അന്ത്യ പ്രവാചകന്‍ മുഹമ്മദ് നബി(സ) മക്കയില്‍നിന്ന് മദീനയിലേക്ക് നടത്തിയ ഹിജ്‌റ കേവലം ഒരു പരദേശ ഗമനമായിരുന്നില്ല. ദുഷിച്ച വ്യവസ്ഥിതിക്ക് നേരെയുള്ള വിപ്ലവാത്മകമായ ധിക്കാരമായിരുന്നു അത്. അസത്യത്തോടും അധര്‍മത്തോടുമുള്ള രൂക്ഷമായ പ്രതിഷേധവും. സാമൂഹിക തിന്മകള്‍ക്കെതിരെയുള്ള കടുത്ത അമര്‍ഷവും അതുള്‍ക്കൊള്ളുന്നുണ്ട്.
മനുഷ്യന് ഏറ്റവും വിലപ്പെട്ടത് തന്റെ ആദര്‍ശവും ധര്‍മവുമാണ്. അത് സംരക്ഷിക്കാന്‍ സ്വത്തും സ്വദേശവും വെടിയേണ്ടിവരും. അത്തരം സന്ദര്‍ഭങ്ങളില്‍, അതേ പതിതാവസ്ഥയില്‍ ജീവിതം തുടരാന്‍ ആദര്‍ശബോധമുള്ള സത്യവിശ്വാസിക്ക് സാധ്യമല്ല. അസത്യത്തില്‍നിന്നും മര്‍ദന പീഡനങ്ങളില്‍നിന്നും മോചനം തേടിക്കൊണ്ട് സത്യവും സമാധാനവും പുലരുന്ന മറ്റൊരിടത്തേക്ക് അവന്‍ ദേശാടനം ചെയ്യും. ഭീരുത്വമല്ല, ആദര്‍ശധീരതയാണത്. ഇതാണ് ഹിജ്‌റയുടെ സന്ദേശം.
ഖുര്‍ആന്‍ പലേടത്തും സത്യവിശ്വാസത്തോടൊപ്പം പരാമര്‍ശിക്കുന്നത് യാണെന്നത് അതിന്റെ മഹത്വത്തിന് മാറ്റുകൂട്ടുന്നുണ്ട്. ജിഹാദിന്റെ ഉന്നത രൂപം കൂടിയാണ് ഹിജ്‌റ.
ദൈവിക മാര്‍ഗത്തില്‍ ഹിജ്‌റ പോകുന്നവന് പലതും ത്യജിക്കേണ്ടിവരും. വധിക്കപ്പെടുകയോ മരണപ്പെടുകയോ ചെയ്‌തേക്കാം. ആ ത്യാഗങ്ങളൊന്നും അല്ലാഹു കാണാതിരിക്കുകയില്ല. അതിന്ന് അളവറ്റ അനുഗ്രഹം അവന് ലഭിക്കാതിരിക്കുകയുമില്ല. ”ദൈവിക മാര്‍ഗത്തില്‍ ഹിജ്‌റ പോയവരും അനന്തരം വധിക്കപ്പെടുകയോ മരണപ്പെടുകയോ ചെയ്തവരുമായ ആളുകളുണ്ടല്ലോ, അല്ലാഹു അവര്‍ക്ക് മികച്ച വിഭവങ്ങള്‍ നല്‍കുന്നതാകുന്നു” (ഹജ്ജ്: 58).
”സ്വവസതികളില്‍നിന്ന് പുറത്താക്കപ്പെടുകയും പലായനം ചെയ്യുകയും എന്റെ മാര്‍ഗത്തില്‍ ദ്രോഹങ്ങളേല്‍ക്കുകയും യുദ്ധം ചെയ്യുകയും വധിക്കപ്പെടുകയും ചെയ്തവര്‍ക്ക്, തീര്‍ച്ചയായും ഞാന്‍ അവരുടെ പാപങ്ങള്‍ പൊറുത്തുകൊടുക്കുന്നതും അവരെ താഴ്ഭാഗങ്ങളിലൂടെ ഒഴുകുന്ന ഉദ്യാനങ്ങളില്‍ പ്രവേശിപ്പിക്കുന്നതുമാകുന്നു. അത് അല്ലാഹുവിങ്കല്‍ നിന്നുള്ള പ്രതിഫലമാകുന്നു. അവങ്കലാകുന്നു ഉല്‍കൃഷ്ഠമായ പ്രതിഫലം” (ആലുഇംറാന്‍: 199).
അല്ലാഹു നിരോധിച്ചതിനെ വെടിയുന്നവരാകുന്നു പലായകന്‍ (മുഹാജിര്‍). ദീനുല്‍ ഇസ്‌ലാം കല്‍പ്പിച്ച കാര്യങ്ങള്‍ ചെയ്യാതെ സ്വദേശം ത്യജിക്കുന്നവന്ന് ഹിജ്‌റയുടെ യാതൊരു പുണ്യവും ലഭിക്കുന്നതല്ല. പ്രവാചകന്‍(സ) പറഞ്ഞു: ”ആരുടെ ആത്മാവില്‍നിന്നും കരങ്ങളില്‍നിന്നും മുസ്‌ലിംകള്‍ സുരക്ഷിതരാണോ, അവനാണ് മുസ്‌ലിം. അല്ലാഹു നിരോധിച്ചതിനെ വെടിയുന്നവനാരോ അവനാകുന്നു മുഹാജിര്‍” (ബുഖാരി). ക്ലേശങ്ങള്‍ സഹിച്ചു ദുരിതപൂര്‍ണമായ യാത്ര ചെയ്ത് മക്കയില്‍നിന്ന് മദീനയിലേക്ക് പോയി എന്നതിനേക്കാള്‍ വലിയ കാര്യം, പാപങ്ങളില്‍നിന്ന് അകന്ന് നില്‍ക്കുകയും പിശാചിന്റെ ദുര്‍ബോധനങ്ങള്‍ അതിജയിച്ചു ജീവിക്കുകയും ചെയ്യുക എന്നതാണ്. ഹിജ്‌റയുടെ യഥാര്‍ഥ മാനദണ്ഡമാണ് അത്. ഒരാള്‍ ദീനിന്ന് വേണ്ടി സ്വദേശപരിത്യാഗം ചെയ്യുമ്പോള്‍, ജീവിത വിശുദ്ധിയില്ലെങ്കില്‍, അയാളുടെ ഹിജ്‌റക്ക് ഒരു മൂല്യവുമില്ല.
ഹിജ്‌റ അവസാനിക്കുന്നില്ല. എല്ലാ കാലഘട്ടത്തിലും അതിന് പ്രസക്തിയുണ്ട്. ലോകാവസാനം വരെ ആ കവാടം തുറന്നുകിടക്കും. ഭൂമിയില്‍ അക്രമവും അന്യായവും കൊടുമ്പിരികൊള്ളുമ്പോള്‍, ആദര്‍ശ വിശ്വാസ സംരക്ഷണത്തിന് സത്യവും സമാധാനവും പുലരുന്ന മറ്റൊരിടത്തേക്ക് മാറിപ്പോവുക എന്നത് ഒരു തുടര്‍പ്രക്രിയയാണ്. അല്ലാഹു പറയുന്നു: ”സ്വാത്മാക്കളോട് അക്രമം കാണിച്ചുകഴിയുമ്പോള്‍, മലക്കുകള്‍ മരിപ്പിക്കുന്ന ജനങ്ങളോട് തീര്‍ച്ചയായും അവര്‍ ചോദിക്കും: നിങ്ങള്‍ എന്തിലായിട്ടായിരുന്നു ജീവിച്ചത്? അവര്‍ പറയും: ഞങ്ങള്‍ ഭൂമിയില്‍ ദുര്‍ബലരായിരുന്നുവല്ലോ? അവര്‍ ചോദിക്കും: അല്ലാഹുവിന്റെ ഭൂമി വിശാലമായിരുന്നില്ലേ? അതില്‍ നിങ്ങള്‍ക്ക് ദേശാടനം ചെയ്യാമായിരുന്നില്ലേ? അതിനാല്‍ അവരുടെ സങ്കേതം നരകമാകുന്നു. എത്ര ദുഷിച്ച പരിണതി. എന്നാല്‍ യാതൊരു തന്ത്ര ഉപായവും അവലംബിക്കാനാവാത്തവരും രക്ഷാമാര്‍ഗം കാണാത്തവരുമായ ദുര്‍ബലരായ സ്ത്രീപുരുഷന്മാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും അല്ലാഹു പൊറുത്തുകൊടുത്തേക്കാം” (4:97-99).