സ്‌നേഹം സ്മരണയിലൂടെ

ذكر الله

അല്ലാഹുവിനെ സ്മരിക്കുക

البخاري-  عن أبي هريرة رضي الله عنه قال : قال رسول الله صلى الله عليه وسلم  )

يقول اللَّهُ تَعَالَى: أَنَا عِنْدَ ظَنِّ عَبْدِي بِي وَأَنَا مَعَهُ إِذَا ذَكَرَنِي فَإِنْ ذَكَرَنِي فِي نَفْسِهِ ذَكَرْتُهُ فِي نَفْسِي وَإِنْ ذَكَرَنِي فِي مَلَإٍ ذَكَرْتُهُ فِي مَلَإٍ خَيْرٍ مِنْهُمْ وَإِنْ تَقَرَّبَ إِلَيَّ بِشِبْرٍ تَقَرَّبْتُ إِلَيْهِ ذِرَاعًا وَإِنْ تَقَرَّبَ إِلَيَّ ذِرَاعًا تَقَرَّبْتُ إِلَيْهِ بَاعًا وَإِنْ أَتَانِي يَمْشِي أَتَيْتُهُ هَرْوَلَةً

നബി (സ) പറഞ്ഞു: ‘പ്രതാപിയും മഹത്വമുടയവനുമായ അല്ലാഹു അരുളി: എന്നെക്കുറിച്ച അടിമയുടെ സങ്കല്‍പ്പത്തോടൊപ്പമാണ് ഞാന്‍. അവന്‍ എന്നെ സ്മരിക്കുമ്പോള്‍ ഞാന്‍ അവന്റെ കൂടെയുണ്ടാവും. അവന്‍ തന്റെ മനസില്‍ എന്നെയോര്‍ത്താല്‍ ഞാനും അവനെ എന്റെ മനസില്‍ ഓര്‍ക്കും. അടിമ ഒരു ചാണ്‍ എന്നോടടുത്താല്‍ ഒരുമുഴം ഞാന്‍ അവനോട് അടുക്കും. അവന്‍ എന്നിലേക്ക് ഒരു മുഴം അടുത്താല്‍ ഞാന്‍ കൈമാറ് അവനിലേക്ക് അടുക്കും. അവന്‍ എന്നിലേക്ക് നടന്നു വന്നാല്‍ അവനിലേക്ക് ഞാന്‍ ഓടിയെത്തും.’ മനുഷ്യജീവിതത്തിന്റെ ലക്ഷ്യവും അതിലേക്കുള്ള മാര്‍ഗവും വളരെ ലളിതവും സുന്ദരവുമായ ഭാഷയില്‍ പ്രവാചകന്‍ നമ്മെ പഠിപ്പിക്കുന്നു.

ഒരു കുഞ്ഞിന് ഉമ്മയോടുള്ള തന്റെ സ്‌നേഹം ഭൗതികമായ പ്രകടനങ്ങള്‍ക്കപ്പുറം ഉമ്മയെക്കുറിച്ചുള്ള ഓര്‍മകളിലൂടെയാണ് പലപ്പോഴും ആവിഷ്‌കരിക്കപ്പെടുന്നത്. യഥാര്‍ഥ പ്രണയത്തില്‍ സംഭവിക്കുന്നത് സദാസമയമുള്ള പ്രണയിനികളുടെ പരസ്പര സ്മരണകളാണ്. പ്രവാചകനോടുള്ള സ്‌നേഹം പ്രകടമാകുന്നത് എപ്പോഴും പ്രവാചകനെയും അവന്റെ ചര്യകളെയും ഓര്‍ത്ത് അത് പിന്‍പറ്റുന്നതിലൂടെയാണ്. ഒരു വ്യക്തിയെ സ്മരിക്കുക എന്നത് ചെലവുകളില്ലാത്ത കാര്യമാണ്. ഏതവസ്ഥയിലും സാധ്യമാകുന്നതും. മനുഷ്യന് വേണ്ടി ആകാശഭൂമികളും അതിനിടയിലുള്ളത് മുഴുവനും സൃഷ്ടിച്ചവനായ ദൈവം അനുനിമിഷം ഓരോ മനുഷ്യസൃഷ്ടിയെയും സ്മരിക്കുന്നത് കാരണമാണ് മനുഷ്യകുലം നിലനിന്നുപോകുന്നത്. മനുഷ്യശരീരത്തില്‍ പ്രവര്‍ത്തിക്കുന്ന കോടിക്കണക്കിന് കോശങ്ങളെ നിരന്തരം പരിപാലിച്ച് ജീവിക്കാനാവശ്യമായ വായുവും വെള്ളവും ഭക്ഷണവും, പാര്‍പ്പിടം, വസ്ത്രം തുടങ്ങി വിവിധങ്ങളായ സൗകര്യങ്ങള്‍ ഭൂമിയില്‍ സംവിധാനിച്ച് ദൈവം മനുഷ്യനെ സദാസമയം സ്മരിക്കുന്നു. ദൈവത്തിന് മനുഷ്യനോടുള്ള സ്‌നേഹപ്രകടനമാണ് അത്. ഈ സ്‌നേഹത്തിന് പകരമായി ദൈവം ചോദിക്കുന്നതും സ്‌നേഹം മാത്രമാണ്. അത് സാധ്യമാകുന്നത് സദാസമയം അവനെ സ്മരിക്കുന്നതിലൂടെയും. ദൈവത്തെ സ്മരിക്കുന്ന ഓരോ നിമിഷവും മനുഷ്യന്‍ പുതിയ പടികള്‍ കയറി ഉയരങ്ങളിലേക്ക് കുതിക്കുന്നു. നമസ്‌കാരം അത്തരത്തിലുള്ള ദൈവസ്മരണയാണ്. അഞ്ച് നേരങ്ങളിലായി വിശ്വാസികളുടെമേല്‍ അത് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ അതിനപ്പുറം നിന്നും കിടന്നും ഇരുന്നും ജീവിതത്തിന്റെ ഓരോ നിമിഷവും ദൈവത്തെ സ്മരിക്കാന്‍ സാധിക്കുമ്പോഴാണ് ഒരു മനുഷ്യന്‍ ഉയരങ്ങളിലേക്ക് കുതിക്കുന്നത്.

ജീവിതത്തില്‍ ഒരുപാട് സമയം വെറുതെ പാഴാക്കുന്നവരാണ് നാം. യാത്രകള്‍, വിശ്രമവേളകള്‍ എന്നിവ ഉദാഹരണം. ഈ സമയങ്ങള്‍ ദൈവസ്മരണക്കായി ഉപയോഗപ്പെടുത്താന്‍ നമുക്ക് സാധിക്കണം. അല്ലാഹു നല്‍കിയ വിവിധങ്ങളായ അനുഗ്രഹങ്ങള്‍ സ്മരിച്ച് അവനോട് നന്ദി പ്രകടിപ്പിക്കേണ്ടതുണ്ട്. നമ്മുടെ പല വീട്ടുജോലികളിലും മനസിന്റെ/ബുദ്ധിയുടെ പ്രവര്‍ത്തനം ആവശ്യമായി വരാറില്ല. ഈ ജോലികള്‍ക്കിടയില്‍ ചുണ്ടുകളില്‍ മനസാന്നിധ്യത്തോടെയുള്ള ദിക്‌റുകളും സ്തുതി വാക്കുകളും നിലനിര്‍ത്തുന്നതിലൂടെ ആത്മീയതയുടെ അനന്ത വിഹായസ്സില്‍ എത്തിച്ചേരാന്‍ നമുക്ക് സാധിക്കുന്നു. തുടക്കത്തില്‍ ഇതിന് സ്വല്‍പം പരിശ്രമം ആവശ്യമായി വരുമെങ്കിലും പിന്നീട് നാമറിയാതെ തന്നെ സദാസമയം നമ്മുടെ ചുണ്ടുകള്‍ ദൈവത്തെ സ്മരിക്കുന്നത് നമുക്കനുഭവിക്കാവുന്നതാണ്. നാവിന് ലഘുവും തുലാസില്‍ ഘനം തൂങ്ങുന്നതുമായ ഇത്തരം പ്രവര്‍ത്തികളിലേര്‍പ്പെടുക വഴി അല്ലാഹുവിന്റെ സ്‌നേഹവലയത്തിലാവാന്‍ നമുക്ക് സാധിക്കുന്നു.

ദൈവസ്‌നേഹം പിടിച്ചുപറ്റാന്‍ സാധിക്കുന്നത് ദൈവസ്മരണയിലൂടെ മാത്രമാണ്. ജീവിതത്തിന്റെ ഓരോ നിമിഷവും ‘അല്ലാഹ്’ എന്ന ഉള്‍വിളിയാല്‍ മിടിക്കുന്നതാവണം. ഓരോ തീരുമാനവും ദൈവേച്ഛക്കനുസൃതമാവണം. ഓരോ പ്രവൃത്തിയും ദൈവതൃപ്തിക്കാവണം. അങ്ങനെയാകുമ്പോഴാണ് ജീവിതം അര്‍ത്ഥപൂര്‍ണമാകുന്നത്.

Related Post