ഏതെങ്കിലും ഒരു മദ്ഹബ് പിന്തുടരല്‍ അനിവാര്യമോ?

 

iwdayala0240c

ഇസ്‌ലാമിക കര്‍മശാസ്ത്രത്തിലെ വ്യത്യസ്ത സരണികളെ കുറിക്കാന്‍ ഉപയോഗിക്കുന്ന സാങ്കേതിക പദമാണ് മദ്ഹബ്. അനേകം കര്‍മശാസ്ത്ര മദ്ഹബുകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും അവയില്‍ വളരെ പ്രസിദ്ധമായ നാലെണ്ണമാണ് ഹനഫി, മാലികി, ശാഫിഈ, ഹമ്പലി മദ്ഹബുകള്‍. ഒരു മുസ്‌ലിം ഏതെങ്കിലും ഒരു മദ്ഹബിനെ പിന്തുടരുന്നവനായിരിക്കണമെന്നതില്‍ പണ്ഡിതന്‍മാര്‍ക്ക് വ്യത്യസ്ത അഭിപ്രായമാണുള്ളത്.

ഏതെങ്കിലും അറിയപ്പെടുന്ന ഇമാമിന്റെ മദ്ഹബ് പിന്തുടരല്‍ അനിവാര്യമാണെന്നതാണ് ഒന്നാമത്തെ അഭിപ്രായം. കാരണം അത് സത്യമാണെന്ന് അവന്‍ വിശ്വസിക്കുന്നുവെങ്കില്‍ അതനുസരിച്ച് പ്രവര്‍ത്തിക്കല്‍ അവന്റെ വിശ്വാസത്തിന്റെ തേട്ടമാണ്.

എല്ലാ വിഷയങ്ങളിലും ഏതെങ്കിലും ഇമാമിന്റെ മദ്ഹബ് തഖ്‌ലീദ് (അനുകരണം) ചെയ്യല്‍ നിര്‍ബന്ധമില്ല എന്നതാണ് ഭൂരിഭാഗം പണ്ഡിതന്‍മാരുടെയും നിലപാട്. എന്നാല്‍ ഒരാള്‍ക്ക് അവനുദ്ദേശിക്കുന്ന ഏത് മുജ്തഹിദിനെയും അനുകരിക്കാം. ശാഫിഈ, ഹനഫി തുടങ്ങിയ ഏതെങ്കിലും മദ്ഹബ് പിന്തുടരുന്ന ഒരാള്‍ അതില്‍ തന്നെ തുടരലും നിര്‍ബന്ധമില്ല. മറ്റൊരു മദ്ഹബിലേക്ക് മാറുന്നതും അനുവദനീയമാണ്. അല്ലാഹുവും അവന്റെ ദൂതനും നിര്‍ബന്ധമാക്കിയതല്ലാത്ത ഒന്നും നിര്‍ബന്ധമാവുകയില്ല. മദ്ഹബുകളുടെ ഇമാമുമാരില്‍ ഏതെങ്കിലും ഇമാമിനെ പിന്തുടരാന്‍ അല്ലാഹുവോ അവന്റെ ദൂതനോ കല്‍പ്പിച്ചിട്ടില്ല. ഏതെങ്കിലും ഒരാളെ പ്രത്യേകമായി പറയുന്നതിന് പകരം പണ്ഡിതന്‍മാരെ പിന്തുടരുന്നതിനാണ് അല്ലാഹു കല്‍പ്പിച്ചിരിക്കുന്നത്. അല്ലാഹു പറയുന്നു : ‘നിങ്ങള്‍ അറിയാത്തവരാണെങ്കില്‍ അറിവുള്ളവരോട് ചോദിച്ച് നോക്കുക.’ (21 : 7) സഹാബികളുടെയും താബിഈകളുടെയും കാലത്ത് കര്‍മശാസ്ത്രവിധികള്‍ നല്‍കിയിരുന്നവര്‍ ഏതെങ്കിലും ഒരു പ്രത്യേക മദ്ഹബിനെ പിന്തുടരുന്നവര്‍ ആയിരുന്നില്ല. ഒരാളെ പ്രത്യേകമായി വേര്‍തിരിക്കാതെ ആരോട് ചോദിക്കാനാണോ സൗകര്യപ്പെട്ടിരുന്നത് അവരോട് ചോദിക്കലായിരുന്നു അവരുടെ രീതി. ഏതെങ്കിലും ഒരു ഇമാമിനെ തഖലീദ് ചെയ്യലെ ഏതെങ്കിലും ഒരു മദ്ഹബ് എല്ലാ കാര്യത്തിനും മുറുകെ പിടിക്കലോ നിര്‍ബന്ധമല്ല എന്നാണത് വ്യക്തമാക്കുന്നത്.

എല്ലാ കാര്യത്തിലും ഒരു മദ്ഹബ് തന്ന പിന്തുടരല്‍ നിര്‍ബന്ധമാണെന്ന് പറയുന്നത് വലിയ പ്രയാസവും ഞെരുക്കവുമുണ്ടാക്കും. എന്നാല്‍ സമൂഹത്തിന് അനുഗ്രഹവും കാരുണ്യവുമാണ് മദ്ഹബുകള്‍. പണ്ഡിതന്‍മാര്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യതയുള്ളതും ഒരു മദ്ഹബിനെ തന്നെ പിന്തുടരല്‍ നിര്‍ബന്ധമില്ല എന്ന നിലപാടിനാണ്.

Related Post