മാര്‍ട്ടിന്‍ ലിംഗ്‌സ്
1948-ല്‍ ഞാന്‍ നടത്തിയ ഹജ്ജ് 78 ലേതില്‍നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. ഞാനന്ന് കയ്‌റോ സര്‍വകലാശാലയിലായിരുന്നു ജോലി ചെയ്തിരുന്നത്. അന്നതിന്റെ പേര് ഫുആദ് സര്‍വകലാശാല എന്നായിരുന്നു. സര്‍വകലാശാലയില്‍നിന്ന് എല്ലാ വര്‍ഷവും ഒരുകൂട്ടം ആളുകള്‍ മക്കയില്‍ പോകാറുണ്ടെന്ന് 48-ല്‍ ഞാന്‍ മനസ്സിലാക്കി. അധ്യാപകര്‍, വിദ്യാര്‍ഥികള്‍, സര്‍വകലാശാല ജീവനക്കാര്‍ തുടങ്ങിയവര്‍ ആ സംഘത്തില്‍ ഉണ്ടായിരുന്നു.
തുറമുഖം വരെയുള്ള യാത്ര ട്രെയ്‌നിലായിരുന്നു. അവിടെ നിന്ന് ബോട്ടില്‍ ചെങ്കടലിലൂടെ ജിദ്ദയിലെത്താന്‍ നാല് ദിവസമെടുത്തു. മധ്യകാലം മുതല്‍ ‘കിസ്‌വ’ തുന്നുന്നത് ഈജിപ്തില്‍ നിന്നായിരുന്നു. ആ വര്‍ഷത്തെ കിസ്‌വ ഞങ്ങളുടെ ബോട്ടിലായിരുന്നു.
ഒരു രാത്രി ഞങ്ങളോട് പറഞ്ഞു, നിങ്ങള്‍ ഒരു നിര്‍ണയ സ്ഥാനത്തിലൂടെ കടന്ന് പോകാന്‍ പോവുകയാണ്. അതായത് നിങ്ങള്‍ ഹജ്ജിലേക്ക് പ്രവേശിക്കാന്‍ പോവുകയാണ്, ഇഹ്‌റാം കെട്ടുകയാണ്. നിങ്ങള്‍ പ്രാര്‍ഥനകള്‍ ചൊല്ലണം, ഹാജിയുടെ വസ്ത്രങ്ങള്‍ ധരിക്കണം. അതിനു ശേഷം ആളുകളുടെ സ്വഭാവ രീതികളില്‍ വലിയ മാറ്റം സംഭവിക്കുകയാണ്. വസ്ത്രധാരണം പോലെ ഹജ്ജിന് പോകുമ്പോള്‍ പാലിക്കേണ്ട നിയമങ്ങളുണ്ട്. അതിലുപരി നമ്മിലുണ്ടായിത്തീരുന്ന മൂര്‍ത്തമല്ലാത്ത നിയമങ്ങളെക്കുറിച്ചാണ് ഞാന്‍ പറയുന്നത്. ഉദാഹരണത്തിന് നാവിനുമേല്‍ ഒരു കാവല്‍ക്കാരന്‍. സംസാരിക്കാം, പക്ഷേ, വാതോരാതെ സംസാരിക്കരുത്, ദേഷ്യം പിടിക്കരുത്. ആത്മീയകാര്യങ്ങള്‍, മരണം തുടങ്ങിയവയെക്കുറിച്ച് ചിന്തിക്കുക.
ഞാനെന്റെ ഭാര്യയോട് പറഞ്ഞു: ‘ഇവര്‍ സൂഫികളെപ്പോലെ സംസാരിക്കുന്നു; ദൈവത്തെക്കുറിച്ച്, സ്വര്‍ഗത്തെക്കുറിച്ച്.’
ഇങ്ങനെ പൂര്‍ണമായും പരിവര്‍ത്തിക്കപ്പെട്ടയാളുകളുടെ കൂടെ ബോട്ടില്‍ യാത്ര ചെയ്തത് മറക്കാനാവാത്ത അനുഭവമായിരുന്നു. ഞങ്ങള്‍ക്ക് ആത്മീയമായ സഹായം കൂടിയായിരുന്നു അത്. ജിദ്ദയിലെത്തുമ്പോള്‍ കടല്‍ പ്രക്ഷുബ്ധമായിരുന്നു. ഇത്തരം സാഹചര്യങ്ങള്‍ മുന്‍പരിചയമില്ലാതിരുന്ന ബോട്ടിലുണ്ടായ സ്ത്രീകളെയാണ് കാര്യമായി ബാധിച്ചത്. കാലാവസ്ഥ മൂലം കരയിലേക്ക് അടുക്കാന്‍ കഴിഞ്ഞില്ല. നങ്കൂരമിടാനുള്ള ശരിയായ സൗകര്യം തുറമുഖത്ത് ഉണ്ടായിരുന്നില്ല. അതിനാല്‍ ഞങ്ങള്‍ സഞ്ചരിച്ചിരുന്ന വലിയ ബോട്ടില്‍നിന്ന് ചെറിയ ചെറിയ ബോട്ടുകളില്‍ കയറ്റി തീരത്തെത്തിക്കാനായിരുന്നു പദ്ധതി. തിരകളില്‍ ആടിയുലയുന്ന ബോട്ടുകളിലേക്കിറങ്ങുക സ്ത്രീ യാത്രക്കാര്‍ക്ക് ജീവിതത്തിനും മരണത്തിനുമിടയിലെ ഞാണിന്മേല്‍ കളിയായിരുന്നു. ഹജ്ജില്‍ ഇതുമൂലം നല്ല പ്രതിഫലം ലഭിക്കുമെന്ന് അവര്‍ പറയുന്നുണ്ടായിരുന്നു.
ഇംഗ്ലീഷുകാരായ വെളുത്ത നിറമുള്ള എനിക്കും ഭാര്യക്കും മുസ്‌ലിംകളാണെന്ന് തെളിയിക്കേണ്ടതുണ്ടായിരുന്നു. പത്ത് വര്‍ഷം മുമ്പേ ഇസ്‌ലാം സ്വീകരിച്ചതിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഞങ്ങളുടെ കൈവശമുണ്ടായിരുന്നെങ്കിലും അവര്‍ക്കത് മതിയായിരുന്നില്ല. പ്രായമായ മൂന്ന് ആളുകള്‍ ഞങ്ങളുടെ ഇസ്‌ലാമിനെ അളന്നതിന് ശേഷമാണ് വന്നവരോടൊപ്പം ചേരാന്‍ അനുവദിച്ചത്. ലളിതമായ ചോദ്യങ്ങളായിരുന്നു ഞങ്ങളോടവര്‍ ചോദിച്ചത്;
‘ഒരു ദിവസത്തില്‍ എത്ര നേരമാണ് നമസ്‌കരിക്കേണ്ടത്?’
‘അസര്‍ നമസ്‌കാരം എത്ര റക്അത്തുണ്ട്.’ ‘സൂറത്തുല്‍ ഫാത്തിഹ ഒന്ന് ഓതാന്‍ കഴിയുമോ?’ തുടങ്ങിയ വളരെ ലളിതമായ ചോദ്യങ്ങള്‍.
എല്ലാം കഴിഞ്ഞതിന് ശേഷം അവര്‍ എന്നോട് പറഞ്ഞു: ‘നിങ്ങളിലുള്ള ഇസ്‌ലാമിനെ ഞങ്ങള്‍ അഭിനന്ദിക്കുന്നു.’
അമര്‍ഷത്തോടെ ഞാന്‍ പ്രതികരിച്ചു:
‘നിങ്ങളുടെ ഇസ്‌ലാമിനെ ഞാനും അഭിനന്ദിക്കുന്നു.’ ഞാന്‍ പ്രതിവചിച്ചു. പത്ത് വര്‍ഷമായി എന്റെ ജീവിതത്തിന്റെ ഭാഗമായ ഇസ്‌ലാമിന് എന്തായാലും അവരുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട. ഞങ്ങള്‍ക്ക് വേണ്ടി കൂടെ വന്ന മുഴുവന്‍ ഈജിപ്തുകാരെയും കാത്തുനിര്‍ത്തേണ്ടി വന്നതില്‍ എനിക്ക് വല്ലാത്ത മനഃപ്രയാസം തോന്നി.
മക്കയിലെ ഹറമില്‍ പുലര്‍ച്ചെ രണ്ട് മണിക്ക് ഞങ്ങളെത്തി. ഇന്നുമായി താരതമ്യം ചെയ്യുമ്പോള്‍ രാത്രി കഅ്ബ കാണുന്നത് വല്ലാത്ത അനുഭവമായിരുന്നു. രാവിലെ തെളിഞ്ഞ് കാണുന്നത് രാത്രി കാണാന്‍ സാധിച്ചിരുന്നില്ല. എങ്കിലും ഞങ്ങള്‍ കഅ്ബയെ വലം(ത്വവാഫ്) വെച്ചു. ആ വര്‍ഷമായിരുന്നു ആദ്യമായി മക്കയില്‍ വൈദ്യുതി എത്തിയത്. മക്കയിലും മദീനയിലും മാത്രമായിരുന്നു വൈദ്യുതി ഉണ്ടായിരുന്നത്. ഹറമിന് ചുറ്റും 19 ഗേറ്റുകളുള്ള ഉയരം കുറഞ്ഞ മതിലാണുണ്ടായിരുന്നത്. കഅ്ബയെ ബഹുമാനിക്കുന്നതിന്റെ ഭാഗമായാണ് ചുറ്റുമുള്ള കെട്ടിടങ്ങള്‍ക്ക് ഉയരം കുറച്ചത്. ഏത് ഭാഗത്ത് നിന്ന് നോക്കിയാലും കഅ്ബ കാണാമായിരുന്നു.
അബ്രഹാം 4000 വര്‍ഷങ്ങള്‍ക്ക് മുമ്പേ തീര്‍ഥാടനത്തിനായി മക്കയെ തെരഞ്ഞെടുത്തിട്ടുണ്ടായിരുന്നു, അതായത് ജൂതന്മാര്‍ ആരാധനാലയം പണിയുന്നതിന് 1000 വര്‍ഷം മുമ്പ് ഏറ്റവും പുരാതനമായ തീര്‍ഥാടന കേന്ദ്രമായിരുന്നു മക്ക. പഴയ നിയമത്തില്‍ സാമിന്റെ പുസ്തകത്തില്‍ ഇതിനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. അക്കാലത്ത് അത് അറിയപ്പെട്ടിരുന്നത് ‘ബക്ക’ എന്നായിരുന്നു. മക്കയാണെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. സാമിന്റെ പുസ്തകത്തില്‍ ദൈവത്തിന് ഏറ്റവും അനുയോജ്യമായ തീര്‍ഥാടന കേന്ദ്രമായി ബക്കയെ വിലയിരുത്തുന്നുണ്ട്. ജൂതന്മാരും തങ്ങളുടെ മഹാനായ പൂര്‍വികന്‍ അബ്രഹാമിനോടുള്ള ആദരസൂചകമായി പതിവായി മക്ക സന്ദര്‍ശിക്കാറുണ്ടായിരുന്നു. അദ്ദേഹമായിരുന്നു കഅ്ബ സ്ഥാപിച്ചത്, മക്കയെ തീര്‍ഥാടന കേന്ദ്രമാക്കിയത്.
എന്നാല്‍ കാലം ചെന്നതോടെ, അബ്രഹാമിന്റെ മതം ചില അപരിഷ്‌കൃത വിഗ്രഹാരാധകരാല്‍ മലിനീകരിക്കപ്പെട്ടു. മക്കയില്‍ അബ്രഹാമിന് അനുയായികള്‍ ഉണ്ടായിരുന്നെങ്കിലും അവര്‍ സമൂഹത്തിലെ ന്യൂനപക്ഷം മാത്രമായിരുന്നു. മതത്തില്‍ വന്നു ചേര്‍ന്ന തിന്മകളെ ചെറുക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഈ ലോകമായിരുന്നു അവര്‍ക്കെല്ലാം, മരണ ശേഷമുള്ള ജീവിതത്തെപ്പറ്റിയുള്ള ചിന്ത അവര്‍ക്കുണ്ടായിരുന്നില്ല. ഇതിനെല്ലാം പരിഹാരമാവുമെന്ന് കരുതിയാണ് ക്രിസ്തുമതം സ്വാഗതം ചെയ്യപ്പെട്ടത്, എന്നാല്‍ കന്യാമറിയത്തിന്റെയും പുത്രന്റെയും രണ്ട് വിഗ്രഹങ്ങള്‍ കൂടി മക്കയില്‍ സ്ഥാപിക്കപ്പെട്ടു എന്നല്ലാതെ യാതൊരു മാറ്റവും ഉണ്ടായില്ല. ഇങ്ങനെ ജനങ്ങള്‍ പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുമ്പോഴാണ് ഇസ്‌ലാമിന്റെ ആഗമനം. അബ്രഹാം പിന്തുടര്‍ന്ന മതത്തിന്റെ സത്ത ഇസ്‌ലാമില്‍ അവര്‍ ദര്‍ശിച്ചു. ജ്ഞാനവും ആത്മീയതയും ഇസ്‌ലാം മുഖേന അറേബ്യയില്‍ തിരിച്ചുവന്നു.
സഫാ മര്‍വകള്‍ക്കിടയിലെ ഏഴ് പ്രാവശ്യമുള്ള നടത്തം, സഅ്‌യ് നിര്‍വഹിക്കാനായി മരുഭൂമിയിലേക്ക്. പാറക്കല്ലുകള്‍ കൂട്ടിയിട്ട ചെറിയ കുന്നായ സഫയില്‍ നിന്ന് ഒരിക്കല്‍ മഹാനായ മുഹമ്മദ്(സ) സഞ്ചരിച്ച മണല്‍പ്പരപ്പിലൂടെ മര്‍വയിലേക്ക്, ഏകദേശം 450 മീറ്റര്‍. ഏഴ് തവണയുള്ള നടത്തം മര്‍വയില്‍ അവസാനിക്കുന്നു. വിസ്മയിപ്പിക്കുന്ന കാഴ്ചകളാണ് ആ നടത്തത്തിനിടയില്‍. എതിര്‍ ദിശയില്‍ ചിലപ്പോള്‍ നേരത്തെ കണ്ടവര്‍. മറ്റു ചിലപ്പോള്‍ പകരം പുതിയ ആളുകള്‍; അബ്രഹാം ധരിച്ച വെള്ള വസ്ത്രത്തില്‍, പഴയ നിയമത്തിലെ താളുകളില്‍നിന്ന് ഇറങ്ങി വന്നതുപോലെ. മഹത്തായ ലയ-താള വാദ്യങ്ങളോടുകൂടിയ സംഗീതം. എട്ടാമത്തെ ദിവസമായിരുന്നു കുറച്ചകലെയുള്ള മിനയിലേക്ക് പോകേണ്ടിയിരുന്നത്, അന്നത് തരിശ് നിലം പോലെയായിരുന്നു. എന്നാല്‍ ഞങ്ങളെ കൊണ്ട് പോകാനുള്ള ബസ് വരാന്‍ വൈകിയതുകൊണ്ട് താമസ സ്ഥലത്തേക്ക് തന്നെ മടങ്ങി. മഗ്‌രിബ് ബാങ്ക് കൊടുത്തപ്പോള്‍ ഞങ്ങള്‍ മക്കയിലേക്ക് മടങ്ങി. മഗ്‌രിബും ഇശായും ഹറമില്‍വെച്ച് നിര്‍വഹിച്ചു. ഒന്നാലോചിച്ച് നോക്കൂ, കഅ്ബയുടെ പരിസരത്ത് നിങ്ങളെക്കൂടാതെ എട്ട് പേര്‍ മാത്രം, പുതിയ കിസ്‌വ എല്ലാ മനോഹാരിതകളോടും കൂടി കഅ്ബയെ പുതപ്പിച്ചിരിക്കുന്നു. ഹജറുല്‍ അസ്‌വദ് സമാധാനത്തോടെ ചുംബിക്കാന്‍ അതുമൂലം എനിക്ക് കഴിഞ്ഞു. അവസാനം ബസ് എത്തി.
രാത്രി ഞങ്ങള്‍ മിനയിലെത്തി. ഇന്നത്തേതില്‍നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു അന്ന് മിന; ഒന്നുമില്ലാത്ത, മരുമണല്‍ പരന്നുകിടക്കുന്ന തരിശായ താഴ്‌വര. അത് പാരമ്പര്യത്തിന്റെ ഭാഗമായിരുന്നു. ഉംറ നിര്‍വഹിക്കാനുള്ള സൗകര്യാര്‍ഥം മിനായില്‍ സ്ഥിരമായി തനിക്കൊരു കുടില്‍ കെട്ടിത്തരണമെന്നാവശ്യപ്പെട്ട ആഇശ(റ)യോട് നബി(സ) പറഞ്ഞത് മിന ഇതുപോലെ തന്നെ കെട്ടിടങ്ങളൊന്നുമില്ലാതെ തുറസ്സായി കിടക്കണമെന്നായിരുന്നു. 1948-ല്‍ ഞങ്ങള്‍ വരുമ്പോഴും അങ്ങനെ തന്നെയായിരുന്നു. രാത്രിയില്‍ ചിലര്‍ ആ മണല്‍പ്പരപ്പില്‍ കിടന്ന് ഉറങ്ങുന്നു പോലുമുണ്ടായിരുന്നു.
അബ്രഹാമിന്റെ വിശുദ്ധ മണ്ണാണ് മക്കയെങ്കില്‍ അറഫ ആദമിന്റേതാണ്. ആദമിന്റെ അനുസരണക്കേട് അല്ലാഹു പൊറുത്തുകൊടുത്തത് അറഫ പര്‍വതത്തില്‍ വെച്ചാണ്. ഖുര്‍ആന്‍ പരാമര്‍ശിക്കുന്നുണ്ടത്.
ഒന്‍പതാം ദിവസം അറഫയിലേക്ക്. എന്റെ ഒരു സുഹൃത്ത് എനിക്ക് മുമ്പേ ഹജ്ജ് നിര്‍വഹിച്ചിച്ചിട്ടുണ്ടായിരുന്നു. അതിരാവിലെ അറഫയിലെ ഒത്തുകൂടലില്‍ എല്ലാവരും തൂവെള്ള വസ്ത്രം ധരിച്ച് കൈകള്‍ മേലോട്ടുയര്‍ത്തി പ്രാര്‍ഥിക്കുന്നതു കണ്ടപ്പോഴുണ്ടായ അനുഭൂതിയില്‍ അദ്ദേഹം വിചാരിച്ചു ഇത് ലോകത്തിന്റെ അവസാനമാണോ?
അന്നത്തെ രാജാവ് അബ്ദുല്‍ അസീസ് അക്കൊല്ലം ഞങ്ങള്‍ക്കൊപ്പമായിരുന്നു ഹജ്ജ് നിര്‍വഹിച്ചത്. അദ്ദേഹത്തിന്റെ കൂടാരം ഞങ്ങളുടെ സമീപത്തായിരുന്നു. നീണ്ട താടിയും മുടിയുമുള്ള, വാളുകള്‍ കൈയിലേന്തിയ പാറാവുകാര്‍ എപ്പോഴും കൂടാരത്തിന് ചുറ്റുമുണ്ടായിരുന്നു.
ഒരു തീര്‍ഥാടനത്തിന്റെ ദൈര്‍ഘ്യം വളരെ പ്രധാനപ്പെട്ടതാണ്. തീര്‍ത്തും വ്യത്യസ്തമായ ജീവിതാവസ്ഥകളില്‍നിന്ന് തീര്‍ഥാടകന്റെ മാനസികാവസ്ഥയിലെത്തിച്ചേരാനുള്ള ദൈര്‍ഘ്യം. ഹജ്ജിന് ശേഷം പലര്‍ക്കും പഴയ ജീവിതത്തിലേക്ക് തിരിച്ച് പോകാന്‍ സാധിക്കാന്‍ കഴിയാറില്ല. ഗുണപരമായ ഒന്നായിട്ടാണ് ഞാനിതിനെ മനസ്സിലാക്കുന്നത്.
ഏതൊരു മതത്തിനും ഒഴിച്ചുകൂടാനാവാത്ത രണ്ട് സംഗതികളുണ്ട്. ദൈവത്തില്‍ നിന്നുള്ള ദിവ്യബോധനമാണ് ഒന്നാമത്തേത്, അത് ലംബ(vertical) രൂപത്തിലുള്ളതാണ്. രണ്ടാമത്തേത് ദൈവത്തില്‍ നിന്നുള്ള സത്യം ഒരു തലമുറയില്‍നിന്ന് മറ്റൊരു തലമുറയിലേക്ക് അവിരാമമായി കൈമാറാന്‍ സഹായകരമായ തിരശ്ചീന(horizontal)മായ പാരമ്പര്യമാണ്. ഹജ്ജില്‍ കഅ്ബ ആദ്യത്തേതിനെ പ്രതിനിധീകരിക്കുന്നുണ്ടെങ്കില്‍ അറഫ ആദമില്‍നിന്നുള്ള പാരമ്പര്യത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഒന്ന് സ്വര്‍ഗത്തെയും മറ്റേത് ഭൂമിയെയും. അതിനാല്‍ ഹജ്ജില്‍ വിലയം പ്രാപിക്കുന്ന ഒരാളില്‍ സ്വര്‍ഗവും ഭൂമിയും തമ്മിലുള്ള വേര്‍തിരിവ് അപ്രത്യക്ഷമാകുന്നു.
1976-ല്‍ ഹജ്ജില്‍ എത്തിച്ചേരുമ്പോള്‍ ഏതൊരു യൂറോപ്യന്‍ നഗരപ്രാന്തത്തെയും പോലെ മിനായും മാറിയിട്ടുണ്ടായിരുന്നു. അറഫയുടെ കാര്യവും അങ്ങനെത്തന്നെ, ആളുകളാല്‍ തിങ്ങിനിറഞ്ഞിരിക്കുന്നു. 1948-ല്‍ മറ്റ് സ്ഥലങ്ങളില്‍നിന്ന് അറഫയെയും മിനയെയും വ്യതിരിക്തമാക്കുന്ന അനുഭൂതി 76-ല്‍ അനുഭവപ്പെട്ടില്ല. അന്ന് ചുറ്റും കുന്നുകള്‍ മാത്രം. എവിടെ നിന്ന് നോക്കിയാലും കഅ്ബ കാണാം. തികഞ്ഞ ഏകാന്തതയില്‍ ഹറമില്‍ ഇരിക്കുന്നു. പറഞ്ഞറിയിക്കാനാവാത്ത സമാധാനം.
ഇന്നാണെങ്കില്‍ പുറത്ത് നിന്ന് നോക്കിയാല്‍ അകത്തുള്ളതൊന്നും കാണാന്‍ സാധിക്കില്ല. പള്ളിയില്‍ പ്രവേശിച്ചാല്‍ മാത്രമേ കഅ്ബ കാണാന്‍ സാധിക്കുകയുള്ളൂ. അതുപോലെ സഅ്‌യ് നിര്‍വഹിക്കാന്‍ പള്ളിയില്‍നിന്ന് പുറത്തേക്ക് പോകേണ്ടതില്ല. സംസം കിണറിനടുത്ത് നിന്ന് സഫയുടെ അവശേഷിക്കുന്ന പാറകള്‍ക്ക് സമീപത്തേക്ക് എളുപ്പവഴിയുണ്ട്. അവ പള്ളിയാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. ഇപ്പോഴത്തെ അവസ്ഥയോട് എനിക്കൊരിക്കലും പൊരുത്തപ്പെടാനാവുന്നില്ല, ഹറമിന് വലുപ്പം കൂട്ടണമെങ്കില്‍ ഇതായിരുന്നില്ല വഴി. സഫയും മര്‍വയും എങ്ങനെയായിരുന്നോ അങ്ങനെ തന്നെ സംരക്ഷിക്കേണ്ടതായിരുന്നു. കാരണം ഖുര്‍ആനില്‍ പറയുന്നതുപോലെ ‘സഫയും മര്‍വയും അല്ലാഹുവിന്റെ സ്മാരകങ്ങളാണ്.’ എന്നാല്‍ ഇപ്പോഴതിന്റെ ഏറിയ ഭാഗവും നശിപ്പിക്കപ്പെട്ടിരിക്കുന്നു. പല കാരണങ്ങളും ന്യായീകരണങ്ങളും വിപുലീകരണത്തിന് പിന്നിലുണ്ടാകാം. എന്നിരുന്നാലും മാറ്റങ്ങള്‍ വരുത്തുമ്പോള്‍ ഒരാളുടെ ആത്മീയതയെ എങ്ങനെ ബാധിക്കുമെന്ന് കൂടി അന്വേഷിക്കേണ്ടതായിരുന്നു. പലര്‍ക്കും പറഞ്ഞറിയിക്കാന്‍ കഴിയാത്ത വൈകാരിക ബന്ധങ്ങള്‍ ഈ സ്ഥലങ്ങളുമായുണ്ടാവാം.
(1909-ല്‍ മാഞ്ചസ്റ്ററില്‍ പ്രൊട്ടസ്റ്റന്റ് കുടുംബത്തില്‍ ജനിച്ച മാര്‍ട്ടിന്‍ ലിംഗ്‌സ് ഓക്‌സ്ഫഡില്‍ അധ്യാത്മജ്ഞാന(metaphysics)ത്തിന്റെ ആചാര്യനായ Rene Guenon ന്റെയും Frithjof Schuon യും ശിഷ്യനായിരുന്നു. Rene Guenonന്റെ ഇസ്‌ലാമാശ്ലേഷണം ലിംഗ്‌സിനെയും സ്വാധീനിച്ചു. 20-ാം വയസ്സില്‍ ഇസ്‌ലാമെത്തിച്ചേര്‍ന്നതിന് ശേഷം ശൈഖ് അബൂബക്കര്‍ സിറാജുദ്ദീന്‍ എന്ന പേര്‍ സ്വീകരിച്ചെങ്കിലും മാര്‍ട്ടിന്‍ ലിംഗ്‌സ് എന്നാണ് കൂടുതലും അറിയപ്പെട്ടിരുന്നത്.
ഷേക്‌സപിയര്‍ പണ്ഡിതനായ ലിംഗ്‌സിന്റെ പഠനങ്ങള്‍ സൂഫിസത്തെ കേന്ദ്രീകരിച്ചായിരുന്നു. മുഹമ്മദ് നബിയുടെ ജീവിതത്തെ ആസ്പദമാക്കി എഴുതിയ Muhammad: His Life Based on the Earliest Sources ആണ് അദ്ദേഹത്തിന്റെ പ്രധാന കൃതി. ജീവിതാവസാനം വരെ വിശ്രമമില്ലാത്ത യാത്രക്കാരനായ അദ്ദേഹം 96-ാം വയസ്സില്‍ മരണപ്പെടുന്നതിന് മാസങ്ങള്‍ക്ക് മുമ്പാണ് തന്റെ അവസാന ഹജ്ജ് യാത്ര നിര്‍വഹിച്ചത്.
ബി.ബി.സി നിര്‍മിച്ച Circling the House of God ല്‍ അബ്രഹാം ചരിത്രത്തിന്റെ അകമ്പടിയോടെ പ്രിയപത്‌നിയോടൊപ്പം ’48-ല്‍ നിര്‍വഹിച്ച ഹജ്ജ് ഓര്‍ത്തെടുക്കുകയാണ് ലിംഗ്‌സ്. ആദ്യ ഹജ്ജ് നിര്‍വഹണത്തില്‍ ലഭിച്ച ആത്മീയാനുഭൂതിയുടെ തിളക്കം ബി.ബി.സി ചിത്രത്തില്‍ തെളിയുന്ന ആ കണ്ണുകളില്‍ കാണാം.
ഡോ. മാര്‍ട്ടിന്‍ലിംഗ്‌സ്: 1909-2005. എഴുത്തുകാരന്‍, അറുപതോളം ഗ്രന്ഥങ്ങളുടെ കര്‍ത്താവ്. പ്രൊട്ടസ്റ്റന്റ് ഫാമിലിയില്‍നിന്ന് ഇസ്‌ലാമിലേക്ക് പ്രവേശിച്ചു.)
വിവ: ഉബൈദുര്‍റഹ്മാന്‍
(ബോധനം, 2013 ജനുവരി-മാർച്ച് )