ഐ.ടി. വിദ്യാഭ്യാസം എന്തിന്?

i t
ടെക്നോളജിയും മനുഷ്യരെയും ചൈനയിലേക്ക് കയറ്റി അയക്കാന്‍ ഇതുവരെ ലോകത്ത് അധികമാരും ധൈര്യപ്പെട്ടിട്ടില്ല. എന്നാല്‍ ചൈനയുടെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി രംഗത്തും ടെലികമ്മ്യൂണിക്കേഷന്‍ രംഗത്തും ഇന്ത്യന്‍ കമ്പനികള്‍ പുതിയ മുതല്‍മുടക്കുകള്‍ നടത്തുകയാണ്. അതും പൂര്‍ണ്ണമായി ഇന്ത്യന്‍ തൊഴിലാളികളെ ഉപയോഗപ്പെടുത്തിക്കൊണ്ടുതന്നെ. അതിനാല്‍തന്നെ ഐ.ടി. വിദ്യാര്‍ഥികള്‍ക്ക് ഒരിക്കലും തിരിഞ്ഞുനോക്കേണ്ടിവരില്ല. ചൈനയില്‍ പോയിട്ടായാലും ഇനി നമുക്ക് തൊഴില്‍ ചെയ്യാം. അഞ്ച് കോടി ഇന്റര്‍നെറ്റ് കണക്ഷനും അത്ര തന്നെ മൊബൈല്‍ ഫോണ്‍ കണക്ഷനുമുള്ള രാജ്യമാണ് ഇന്ത്യ. വിവര സാങ്കേതിക രംഗത്ത് നമ്മുടെ മുതല്‍മുടക്ക് വളരെ വലുതാണ്. വിപ്രോ, ഇന്‍ഫോസിസ് തുടങ്ങിയ വന്‍കിടക്കാരുടെ വിജയം മാതൃകയാക്കി റിലയന്‍സ്, ടാറ്റാ തുടങ്ങിയവരും വിവര സാങ്കേതിക രംഗത്ത് ശ്രദ്ധ പതിപ്പിച്ചു തുടങ്ങി. സോഫ്റ്റ്വെയറിന് പുറമെ ഹാര്‍ഡ്വെയര്‍ രംഗത്തും നാം പതുക്കെ കാലുറപ്പിക്കുകയാണ്.
അമേരിക്കയില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി രംഗത്ത് സേവനമനുഷ്ഠിക്കുന്ന കമ്പനികളിലേക്ക് അന്വേഷണമായോ പരാതിയായോ അവിടത്തുകാര്‍ പതിനഞ്ച് ടെലിഫോണ്‍ കോള്‍ ചെയ്യുമ്പോള്‍ അതില്‍ പത്തെണ്ണത്തിനും മറുപടി നല്‍കുന്നത് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന കോള്‍സെന്റുകളില്‍ നിന്നായിരിക്കും. അതാണ് നാം ഇന്ത്യക്കാരന്റെ യുക്തി. ശമ്പളക്കാര്യത്തില്‍ അല്‍പം നീക്കുപോക്ക് കാണിച്ചാലും ബുദ്ധിയുടെ കാര്യത്തില്‍ നാം ആരുടെയും പിന്നിലല്ല. ടെക്നോളജിയുടെ കാര്യത്തിലും അങ്ങനെത്തന്നെ. ഇന്റനെറ്റ് വഴിയും മൊബൈല്‍ഫോണ്‍ വഴിയും ടെലിഫോണ്‍ ബില്ലും വൈദ്യുതി ബില്ലും മറ്റും അടക്കാന്‍ നമ്മുടെ നാട്ടിലെ സാധാരണക്കാരന് പോലും ഇപ്പോള്‍ സൌകര്യമുണ്ട്. ടെലികമ്മ്യൂണിക്കേഷന്‍ രംഗത്ത് നാം വളരെയേറെ മുന്നോട്ട് പോയിരിക്കുന്നു. കേരളത്തിലെ ചില നഗരങ്ങളില്‍ ജനസംഖ്യയോടടുത്തായി മൊബൈല്‍ കണക്ഷനുമുണ്ടെന്നത് അല്‍ഭുതത്തിന് വകനല്‍കുന്നു.
കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ് രംഗത്ത് മുപ്പത് ലക്ഷത്തിലേറെ വിദഗ്ദര്‍ ഇപ്പാള്‍ തന്നെ നമ്മുടെ നാട്ടില്‍ ജോലിചെയ്യുന്നു. കൂടുതല്‍ ഇന്നതി തേടി വിദേശത്തേക്ക് തൊഴില്‍ തേടപ്പോകുന്നവരുടെ എണ്ണവും വന്‍തോതിലാണ്. അമേരിക്കന്‍ സമൂഹത്തില്‍ പോലും അസൂയ വളര്‍ത്തുന്ന തോതിലാണ് നമ്മുടെ മുന്നേറ്റം നടക്കുന്നത്. അവിടുത്തെ വിദഗ്ദ പ്രോഗ്രാമര്‍മാരില്‍ നല്ലൊരു വിഭാഗം ഇന്ത്യക്കാരാണെന്നത് എല്ലാവര്‍ക്കുമറിയാം. ഇന്ത്യക്കാരുടെ ഈ കടന്നുകയറ്റത്തിനെതിരെ അവിടെ ഇപ്പോള്‍ മുറവിളി ഉയരുകയാണ്. തൊഴില്‍ രംഗത്ത് നാം അവരെ പിന്തള്ളുന്നുവെന്നും ഇത് അമേരിക്കന്‍ യുവാക്കള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുത്തുന്നുവെന്നുമാണ് പരാതി. സ്ഥിതി ഇങ്ങനെ തുടര്‍ന്നാല്‍ 2019-ാടെ ലോകത്തുള്ള കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍മാരില്‍ പകുതി പേരും ഇന്ത്യക്കാരായിരിക്കുമെന്നാണ് വിദഗ്ദരുടെ അനുമാനം.
കമ്പ്യൂട്ടറിന്റെ ഇന്ത്യന്‍ ബദലായ സിമ്പ്യൂട്ടറിന് നാം വിദേശ വിപണി തേടുകയാണ്. വിവിധ ലോക ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ അതിനെ പ്രാപ്തമാക്കുന്ന പ്രവര്‍ത്തനങ്ങളും തുടങ്ങിക്കഴിഞ്ഞു. മധ്യപൌരസ്ത്യ രാജ്യങ്ങളിലെ വിപണിയാണതില്‍ മുഖ്യം. 150 ഡോളറിന് താഴെ ലോകവിപണിയില്‍ സിമ്പ്യൂട്ടര്‍ വിതരണം ചെയ്യാന്‍ സാധ്യമാകുമെന്നാണ് പ്രതീക്ഷ. ലിന് ഓപറേറ്റിംഗ് സിസ്റ്റം ഉള്‍പ്പെടെ സ്വതന്ത സോഫ്റ്റ്വെയറുകള്‍ ഉപയോഗിക്കുന്നതിനാലാണ് ഇത്രയും വിലകുറച്ച് നല്‍കാന്‍ സാധിക്കുന്നത്. ഇന്റര്‍നെറ്റ് കണക്ഷനില്ലാതെത്തന്നെ സാധാരണ ടെലിഫോണിലൂടെ ലഭ്യമാക്കുന്ന ഇ-മെയില്‍ സംവിധാനവും വിദൂരവിദ്യാഭ്യാസ പരിപാടികള്‍ വ്യാപകമാക്കാന്‍ സഹായകമായ വീഡിയോ ടെലിഫോണും സമീപഭാവിയില്‍ ഇവിടെ വ്യാപകമാകുമെന്നാണ് പ്രതീക്ഷ. അതോടെ സാങ്കേതിക രംഗത്ത് പുതിയൊരു കുതിപ്പ് കൂടി നാം നടത്തുകയായിരിക്കും.
ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയും ബയോയോടെക്നോളജിയും സമന്വയിക്കുന്ന ബയോഇന്‍ഫര്‍മാറ്റിക്സ് രംഗത്തും നാം ചുവടുറപ്പിച്ചു. ഔഷധങ്ങളുടെ നിര്‍മാണ രംഗത്ത് മാത്രമല്ല ജീവനെസ്സംബന്ധിച്ച അടിസ്ഥാന ധാരണയുണ്ടാക്കിയെടുക്കാന്‍ തന്നെ ഈ പഠനം വഴിയൊരുക്കും. ഈ മേഖലയിലെ ഗവേഷണങ്ങള്‍ മുഖേനയുണ്ടാകുന്ന വന്‍ വിവരശേഖരത്തെ ക്രോഡീകരിക്കാനും അപഗ്രഥിക്കാനും കമ്പ്യൂട്ടര്‍ സഹായം അനിവാര്യമാണ്. മനുഷ്യശരീരത്തിലെ അടിസ്ഥാന ജീനുകള്‍ തിരിച്ചറിഞ്ഞ് ശ്രേണീപരമായി അടയാളപ്പെടുത്തുന്ന ഹ്യൂമണ്‍ ജീനോ മാപ്പിംഗ് ഏതാനും വര്‍ഷത്തിനകം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. ഇതോടെ ജൈവശാസ്ത്രരംഗത്തും ചികില്‍സാ രംഗത്തും വലിയ മാറ്റങ്ങളാണുണ്ടാവുക. അതിനാല്‍ തന്നെ ഈ മേഖലയില്‍ വന്‍ തൊഴില്‍ സാധ്യതകള്‍ പ്രതീക്ഷിക്കുന്നു. ഇന്ത്യയിലാദ്യമായി കേരള യൂണിവേഴ്സിറ്റിയില്‍ ബയോഇന്‍ഫര്‍മാറ്റിക്സ് വിഭാഗം പ്രവര്‍ത്തമാരംഭിച്ചിരിക്കയാണ്. ഇതിനെല്ലാം പുറമെ അഞ്ച് കൃത്രിമ ഉപഗ്രഹങ്ങള്‍ നമ്മുടെ വിവരസംവേദനവിദ്യാ മേഖലക്ക് കരുത്ത് പകരുന്നു. ലോകത്താദ്യമായി വിദ്യാഭ്യാസാവശ്യങ്ങള്‍ക്കായി ‘എജ്യൂസാറ്റ്’ എന്ന പേരില്‍ നാം സാങ്കേതിക ഉപഗ്രഹം ഭ്രമണപഥത്തിലെത്തിച്ചു. ഇതാദ്യമായി പ്രയോജനപ്പെടുത്താനാരംഭിച്ചത് കേരളത്തിലെ സ്കൂളുകളിലാണ്.
നമ്മുടെ സ്കൂളുകള്‍ വിവരസാങ്കേതികവിദ്യക്ക് ഇപ്പോള്‍ നല്‍കുന്ന പ്രാമുഖ്യം ഇനിയും വര്‍ധിപ്പിക്കേണ്ടതുണ്ട്. ഈ രംഗത്ത് മാറ്റങ്ങള്‍ ദ്രുതഗതിയിലാണ് നടക്കുന്നത്. ഇന്ന് പഠിച്ച തിയറിയും പരിശീലിച്ച സോഫ്റ്റ്വെയറും പ്രോഗ്രാമിംഗ് ലാംഗ്വേജും അടുത്ത ദിവസം കാലഹരണപ്പെട്ടേക്കാം. നാളെ പുതിയ കമ്പ്യൂട്ടിംഗ് ശൈലിയും സോഫ്റ്റ്വെയറും കമ്പ്യൂട്ടര്‍ ലാംഗ്വേജും പ്രത്യക്ഷപ്പെട്ടേക്കാം. ഈ മാറ്റങ്ങളുയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ പ്രാപ്തമായ രീതിയിലായിരിക്കണം സ്കൂളുകളില്‍ കമ്പ്യൂട്ടര്‍ വിദ്യാഭ്യാസത്തിന് അടിത്തറയിടേണ്ടത്. കമ്പ്യൂട്ടര്‍ വിദ്യാഭ്യാസത്തെ ഗൌരവമായി സമീപിക്കേണ്ട ആവശ്യകതയിലേക്ക് ഇത് ഊന്നല്‍ നല്‍കുന്നു.
ഐ.ടിയുടെ ആഗോളതലത്തിലെ ആവശ്യങ്ങള്‍ക്കാണ് പരിശീലനത്തില്‍ മുന്‍ഗണന നല്‍കേണ്ടത്. ആഗോളവല്‍ക്കരണം യാഥാര്‍ഥ്യമായി പടിവാതിലിലെത്തുമ്പോള്‍ പുറംതിരിഞ്ഞ് നില്‍ക്കുന്നവര്‍ അതിന്റെ ഇരകളായിത്തീരുമെന്ന വസ്തുത നാം മറക്കരുത്. ലോകത്തെ വന്‍കിടക്കാരായ ഐ.ടി. സ്ഥാപനങ്ങള്‍ക്കെല്ലാം ഇന്ത്യന്‍ നഗരങ്ങളില്‍ ഇപ്പോള്‍ തന്നെ സാന്നിധ്യമുണ്ട്. സ്മാര്‍ട്ട് സിറ്റി പോലുള്ള വന്‍കിട പദ്ധതികളും നമ്മുടെ നാട്ടിലെത്തുകയാണ്. അടുത്ത ഏതാനും വര്‍ഷങ്ങളിലായി ഈ മേഖലയിലെ തൊഴില്‍ രംഗത്ത് വന്‍കുതിപ്പുണ്ടാകുമെന്നാണ് ഇന്ത്യന്‍ ഐ.ടി. സേവന സ്ഥാപനങ്ങളുടെ പൊതുവേദിയായ ‘നാസ്കോമി’ന്റെ നിരീക്ഷണം.
ഐ.ടി. രംഗത്തെ തൊഴില്‍ സാധ്യത പുതുതലമുറ മനസ്സിലാക്കുന്നുണ്ടെങ്കിലും ഈ രംഗത്തെ മാറ്റങ്ങളുള്‍ക്കൊള്ളാല്‍ നമ്മുടെ കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം ഇപ്പോഴും അപര്യാപ്തമാണ്. അതുകൊണ്ട് തന്നെയാണ് ബാംഗ്ളൂര്‍, മുംബൈ, ഹൈദറാബാദ്, ചെന്നൈ തുടങ്ങിയ വന്‍ നഗരങ്ങളിലെ ഐ.ടി. തൊഴില്‍ സാധ്യതകള്‍ മലയാളി യുവാക്കള്‍ക്ക് എത്തിപ്പിടിക്കാന്‍ പ്രയാസമാകുന്നത്. ഇന്ന് ഇന്ത്യയില്‍ തന്നെ ഏറ്റവുമധികം വേതനം ലഭിക്കുന്ന മേഖലയായി ഈ രംഗം വളര്‍ന്നിരിക്കുന്നു. ബിസിനസ് പ്രോസസ് ഔട്ട്സോഴ്സിംഗ് (ബി.പി.ഒ) രംഗത്തെ സാധാരണ ജോലിക്ക് പോലും മഹാനഗരങ്ങളില്‍ മികച്ച ശമ്പളം ലഭിക്കുന്നുണ്ട്. ഐ.ടിയില്‍ ഉപരിപഠനത്തിനുള്ള അവസരങ്ങളും ഇപ്പോള്‍ ലഭ്യമാണ്.
ആഗോളവല്‍ക്കരണം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ നമ്മുടെ കമ്പ്യൂട്ടര്‍ പഠന മേഖല എത്രത്തോളം സജ്ജമായിരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും നമ്മുടെ യുവതലമുറയുടെ ഈ രംഗത്തെ തൊഴില്‍ ഭാഗധേയം നിര്‍ണയിക്കപ്പെടുന്നത്. പ്രകൃതി വിഭവങ്ങളും വ്യാവസായികോല്‍പന്നങ്ങളുമൊക്കെ ഇപ്പോള്‍ ആഗോള നിലവാരവുമായി തട്ടിച്ചു നോക്കിയാണല്ലോ വിലയിരുത്തപ്പെടുന്നത്. അതുപോലെ തൊഴില്‍ യോഗ്യതയുടെ നിലവാരവും ആഗോളതലത്തിലേക്കുയരേണ്ടതുണ്ട്. ഇതുവരെ ഐ.ടി. മേഖലയില്‍ നടന്നിരുന്നത് നമ്മുടെ കഴിവനനുസൃതമായ ഒഴിവുകള്‍ കണ്ടെത്തിയുള്ള തൊഴില്‍ പ്രവേശനമായിരുന്നു. ഇനി വേണ്ടത് ഏറ്റവും സാധ്യതയുള്ള മേഖലകള്‍ കണ്ടെത്തി ആ മേഖലകളില്‍ കടന്നെത്താന്‍ പറ്റുമെന്ന് ഉറപ്പാക്കുന്ന രീതിയില്‍ ഐ.ടി. കഴിവുകള്‍ വളര്‍ത്തിയെടുക്കുക എന്നതാണ്. കേരളത്തിന്റെ ഏറ്റവും മികച്ച വിഭവം മനുഷ്യവിഭവ ശേഷിയാണെന്ന് നാം നേരത്തെത്തന്നെ തിരിച്ചറിഞ്ഞിരിക്കുന്നു. ഈ വിഭവത്തെ ഒരമൂല്യ നിക്ഷേപമായി മാറ്റിയെടുക്കുകയാണ് കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം ലക്ഷ്യമാക്കേണ്ടത്.i t education

Related Post