ഫെയ്‌സ്ബുക്ക് ലഹരി

quien-ve-mis-fotos-en-facebook-1

ഫെയ്‌സ്ബുക്ക് ലഹരിയില്‍നിന്ന് രക്ഷപ്പെടാനാവുന്നില്ല’

ചോ: ഞാന്‍ പൂര്‍ണമായും സൈബര്‍ലോകത്തെ സോഷ്യല്‍നെറ്റ് വര്‍ക്കായ ഫെയ്‌സ്ബുക്കിന് അടിപ്പെട്ടിരിക്കുന്നു. ആളുകളുടെ പോസ്റ്റിങുകള്‍ വായിക്കുകയും കാണുകയും ചെയ്യുകയെന്നതാണ് എന്റെ ശീലം. ഇതെന്നെ നമസ്‌കാരം ക്രമപ്രകാരം നിര്‍വഹിക്കുന്നതില്‍നിന്ന് തടഞ്ഞിട്ടൊന്നുമില്ലെങ്കിലും ഇതില്‍നിന്ന് മോചനം നേടണമെന്നുണ്ട്. ദയവായി എന്നെ സഹായിക്കണം.

…………………………………………………….

ഉത്തരം:  താങ്കളെപ്പോലെ ഒരു പാട് പേര്‍ സൈബര്‍ലോകത്ത് വിഹരിച്ച് സമയം പാഴായിപ്പോകുന്നതിനെപ്പറ്റി വിലപിക്കുന്നുണ്ട്. വാര്‍ത്താവിനിമയകൈമാറ്റത്തില്‍ ഫെയ്‌സ്ബുക്ക് ,ട്വിറ്റര്‍ തുടങ്ങിയവ നമുക്ക് ഒട്ടേറെ ഉപകാരങ്ങള്‍ ചെയ്യുന്നുവെന്നത് നിഷേധിക്കാനാകില്ല. അതേസമയം അത് നമ്മുടെ വിലപ്പെട്ട സമയം അപഹരിക്കുന്ന സങ്കേതമായി മാറിയിരിക്കുന്നുവെന്നത് യാഥാര്‍ഥ്യമാണ്. ചില കാര്യങ്ങള്‍ താങ്കളെ ഓര്‍മപ്പെടുത്താന്‍ ആഗ്രഹിക്കുന്നു:1. വെറും നമസ്‌കാരം മാത്രമല്ല ഇസ്‌ലാം: താങ്കളുടെ നമസ്‌കാരം പാഴാക്കാന്‍ ഫെയ്‌സ്ബുക്കിനെ അനുവദിച്ചിട്ടില്ലയെന്നത് സന്തോഷകരമായ സംഗതിയാണ്. താങ്കളുടെ മറ്റ് ഉത്തരവാദിത്തങ്ങളും നീതിപൂര്‍വം പൂര്‍ത്തീകരിക്കപ്പെടേണ്ടതുണ്ട്. മാതാപിതാക്കളെ പരിചരിക്കല്‍, ഭാര്യയുമായി സഹവാസം, കുട്ടികളെ താലോലിക്കല്‍ തുടങ്ങി കുടുംബത്തോടും,  പ്രയാസമനുഭവിക്കുന്നവരെ  സഹായിക്കുക, നന്‍മ പ്രചരിപ്പിക്കുക, സത്യസന്ദേശം എത്തിക്കുക തുടങ്ങി സമൂഹത്തോടും പൂര്‍ത്തീകരിക്കേണ്ട ബാധ്യതകളില്‍ വീഴ്ച സംഭവിക്കാന്‍ പാടില്ലെന്നോര്‍ക്കണം. എന്നുമാത്രമല്ല,  വൈയക്തിക ആത്മീയപോഷണം, വിദ്യാഭ്യാസപരിശീലനം, തൊഴില്‍പുരോഗതി എന്നീ നിലകളിലുള്ള വ്യക്തിത്വവളര്‍ച്ച ലക്ഷ്യമിട്ടുള്ള കര്‍മപരിപാടികളും നടക്കേണ്ടതുണ്ട്.

2.സമയം ഉത്തരവാദിത്വമാണ്: പ്രവാചകന്‍ നബി തിരുമേനി(സ) പഠിപ്പിച്ചിരിക്കുന്നത് നമുക്ക് ലഭിച്ച എല്ലാ അനുഗ്രഹങ്ങളെയും കുറിച്ച് നാം ചോദ്യംചെയ്യപ്പെടുമെന്നാണ്. ഖിയാമത്തുനാളില്‍ നമ്മോട് ജീവിതം എങ്ങനെ ചെലവഴിച്ചുവെന്നും, യുവത്വം എന്തിനുപയോഗിച്ചുവെന്നും ചോദ്യമുണ്ടാകും. അതിന് ഫെയ്‌സ് ബുക് നല്ല ഒരു മറുപടിയാണെന്ന് തോന്നുന്നുണ്ടോ?

അതിനാല്‍ താങ്കളുടെ പ്രശ്‌നം പരിഹരിക്കാന്‍ ഒരേയൊരു മാര്‍ഗമേയുള്ളൂ. ‘താങ്കള്‍ സത്യവുമായി നിരന്തരവ്യവഹാരം നടത്തുന്നില്ലെങ്കില്‍ വൃഥാവേലകളില്‍ അഭിരമിക്കുകയാകും ഫലം’ എന്ന് ഒരു മഹാന്‍ പറഞ്ഞിട്ടുണ്ട്. അതിനാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇഹത്തിലും പരത്തിലും ഗുണം ലഭിക്കുന്ന സംഗതികളില്‍ വാപൃതനാകാന്‍ ശ്രമിക്കുക. ജീവിതത്തില്‍ എന്തായിത്തീരണം എന്ന് ലക്ഷ്യം നിര്‍ണയിക്കുക. അതിലേക്കെത്തിച്ചേരാന്‍ നിരന്തരം പ്രവര്‍ത്തിക്കുക. എത്രമാത്രം പുരോഗതി അതിലുണ്ടായി എന്ന്  ദിനേന വിലയിരുത്തുക.

ഫെയ്‌സ്ബുക്കിനായി കുറഞ്ഞ ഒരു സമയം ക്ലിപ്തപ്പെടുത്തുക. ആ സമയം മറ്റൊന്നിനും ചെലവഴിക്കാതെ, മറ്റുസമയങ്ങളില്‍ ഫെയ്‌സ്ബുക്കില്‍ വിഹരിക്കാതെ ദിനകൃത്യങ്ങളും കര്‍മപരിപാടികളും സെറ്റുചെയ്യുക. നിരാശവേണ്ട. നിരന്തരമായ ശ്രമം എല്ലാകുടുക്കുകളില്‍നിന്നും നമ്മെ രക്ഷപ്പെടുത്തും.

Related Post