മനുഷ്യന്‍ ധൃതിയുള്ളവനായിരുന്നു

 

296187_10151823435638268_86965812_nഖുര്‍ആന്‍ മനുഷ്യന് നല്‍കിയ വര്‍ണനകളില്‍ ഒരു വര്‍ണനയാണ് ‘മനുഷ്യന്‍ ധൃതികൊണ്ടാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.’ (7:11) മനുഷ്യന്റെ പ്രകൃതിയും വളര്‍ച്ചയുടെ സാഹചര്യങ്ങളും സാക്ഷ്യപ്പെടുത്തുന്ന യാഥാര്‍ഥ്യമാണിത്. ഈ ധൃതിയെന്നത് ഒരു രോഗമാണ്. അത് മറ്റ് ധാരാളം രോഗങ്ങളിലേക്ക് വഴിതെളിയിക്കും. മനുഷ്യരില്‍ പ്രകൃതിപരമായ പ്രശ്‌നങ്ങളുണ്ട്. എന്നാല്‍ കഠിനാധ്വാനത്തോടെ അതിനെ മറികടക്കാനുള്ള മാര്‍ഗങ്ങളും അല്ലാഹു തുറന്നുതന്നിട്ടുണ്ട്. അല്ലാഹു പറയുന്നു: ‘നമ്മുടെ കാര്യത്തില്‍ സമരം ചെയ്യുന്നവരെ നാം നമ്മുടെ വഴികളിലൂടെ നയിക്കുക തന്നെ ചെയ്യും. സംശയമില്ല; അല്ലാഹു സച്ചരിതരോടൊപ്പമാണ്.’ (അന്‍കബൂത്:69)

ധൃതിയെന്നത് വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കും വലിയ പ്രയാസങ്ങളും പരാജയങ്ങളും ഉണ്ടാക്കുന്ന കാര്യമാണ്. അതിന്റെ പ്രശ്‌നങ്ങള്‍ എണ്ണിതിട്ടപ്പെടുത്താനാകില്ല. പലപ്പോഴും പല പ്രശ്‌നങ്ങളായിരിക്കും ഉണ്ടാവുക. അവയില്‍ ചിലതിവിടെ വിവരിക്കുകയാണ്.
– സാമ്പത്തിക ഇടപാടുകളിലും ചരക്കുകള്‍ വാങ്ങുന്നതിലുമുള്ള ധൃതി അപകടകരമായ സാമ്പത്തിക ബാധ്യതകള്‍ ഉണ്ടാവാന്‍ കാരണമാകും. ഇത്തരം മുന്‍പിന്‍ വിചാരമില്ലാതെയുള്ള പ്രവര്‍ത്തനങ്ങല്‍ മൂലമാണ് പലരും കരകയറാനാവാത്ത സാമ്പത്തിക പ്രതിസന്ധിയില്‍ വ്യക്തിപരമായി അകപ്പെടുന്നത്.
– ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളിലും പരിവര്‍ത്തനങ്ങളുണ്ടാക്കുന്നതിലും ധൃതി കാണിച്ച് ക്രമാനുഗതമായ ചര്യ ഉപേക്ഷിച്ചാല്‍ അത് മറ്റുള്ളവരെ കാഫിറുകളാക്കാനും അധര്‍മികളാക്കാനും കാരണമാകും. ഇത്തരം കടുംപിടുത്തങ്ങള്‍ കാരണം പലരെയും മതില്‍കെട്ടി വേര്‍ത്തിരിക്കാനും പുറത്താക്കാനുമായിരിക്കും അവസരമുണ്ടാവുക.
– വിവരവും വിദ്യാഭ്യാസവും നേടുന്നതില്‍ ധൃതികാണിക്കുന്നതും അപകടമാണ്. കാരണം ഒരു പക്ഷെ കുറേ വിവരങ്ങളും അറിവുകളും ശേഖരിക്കാന്‍ സാധിച്ചാലും അത് ഭാവിയില്‍ ഉപകാരപ്പെടുന്ന തരത്തില്‍ പരിവര്‍ത്തിപ്പിക്കാന്‍ അവര്‍ക്ക് സാധിക്കാതെ വരും. കാരണം നേടിയ വിവരങ്ങളെ കുറിച്ച് ചിന്തിക്കാനും മനനം ചെയ്യാനും സമയം കണ്ടെത്താത്തതിനാല്‍ അവ വേണ്ട രീതിയില്‍ വേണ്ട സമയത്ത് ഉപയോഗപ്പെടില്ല.
– ത്വലാഖിന്റെ വിഷയത്തില്‍ സ്ത്രീയോ പുരുഷനോ ധൃതി കാണിക്കുകയാണെങ്കില്‍ അത് വലിയ ദുരന്തമുണ്ടാക്കും. കുടുംബങ്ങള്‍ പിച്ചിച്ചീന്തപ്പെടാനും തകര്‍ന്നടിയാനും ഇത് കാരണമാകും. വേര്‍പിരിയലിന്റെ കാര്യത്തില്‍ ഇണകള്‍ കാട്ടുന്ന ധൃതിയുടെ ബലിയാടുകളാകുന്നത് നിഷ്‌കളങ്കരായ പിഞ്ചുമക്കളാണ്.
– മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നതില്‍ ചിലര്‍ ധൃതി കാണിക്കാറുണ്ട്. മറ്റുചിലര്‍ ഒരാലോചനയും കൂടാതെ മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ തള്ളിക്കളയാറുമുണ്ട്. എന്നാല്‍ ഓരോ വിഷയത്തിലും അതിന്റെ പരിണിതി ആലോചിച്ചിട്ടായിരിക്കില്ല ഈ നിലപാടുകള്‍.
– വാഹനങ്ങള്‍ ഓടിക്കുമ്പോഴും മറ്റുമുള്ള ധൃതി അപകടങ്ങള്‍ക്ക് കാരണമാക്കും. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അത് ഭീഷണിയായിരിക്കും.
– സാമൂഹിക ജീവിതത്തില്‍ കാര്യങ്ങള്‍ കൂടുതല്‍ ആലോചിക്കാതെ നടപടികളെടുത്താല്‍ പരസ്പരബന്ധങ്ങള്‍ തകരും. സാഹോദര്യത്തിന് ഒരു നിലനില്‍പും ഉണ്ടാവുകയുമില്ല. പിന്നീട് നിങ്ങളുടെ പ്രവര്‍ത്തിയുടെ പേരില്‍ നിങ്ങള്‍ ഖേദിക്കേണ്ടിവരും. അല്ലാഹു പറയുന്നത് കാണുക: ‘വിശ്വസിച്ചവരേ, വല്ല കുബുദ്ധിയും എന്തെങ്കിലും വാര്‍ത്തയുമായി നിങ്ങളുടെ അടുത്ത് വന്നാല്‍ നിജസ്ഥിതി വ്യക്തമായി അന്വേഷിച്ചറിയുക. കാര്യമറിയാതെ ഏതെങ്കിലും ജനതക്ക് നിങ്ങള്‍ വിപത്ത് വരുത്താതിരിക്കാനാണിത്. അങ്ങനെ ആ ചെയ്തതിന്റെ പേരില്‍ നിങ്ങള്‍ ഖേദിക്കാതിരിക്കാനും.’  (അല്‍ഹുജുറാത്ത്:9)
– ജീവിതത്തില്‍ ഇണകളെ തെരഞ്ഞെടുക്കുമ്പോള്‍ വളരെ കൂടുതല്‍ ചിന്തിക്കേണ്ടതുണ്ട്. സൗന്ദര്യമോ സമ്പത്തോ കണ്ട് വിവാഹത്തിലേക്ക് കടക്കുന്നവരുണ്ടാവും. അല്ലെങ്കില്‍ രക്ഷിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങുന്നവരുടണ്ടാവും. എന്നാല്‍ ഇത്തരം വിവാഹങ്ങള്‍ ഒന്നുകില്‍ വഴിപിരിയലിലാകും അവസാനിക്കുക. അല്ലെങ്കില്‍ ദുഖവും മടുപ്പുംപേറി ജീവിതകാലം മുഴുവന്‍ ജീവിച്ചു മരിക്കലാകും ഫലം.
– സമൂഹതത്തിലുള്ള ഒരു തെറ്റ് തടയുന്നതില്‍ ധൃതികാണിക്കുന്നത് ആ തെറ്റിന് പകരം മറ്റ് അനേകം തെറ്റുകള്‍ ആ സ്ഥാനത്ത് രൂപപ്പെടാന്‍ കാരണമാകും. തിന്മയെ തടയാന്‍ കൃത്യമായ പദ്ധതിയും ആസൂത്രണവും അനിവാര്യമാണ്. അതില്ലാതെ ചാടിപ്പുറപ്പെട്ടാല്‍ അത് വലിയ തിരിച്ചടിയാകും.

ചുരുക്കത്തില്‍ ധൃതികാണിക്കുക എന്നത് മനുഷ്യന്റെ പ്രകൃതിയിലുള്ള ന്യൂനതയാണ്. ഈ പ്രകൃതിയെ കൃത്യമായ പരിശീലനങ്ങളിലൂടെ മറികടക്കല്‍ അനിവാര്യമാണ്. ഇതിനെ മറികടക്കാന്‍ ശീലിച്ചില്ലെങ്കില്‍ ജീവിതത്തെ അത് പ്രശ്‌നങ്ങളും പ്രയാസങ്ങളും സൃഷ്ടിക്കും.

വിവ: ജുമൈല്‍ കൊടിഞ്ഞി

Related Post