അല്ലാഹുവിന്റെ കാരുണ്യമിറങ്ങുന്ന അനുഗൃഹീത ഭൂമി ഒന്ന് കാണാനും സ്പര്‍ശിക്കാനും ഹൃദയവും ആത്മാവും കൊതിക്കുന്ന ദിനങ്ങളിലാണിത്. ആ പുണ്യഭൂമി സന്ദര്‍ശിക്കാനും, അവിടത്തെ അനുഗ്രഹങ്ങള്‍ നുകരാനും ആഗ്രഹിക്കുന്നവരാണ് നാം. അങ്ങേയറ്റത്തെ ആഗ്രഹം കാരണം നമ്മില്‍ ചിലര്‍ ഉറങ്ങുമ്പോള്‍ ആ മഹത്തായ മന്ദിരവും അവിടെ ത്വവാഫും സഅ്‌യും നിര്‍വഹിക്കുന്നതും സ്വപ്‌നം കാണുകയും ചെയ്യുന്നു. അബ്ദുല്ലാഹ് ബിന്‍ ഉമര്‍(റ) ഒരിക്കല്‍ ഹജ്ജ് നിര്‍വഹിക്കുകയായിരുന്നു.
ഹജറുല്‍ അസ്‌വദിനെ സ്പര്‍ശിക്കാനായി നടത്തിയ തിരക്കില്‍ അദ്ദേഹത്തിന്റെ മുഖത്ത് നിന്ന് രക്തമൊലിക്കുകയും, കാലില്‍ നീര് കെട്ടുകയും ചെയ്തു. ഇത് കണ്ട അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ ചോദിച്ചു. ‘താങ്കളെന്തിനാണ് ഇങ്ങനെ തിരക്ക് കൂട്ടുന്നത്? തിരുമേനി(സ) വിരോധിച്ച കാര്യമല്ലേ ഇത്? അബ്ദുല്ലാഹ് ബിന്‍ ഉമര്‍(റ) നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു. ഹൃദയങ്ങള്‍ ആശിച്ച സ്ഥാനമാണ് അത്. എന്റെ ഹൃദയവും അവയുടെ കൂട്ടത്തില്‍ ഉണ്ടാവണമെന്ന് ഞാന്‍ ആശിച്ചു.
വിശ്വാസികള്‍ പരിശുദ്ധഗേഹത്തോടും, അവിടത്തെ പ്രതീകങ്ങളോടും സ്വീകരിച്ച സമീപനമാണ് ഇത്. അവര്‍ക്കെല്ലാം അവയോട് പ്രണയവും, അനുരാഗവും, ആശയും വാല്‍സല്യവുമാണ് ഉണ്ടായിരുന്നത്. എന്തുകൊണ്ടീ അഭിവാജ്ഞ? എന്തുകൊണ്ടീ ആശ? അല്ലാഹു പറയുന്നു: ‘തീര്‍ച്ചയായും മനുഷ്യര്‍ക്ക് വേണ്ടി സ്ഥാപിച്ച ഒന്നാമത്തെ ആരാധനാ മന്ദിരം ബക്കയില്‍ ഉള്ളതത്രെ. അത് അനുഗ്രഹമായും മാലോകര്‍ക്ക് മാര്‍ഗദര്‍ശകമായും നിലകൊള്ളുന്നു. അതില്‍ വ്യക്തമായ ദൃഷ്ടാന്തങ്ങളുണ്ട്. വിശിഷ്യാ ഇബ്‌റാഹീം നിന്ന സ്ഥലം. ആര്‍ അവിടെ പ്രവേശിക്കുന്നുവോ അവന്‍ നിര്‍ഭയനായിരിക്കുന്നതാണ്. ആ മന്ദിരത്തില്‍ എത്തിച്ചേരാന്‍ കഴിവുള്ള മനുഷ്യര്‍ അതിലേക്ക് തീര്‍ത്ഥാടനം നടത്തല്‍ അവര്‍ക്ക് അല്ലാഹുവോടുള്ള ബാധ്യതയാണ്’. (ആലുഇംറാന്‍ 96-97)
കഅ്ബാലയവുമായി ബന്ധപ്പെട്ട ഒരുപാട് ചരിത്രഉദ്ധരണികളുണ്ട്. ആദം(അ) ഭൂമിയില്‍ ആദ്യമായി ഇറങ്ങിയത് ഇന്ത്യാ ഉപഭൂഖണ്ഡത്തിലായിരുന്നുവെന്നും, അല്ലാഹുവിന്റെ കല്‍പന സ്വര്‍ഗത്തില്‍ നിന്ന് ലംഘിച്ചതിന്റെ പേരില്‍ അദ്ദേഹം മുന്നൂറ് വര്‍ഷത്തോളം അദ്ദേഹം കരഞ്ഞ് പ്രാര്‍ത്ഥിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ സന്ദര്‍ഭത്തില്‍ ജിബ്‌രീല്‍ അദ്ദേഹത്തിന് മേല്‍ ഇറങ്ങുകയും ‘താങ്കള്‍ കഅ്ബാലയത്തിലേക്ക് പോവുകയും അതിന് ചുറ്റും ത്വവാഫ് നടത്തുകയും ചെയ്യുക. എങ്കില്‍ അല്ലാഹു പൊറുത്തുതരുന്നതാണ്’ എന്ന് അറിയിക്കുകയും ചെയ്തു. അദ്ദേഹം അവിടെ നിന്ന് കാല്‍നടയായി കഅ്ബാലയത്തിലേക്ക് യാത്രതുടങ്ങുകയും അല്ലാഹു അദ്ദേഹത്തിന് ഭൂമി ചുരുക്കി നല്‍കുകയും ചെയ്തു. മാലാഖമാര്‍ നിര്‍മിച്ച ഉയര്‍ന്ന പാറക്കെട്ടുകള്‍ കൊണ്ട് പൂര്‍ത്തീകരിക്കപ്പെട്ട വിധത്തിലായിരുന്നു അന്ന് കഅ്ബയുണ്ടായിരുന്നത്. ആദം(അ) ആണ് ആദ്യമായി കഅ്ബ ത്വവാഫ് ചെയ്തതെന്ന് പറയപ്പെടുന്നു. അന്നുമുതല്‍ ഇന്നേവരെ അവിടെ മനുഷ്യരാലോ, അവരുടെ അഭാവത്തില്‍ മാലാഖമാരാലോ ത്വവാഫ് തുടര്‍ന്നുകൊണ്ടേയിരിക്കുന്നുവെന്ന് ഒരു റിപ്പോര്‍ട്ടില്‍ വന്നിരിക്കുന്നു.
പരിശുദ്ധ ഭവനത്തിന്റെ നാടിനെക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ അല്ലാഹു മക്ക എന്നതിന് പകരം ബക്ക എന്നാണ് പ്രയോഗിച്ചത്. കാരണം ആ ഭവനത്തിന്റെ പവിത്രതക്ക് മേല്‍ അതിക്രമിച്ചുകയറുന്ന ഏത് സ്വേഛാധിപതിയെയും അല്ലാഹു തകര്‍ത്ത്(ബക്ക) കളയുമെന്നേ്രത അതിന്റെ സൂചന.
കഅ്ബാലയത്തിന് അക്കാലത്ത് ഉയര്‍ന്ന ചുവരുകളോ, ഭദ്രമായ വാതിലുകളോ ഉണ്ടായിരുന്നില്ല. വന്യമൃഗങ്ങളുടെ പിടിയില്‍ നിന്ന് രക്ഷതേടി ദുര്‍ബല ജീവികള്‍ കഅ്ബാലയത്തിനുള്ളില്‍ അഭയം തേടാറുണ്ടായിരുന്നു. ഇര ഹറമിന്റെ പരിധിയില്‍ പ്രവേശിച്ചാല്‍ വേട്ടമൃഗങ്ങള്‍ പിന്മാറുകയായിരുന്നു പതിവ്. ഇത് പവിത്രമായ ഇടമാണെന്നും, അവിടെ പ്രവേശിക്കുന്നവര്‍ നിര്‍ഭയരാണെന്നും അവയ്ക്ക് ബോധനം നല്‍കപ്പെട്ടിരുന്നു. അബ്‌റഹത്തിന്റെ ആനകള്‍ അവിടെ പ്രവേശിക്കാതെ തിരിഞ്ഞുനടന്ന ചരിത്രം നമുക്ക് അറിയാവുന്നതാണ്.
ത്വവാഫ് ചെയ്യാനുള്ളവരാണ് അവിടം സന്ദര്‍ശിക്കേണ്ടത്. അസ്അദ് അല്‍ഹുമൈരി മൂന്നുലക്ഷത്തോളം വരുന്ന പടയാളികളുമായി അവിടെയെത്തിയപ്പോള്‍ അല്ലാഹു അദ്ദേഹത്തെ തടയുകയുണ്ടായി. ശഹാദത് കലിമ ഉച്ചരിച്ചതിന് ശേഷമാണ് അല്ലാഹു അദ്ദേഹത്തിന് അനുവാദം നല്‍കിയത്. അദ്ദേഹം ത്വവാഫ് നിര്‍വഹിക്കുകയും, കഅ്ബാലയത്തിന് പട്ട് പുതപ്പിക്കുകയും ചെയ്താണ് മടങ്ങിയത്. അദ്ദേഹമാണ് ആദ്യമായി കഅ്ബാലയത്തിന് പട്ടുപുതപ്പിച്ചത്.
മസ്ജിദുല്‍ അഖ്‌സ്വായെയും, ഹറമിനെയും കുറിച്ച വിശുദ്ധ ഖുര്‍ആന്‍ പരാമര്‍ശങ്ങള്‍ അവ രണ്ടിനുമിടയിലെ വ്യത്യാസം വ്യക്തമാക്കാന്‍ പര്യാപ്തമാണ്. ‘തന്റെ ദാസനെ ഒരു രാത്രിയില്‍ മസ്ജിദുല്‍ ഹറാമില്‍ നിന്ന് മസ്ജിദുല്‍ അഖ്‌സായിലേക്ക് -അതിന്റെ പരിസരം നാം അനുഗൃഹീതമാക്കിയിരിക്കുന്നു- നിശായാത്ര ചെയ്യിച്ചവന്‍ എത്ര പരിശുദ്ധന്‍!’. (അല്‍ഇസ്‌റാഅ് 1). ഇവിടെ അഖ്‌സ്വായുടെ മഹത്ത്വത്തെക്കുറിച്ച് സൂചിപ്പിക്കുന്നത് അതിന് ചുറ്റുമുണ്ടായിരുന്ന പ്രവാചകന്മാരെയും സദ്‌വൃത്തരായ വിശ്വാസികളെയും ബന്ധപ്പെടുത്തിയാണ്. എന്നാല്‍ പരിശുദ്ധ ഹറം അത് സ്വയം തന്നെ അനുഗ്രഹിക്കപ്പെട്ടതാണ്. അത് ലോകര്‍ക്ക് മാര്‍ഗദര്‍ശനവുമാണ്. പശ്ചാതപിച്ച് അവിടെയെത്തുന്നവന് അല്ലാഹു പൊറുത്തുകൊടുക്കുകയും, ചോദിക്കുന്നവന് അല്ലാഹു ഉത്തരം നല്‍കുകയും, ആഗ്രഹങ്ങള്‍ അല്ലാഹു സാക്ഷാല്‍കരിക്കുകയും ചെയ്യുന്നതാണ്. മറ്റുഭവനങ്ങളില്‍ നിന്ന് ഒരു ലക്ഷം തവണ ആരാധനയര്‍പ്പിച്ചതിന്റെ പ്രതിഫലമാണ് അവിടെ നിന്ന് ഒരു തവണ ആരാധന നിര്‍വഹിച്ചവനുള്ളത്. അതിനാലാണ് ഭാര്യാസംസര്‍ഗത്തിലോ, അധര്‍മ പ്രവര്‍ത്തനത്തിലോ, വഴക്കിലോ ഏര്‍പെടാതെ ഹജ്ജ് നിര്‍വഹിച്ചവന്‍ പിറന്നുവീണ കുഞ്ഞിനെപ്പോലെ പൂര്‍ണശുദ്ധനായി മടങ്ങിവരുമെന്ന് തിരുമേനി(സ) വ്യക്തമാക്കിയത്.