വെള്ളിയാഴ്ച്ചയും പെരുന്നാളും

muhimmath at mahdin (7)

വെള്ളിയാഴ്ച്ചയും പെരുന്നാളും ഒരുമിച്ചു വന്നാല്‍ അന്നേ ദിവസത്തെ ജുമുഅ നമസ്‌കാരത്തിന് ഇളവുണ്ടോ എന്ന ചോദ്യം ധാരാളം ആളുകള്‍ ചോദിക്കുന്നു. പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുത്ത ഒരാള്‍ക്ക് ജുമുഅ നമസ്‌കാരത്തിന് വരല്‍ നിര്‍ബന്ധമാണോ എന്നതാണ് ചോദ്യം. ഇക്കാര്യത്തില്‍ ഇളവുണ്ടെങ്കില്‍ ജുമുഅക്ക് പകരം ളുഹര്‍ നമസ്‌കാരം നിര്‍വ്വഹിക്കേണ്ടതില്ലേ ? അങ്ങനെയെങ്കില്‍ അന്ന് നമസ്‌കാരത്തിന് വേണ്ടി പള്ളിയില്‍ ബാങ്ക് വിളിക്കണമോ?

ഇവ്വിഷയകമായി വ്യത്യസ്ത അഭിപ്രായങ്ങള്‍ പണ്ഡിതന്‍മാര്‍ക്കിടയില്‍ ഉണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട ഹദീസുകള്‍ ആദ്യം ശ്രദ്ധിക്കാം.
1. സൈദുബ്‌നു അര്‍ഖം മുആവിയതുബ്‌നു അബീസുഫ് യാനിനോട് ചോദിച്ചു. വെള്ളിയാഴ്ച്ചയും പെരുന്നാളും ഒരുമിച്ചു വന്ന ദിവസങ്ങളില്‍ താങ്കള്‍ തിരുമേനിയൊടോപ്പം നമസ്‌കരിച്ചിട്ടുണ്ടോ? അദ്ദേഹം പറഞ്ഞു: ഉവ്വ്. മുആവിയ ചോദിച്ചു. അപ്പോള്‍ തിരുമേനി എന്താണ് ചെയ്തത് ? തിരുമേനി ഈദ് നമസ്‌കരിച്ചു. പിന്നീട് ജുമുഅ നമസ്‌കാരത്തിന് ഇളവ് നല്‍കിക്കൊണ്ട് പറഞ്ഞു. ആര്‍ക്കെങ്കിലും നമസ്‌കരിക്കണമെന്നുണ്ടെങ്കില്‍ അവര്‍ നമസ്‌കരിക്കട്ടെ’. (അഹ് മദ്, അബൂ ദാവൂദ്, നസാഈ).
2. അബൂഹുറൈറയില്‍ നിന്നുള്ള ഒരു ഹദീസില്‍ നബി(സ) പറഞ്ഞു: നിങ്ങളുടെ ഈ രണ്ട് പെരുന്നാള്‍ ദിവസങ്ങള്‍ (ജൂമുഅയും ഈദുകളും) ഒരുമിച്ചു വന്നാല്‍ വേണ്ടവര്‍ ജുമുഅ നമസ്‌കരിക്കാരത്തില്‍ നിന്ന് വിട്ടു നിന്നോട്ടെ. തീര്‍ച്ചയായും നാം (അന്ന് പെരുന്നാള്‍ നമസ്‌ക്കാരത്തിന്) കൂടിയവരാണല്ലോ. (ഹാകിം, അബൂ ദാവൂദ്)
3. ഉമര്‍ (റ) നിന്നുള്ള ഹദീസില്‍ കാണാം. തിരുമേനി (സ) കാലത്ത് രണ്ട് പെരുന്നാളുകള്‍ ഒരുമിച്ചു വരുമ്പോള്‍ തിരുമേനി ജനങ്ങളോടൊപ്പം പെരുന്നാള്‍ നമസ്‌കരിക്കും. എന്നിട്ട് പറയും: ‘ആര്‍ക്കെങ്കിലും ജുമുഅക്ക് വരാന്‍ ആഗ്രഹമുണ്ടെങ്കില്‍ അവര്‍ വരട്ടെ’. വരാന്‍ കഴിയാത്തവര്‍ക്ക് അങ്ങനെയുമാവാം’. (ഹാകിം).
സഹീഹുല്‍ ബുഖാരിയിലും മുവത്വയിലും രേഖപ്പെടുത്തിയ ഒരു സംഭവത്തെക്കുറിച്ച അബൂ ഉബൈദ് പറയുന്നു: ഉസ്മാനുബ്‌നു അഫ്ഫാന്റെ കാലത്ത് അദ്ദേഹത്തോടൊപ്പം ഞാന്‍ പെരുന്നാള്‍ നമസ്‌കാരത്തിന് സന്നിഹിതനായി. അന്നൊരു വെള്ളിയാഴ്ച്ച ദിവസമായിരുന്നു. ഖുതുബക്കു മുമ്പ് അദ്ദേഹം പെരുന്നാള്‍ നമസ്‌കരിച്ചു. പിന്നീട് ഖുതുബ നിര്‍വഹിച്ചു. എന്നിട്ട് പറഞ്ഞു: ജനങ്ങളെ, ഇന്ന് രണ്ടു പെരുന്നാളുകള്‍ നമുക്ക് ഒരുമിച്ചു വന്നിരിക്കുകയാണ്. ആരെങ്കിലും ജുമുഅ നമസ്‌കരിക്കണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ കാത്തിരിക്കട്ടെ. ജുമുഅ നിര്‍വ്വഹിക്കാതെ ആര്‍ക്കെങ്കിലും തിരിച്ചു പോകണമെന്നുണ്ടെങ്കില്‍ അവര്‍ക്ക് തിരികെ പോകാനുള്ള അനുവാദവുമുണ്ട്.

നബിയിലേക്കെത്തുന്ന മേല്‍ സൂചിപ്പിച്ച ഹദീസുകളില്‍ നിന്നും പ്രവാചക ശിഷ്യന്‍മാരുടെ ചര്യകളില്‍ നിന്നും നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത് പെരുന്നാള്‍ നമസ്‌കാരത്തിന് പങ്കെടുത്ത ഒരാള്‍ക്ക് ജുമുഅ ഒഴിവാക്കുവാന്‍ ഇളവുണ്ട് എന്നാണ്. എന്നാല്‍ അവന്‍ ആ സമയത്ത് ളുഹര്‍ നമസ്‌കരിക്കാന്‍ ബാധ്യസ്ഥനാണ്. എന്നാല്‍ ജനങ്ങളോടൊപ്പം ജുമുഅ നമസ്‌കരിക്കുക എന്നതാണ് ഏറെ ശ്രേഷ്ഠകരം. പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുക്കാത്ത ഒരാള്‍ക്ക് ഈ നിയമം ബാധകമല്ല. അങ്ങനെയുള്ളയാള്‍ക്ക് ജുമുഅ നമസ്‌കാരം നിര്‍ബന്ധമാണ്. ഒരു പ്രദേശത്ത് ജുമുഅ തന്നെ വേണ്ടയെന്നു വെക്കാമെന്നും ഇതിനര്‍ത്ഥമില്ല. മറിച്ച്, ജുമഅ പള്ളിയിലെ ഇമാം ജുമുഅ നമസ്‌കാരം നടത്താന്‍ ബാധ്യസ്ഥനാണ്. എങ്കിലേ നാട്ടില്‍ ജുമുഅക്ക് വരാന്‍ താല്‍പര്യമുള്ളവര്‍ക്ക് വരാന്‍ കഴിയൂ. പെരുന്നാള്‍ നമസ്‌കാരത്തിന് പങ്കെടുക്കുകയും ജുമുഅക്ക് ഇളവ് എടുക്കുകയും ചെയ്തവര്‍ ളുഹറിന് സമയമയാല്‍ ളുഹര്‍ നമസ്‌കാരം നിര്‍വഹിക്കേണ്ടതാണ്.
ജുമുഅ നമസ്‌കാരമുള്ള പള്ളികളില്‍ മാത്രമേ ബാങ്കു വിളിക്കേണ്ടതുള്ളൂ. അന്നേ ദിവസം ളുഹര്‍ നമസ്‌കാരത്തിന് വേണ്ടി ബാങ്ക് നിയമമാക്കപ്പെട്ടിട്ടില്ല. പെരുന്നാള്‍ നമസ്‌കാരത്തിന് പങ്കെടുക്കുകയും ജുമുഅ നമസ്‌കാരവും ളുഹര്‍ നമസ്‌കാരവും ഒഴിവാക്കുകയും ചെയ്തവന്‍, അല്ലാഹു നിര്‍ബന്ധമാക്കിയ ബാധ്യതയാണ് ഒഴിവാക്കിയിരിക്കുന്നത്. അങ്ങനെ ചെയ്യുന്നവന്‍ ശിക്ഷക്കര്‍ഹനാണെന്നാണ് പണ്ഡിതന്‍മാരുടെ അഭിപ്രായം.

ശൈഖ് സാലിഹ് അല്‍ മുനജ്ജദ്
ഫതാവാ ലജ്‌ന അദ്ദാഇമ

Related Post