മുഹമ്മദിനെയും കുടുംബത്തെയും സഹചാരികളെയും ഒറ്റപ്പെടുത്തി, സഹായസമ്പര്‍ക്കങ്ങള്‍ വിലക്കി പട്ടിണിക്കിട്ട് പരാജയപ്പെടുത്തുകയും ശ്വാസംമുട്ടിച്ച് കൊല്ലുകയുമാണ് അവരുടെ ലക്ഷ്യം.
അബ്‌സീനിയയിലേക്ക് അഭയം തേടിപ്പോയവരെ അവിടെ നിന്നും തുരത്താന്‍ ഖുറൈശികള്‍ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. അവര്‍ അവിടെ സുരക്ഷിതരാണെന്ന് മനസ്സിലായപ്പോള്‍ തങ്ങളുടെ പകയും ദേഷ്യവുമൊക്കെ അവശേഷിച്ച മുസ് ലിംകള്‍ക്കെതിരെ പതിന്‍മടങ്ങായി. പ്രയോഗിക്കാന്‍ അവര്‍ തീരുമാനിച്ചു. ഗോത്രത്തലവന്‍മാര്‍ ഒത്തിരുന്ന് ദുഷ്ടവൃത്തിക്ക് കരുക്കള്‍ നീക്കി.തീരുമാനം ഏകകണ്ഠമായിരുന്നു.
മുഹമ്മദിനെയും അനുചരന്‍മാരെയും സമൂഹഭ്രഷ്ടരാക്കിയിരിക്കുന്നുവെന്നും സഹായത്തിന്റെ ശകലമോ അനുതാപത്തിന്റെയോ കണികയോ അവരുടെ നേരെ നീളരുതെന്നും രേഖപ്പെടുത്തിയ ‘ഉപരോധപത്രം’ കഅ്ബ ദേവാവയത്തിന്റെ ചുമരില്‍ തൂക്കിയിട്ടു.
പുകയിട്ട് പുറത്തുചാടിക്കുകയാണ് തന്ത്രം. അത് പൂര്‍ണമായും ഫലിച്ചു. മുഹമ്മദ് നബിയും കൂട്ടുകാരും നിസ്സഹായരായി ആ പ്രദേശം വിട്ടു. കുറേയകലെ ആള്‍പ്പാര്‍പ്പില്ലാത്ത ഒരു മലമടക്കിലേക്ക് അവര്‍നീങ്ങി. ഭക്ഷണസാധനങ്ങളോ
പരിമിതമായ വസ്ത്രങ്ങള്‍ പോലുമോ അവരുടെ കൈവശം ഉണ്ടായിരുന്നില്ല. കായ്കനികള്‍ക്കും കിഴങ്ങുകള്‍ക്കുംവേണ്ടി തെണ്ടിനടക്കും. വിശപ്പടക്കാന്‍ മറ്റൊരുവഴിയും കാണാതിരിക്കുമ്പോള്‍ പച്ചിലകള്‍ പറിച്ച് തിന്നും; ജീര്‍ണിച്ച തോല്‍ക്കഷ്ണങ്ങള്‍പോലും ചുട്ടുതിന്നവരുണ്ട്.
ഈ ദുരിതങ്ങളെല്ലാം അടുത്ത പ്രഭാതത്തോടെ മാഞ്ഞുതീരുമെന്ന പ്രത്യാശയൊന്നും അവര്‍ക്കുണ്ടായിരുന്നില്ല. അന്ത്യശ്വാസം വരെ ഈ ദുരിതകഥ അനുസ്യൂതമായി ആവര്‍ത്തിക്കപ്പെടും എന്ന് അവര്‍ക്ക് അറിയാമായിരുന്നു. ഈ നരകാനുഭവങ്ങളുടെ അഗ്നികുണ്ഡത്തില്‍ ജീവിതംതന്നെ ഹോമിക്കപ്പെടേണ്ടിവന്നാലും സത്യവിശ്വാസത്തിന്റെ മാര്‍ഗത്തില്‍നിന്ന് വ്യതിചലിക്കുന്ന പ്രശ്‌നമില്ലെന്ന് ആവര്‍ത്തിച്ച് കീര്‍ത്തിക്കുന്നതായിരുന്നു അവരുടെ ശ്വാസധാരകള്‍പോലും.
നിരവധി രാപ്പകലുകള്‍ ഉണക്കിലകള്‍പോലെ കൊഴിഞ്ഞുവീണു. പ്രതികൂലസാഹചര്യങ്ങളുടെ സമ്മര്‍ദങ്ങളില്‍പെട്ട് കത്തിയെരിയുന്ന മുസ് ലിംകള്‍ ഉലയാത്ത ആത്മബലത്തിന്റെ അഗ്നിശലാകകളെപ്പോലെ ആ മലയോരത്ത് മരിച്ചുകൊണ്ട് ശക്തിനേടുകയായിരുന്നു.
ഒരു ദിവസം കാട്ടില്‍ നായാടിമടങ്ങുകയായിരുന്ന അബ്ദുല്‍ബൂഹ്തരി എന്ന യുവാവ് മലമടക്കുകളില്‍ കഴിയുന്ന മുഹമ്മദിനെയും അനുചരന്‍മാരെയും കണ്ടു. കണ്ടപ്പോള്‍ ആദ്യം മനസ്സിലായില്ല. മലമൂട്ടില്‍ കഴിയുന്ന അജ്ഞാതരായ ആദിവാസികളായിരിക്കുമെന്ന് ആ യുവാവ് കരുതി. അടുത്തുചെന്നപ്പോള്‍ അബുല്‍ ബുഹ്തരി വിസ്മയവിവശനായി.
സങ്കല്‍പിക്കാന്‍ കൂടി കഴിയാത്തവിധത്തിലുള്ള ആ ഭീകരയാഥാര്‍ഥ്യത്തിനുമുന്നില്‍ ഏറെനേരം നില്‍ക്കാന്‍ നായാട്ടുകാരന്‍ കൂടിയായ ആയുവാവിന് കഴിഞ്ഞില്ല.
അദ്ദേഹം നഗരത്തിലേക്ക് പാഞ്ഞുചെന്ന് തന്റെ കുറെ സുഹൃത്തുക്കളെ വിളിച്ച് മലയോരത്ത് കണ്ട കാഴ്ച ധരിപ്പിച്ചു. അവരും ബുഹ്ത്തരിയുടെ വികാരം പങ്കുവെച്ചു. അടിയന്തിരമായി ഈ ക്രൂരത അവസാനിപ്പിക്കണം. അവര്‍ വഴികളാരാഞ്ഞു.
അടുത്തദിവസം തന്നെ നഗരത്തിലൊരിടത്ത് വിപുലമായ ഒരു യുവജനസമ്മേളനം നടന്നു. ആ യോഗത്തില്‍ അബുല്‍ബുഹ്ത്തരി ഇങ്ങനെ പറഞ്ഞു.’സഹോദരന്‍മാരേ, മുഹമ്മദിന്റെ വിശ്വാസങ്ങളോട് കൂറും ആദരവും സൂക്ഷിക്കുന്നവരല്ല നമ്മള്‍.പുതുവിശ്വാസത്തിന്റെ പ്രചാരത്തെയും വളര്‍ച്ചയെയും നാം കഠിനമായെതിര്‍ക്കുന്നു. അവരെ സമ്മര്‍ദ്ദത്തിനും അവധീരണങ്ങള്‍ക്കും വിധേയരാക്കി പുത്തന്‍വിശ്വാസത്തില്‍നിന്ന് പിന്തിരിപ്പിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം.
ആ ലക്ഷ്യത്തോടുകൂടി അവര്‍ക്കെതിരെ നാം ശക്തമായ ഉപരോധങ്ങളേര്‍പ്പെടുത്തി പട്ടിണിക്കിട്ട് പരാജയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ നാം ആരംഭിച്ച നടപടികള്‍ ഇന്നും തുടരുകയാണ്. രക്ഷയില്ലാതെ അവര്‍ ഇവിടംവിട്ടോടി. മലമൂട്ടില്‍ അഭയംതേടി. പച്ചവെള്ളവും കായ്കനികളും കഴിച്ച് ജീവിച്ചു. ഇന്നിപ്പോള്‍ കുടിവെള്ളം പോലും കിട്ടാതായിരിക്കുന്നു. ജീര്‍ണിച്ച തോല്‍കഷ്ണം ചുട്ടുതിന്ന് പശിയടക്കാന്‍ ശ്രമിക്കുകയാണവര്‍. ഒട്ടകത്തിന്റെ മൂത്രം പോലും അവര്‍ കുടിച്ചിട്ടുണ്ട്. നഗ്നത മറയ്ക്കാനുള്ള തുണിത്തുണ്ടുകളും അവരുടെ വശമില്ല. കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയാത്തവിധം അവര്‍ അസ്ഥിമാത്രാവശേഷരായി മാറിയിരിക്കുന്നു. ലോകത്ത് ഇന്നോളം ഇതുപോലൊരു ദുരിതം ഒരു ജനസമുദായവുമനുഭവിച്ചിട്ടുണ്ടാവുകയില്ല. ഞാനവരെ കണ്ടു. ഒരാദര്‍ശം- ഒരു വിശ്വാസം- പേറിനടന്നതിന് ഇത്രത്തോളം വില ചരിത്രത്തിലാരെങ്കിലും കൊടുത്തതായറിയില്ല.’
അബുല്‍ ബുഹ്തരിയുടെ ഭാഷണം നിശ്ശബ്ദരായി നിന്നുകൊണ്ട് സദസ്യര്‍ കേള്‍ക്കുകയാണ്. ബുഹ്തരി തുടര്‍ന്നു: ‘നമ്മുടെ തീരുമാനത്തിലും കവിഞ്ഞ അളവിലാണ് ഉപരോധംനടപ്പിലാക്കിയത്. എന്നാല്‍ തങ്ങളുടെ വിശ്വാസത്തിന്റെ പാതയില്‍നിന്ന് വിട്ടുനില്‍ക്കാന്‍ ഒരു കുട്ടിപോലും സന്നദ്ധനായിട്ടില്ല. മാത്രവുമല്ല, തങ്ങളുടെ ജീവാഹുതിയിലൂടെ ഇസ് ലാമിന്റെ മഹത്വവും പവിത്രതയും പതിന്‍മടങ്ങ് പ്രകാശിപ്പിച്ചു കാണിക്കാന്‍ കഴിയുമെന്നാണവരുടെ പ്രത്യാശ. ജീവന്‍ കൊടുത്തും പരിരക്ഷിക്കപ്പെടേണ്ട വിശിഷ്ടാദര്‍ശങ്ങളുടെ സമന്വയമാണ് ഇസ് ലാമെന്ന ബോധം പ്രചരിക്കുന്നത് നമുക്ക് ദോഷമാണ്. അതിനാല്‍ വിഫലവും വിപരീതഫലകാരിയുമായ ഉപരോധം ഇനിയും തുടരണമോ എന്ന് വിലയിരുത്തേണ്ട സമയം വന്നെത്തിയിരിക്കുന്നു.
ചില ഗോത്രക്കാര്‍പോലും ഈ ക്രൂരതയ്‌ക്കെതിരെ ചിന്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്. കുടിവെള്ളം പോലും മുട്ടിച്ച് പിടപ്പിച്ച് കൊല്ലുന്ന ഈ പൈശാചികത്വം ഇനിയും തുടരാതെ അവസാനിപ്പിക്കണമെന്നാണ് എന്റെ അഭിപ്രായം. നമുക്കും കൊച്ചുകുഞ്ഞുങ്ങളും കുടുംബാഗങ്ങളുമുണ്ട്. ഈ ദുസ്ഥിതി അവര്‍ക്ക് വന്നാല്‍ അത് നമ്മെ എങ്ങനെ ബാധിക്കുമെന്നുകൂടി നാമോര്‍ക്കണം. ആ മലമൂട്ടില്‍ മരണം മുന്നില്‍കണ്ട് കഴിയുന്നവരെല്ലാം നമ്മുടെ പല കുടുംബങ്ങളിലെയും അംഗങ്ങളാണ്. മുഹമ്മദ് ഇവിടത്തെ അറിയപ്പെടുന്ന ഒരു ഗോത്രത്തിലെ എണ്ണപ്പെട്ട യുവാവാണ്. ഈ നരകകഥയുടെ നിജസ്ഥിതി അറിയുമ്പോള്‍ ഏതു വിശ്വാസത്തിന്റെ പേരിലായാലും ആ കുടുംബാംഗങ്ങള്‍ക്കത് സഹിക്കാന്‍ കഴിഞ്ഞുഎന്ന് വരില്ല. ആ സഹികേട് നമ്മുടെ ഇടയില്‍ തീക്ഷ്ണമായ ഗോത്രവൈരാഗ്യത്തിനും ക്രമത്തിലത് പരിഹാരം കാണാന്‍ കഴിയാത്ത കൊടുംകലാപത്തിനും കാരണമായേക്കും.
ഏതുനിലയിലും പൈശാചികമായ ഈ ഉപരോധം അടിയന്തിരമായി അവസാനിപ്പിക്കണം.ഇതെന്റെ വിനീതമായ അഭിപ്രായമാണ്. നിങ്ങളുടെ പ്രതികരണമറിയാന്‍താല്‍പര്യമുണ്ട്. ‘ ഇത്രയും പറഞ്ഞപ്പോഴേക്കും സദസ്സാകെ ഒരേ സ്വരത്തില്‍ വിളിച്ചലറി. ‘പൈശാചികമായ നടപടികള്‍ അവസാനിപ്പിക്കണം.’
ബുഹ്തരി കഅ്ബയെ ലക്ഷ്യമാക്കി നടന്നു. അവിടെക്കൂടിയ ജനങ്ങളാകെ അദ്ദേഹത്തെ അനുഗമിച്ചു. ദേവാലയത്തിന് അടുത്തെത്തിയപ്പോള്‍ അതൊരു യുവജനപ്രവാഹമായി മാറി. വഴിയോരത്തുള്ളവരും സമീപവാസികളും ഓടിയെത്തി. ആര്‍ക്കും ഒന്നും മനസ്സിലായില്ല. അബുല്‍ബുഹ്തരി ദേവാലയത്തിന്റെ ഭിത്തിയില്‍ തൂങ്ങിക്കിടന്നിരുന്ന ഉപരോധപത്രം പറിച്ചെടുത്ത് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പറഞ്ഞു:
‘പിശാചിന്റെ പ്രത്യയശാസ്ത്രമാണ് ഈ രേഖ പ്രതിനിധാനം ചെയ്യുന്നത്. മര്‍ദ്ദനവും കൊലപാതകവും മനുഷ്യസമൂഹത്തില്‍ അസാധാരണമല്ല. എന്നാല്‍ ഒരു സമൂഹത്തെയാകെ ജലപാനംപോലും നിഷേധിച്ച്, ശ്വാസം മുട്ടിച്ച് ഇഞ്ചിഞ്ചായിക്കൊല്ലുന്ന പൈശാചികനയം മനുഷ്യന് ഭൂഷണമല്ല. ഇത് ഇവിടെ അവസാനിപ്പിക്കണം.’
ബുഹ്തരി ഉപരോധപത്രം പിച്ചിച്ചീന്തി വലിച്ചെറിഞ്ഞു. നിലയ്ക്കാത്ത കരഘോഷമുയര്‍ന്നു. യുവജനസമൂഹം ആഹ്ലാദപൂര്‍വം നൃത്തം വെച്ചു. ഖുറൈശിപ്രമാണികള്‍ നോക്കുകുത്തികളെപ്പോലെ മൂകസാക്ഷികളായിനിന്നു. അപ്രതിരോധ്യമായ യുവജനമുന്നേറ്റത്തില്‍ യാഥാസ്ഥിതികത്വത്തിന്റെ കോട്ടകൊത്തളങ്ങള്‍ഇളകിയാടി.
ഉപരോധം നീങ്ങി. മലമൂട്ടില്‍നിന്ന് മുഹമ്മദും അനുചരന്‍മാരും സ്വവസതികളിലേക്ക് മടങ്ങി. |