നമസ്കാരത്തിനിടയില്‍ നമസ്കാരത്തിലില്ലാത്ത കര്‍മങ്ങളില്‍ കൂടുതലായി വ്യാപൃതനാവുന്നതിനെയാണ് പൊതുവെ നമസ്കാരത്തിലെ ‘ഖുശൂഅ്’ ഇല്ലായ്മയായി വിശേഷിപ്പിക്കപ്പെടുന്നത്. ശരീരം ചൊറിയുക, സമയം നോക്കുക, തിരിഞ്ഞു നോക്കുക, തൊപ്പിയും വസ്ത്രവും ശരിപ്പെടുത്തുക തുടങ്ങിയ കാര്യങ്ങള്‍ അതിന് ഉദാഹരണങ്ങളാണ്. നമസ്കാരം നഷ്ടപ്പെടുത്തുന്ന തരത്തില്‍ ഇത്തരം ചലനങ്ങള്‍ ധാരാളമായി നടത്തുന്നവരെ കാണാം. തന്റെ നാഥന്റെ മുമ്പില്‍ നില്‍ക്കുകകയാണെന്ന ബോധത്തോടെയും ചിന്തയോടെയും നമസ്കരിക്കുന്ന ഒരു മുസ്ലിമിന് ചേര്‍ന്നതല്ല ഇത്. അവന് നമസ്കാരത്തെ ആദരിക്കുന്നവനും അതിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവാനുമായിരിക്കും.
നമസ്കാരത്തില്‍ ചെറിയ ചെറിയ ചലനങ്ങള്‍ ഉണ്ടാവുന്നു, ചിലപ്പോഴെക്കെ ശ്രദ്ധ മാറി പോകുന്നു എന്ന അര്‍ത്ഥത്തിലുള്ള ഖുശൂഅ് ഇല്ലായ്മ നമസ്കാരത്തെ നഷ്ടപ്പെടുത്തില്ലെങ്കിലും അതിന്റെ ചൈതന്യം ചോര്‍ത്തിക്കളയുന്നതാണ്. കാരണം നമസ്കാരത്തിന്റെ ചൈതന്യമാണ് ഖുശൂഅ്. അല്ലാഹു പറയുന്നത് കാണുക: ‘നിശ്ചയം, സത്യവിശ്വാസികള്‍ വിജയം പ്രാപിച്ചിരിക്കുന്നു. അവരോ, നമസ്കാരത്തില്‍ ഖുശൂഅ് ഉള്ളവരാകുന്നു.’ (23:1-2) ഹൃദയത്തിന്റെ ഖുശൂഅ് എന്നും അവയവങ്ങളുടെ ഖുശൂഅ് എന്നും അതിനെ രണ്ടായി വേര്‍തിരിക്കാം.
അല്ലാഹുവിന്റെ മഹത്വവും അവന് തന്നെ നിരീക്ഷിക്കുന്നുണ്ടെന്ന ബോധവും നമസ്കാരത്തിലേക്ക് കൊണ്ടുവരലാണ് ഹൃദയത്തിന്റെ ഖുശൂഅ്. ഖുര്‍ആന്റെ ആശയത്തെ കുറിച്ച് അവന് ആലോചിക്കും, പാരായണം ചെയ്യുന്ന അല്ലെങ്കില്‍ കേള്‍ക്കുന്ന ആയത്തുകളെയും പ്രാര്‍ത്ഥനകളെയും കുറിച്ചവന് ചിന്തിക്കും. തക്ബീറിന്റെയും തസ്ബീഹിന്റെയും ‘സമിഅല്ലാഹു ലിമന് ഹമിദ’ എന്നു പറയുന്നതിന്റെയും ആശയം അവന്റെ മനസ്സിലെത്തും. താന്‍ ശരിക്കും അല്ലാഹുവിന്റെ മുന്നില്‍ തന്നെയാണ് നില്‍ക്കുന്നതെന്ന് അപ്പോള്‍ അവന് അനുഭവപ്പെടുകയും നമസ്കാരമെന്നത് കളിതമാശകളില്‍ നിന്ന് തീര്‍ത്തും മുക്തമാകേണ്ട ഒന്നാണെന്ന് മനസ്സിലാക്കുകയും ചെയ്യും.
പ്രമുഖ പണ്ഡിതനായ ഹാതിം അല്‍-അസ്വമിനോട് എങ്ങനെയാണ് അദ്ദേഹം നമസ്കാരം നിര്‍വഹിക്കാറുള്ളത് അന്വേഷിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘ഉറപ്പോടെ ഞാന്‍ തക്ബീര്‍ ചൊല്ലും, പിന്നെ അവധാനതയോടെ ഞാന്‍ ഖുര്‍ആന്‍ പാരായണം ചെയ്യും, ഖുശൂഓടെ റുകൂഅ് ചെയ്യും, കീഴ്വണക്കത്തോടെ സൂജൂദ് ചെയ്യും. എന്റെ വലതുവശത്ത് സ്വര്‍ഗമാണ് ഇടതുവശത്ത് നരകവും, എന്റെ കാല്ചുവട്ടില് സ്വിറാതാണ്, മുന്നില്‍ കഅ്ബയാണ്, തലക്ക് മുകളില്‍ മരണത്തിന്റെ മലക്കാണ്, എന്റെ പാപകങ്ങള്‍ എന്നെ വലയം ചെയ്തിരിക്കുകയാണ്, അല്ലാഹുവിന്റെ കണ്ണുകള്‍ എന്നെ നോക്കി കൊണ്ടിരിക്കുകയാണ് എന്ന ബോധമായിരിക്കും എന്നില്‍. എന്റെ ആയുസ്സിലെ അവസാന നമസ്കാരമായി ഞാനതിനെ കണക്കാക്കും. കഴിയുന്നിടത്തോളം അതില്‍ ആത്മാര്‍ത്ഥത കാണിക്കും. പിന്നെ ഞാന്‍ സലാം വീട്ടും. അല്ലാഹു എന്നില്‍ നിന്നത് സ്വീകരിക്കുമോ അതല്ല നമസ്കരിച്ചവന്റെ മുഖത്തേക്ക് തന്നെ വലിച്ചെറിയാന്‍ അവന് പറയുമോ എന്നെനിക്കറിയില്ല.’
എന്നാല്‍ ഒരാള്‍ നമസ്കരിക്കുമ്പോള്‍ അയാളില്‍ ഉണ്ടാകുന്നത് തന്റെ മുഴുവന്‍ ഐഹിക പ്രശ്നങ്ങളുമാണെങ്കിലോ? നമസ്കാരമല്ലാത്ത എല്ലാം അതിലേക്ക് കടന്നു വരുന്നു. ഇത്തരത്തിലുള്ള നമസ്കാരം ഒരു മുസ്ലിമിന് യോജിച്ചതല്ല. എന്തൊക്കെയാണെങ്കിലും മനുഷ്യനെ അതിന് നിര്‍ബന്ധിക്കുന്ന പല കാരണങ്ങളുണ്ടായേക്കും. അത്തരം കാര്യങ്ങളും ചിന്തകളും തലയില്‍ നിന്നും ഇറക്കി വെക്കുകയാണ് വേണ്ടത്. ഖുശൂഅ് ലഭിക്കുന്ന സ്ഥാനത്ത് നില്‍ക്കുകയും ചൊല്ലുന്നതിന്റെ ആശയങ്ങളെ കുറിച്ച് ചിന്തിക്കുകയും വേണം. സാധ്യമാകുന്നിടത്തോളം ശ്രദ്ധയെ കേന്ദ്രീകരിച്ച് നിര്‍ത്താന്‍ ശ്രമിക്കുകയും ശേഷം വരുന്ന പിഴവുകള്‍ക്ക് അല്ലാഹുവോട് പാപമോചനം തേടുകയും ചെയ്യുക. ഇതാണ് ഹൃദയത്തിന്റെ ഖുശൂഅ്.
ഹൃദയത്തിന്റെ ഖുശൂഇന്റെ പൂര്‍ത്തീകരണമാണ് അവയവങ്ങളുടെ ഖുശൂഅ്. ‘ഒരാളുടെ ഹൃദയം ഖുശൂഅ് ഉള്ളതാകുമ്പോള്‍ അവയവങ്ങളും ഖുശൂഅ് ഉള്ളതാകും.’ എന്ന് പറയാറുണ്ട്. (സഈദ് ബിന്‍ മുസ്സയിബിന്റെ വാക്കുകളാണിതെന്ന് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്.) അതിന്റെ ആശയം അവന് നമസ്കാരത്തിന് കുറുക്കന് നോക്കുന്നത് പോലെ നോക്കുകയില്ല. കുട്ടികളുടെ കളി കളിക്കുകയുമില്ല. ഖുശൂഇനെ നശിപ്പിക്കുന്ന തരത്തിലുള്ള നിരന്തര ചലനങ്ങളും അവന്റെ ഭാഗത്ത് നിന്നും ഉണ്ടാവുകയില്ല. അല്ലാഹുവിന്റെ മുന്നില്‍ വളരെയധികം ഭവ്യതയോടെയായിരിക്കും അവന് നില്ക്കുക. നമസ്കാരത്തില്‍ അങ്ങനെ നില്‍ക്കാനാണ് നം കല്പിക്കപ്പെട്ടിരിക്കുന്നതും.
ഡോ. യൂസുഫുല്‍ ഖറദാവി
മൊഴിമാറ്റം: നസീഫ്
(Islam Onlive/ Feb-06-2015)