മനസ്സിന് വേണ്ടത് ഈമാനിക കരുത്ത്

ഹുദൈഫത്തുബ്‌നുല്‍ യമാനി(റ)യില്‍ നിന്ന് നിവേദനം: റസൂല്‍ (സ) പറഞ്ഞു: പരീക്ഷണങ്ങള്‍ തുടരെത്തുടരെ മനസ്സിനെ ബാധിച്ചുകൊണ്ടിരിക്കും. (അവയെ എതിരിടാതെ) ആരെങ്കിലും അതിലകപ്പെട്ടുപോയാല്‍ അവന്റെ മനസ്സില്‍ ഒരു കറുത്ത പുള്ളി വീഴും. ഏതൊരു മനസ്സ് അവയെ പ്രതിരോധിക്കുന്നുവോ അതില്‍ ഒരു വെളുത്ത പുള്ളിയും വീഴും. പിന്നെ അയാള്‍ക്ക് രണ്ട് ഹൃദയമാണുണ്ടാവുക. (പരീക്ഷണങ്ങളെ നേരിടുന്ന അവസ്ഥയില്‍) തൂവെള്ള നിറവും മിനുസ്സവുമുള്ള ഹൃദയമാണ് ഒന്നാമത്തേത്. ആകാശഭൂമികളുള്ളിടത്തോളം അതിനെ പരീക്ഷണങ്ങള്‍ ബാധിക്കില്ല. (പരീക്ഷണങ്ങളില്‍ അകപ്പെടുമ്പോഴുണ്ടാവുന്ന) കറുത്തിരുണ്ട ഹൃദയമാണ് രണ്ടാമത്തേത്.0aaaaaaaaaaaaa

തലകുത്തിവീണ കൂജപോലെയായിരിക്കുമത്. അതിന് നന്മയും തിന്‍മയും വേര്‍തിരിച്ചറിയാനാവില്ല. തന്റെ ഇച്ഛ അവന് കാണിച്ചുകൊടുത്തതല്ലാതെ (മുസ് ലിം)

മനുഷ്യര്‍ എല്ലാവരും ജന്‍മനാ എന്തെങ്കിലും ദൗര്‍ബല്യം ബാധിച്ചവരായിരിക്കും. എല്ലാ അര്‍ഥത്തില്‍ സമ്പൂര്‍ണ അവകാശപ്പെടാവുന്ന ആരും തന്നെയില്ല. വിശുദ്ധ ഖുര്‍ആന്‍ പറയുണ്ടല്ലോ:’മനുഷ്യന്‍ ചപലനായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു’ (അല്‍മആരിജ് 19).
മാനസ്സികവും ശാരീരികവുമായ ദൗര്‍ബല്യങ്ങളാണ് പലപ്പോഴും നമ്മെ ബാധിക്കാറുള്ളത്.

ശാരീരികമായ ദൗര്‍ബല്യങ്ങള്‍ക്ക് വൈദ്യശാസ്ത്രത്തില്‍ നിന്നുള്ള ചികിത്സയാണ് ആവശ്യമെങ്കില്‍ മാനസിക ദൗര്‍ബല്യങ്ങള്‍ക്ക് വൈദ്യചികത്സക്ക് പുറമെ മാനസികമായ പരിചരണവും ആവശ്യമാണ്. ധനത്തോട് ഒരാള്‍ക്കുണ്ടാവുന്ന അതിര്കവിഞ്ഞ ഭ്രമം ഇല്ലാതാക്കാന്‍ പാവങ്ങളുമായുള്ള സഹവാസം ഒരുപക്ഷേ നമ്മെ സഹായിച്ചേക്കാം. സ്വഭാവത്തിലും സമീപനങ്ങളിലും ധാര്‍മികമായി നാം അല്‍പം താഴെയാണെങ്കില്‍ നമ്മുടെ സദാചാര ബോധത്തെ ഇല്ലാതാക്കുന്ന സാഹചര്യങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കുകയാണ് വേണ്ടത്. അഥവാ നമ്മിലെ ദൗര്‍ബല്യത്തിന്റെ ഘടകം കണ്ടെത്തി അത് പരിഹരിക്കാനാണ് ശ്രമിക്കേണ്ടത്.
മുകളില്‍ സൂചിപ്പിച്ച ഹദീസ്, പരീക്ഷണങ്ങളില്‍ അകപ്പെടുമ്പോള്‍ മനസ്സിനുണ്ടാവുന്ന ചാപല്യത്തെ, ദൗര്‍ബല്യത്തെ ഇല്ലാതാക്കാനുള്ള ചില നിര്‍ദേശങ്ങളാണ് നല്‍കുന്നത്. ആധുനികതയുടെ സുഖ സൗകര്യങ്ങള്‍ നേടണം, മികച്ച ജീവിത നിലവാരം കൈവരിക്കണം എന്നൊക്കെ ആഗ്രഹിക്കുന്നത് ഒരിക്കലും തെറ്റല്ല. എന്നാല്‍ ജീവിതലക്ഷ്യം അത് മാത്രമായിപോകുമ്പോഴാണ് അവയെല്ലാം നമ്മുടെ മനസ്സിനെ ബാധിക്കുന്ന പരീക്ഷണങ്ങളാവുന്നത്. ഹദീസില്‍ സൂചിപ്പിച്ച പോലെ, അത്തരം പരീക്ഷണങ്ങളില്‍ അകപ്പെടുന്നത് മനസ്സില്‍ തിന്‍മയുടെ ഒരു ചെറിയ പുള്ളി വീഴുന്നതുപോലെയാണ്. ആഗ്രഹങ്ങള്‍ പെരുകുമ്പോള്‍ മനസ്സിന് പിന്നെ നല്ലതേത് കെട്ടതേത് എന്ന് തിരിച്ചറിയാനാവാത്ത അവസ്ഥയാണ് ഉണ്ടാവുക.
യുവസമൂഹത്തിന് സദാചാര രംഗത്ത് പലപ്പോഴും ചാപല്യങ്ങള്‍ പിടിപ്പെടാറുണ്ട്. ചെറിയ തെറ്റുകളെ നിസ്സാരമാക്കി കണ്ട് അത്യന്തം നീചമായ കൃത്യങ്ങളിലേക്ക് അവര്‍ എത്തിച്ചേരുന്നു. ആദ്യം മുതലേ തന്നിലെ ദൗര്‍ബല്യത്തെ തിരിച്ചറിഞ്ഞ് നന്മയിലേക്ക് വഴിമാറിനടന്നാല്‍, ഹദീസില്‍ സൂചിപ്പിച്ചപോലെ, പിന്നീടൊരിക്കലും അയാളെ പരീക്ഷണങ്ങള്‍ ബാധിക്കില്ല. എന്തിനെയും അതിജയിക്കാനുള്ള ഒരു പ്രാപ്തി അയാള്‍ക്ക് കൈവരും.
ചുരുക്കത്തില്‍, മനസ്സിനെ തിരിച്ചറിഞ്ഞ് ചികിത്സിക്കാനവണം. മനസ്സാണ് എല്ലാ നന്മതിന്‍മകളുടെയും ഉത്പാദനം കേന്ദ്രം. റസൂല്‍ (സ) പറഞ്ഞല്ലോ: തീര്‍ച്ചയായും ശരീരത്തിലൊരു മാംസക്കഷ്ണമുണ്ട്. അത് നന്നായാല്‍ ശരീരം മുഴുവന്‍ നന്നായി ശരീരം മുഴുവന്‍ നന്നായി അത് ദുഷിച്ചാല്‍ ശരീരം മുഴുവന്‍ ദുഷിച്ചു. അറിയുക അതാണ് ഹൃദയം (മുസ് ലിം).
ഹമ്പലി മദ്ഹബിലെ പ്രമുഖ പണ്ഡിതന്‍ ഇബ്‌നുഖുദാമ തന്റെ ഗ്രന്ഥമായ ‘മുഖ്തസറു മിന്‍ഹാജുല്‍ ഖാസിദീനി’ല്‍, മനസ്സിന്റെ ദൗര്‍ബല്യ ഘടകത്തെ തിരിച്ചറിയാന്‍ ചില ഉപായങ്ങള്‍ പറയുന്നുണ്ട്. സുഹൃത്തിന്റെ കുറവുകളെക്കുറിച്ച് ധാരണയുള്ള അവന്റെ നന്മ മാത്രം ആഗ്രഹിക്കുന്ന ദീനിയായ ഒരു കൂട്ടുകാരനെ കണ്ടെത്തുകയാണ് ഒരു ഉപായം. ആ കൂട്ടുകാരനിലൂടെ തന്നിലെ കുറവ് കണ്ടെത്തി നന്മയിലേക്ക് നീങ്ങാന്‍ ആര്‍ക്കും കഴിയുമെന്നും അദ്ദേഹം പറഞ്ഞുവെക്കുന്നു. തന്നെ വിമര്‍ശിക്കുന്നവരില്‍ നിന്ന് തന്റെ കുറവുകള്‍ ചോദിച്ചറിഞ്ഞ് മുന്നോട്ട് പോവുന്നതും നന്മയിലേക്കുള്ള നമ്മുടെ സഞ്ചാരം എളുപ്പത്തിലാക്കുമെന്നും അദ്ദേഹം പറയുന്നുണ്ട്.
ഹദീസില്‍, തെറ്റുകളെ പ്രതിരോധിക്കുന്ന മനസ്സിന് തൂവെള്ള നിറം കൈവരുമെന്ന പ്രസ്താവന മനസ്സിന്റെ വെളുപ്പിനെ കുറിക്കാനല്ലെന്നാണ് സ്വഹീഹ് മുസ് ലിമിന്റെ വ്യഖ്യാതാക്കളിലൊരാളായ ഖാദി ഇയാദ് പറയുന്നത്. അദ്ദേഹം പറയുന്നതിങ്ങനെ: ‘പ്രസ്തുത മനസ്സ് കൂടുതല്‍ ഈമാനികമായ കരുത്ത് ആര്‍ജിക്കുമെന്നാണതിനര്‍ഥം. അതിനാല്‍ പിന്നീടൊരു നിലക്കും ആ മനസ്സിനെ പരീക്ഷണങ്ങള്‍ ബാധിക്കുന്നില്ല.’
വിശ്വാസികളായ എല്ലാവരും ഈവിധം മനസ്സിനെ പരീക്ഷണങ്ങളില്‍ പ്രതിരോധിക്കാനും ഉറച്ച ഈമാന്‍ നേടിയെടുക്കാനുമാണ് പരിശ്രമിക്കേണ്ടത്.

Related Post