പ്രവാചക ജീവിതത്തെ മ്യൂസിയത്തില്‍ തിരയാന്‍ ഇടവരുത്തരുത്!

ദിവ്യബോധനം ലഭിച്ച പ്രവാചകന്‍ മലമുകളില്‍ നിന്ന് ജനമധ്യത്തിലേക്കിറങ്ങുകയായിരുന്നു. എന്നാല്‍ ജനങ്ങള്‍ക്കിടയില്‍ ജീവിച്ച പ്രവാചകനെ വീണ്ടും المولدമ്യൂസിയത്തിലേക്കയക്കാനുള്ള പരിശ്രമമാണ് ഇന്നു കാണാന്‍ കഴിയുന്നത്. പ്രവാചകനിലെ അമാനുഷികത മാത്രം തിരയുകയും അത്ഭുതങ്ങളെ കുറിച്ച് മാത്രം സംസാരിക്കുകയും ചെയ്യുന്നത് അതിനാലാണ്.

ആധുനിക ലോകം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിക്ക് പ്രവാചകനെ തിരയുകയും സമര്‍പ്പിക്കുകയും ചെയ്യുന്ന എത്ര പ്രോഗ്രാമുകള്‍ ഈ മീലാദ് കാമ്പയിനില്‍ ഇടം പിടിച്ചിട്ടുണ്ടാവും. അഴിമതിയുടെയും സ്വജനപക്ഷ പാതിത്വത്തിന്റെയും കുത്തൊഴുക്കില്‍ മലീമസമായ രാഷ്ട്രീയ പരിസരത്തില്‍ പ്രവാചകന്‍ ഉയര്‍ത്തിപ്പിടിച്ച ധാര്‍മിക നൈതിക രാഷ്ട്രീയം എത്രത്തോളം ചര്‍ച്ച ചെയ്യപ്പെടും! സ്വവര്‍ഗരതി പോലുള്ള അശ്ലീലാഭാസങ്ങള്‍ക്ക് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും പരിവേഷം നല്‍കി മാന്യതയുടെ നിറം ചാര്‍ത്തുമ്പോള്‍ പ്രവാചക പാരമ്പര്യത്തിന്റെ തീപന്തവുമേന്തി ഇതിനെതിരെ പ്രതികരിക്കാന്‍ ആരുണ്ടിവിടെ!

‘എന്തേയീ നബി തെരുവില്‍ നടക്കുന്നു, സാധാരണ ജനങ്ങളോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുന്നു”പ്രവാചക ജീവിത കാലത്ത് ഖുറൈശികള്‍ ഉന്നയിച്ച പ്രശ്‌നമാണിതെങ്കില്‍ ജനജീവിതത്തില്‍ റോളൊന്നുമില്ലാത്ത അമാനുഷിക ജീവികളെ കുറിച്ചും ശേഷിപ്പുകളുടെ സനദുകള്‍ തേടിയുള്ള വാഗ്വാദങ്ങളിലുമാണ് നമ്മുടെ സമൂഹം ഇന്ന് പ്രവാചകനെ പ്രശ്‌നവല്‍കരിച്ചുകൊണ്ടിരിക്കുന്നത്. വിശപ്പിന്റെ പരിഹാരമായി പ്രവാചകനെ അവതരിപ്പിക്കാന്‍ നമുക്ക് കഴിയുന്നുണ്ടോ. വട്ടി പലിശക്കാരുടെ തീവെട്ടിക്കൊള്ളയില്‍ നിന്നും പലിശയിലധിഷ്ഠിതമായ അയല്‍കൂട്ട-സൂക്ഷമ സാമ്പത്തിക സംരംഭങ്ങള്‍ക്കും പകരം വെക്കാനാകുന്ന ഇസ്‌ലാമിക മൈക്രോ ഫൈനാന്‍സ് സംരംഭങ്ങള്‍ ഇപ്പോഴും നമ്മുടെ അജണ്ടയിലുണ്ടോ…..

അപഥ സഞ്ചാരത്തിലകപ്പെടാതിരിക്കാന്‍ പ്രവാചകന്‍ മുന്നോട്ട് വെച്ച ഏക പ്രതിവിധി വിശുദ്ധ ഖുര്‍ആനും തിരുചര്യയും മുറുകെ പിടിക്കുക എന്നതായിരുന്നു. വിശുദ്ധ ഖുര്‍ആനിലെ അക്ഷരങ്ങള്‍ക്ക് ജീവിതം കൊണ്ട് നിറം ചാര്‍ത്തുകയം പ്രവാചകാധ്യാപനങ്ങള്‍ക്ക് ജീവന്‍ നല്‍കുകയും ചെയ്യുവാനുള്ള അവസരമായി ഈ അവസരം ഉപയോഗപ്പെടുത്താന്‍ നമുക്ക് സാധിക്കുന്നിടത്താണ് കാമ്പയിന്റെ വിജയം. പ്രവാചകജീവിതത്തിന് തിരശ്ശീല വീണിട്ട് നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ലോകത്തൊരിടത്തും അദ്ദേഹത്തിന്റെ പ്രതിമയോ മ്യൂസിയങ്ങളോ കാണാന്‍ കഴിയുകയില്ല. ലോകത്തുടനീളമുള്ള ലക്ഷക്കണക്കിന് വിശ്വാസികളുടെ ഹൃദയങ്ങളിലാണ് പ്രവാചകന്‍ ജീവിക്കുന്നത്. അദ്ദേഹത്തിന്റെ വ്യക്തിത്വമാണ് പ്രോജ്ജ്വലിക്കുകയും പ്രഭപരത്തുകയും ചെയ്യുന്നത്. ആ മഹദ്ജീവിതത്തിന് നിറം പകരുന്നതിന് പകരം ഇനിയും മ്യൂസിയത്തിലേക്കയക്കാനാണോ നാം ശ്രമിക്കുന്നത്.

അബ്ദുല്‍ ബാരി കടിയങ്ങാട്

Related Post