്ടികളുമായി അവരുടെ സമ്മതത്തോടെയാണെങ്കിലും ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ബലാത്സംഗമായി കണക്കാക്കും. 14 വയസ്സില്‍ താഴെയുള്ള കുട്ടികളെ ഫാക്ടകളിലും ഖനികളിലും ജോലിചെയ്യിക്കുന്നത് കുറ്റകരമാണ്.

കുട്ടികളുടെ അവകാശങ്ങളും അവരുടെ സുരക്ഷയ്ക്കുവേണ്ടിയുള്ള നിയമങ്ങളും നടപ്പിലാക്കേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണ്. ദാരിദ്ര്യം, അവഗണന, അനാഥത്വം, രോഗം, ലൈംഗിക ചൂഷണങ്ങള്‍ തുടങ്ങിവയെ ഫലപ്രദമായി നേരിടാന്‍ നിയമങ്ങള്‍ ഉണ്ടാകേണ്ടത് രാഷ്ട്രത്തിന്റെ ബാധ്യതയാണ്. മറ്റ് ഏതൊരു മനുഷ്യാവകാശങ്ങളേക്കാള്‍ ഗൗരവമര്‍ഹിക്കുന്നതാണ് കുട്ടികളുടെ അവകാശങ്ങള്‍. കാരണം അവകാശങ്ങള്‍ ചോദിച്ചുവാങ്ങാന്‍ അവര്‍ക്ക് കഴിയില്ല എന്നതുതന്നെ. കുട്ടികളെ കുറിച് പഠനം നടത്തി

ലോകശ്രദ്ധയാകര്‍ഷിച്ച സ്‌പെയിന്‍കാരനായ ജാവിയര്‍ സൊളാനയുടെ വാക്കുകള്‍ ശ്രദ്ധിക്കുക. ‘കുട്ടികള്‍ അവരുടെ അവകാശങ്ങളുടെ ഉടമസ്ഥരാണ്. മാതാപിതാക്കളുടെ സ്വത്തല്ല. ദയയ്ക്കുവേണ്ടി യാചിക്കുന്ന ഭിക്ഷാടകരുമല്ല.’ ജാവിയര്‍ സൊളാനയുടെ ഈ വാക്കുകള്‍ ഓരോ രക്ഷിതാവും ഓര്‍മിച്ചുവെക്കുക.

Related Post