ഹജ്ജ് കാലഘട്ടങ്ങളിലൂടെ

മുന്നൂറു രൂപയുമായി വീട്ടില്‍ നിന്നിറങ്ങി ബോംബെക്ക് പുറപ്പെടുമ്പോള്‍ കരുവന്‍തുരുത്തിയിലെ കെ.കെ. ഇമ്പിച്ചിക്കോയക്ക് hajjമനസ്സില്‍ ഓരൊറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. ഹജ്ജ് ചെയ്യുക. ബോംബെയിലെ മുസാഫിര്‍ഖാനയിലെത്തി 180 രൂപ നല്‍കി ഹജ്ജിന് പേര് രജിസ്റ്റര്‍ ചെയ്തു. പിന്നീടാണ് ഭാര്യയടക്കമുള്ള വീട്ടുകാരെ വിവരമറിയിക്കുന്നത്. അതും വിവാഹം കഴിഞ്ഞ് വെറും മൂന്നുമാസമായപ്പോഴായിരുന്നു ഈ യാത്ര. 1937-ലായിരുന്നു ഈ സാഹസിക ഹജ്ജ്. 17 വയസ്സായിരുന്നു അന്ന് ഇമ്പിച്ചിക്കോയക്ക് പ്രായം. അതിന് ശേഷം പലതവണ പ്രയാസങ്ങളെയും പ്രതിസന്ധികളെയും തരണംചെയ്ത് അദ്ദേഹം പരിശുദ്ധ ഭവനത്തിലെത്തി ഹജ്ജ് നിര്‍വഹിക്കുകയുണ്ടായി. ഇരുപതിലധികം തവണ ജീവിത കാലത്ത് അദ്ദേഹം മക്ക സന്ദര്‍ശിച്ചിട്ടുണ്ട്.

ആദ്യകാലത്ത് കപ്പലില്‍ ഹജ്ജിന് പോകുന്നവര്‍ ജിദ്ദയില്‍ നിന്ന് ഏതാനും മൈല്‍ അകലെ കടലില്‍ നിന്ന് ബോട്ടിലേക്ക് മാറികയറി വേണമായിരുന്നു കരക്കണയാന്‍. യലംലമില്‍ നിന്ന് ഇഹ്‌റാമില്‍ പ്രവേശിച്ചാല്‍ വീണ്ടും രണ്ട് ദിവസത്തെ യാത്രയുണ്ട് മക്കയിലേക്ക്. ഇമ്പിച്ചിക്കോയ ആദ്യം മദീനയിലാണ് എത്തിയത്. അവിടെയുള്ള ചരിത്ര പ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. 1950-ലെ ഹജ്ജിലാണ് ബദ്ര്‍ യുദ്ധക്കളം കാണാന്‍ സാധിച്ചത്.

ആദ്യ ഹജ്ജ് ചെയ്യുന്ന കാലത്ത് കഅ്ബയില്‍ നാല് മുസ്വല്ലകളുണ്ടായിരുന്നു. മഖാമു ഇബ്‌റാഹീം ഇരുമ്പുകൊണ്ടുണ്ടാക്കിയ ഒരു കൂട്ടിനുള്ളിലായിരുന്നു. ഹജറുല്‍ അസ്‌വദ് എന്താണെന്ന് തിരിച്ചറിയാന്‍ പറ്റാത്ത രീതിയില്‍ തുണികൊണ്ട് മറച്ചിരുന്നു. സംസം കിണര്‍ അന്ന് മൂടിയിരുന്നില്ല. കഅ്ബയെ നോക്കികൊണ്ട് സംസം കുടിക്കാനുള്ള സൗകര്യമുണ്ടായിരുന്നു അന്ന്. ഇപ്പോള്‍ കിണര്‍ മത്വാഫിന് താഴെ മൂടപ്പെട്ട നിലയിലാണുള്ളത്.

സഅ്‌യ് നടത്താനുള്ള സഫാ-മര്‍വാ താഴ്‌വരകള്‍ ഒഴിഞ്ഞ് കിടക്കുന്ന സ്ഥലമായിരുന്നു. മസ്ആക്ക് വേണ്ടി പ്രത്യേക കെട്ടിടം നിര്‍മിച്ചിരുന്നില്ല. മിന പട്ടണമായി വികസിച്ചുണ്ടായിരുന്നില്ല. മസ്ജിദുല്‍ ഖൈഫ് വളരെ ചെറിയ പള്ളിയായിരുന്നു. മിനയില്‍ നിന്നും അറഫയിലേക്ക് കഴുതപ്പുറത്താണ് യാത്ര ചെയ്തത്. അറഫയില്‍ തിരക്ക് വളരെ കുറവായിരുന്നു. മസ്ജിദുന്നമിറയും വളരെ ചെറിയതായിരുന്നു. ജംറയില്‍ കല്ലെറിയാന്‍ തീരെ തിരക്കില്ലായിരുന്നു. ഇന്ന് എത്രതന്നെ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും തിരക്ക് നിയന്ത്രിക്കാന്‍ സാധിക്കാറില്ല.

മസ്ജിദുല്‍ ഹറമിനും നബവിക്കും പുറമേ 1965-ലെ ഹജ്ജിന്റെ കൂടെ ബൈത്തുല്‍ മുഖദ്ദിസും ഇമ്പിച്ചിക്കേയ ഹാജി സന്ദര്‍ശിച്ചിട്ടുണ്ട്. ഇതിന് പുറമേ അറേബ്യന്‍ മേഖലയിലുള്ള എല്ലാ ചരിത്ര സ്മാരകങ്ങളും പഴയകാലത്തും പുതിയ കാലത്തു അദ്ദേഹം സന്ദര്‍ശിച്ചിട്ടുണ്ട്.

പല കാലത്തായി ചെയ്ത ഹജ്ജുകളില്‍ മറക്കാനാവാത്ത ഒരു സംഭവം 1990-ലെ ഹജ്ജില്‍ ടണല്‍ ദുരന്തത്തില്‍ ഭാര്യയും രണ്ട് ആണ്‍മക്കളുമടക്കം ഉറ്റവര്‍ മരണപ്പെട്ടതാണ്. ഹാജിയും ഭാര്യയും രണ്ട് ആണ്‍മക്കളും മരുമകനുമടക്കം 13 പേരടങ്ങുന്ന സംഘം തിരക്കിനിടയില്‍ മിനയിലെ ഒരു ടണലിലേക്ക് പ്രവേശിച്ചു. തിരക്ക് അധികരിച്ചപ്പോള്‍ ഹാജിയും മരുമകനും ഒരു അരികിലേക്ക് മാറിനിന്നു. എന്നാല്‍ ബാക്കിസംഘം മുന്നോട്ട് നീങ്ങിയിരുന്നു. അവര്‍ തിരക്കിലേക്ക് മറഞ്ഞു. ഹാജിയും മരുമകനും പിന്നീട് തിരക്കില്‍ നിന്ന് രക്ഷപ്പെട്ട് താമസസ്ഥലത്ത് തിരിച്ചെത്തി. കൂടെയുണ്ടായിരുന്ന സംഘം തിരിച്ചെത്തിയപ്പോള്‍ ദുഖകരമായ വാര്‍ത്തയുമായാണ് അവരെത്തിയത്. ഭാര്യയെയും മക്കളെയും നഷ്ടപ്പട്ടെങ്കിലും പുണ്യഭൂമിയില്‍ വെച്ചാണല്ലോ അവര്‍ മരണപ്പെട്ടതെന്ന സമാധാനത്തിലാണ് ഹാജി ഈ അനുഭവങ്ങള്‍ വിശദീകരിച്ചത്.

Related Post