ചോദ്യം: പാശ്ചാത്യരാജ്യങ്ങളില്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ വനിതകളാണ് ഇസ്‌ലാം സ്വീകരിക്കുന്നത്. അവിവാഹിതകളായ മുസ്‌ലിംയുവതികള്‍ മുസ്‌ലിംയുവാക്കളെയാണ് വിവാഹം ചെയ്യേണ്ടതെന്നതില്‍ സംശയമില്ല. എന്നാല്‍, വിവാഹിതയായ അമുസ്‌ലിംയുവതി ഭര്‍ത്താവ് ഇസ്‌ലാം സ്വീകരിക്കുന്നതിനുമുമ്പോ സ്വീകരിക്കാതെയോ ഇസ്‌ലാം ആശ്ലേഷിക്കുന്നു. അതേസമയം, അവള്‍ അയാളെ പ്രേമിക്കുന്നു. അവര്‍ തമ്മില്‍ നല്ല ബന്ധം തുടരുകയും ചെയ്യുന്നു. അവര്‍ക്ക് കുട്ടികളുണ്ടാകാം. ഇത്തരം സാഹചര്യത്തില്‍, ഇസ്‌ലാമിനോടും അമുസ്‌ലിമായ ഭര്‍ത്താവിനോടും കുഞ്ഞുങ്ങളോടും ഒരേപോലെ സ്‌നേഹമുള്ള ഭാര്യ എന്തു നിലപാട് സ്വീകരിക്കണം?യുവതി ഇസ്‌ലാം സ്വീകരിക്കുന്നതോടെ അമുസ്‌ലിം ഭര്‍ത്താവുമായുള്ള ബന്ധം വിടര്‍ത്തണമെന്നാണ് പൊതുവെ ഇവ്വിഷയകമായ ഫത്‌വ. അഥവാ, ഇദ്ദഃ കഴിയുന്നതോടെ ഇരുവരെയും തമ്മില്‍ വേര്‍പിരിക്കണമെന്നാണ് ഭൂരിപക്ഷാഭിപ്രായം. ഇത്തരമൊരു നടപടി ഇസ്‌ലാമുമായി വളരെ അടുത്തുമാത്രം ബന്ധം സ്ഥാപിച്ച മുസ്‌ലിം വനിതക്കുണ്ടാക്കുന്ന പ്രയാസങ്ങള്‍ ഏറെയാണ്. ഭര്‍ത്താവിനെയും കുടുംബത്തെയും അവള്‍ ബലിനല്‍കേണ്ടിവരുന്നു.
പാശ്ചാത്യഭാര്യമാരില്‍ പലരും ഇസ്‌ലാം സ്വീകരിക്കാന്‍ തയാറാണെങ്കിലും ഭര്‍ത്താക്കന്മാരുടെ വേര്‍പാട് അതിനുമുന്നില്‍ തടസ്സമായി നില്‍ക്കുന്നു. ഖുര്‍ആന്റെയും സുന്നത്തിന്റെയും ശരീഅത്തിന്റെ താല്‍പര്യങ്ങളുടെയും അടിസ്ഥാനത്തില്‍ ഈ പ്രശ്‌നത്തിന് ഒരു ശര്‍ഈ പരിഹാരം നിര്‍ദേശിക്കാമോ?
……………………………………………………………….
മറുപടി: ഈ വിഷയകമായി വര്‍ഷങ്ങളായി എന്റെ നിലപാട് മുഖ്യധാരാ പണ്ഡിതന്മാരുടേതുതന്നെയായിരുന്നു. അതായത്, ‘ഒരു യുവതി ഇസ്‌ലാം സ്വീകരിക്കുന്നതോടെ ഭര്‍ത്താവുമായുള്ള ബന്ധം വേര്‍പ്പെടുത്തപ്പെടണം. അഥവാ, ഇദ്ദഃ കഴിയുന്നതോടെ. കാരണം, ഇസ്‌ലാം ഇരുവരെയും വേര്‍പിരിച്ചിരിക്കുന്നു. മുസ്‌ലിംയുവതി സത്യനിഷേധിയായ ഭര്‍ത്താവിന്റെ സംരക്ഷണത്തില്‍ കഴിയുന്നതിന് യാതൊരു ന്യായവുമില്ല.’ ഈ വീക്ഷണമാണ് മുസ്‌ലിംജനസാമാന്യത്തിനുമുമ്പില്‍ പൊതുവെയും പണ്ഡിതന്മാര്‍ക്കിടയില്‍ വിശേഷിച്ചും പ്രചാരത്തിലുള്ളത്. കാല്‍ നൂറ്റാണ്ടുമുമ്പ് അമേരിക്കയിലെ മുസ്‌ലിംവിദ്യാര്‍ഥികളുടെ ഐക്യവേദിയുടെ സമ്മേളനത്തില്‍ ഇത്തരമൊരു പ്രശ്‌നം ഉന്നയിക്കപ്പെടുകയുണ്ടായി. പ്രസ്തുത സമ്മേളനത്തില്‍ സന്നിഹിതനായിരുന്ന ഡോ. ഹസനുത്തുറാബി ഇത്തരം സംഭവങ്ങളില്‍ ഭാര്യക്കു അമുസ്‌ലിംഭര്‍ത്താവുമായി കുടുംബജീവിതം തുടരാം എന്ന് അഭിപ്രായപ്പെടുകയുണ്ടായി. സമ്മേളനത്തില്‍ സന്നിഹിതരായ ശരീഅത്തുപണ്ഡിതന്മാര്‍ – ഈ ലേഖകനുള്‍പ്പെടെ – അതിനെ എതിര്‍ക്കുകയുണ്ടായി. സമുദായം ഇതുവരെ തുടര്‍ന്നുവന്ന നടപടികളുടെയും ഭൂരിപക്ഷ പണ്ഡിതന്മാരുടെ ഏകകണ്ഠാഭിപ്രായത്തിന്റെയും ലംഘനം എന്ന ന്യായേനയായിരുന്നു അന്നു ഞങ്ങള്‍ തുറാബിയെ എതിര്‍ത്തത്.
ഇബ്‌നുല്‍ ഖയ്യിമിന്റെ ഒമ്പത് അഭിപ്രായങ്ങള്‍
തൊട്ടില്‍ മുതല്‍ ശ്മശാനം വരെ വിജ്ഞാനം തേടുകയെന്നതാണ് മുസ്‌ലിമിന്റെ രീതി. എല്ലാ വിജ്ഞാനങ്ങളും സ്വായത്തമാക്കിയ ആരുമില്ല. അല്ലാഹു നബിതിരുമേനി(സ്വ)യോട് ഇങ്ങനെ പ്രാര്‍ഥിക്കാന്‍ പറയുന്നു.
”താങ്കള്‍ പറയുക: എന്റെ നാഥാ, എനിക്കു നീ വിജ്ഞാനം വര്‍ധിപ്പിച്ചുതരേണമേ!” (ത്വാഹ: 114)
”നിങ്ങള്‍ക്കു വളരെ കുറഞ്ഞ വിജ്ഞാനമേ നല്‍കപ്പെട്ടിട്ടുള്ളൂ.” (അല്‍ ഇസ്‌റാഅ്: 85)
കാലങ്ങള്‍ക്കുശേഷം, ഈ വിഷയകമായി ഇമാം ഇബ്‌നുല്‍ ഖയ്യിം പ്രകടിപ്പിച്ച ചില അഭിപ്രായങ്ങള്‍ അദ്ദേഹത്തിന്റെ ‘അഹ്കാമു അഹ്‌ലിദ്ദിമ്മഃ’ എന്ന കൃതിയില്‍ വായിക്കാനിടയായി. അതില്‍ സ്വഹാബികളുടെയും പരിഗണനീയരായ ഇമാമുകളുടെയും പണ്ഡിതന്മാരുടെയും വീക്ഷണങ്ങള്‍ ഉദ്ധരിച്ചിരിക്കുന്നു. ഇബ്‌നുല്‍ ഖയ്യിം അവയില്‍ തന്റെ ഗുരുനാഥനായ ഇബ്‌നുതൈമിയഃ(റ)യുടെ അഭിപ്രായം തെരഞ്ഞെടുത്തിരിക്കുന്നു.
ഇബ്‌നുല്‍ ഖയ്യിം (റ) എഴുതുന്നു. ഈ വിഷയകമായി മുന്‍കാലക്കാരും പില്‍ക്കാലക്കരുമായ പണ്ഡിതന്മാര്‍ക്ക് വ്യത്യസ്തവും ഭിന്നവിരുദ്ധവുമായ കാഴ്ചപ്പാടുകളാണുള്ളത്.
(1) ഇസ്‌ലാം സ്വീകരിക്കുന്നതോടെ വിവാഹം ദുര്‍ബലപ്പെടും
ഭാര്യ ഇസ്‌ലാം സ്വീകരിക്കുന്നതോടെ വിവാഹബന്ധം ദുര്‍ബലപ്പെടുമെന്നാണ് ഒരുപക്ഷത്തിന്റെ വീക്ഷണം. ഭാര്യ വേദക്കാരിയോ അല്ലാത്തവളോ ആകട്ടെ, ഭാര്യ ഇസ്‌ലാം സ്വീകരിച്ചതിന്റെ തൊട്ടടുത്ത നിമിഷത്തില്‍തന്നെ ഭര്‍ത്താവും ഇസ്‌ലാം സ്വീകരിക്കട്ടെ. എന്തായാലും വിവാഹം ദുര്‍ബലപ്പെടും. ഇരുവരും ഒന്നിച്ച് ഇസ്‌ലാം സ്വീകരിച്ചാലേ ഭാര്യാഭര്‍ത്താക്കന്മാരായി ജീവിക്കാന്‍ അവര്‍ക്കനുവാദമുള്ളൂ. ഇനി, ഭര്‍ത്താവാണ് ആദ്യം ഇസ്‌ലാം സ്വീകരിക്കുന്നതെങ്കില്‍ അതോടെ ഭാര്യയുമായുള്ള വിവാഹം ദുര്‍ബലപ്പെടും; അവള്‍ തൊട്ടടുത്ത സെക്കന്റില്‍ തന്നെ ഇസ്‌ലാം സ്വീകരിച്ചാലും. ഒരു സംഘം താബിഈ പണ്ഡിതന്മാരുടെയും ചില ളാഹിരീ വിദ്വാന്മാരുടെയും അഭിപ്രായം ഇതാണ്. ഉമറുബ്‌നുല്‍ ഖത്വാബ്, ജാബിറുബ്‌നു അബ്ദില്ല, അബ്ദുല്ലാഹിബ്‌നു അബ്ബാസ്, ഹമ്മാദുബ്‌നു സൈദ്, ഹകം ഇബ്‌നു ഉയയ്‌നഃ, സഈദുബ്‌നു ജുബൈര്‍, ഉമറുബ്‌നു അബ്ദില്‍ അസീസ്, ഹസനുല്‍ ബസ്വ്‌രി, അദിയ്യുബ്‌നു അദിയ്യ്, ഖതാദഃ, ശഅ്ബി എന്നിവര്‍ക്ക് ഈ അഭിപ്രായമാണെന്ന് അബൂമുഹമ്മദ് ഇബ്‌നു ഹസ്മ് ഉദ്ധരിക്കുന്നു. എന്നാല്‍, ഉമറിന് ഈ അഭിപ്രായമാണുള്ളതെന്ന വാദം ശരിയല്ലെന്നും അതിനു വിരുദ്ധമായ വീക്ഷണം അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും ഇബ്‌നുല്‍ ഖയ്യിം രേഖപ്പെടുത്തിയിട്ടുണ്ട്.
2) ഭര്‍ത്താവ് വിസമ്മതിച്ചാല്‍ ബന്ധം ദുര്‍ബലപ്പെടും
അബൂഹനീഫഃ (റ) പറയുന്നു: ദാറുല്‍ ഇസ്‌ലാമിലെ ഭാര്യാ-ഭര്‍ത്താക്കളില്‍ ഒരാള്‍ മറ്റൊരാള്‍ക്കുമുമ്പ് ഇസ്‌ലാം സ്വീകരിച്ചാല്‍, ഇസ്‌ലാം സ്വീകരിക്കാത്ത ഭാര്യയുടെ അഥവാ ഭര്‍ത്താവിന്റെ മുമ്പാകെ ഇസ്‌ലാമിനെ സമര്‍പ്പിക്കണം. അങ്ങനെ അയാള്‍/അവള്‍ ഇസ്‌ലാം സ്വീകരിക്കുന്നപക്ഷം നേരത്തെയുള്ള വിവാഹബന്ധം തുടര്‍ന്നപോകാം. അയാള്‍/അവള്‍ വിസമ്മതിക്കുന്നപക്ഷം ബന്ധം അസാധുവാകും. ഇദ്ദഃ പരിഗണിക്കപ്പെടുകയില്ല.
3) ഇദ്ദഃ കഴിയുന്നതോടെ നികാഹ് ദുര്‍ബലപ്പെടും
മാലിക് (റ) പറയുന്നു: ഭാര്യ ഇസ്‌ലാം സ്വീകരിച്ചു. ഭര്‍ത്താവ് സ്വീകരിച്ചില്ല. ഇവര്‍ തമ്മില്‍ ലൈംഗികബന്ധം നടക്കുന്നതിനുമുമ്പാണെങ്കില്‍ അവര്‍ തമ്മിലെ വിവാഹബന്ധം ദുര്‍ബലപ്പെടും. ഇനി ലൈംഗികബന്ധം നടന്നശേഷമാണെങ്കില്‍, ഭാര്യയുടെ ഇദ്ദാ കാലത്താണയാള്‍ ഇസ്‌ലാം സ്വീകരിച്ചതെങ്കില്‍ വിവാഹബന്ധം തുടരാം. ഇദ്ദഃ കഴിയുന്നതിനുമുമ്പ് ഇസ്‌ലാം സ്വീകരിച്ചില്ലെങ്കില്‍ ബന്ധം അസാധുവായി. ഇനി, ഭര്‍ത്താവ് ഇസ്‌ലാം സ്വീകരിച്ചു, ഭാര്യ സ്വീകരിച്ചില്ലെങ്കില്‍ ഭാര്യയുടെ മുമ്പാകെ ഇസ്‌ലാമിനെ സമര്‍പ്പിക്കണം. അവള്‍ സ്വീകരിക്കുന്നപക്ഷം നേരത്തെയുള്ള വിവാഹബന്ധം തുടരാം. വിസമ്മതിക്കുന്നപക്ഷം, വിസമ്മതിക്കുന്ന അതേ സമയത്തുതന്നെ ബന്ധം അസാധുവാകും. ലൈംഗികബന്ധം നടക്കുന്നതിനു മുമ്പാകട്ടെ, ശേഷമാകട്ടെ.
4) മൂന്നാമത്തെ അഭിപ്രായത്തിനു വിരുദ്ധം
ഇബ്‌നു ശുബ്‌റുമഃയുടെ വീക്ഷണം മൂന്നാമത്തെ അഭിപ്രായത്തിനു നേരെ വിരുദ്ധമാണ്. ഭര്‍ത്താവിനുമുമ്പ് ഭാര്യ ഇസ്‌ലാം സ്വീകരിക്കുന്നപക്ഷം തല്‍സമയം തന്നെ അവര്‍ തമ്മിലെ ബന്ധം അസാധുവാകും. ഇനി, ഭാര്യക്കുമുമ്പ് ഭര്‍ത്താവ് ഇസ്‌ലാം സ്വീകരിക്കുകയും ഭാര്യ ഇദ്ദാകാലത്ത് സ്വീകരിക്കുകയും ചെയ്യുന്നപക്ഷം അവര്‍ക്കു ബന്ധം തുടരാം. സ്വീകരിക്കുന്നില്ലെങ്കില്‍ ഇദ്ദഃ കഴിയുന്നതോടെ ബന്ധം വേര്‍പിരിയണം.
5) രണ്ടുപേരുടെയും കാര്യത്തില്‍ ഇദ്ദഃ പരിഗണനീയം
ഔസാഈ, സുഹ്‌രി, ലൈഥ്, അഹ്മദ്, ശാഫിഈ, ഇസ്ഹാഖ് എന്നിവര്‍ പറയുന്നു: ലൈംഗികബന്ധം നടക്കുന്നതിനു മുമ്പാണ് ദമ്പതിമാരിലൊരാള്‍ ഇസ്‌ലാം സ്വീകരിക്കുന്നതെങ്കില്‍ അതോടെ വിവാഹബന്ധം ദുര്‍ബലപ്പെടും. അതിനുശേഷമാണെങ്കില്‍, മറ്റെയാള്‍ ഇദ്ദാകാലത്താണ് ഇസ്‌ലാം സ്വീകരിക്കുന്നതെങ്കില്‍ ഇരുവര്‍ക്കും ബന്ധം തുടരാം. അതേസമയം, ഇസ്‌ലാം സ്വീകരിക്കുന്നതിനുമുമ്പ് ഇദ്ദാകാലം കഴിയുന്നപക്ഷം ബന്ധം ദുര്‍ബലപ്പെടും.
6) ഭാര്യക്ക് താല്‍പര്യമുണ്ടെങ്കില്‍ വര്‍ഷങ്ങളോളം കാത്തിരിക്കാം
സ്വഹാബിയായ അബ്ദുല്ലാഹിബ്‌നു യസീദില്‍ ഖത്വ്മിയില്‍നിന്ന് മുഹമ്മദുബ്‌നു സീരീന്‍ വഴി അയ്യൂബുസ്സഖ്തിയാനീയും ഖതാദഃയും ഉദ്ധരിച്ചതായി ഹമ്മാദുബ്‌നു സലമഃ ഇങ്ങനെ രേഖപ്പെടുത്തുന്നു.
”ഒരു ക്രൈസ്തവന്റെ ഭാര്യ ഇസ്‌ലാം സ്വീകരിച്ച സംഭവത്തില്‍, അയാളുടെ കൂടെ കഴിയണമെങ്കില്‍ അങ്ങനെയാവാം, ഇല്ലെങ്കില്‍ ബന്ധം വേര്‍പ്പെടുത്താമെന്നു ഉമര്‍ (റ) ഫത്‌വ നല്‍കുകയുണ്ടായി.”
ഇബ്‌നുല്‍ ഖയ്യിം പറയുന്നു: ക്രൈസ്തവനായ ഭര്‍ത്താവിന്റെ കീഴില്‍ ജീവിക്കാമെന്നല്ല, ഭര്‍ത്താവിന്റെ മാറ്റം പ്രതീക്ഷിച്ച് കഴിയാമെന്നാണ്. അയാള്‍ ഇസ്‌ലാം ആശ്ലേഷിച്ചാല്‍ അവള്‍ക്ക് അയാളുടെ ഭാര്യയായി തുടരാം; ഭര്‍ത്താവിന്റെ മാറ്റം പ്രതീക്ഷിച്ച് വര്‍ഷങ്ങളോളം കഴിയേണ്ടിവന്നാലും. ഈ വിഷയകമായ ഏറ്റവും സുബദ്ധമായ കാഴ്ചപ്പാടാണിത്. തിരുചര്യയും ഇതിനെയാണ് പിന്തുണക്കുന്നത്. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയഃ ഈ വീക്ഷണത്തെയാണ് ബലപ്പെടുത്തിയത്.
7) ഭാര്യ നാടുവിട്ടുപോകാത്തേടത്തോളം ഭര്‍ത്താവിന് അവകാശപ്പെട്ടവളാണ്
സഈദുബ്‌നുല്‍ മുസയ്യിബ് വഴി ഖതാദഃയില്‍നിന്ന് ഹമ്മാദ് ഇബ്‌നു സലമഃ ഉദ്ധരിക്കുന്നു. ദമ്പതിമാരിലൊരാള്‍ ഇസ്‌ലാം സ്വീകരിക്കുന്ന സംഭവത്തില്‍ അലി(റ)യുടെ വീക്ഷണം, ഭാര്യ അവളുടെ നാട്ടില്‍നിന്നു മാറിത്താമസിക്കാത്ത കാലത്തോളം ഭര്‍ത്താവിന് അവള്‍ അവകാശപ്പെട്ടവളാണ് എന്നാണ്. അലി(റ)യില്‍നിന്ന് ശഅ്ബി വഴി മുത്വര്‍രിഫ് ഇബ്‌നുത്വരീഫിനെ ഉദ്ധരിച്ച് സുഫ്‌യാനുബ്‌നു ഉയയ്‌നഃ പറയുന്നു: ‘ഭാര്യ അവളുടെ നാട്ടില്‍നിന്നു പുറത്തുപോകാത്തേടത്തോളം അവള്‍ അയാള്‍ക്കവകാശപ്പെട്ടവളാണ്.’
8) ഭരണാധികാരി വേര്‍പിരിക്കാത്ത കാലത്തോളം ദമ്പതികളായി ജീവിക്കാം
ഇബ്‌നു അബീശൈബഃ പറയുന്നു: മഅ്മര്‍ വഴി മുഅ്തമിറുബ്‌നു സുലൈമാന്‍ സുഹ്‌രിയില്‍നിന്ന് ഉദ്ധരിക്കുന്നു: ‘ഭര്‍ത്താവ് ഇസ്‌ലാം സ്വീകരിക്കാതെ ഭാര്യ ഇസ്‌ലാം സ്വീകരിക്കുന്ന സംഭവത്തില്‍ ഭരണാധികാരി വേര്‍പിരിക്കാത്ത കാലത്തോളം അവര്‍ക്കു ദമ്പതിമാരായി തുടരാം.
9) ലൈംഗികബന്ധത്തിലേര്‍പ്പെടാതെ ഭര്‍ത്താവിനോടൊപ്പം കഴിയാം
ദാവൂദ് ഇബ്‌നു അലി (റ) പറയുന്നു: ഇസ്‌ലാം സ്വീകരിച്ച ഭാര്യക്ക് അമുസ്‌ലിംഭര്‍ത്താവിന്റെ കൂടെ കഴിയാം. പക്ഷെ, ലൈംഗികബന്ധത്തിലേര്‍പ്പെടരുത്. ഇത്തരമൊരു സംഭവത്തില്‍ അമുസ്‌ലിമായ ഭര്‍ത്താവിന്റെ കൂടെ കഴിയാമെന്ന് ഇബ്‌റാഹീമുന്നഖഈ ഫത്‌വ നല്‍കിയതായി ഹമ്മദുബ്‌നു അബീസുലൈമാന്‍ വഴി ശുഅ്ബഃ ഉദ്ധരിച്ചിട്ടുണ്ട്. ഹമ്മാദുബ്‌നു അബീസുലൈമാനും ഇതേ ഫത്‌വ നല്‍കിയിട്ടുണ്ട്.
ഇബ്‌നുല്‍ ഖയ്യിം പറയുന്നു: ‘ഈ വീക്ഷണപ്രകാരം ഭാര്യയുടെ സംരക്ഷണം ഭര്‍ത്താവിന്റെ ചുമതലയായി തുടരും. പക്ഷെ, ഭാര്യയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ അനുവാദമുണ്ടായിരിക്കില്ല.’
ഇബ്‌നുല്‍ ഖയ്യിം പ്രശ്‌നം വിശകലനം ചെയ്യുന്നു
ഇബ്‌നുല്‍ ഖയ്യിം പറയുന്നു: മുകളില്‍ കൊടുത്ത വ്യത്യസ്ത വീക്ഷണങ്ങളുടെ ബലാബലങ്ങള്‍ പരിശോധിച്ച് കൂടുതല്‍ ശരി ഏതാണെന്നു കണ്ടെത്താന്‍ നമുക്ക് ശ്രമിച്ചുനോക്കാം.
ഇസ്‌ലാം സ്വീകരിക്കുന്നതോടെ ദമ്പതിമാര്‍ തമ്മിലെ ബന്ധം അസാധുവാകുമെന്ന ഒന്നാമത്തെ വീക്ഷണത്തെ ശരിവെക്കുന്നതരത്തില്‍ ഏതെങ്കിലും സ്വഹാബിയില്‍നിന്ന് ഒട്ടുമെ ഉദ്ധരിക്കപ്പെട്ടിട്ടില്ല. ഉമര്‍, ജാബിര്‍, ഇബ്‌നു അബ്ബാസ് (റ) എന്നിവരില്‍നിന്ന് അബൂമുഹമ്മദ് ഇബ്‌നുഹസ്മ് ഉദ്ധരിച്ചത് അവരില്‍നിന്ന് ഉദ്ധരിക്കപ്പെട്ട അഥറുകളില്‍നിന്ന് അദ്ദേഹം മനസ്സിലാക്കിയ കാര്യങ്ങളാണ്. അതേക്കുറിച്ച് നമുക്ക് മനസ്സിലാക്കാം. അബൂ ഇസ്ഹാഖശ്ശൈബാനി പറഞ്ഞതായി ശുഅ്ബഃ രേഖപ്പെടുത്തുന്നു: ‘തന്റെ വലിയുപ്പയും വലിയുമ്മയും ക്രൈസ്തവരായിരുന്നുവെന്നും വലിയുമ്മ ഇസ്‌ലാം സ്വീകരിച്ചപ്പോള്‍ ഉമര്‍ (റ) അവര്‍ക്കിടയിലെ ബന്ധം വിടര്‍ത്തുകയുണ്ടായെന്നും യസീദുബ്‌നു അല്‍ഖമഃ പറയുന്നത് ഞാന്‍ കേട്ടു.’
ഇസ്‌ലാം സ്വീകരിച്ചു എന്നതുകൊണ്ട് എത്രയും പെട്ടെന്ന് ബന്ധം വിടര്‍ത്തണമെന്ന് ഇതില്‍നിന്ന് തെളിയുന്നില്ല. ഒരുപക്ഷെ, അവരും അദ്ദേഹവും തമ്മില്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടായിരിക്കില്ല. അല്ലെങ്കില്‍, ഇദ്ദഃ കഴിഞ്ഞശേഷമായിരിക്കാം ഉമര്‍ (റ) അവരെ വേര്‍പിരിച്ചത്. അതുമല്ലെങ്കില്‍, ഭര്‍ത്താവ് ഇസ്‌ലാം സ്വീകരിക്കുന്നത് കാത്തുനില്‍ക്കാതെ അവര്‍ ഭര്‍ത്താവില്‍നിന്ന് മോചനം (ഫസ്ഖ്) ആഗ്രഹിച്ചിരിക്കാം. അതുമല്ലെങ്കില്‍, ഭരണാധികാരി ദുര്‍ബലപ്പെടുത്തുന്നതുവരെ വിവാഹബന്ധം നിലനില്‍ക്കുമെന്ന് അഭിപ്രായപ്പെടുന്നവരുടെ വീക്ഷണവുമാകാം. അതായത്, ഭരണാധികാരി എന്ന നിലയില്‍ ഉമര്‍ (റ) തന്റെ സവിശേഷാധികാരം ഉപയോഗിച്ചതാകാം.
ഉമറി(റ)ല്‍നിന്ന് ഈ വിഷയകമായി അന്യോന്യവിരുദ്ധമെന്നു തോന്നാവുന്ന ചില നടപടികള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. യഥാര്‍ഥത്തില്‍, അവ തമ്മില്‍ വൈരുദ്ധ്യമില്ലെന്നു മാത്രമല്ല, അവ തിരുചര്യയോട് യോജിച്ചതുമാണെന്നതാണ് വസ്തുത. മുകളിലുദ്ധരിച്ച സംഭവം ഇതില്‍ പെട്ടതാണ്. അബ്ബാദുബ്‌നുല്‍ അവ്വാം, അബൂ ഇസ്ഹാഖശ്ശൈബാനി, യസീദുബ്‌നു അല്‍ഖമഃ വഴി ഇബ്‌നു അബീശൈബഃ ഉദ്ധരിക്കുന്ന താഴെ സംഭവവും ഈ ഇനത്തില്‍ പെട്ടതാണ്.
‘തഗ്‌ലബ് ഗോത്രജനായ ഉബാദത്തുബ്‌നുന്നുഅ്മാന്‍ തമീം വംശത്തിലെ ഒരു വനിതയെ വിവാഹം ചെയ്തിരുന്നു. അവര്‍ പിന്നീട് ഇസ്‌ലാം സ്വീകരിച്ചു. അപ്പോള്‍ ഉമര്‍ (റ) ഉബാദയോട് ഒന്നുകില്‍ ഇസ്‌ലാം സ്വീകരിക്കുക, അല്ലെങ്കില്‍ ഭാര്യയുമായുള്ള ബന്ധം ഉപേക്ഷിക്കുക എന്നു നിര്‍ദേശിച്ചു. ഉബാദഃക്കു നിര്‍ദേശം സ്വീകാര്യമായില്ല. ഉമര്‍ (റ) ഉബാദഃയെയും ഭാര്യയെയും വേര്‍പിരിച്ചു.’ ദമ്പതിമാരിലൊരാള്‍ ഇസ്‌ലാം സ്വീകരിക്കുന്ന സംഭവത്തില്‍ രണ്ടാമത്തെയാളുടെ മുമ്പാകെ ഇസ്‌ലാം സ്വീകരണനിര്‍ദേശം വെക്കണമെന്നും വിസമ്മതിക്കുന്നപക്ഷം ബന്ധം വേര്‍പ്പെടുത്തണമെന്നും അഭിപ്രായപ്പെടുന്നവര്‍ ഈ സംഭവമാണ് അതിന്നാധാരമായി എടുത്തുകാണിക്കുന്നത്. (അബൂഹനീഫയുടെ ഈ വീക്ഷണമാണ് രണ്ടാമത്തെ നമ്പറായി മുകളില്‍ നാം വായിച്ചത്.)
ഇബ്‌നുല്‍ ഖയ്യിം പറയുന്നു: ‘ഖലീഫഃ ഉമറിന്റെ മേല്‍ നടപടികള്‍ തമ്മില്‍ വൈരുധ്യമില്ല. നേരത്തെ അനുപേക്ഷണീയമായിരുന്ന ബന്ധം ഇസ്‌ലാം സ്വീകരിക്കുന്നതോടെ നിലനിര്‍ത്താവുന്നതും ഉപേക്ഷിക്കാവുന്നതുമായ ബന്ധമായി മാറുന്നു. ഭരണാധികാരിക്ക് ഉടന്‍ ബന്ധം വിടര്‍ത്താം. ഇസ്‌ലാം സ്വീകരിച്ചിട്ടില്ലാത്ത ഭര്‍ത്താവിന്/ഭാര്യയ്ക്ക് ഇസ്‌ലാം സമര്‍പ്പിക്കാം. ഇദ്ദഃ കഴിയുന്നതുവരെ ബന്ധം നിലനിര്‍ത്താം, ഭര്‍ത്താവ് ഇസ്‌ലാം സ്വീകരിക്കുമെന്ന് പ്രതീക്ഷിച്ച് ഭാര്യയ്ക്ക് വര്‍ഷങ്ങളോളം കാത്തിരിക്കാം. ഇതെല്ലാം അനുവദനീയമാണ്. വിവാഹത്തിനു മൂന്ന് അവസ്ഥകളുണ്ട്. നിര്‍ബന്ധം, നിഷിദ്ധം, അനുവദനീയം. ഇവിടെ നാം കൈകാര്യം ചെയ്യുന്നതരം ഘട്ടം വിവാഹം നിര്‍ബന്ധമാണെന്നോ പൂര്‍ണമായും വിഛേദിക്കപ്പെട്ടെന്നോ വിധിക്കാവുന്നതല്ല. നബി(സ്വ)യും ഖുറൈശികളും തമ്മില്‍ നിലനിന്ന ഉടമ്പടിഘട്ടത്തില്‍ മദീനഃ യിലേക്കു വന്ന തന്റെ ബഹുദൈവവിശ്വാസിയായ ഭര്‍ത്താവ് അബുല്‍ ആസ്വിനെ വീട്ടില്‍ കയറാന്‍ അനുവദിക്കാമോ എന്നുചോദിച്ച മകള്‍ സൈനബിനോട് നബി (സ്വ) പറഞ്ഞതിപ്രകാരമായിരുന്നു: ‘അദ്ദേഹം നിന്റെ ഭര്‍ത്താവാണ്. പക്ഷെ, നിന്നെ പ്രാപിക്കന്‍ അനുവദിക്കരുത്.’ ആയതിനാല്‍, ഈ കാലയളവില്‍ വിവാഹബന്ധം അസാധുവാകുന്നില്ല. തുടരല്‍ നിര്‍ബന്ധവുമല്ല. ഇതിനാലാണ് ഖലീഫഃ ഉമര്‍ (റ) ഒരു വനിതയ്ക്ക് ബന്ധം തുടരാനും വിടര്‍ത്താനും അനുമതി നല്‍കിയത്. മറ്റൊരു സംഭവത്തില്‍ അദ്ദേഹം ഭാര്യയെയും ഭര്‍ത്താവിനെയും വേര്‍പ്പെടുത്തി. മറ്റൊരിക്കല്‍, ഇസ്‌ലാം സ്വീകരിക്കാത്ത പങ്കാളിയെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചു. നിരസിച്ചപ്പോള്‍ ഇരുവരെയും വേര്‍പിരിച്ചു. അതേസമയം, ദമ്പതികളില്‍ ഒരാള്‍ മാത്രം ഇസ്‌ലാം സ്വീകരിച്ച ഒരു സംഭവത്തിലും, ഒരിടത്തും ദമ്പതികളെ വേര്‍പ്പെടത്തിയിട്ടില്ല. മാലിക് രേഖപ്പെടുത്തുന്നു: ഇബ്‌നു ശിഹാബ് പറയുന്നു: സ്വഫ്‌വാനുബ്‌നു ഉമയ്യഃ ഭാര്യ (വലീദുബ്‌ന മുഗീറഃയുടെ മകള്‍) ഇസ്‌ലാം സ്വീകരിച്ച് ഒരു മാസം കഴിഞ്ഞശേഷമാണ് ഇസ്‌ലാം സ്വീകരിച്ചത്. ഭാര്യ മക്കാവിജയ വേളയില്‍ ഇസ്‌ലാം സ്വീകരിച്ചിരുന്നു. സ്വഫ്‌വാനാകട്ടെ, ഹുനൈന്‍, ത്വാഇഫ് യുദ്ധങ്ങള്‍ കഴിഞ്ഞശേഷമാണ് ഇസ്‌ലാം ആശ്ലേഷിച്ചത്. എങ്കിലും, നബി (സ്വ) ഇരുവരെയും വേര്‍പിരിച്ചില്ല. നേരത്തെയുള്ള വിവാഹബന്ധം തുടരാന്‍ അനുവദിക്കുകയായിരുന്നു.
ഇബ്‌നു അബ്ദില്‍ ബര്‍റ് പ്രസ്താവിക്കുന്നു: ‘ഈ ഹദീഥിന്റെ പ്രശസ്തി അതിന്റെ നിവേദകപരമ്പരയേക്കാള്‍ പ്രബലമാണ്.’
സുഹ്‌രി പറയുന്നു: ‘മക്കാ വിജയദിവസം ഉമ്മുഹകീം ഇസ്‌ലാം സ്വീകരിച്ചു. അവരുടെ ഭര്‍ത്താവ് ഇക്‌രിമഃ യമനിലേക്ക് ഓടിപ്പോയി. ഉമ്മു ഹകീം ഇക്‌രിമഃയെ യമനില്‍ ചെന്നു കണ്ടു. അദ്ദേഹത്തെ ഇസ്‌ലാമിലേക്കു ക്ഷണിച്ചു. ഇക്‌രിമഃ ഇസ്‌ലാം സ്വീകരിച്ചു. നബിയെ സമീപിച്ച് അനുസരണപ്രതിജ്ഞ ചെയ്തു. ആദ്യ നിക്കാഹിന്റെ ബലത്തില്‍തന്നെ അവരുടെ ദാമ്പത്യബന്ധം തുടര്‍ന്നു.’
ഇബ്‌നു ശുബ്‌റുമഃ പറയുന്നു: ‘നബി (സ്വ)യുടെ കാലത്ത് ഭാര്യയുടെ മുമ്പ് ഭര്‍ത്താവും ഭര്‍ത്താവിനുമുമ്പ് ഭാര്യയും ഇസ്‌ലാം സ്വീകരിക്കുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. ഭാര്യയുടെ ഇദ്ദഃ കഴിയുന്നതിനുമുമ്പ് ഭാര്യ/ഭര്‍ത്താവ് ഇസ്‌ലാം സ്വീകരിച്ചാല്‍ ദാമ്പത്യബന്ധം തുടര്‍ന്നുപോയിരുന്നു. ഇദ്ദഃയുടെ ശേഷമാണ് ഇസ്‌ലാം സ്വീകരിക്കുന്നതെങ്കില്‍ ബന്ധം വേര്‍പ്പെടുത്തിയിരുന്നു.’
മക്കാവിജയവര്‍ഷം നബി (സ്വ) മക്കയില്‍ പ്രവേശിക്കുന്നതിനുമുമ്പാണ് അബൂസുഫ്‌യാന്‍ ഇസ്‌ലാം സ്വീകരിച്ചത്. അദ്ദേഹത്തിന്റെ ഭാര്യ ഹിന്ദാകട്ടെ, മക്കാവിജയം വരെ ഇസ്‌ലാം സ്വീകരിച്ചിരുന്നില്ല. ശേഷം ഇരുവരും നേരത്തെയുള്ള ദാമ്പത്യജീവിതം തുടര്‍ന്നുപോരികയാണുണ്ടായത്.
അബൂസുഫ്‌യാനുബ്‌നുല്‍ ഹാരിഥും അബ്ദുല്ലാഹിബ്‌നു ഉമയ്യഃയും മക്കാവിജയവര്‍ഷം ‘അബവാഇ’ല്‍ നബിയെ വന്നുകണ്ട് ഇസ്‌ലാം സ്വീകരിച്ചു. അപ്പോള്‍ അവരുടെ ഭാര്യമാര്‍ മുസ്‌ലിംകളായിരുന്നില്ല.
നബി(സ്വ)യുടെ മകള്‍ സൈനബിന്റെ ഭര്‍ത്താവ് അബുല്‍ ആസ്വ് നിഷേധിയായിരുന്നു. ആറുവര്‍ഷം കഴിഞ്ഞാണദ്ദേഹം ഇസ്‌ലാം സ്വീകരിച്ചത്. ഒന്നാമത്തെ നിക്കാഹിന്റെ ബലത്തില്‍തന്നെ അവരുടെ ബന്ധം തുടരുകയായിരുന്നു. ഇബ്‌നു അബ്ബാസ്, ഇക്‌രിമഃ, ദാവൂദുബ്‌നുല്‍ ഹുസൈ്വന്‍, മുഹമ്മദുബ്‌നു ഇസ്ഹാഖ്, മുഹമ്മദുബ്‌നു സലമഃ, അബ്ദുല്ലാഹിബ്‌നു മുഹമ്മദിന്നുഫയ്‌ലി പരമ്പര വഴി അബൂദാവൂദ് ഉദ്ധരിക്കുന്നു: ‘നബിതിരുമേനി (സ്വ) മകള്‍ സൈനബിനെ ഒന്നാമത്തെ നിക്കാഹിന്റെ ബലത്തില്‍ തന്നെ അബുല്‍ ആസ്വിനെ ഏല്‍പിച്ചു. പുതിയതായൊന്നും ചെയ്തില്ല. അബൂദാവൂദിന്റെ മറ്റു രണ്ടു റിപ്പോര്‍ട്ടുകളില്‍ ആറുവര്‍ഷത്തിനുശേഷം, രണ്ടുവര്‍ഷത്തിനുശേഷം എന്നു കാണാം.
ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയഃ (റ) പറയുന്നു: ഹദീഥ് പണ്ഡിതന്മാരുടെ അടുക്കല്‍ സ്ഥാപിതമാണിക്കാര്യം. സൈനബും അബുല്‍ ആസ്വും തമ്മിലെ നിക്കാഹ് പുതിക്കിയെന്ന റിപ്പോര്‍ട്ടുകള്‍ ദുര്‍ബലമാണ്. ഇതേപ്രകാരം, നബിയുടെ കാലത്ത് ഭര്‍ത്താക്കന്മാര്‍ക്കുമുമ്പെ ഭാര്യമാര്‍ ഇസ്‌ലാം സ്വീകരിച്ച സംഭവമുണ്ടായപ്പോഴൊന്നും നിക്കാഹ് പുതുക്കിയിരുന്നില്ല. അബ്ബാസുബ്‌നു അബ്ദില്‍ മുത്ത്വലിബിന്റെ ഭാര്യ ഉമ്മുല്‍ ഫദ്ല്‍ ഉദാഹരണം. അവര്‍ ഭര്‍ത്താവിനു മുമ്പെ ഇസ്‌ലാം സ്വീകരിച്ചിട്ടുണ്ട്. അവരുടെ മകന്‍ അബ്ദുല്ലാഹിബ്‌നു അബ്ബാസ് പറയുന്നു: ‘അന്നിസാഅ് 98-ാം സൂക്തത്തില്‍ പരാമര്‍ശവിധേയരായ നിസ്സഹായരും പലായനം ചെയ്യുന്നതിനു മാര്‍ഗമോ ഉപായമോ കണ്ടെത്താന്‍ കഴിയാത്തവരുമായ പുരുഷന്മാരും കുട്ടികളും സ്ത്രീകളും… എന്ന ഇനത്തിലായിരുന്നു ഞാനും എന്റെ മാതാവും!
മക്കാവിജയത്തോടെ നബി (സ്വ) നിരുപാധികം വിട്ടയച്ചവരുടെ ഭാര്യമാര്‍ ഇസ്‌ലാം സ്വീകരിച്ചു. വിട്ടയക്കപ്പെട്ടവരില്‍ സ്വഫ്‌വാനുബ്‌നു ഉമയ്യഃ, ഇക്‌രിമതുബ്‌നു അബീജഹ്ല്‍ മുതലായവര്‍ രണ്ടോ മൂന്നോ അതിലധികമോ മാസം കഴിഞ്ഞാണ് ഇസ്‌ലാം സ്വീകരിച്ചത്. ഇവരുടെയൊന്നും കാര്യത്തില്‍ ഇദ്ദഃ കഴിയുന്നതിനുമുമ്പ്, കഴിഞ്ഞശേഷം എന്നിങ്ങനെയുള്ള വ്യത്യാസമൊന്നും നബി (സ്വ) കല്‍പിച്ചിട്ടില്ല. എത്രകാലം കഴിഞ്ഞാലും ഭാര്യയെ ഭര്‍ത്താവിന് തിരിച്ചേല്‍പിക്കണമെന്ന് അലി (റ) ഫത്‌വ നല്‍കിയിട്ടുണ്ട്. നടെ പരാമര്‍ശിക്കപ്പെട്ട ഇക്‌രിമഃ, ത്വാഇഫ് ഉപരോധവും ഹുനൈന്‍ യുദ്ധമുതലുകളുടെ വിതരണവും കഴിഞ്ഞ് നബി (സ്വ) മദീനയില്‍ തിരിച്ചെത്തിയശേഷം ദുല്‍ഖഅ്ദഃ മാസത്തിലാണ് നബിയെ വന്നുകണ്ടത്. മക്കാവിജയമാകട്ടെ, റമദാനിലും. ഏകദേശം മൂന്നുമാസത്തെ ഇടവേള. ഇദ്ദാകാലം കഴിയാവുന്ന കാലം. ഈ സംഭവത്തില്‍ നബി (സ്വ) നേരത്തെയുള്ള വിവാഹബന്ധം തുടരാന്‍ അനുവദിക്കുകയാണുണ്ടായത്. ഇദ്ദഃ കഴിഞ്ഞോ? ഇല്ലേ? എന്നൊന്നും അദ്ദേഹം ഇക്‌രിമഃയുടെ ഭാര്യയോട് ആരായുകയുണ്ടായില്ല. ഇതേ രീതിയില്‍ മറ്റേതെങ്കിലും ഭാര്യമാരോടും വിവരമാരായുകയുമുണ്ടായില്ല. അവരില്‍ പലരും ഇദ്ദഃ കഴിഞ്ഞശേഷമാണ് ഇസ്‌ലാം സ്വീകരിച്ചത്. സ്വഫ്‌വാനുബ്‌നു ഉമയ്യഃയാകട്ടെ, ബഹുദൈവവാസിയായിക്കൊണ്ടുതന്നെ, ഹുനൈന്‍, ത്വാഇഫ് യുദ്ധങ്ങളിലും നബി(സ്വ)യോടൊപ്പം പങ്കെടുത്തു. ഹുനൈനിലെ യുദ്ധാനന്തര മുതലുകള്‍ മക്കാവിജയത്തിനുശേഷം ഏതാണ്ട് രണ്ടുമാസം കഴിഞ്ഞാണ് വിതരണം ചെയ്യപ്പെട്ടത്. റമദാന്‍ 20നാണ് മക്കാ വിജയം. ഹുനൈനിലെ യുദ്ധാനന്തര മുതലുകള്‍ വിതരണം ചെയ്തതാകട്ടെ, ദുല്‍ഖഅ്ദഃയിലുമാണ്. ഈ കാലയളവില്‍ ഇദ്ദഃ കഴിഞ്ഞതായി പരിഗണിക്കാവുന്നതാണ്. ഇബ്‌നുതൈമിയ്യഃ (റ)തുടരുന്നു: ‘ചുരുക്കത്തില്‍ ഇദ്ദഃ കഴിയുന്നതോടെ ഭാര്യയെ ഭര്‍ത്താവിന് തിരികെ നല്‍കുന്നതിന് ഇദ്ദഃ അവസാനിക്കുന്നതുവരെ സമയപരിധി നിശ്ചയിക്കല്‍ നബി കൊണ്ടുവന്ന നിയമമായിരുന്നുവെങ്കില്‍ അത് നേരത്തെത്തന്നെ ജനങ്ങള്‍ക്ക് വ്യക്തമാക്കിക്കൊടുക്കേണ്ടത് നിര്‍ബന്ധമായിരുന്നു.
നബിപുത്രി സൈനബിന്റെ സംഭവത്തില്‍നിന്ന്, ഭാര്യ ഇസ്‌ലാം സ്വീകരിക്കുകയും ഭര്‍ത്താവ് സ്വീകരിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ ഇസ്‌ലാമാശ്ലേഷം പ്രതീക്ഷിച്ച് ഭാര്യക്കു കാത്തുകഴിയാമെന്നാണ്. ഇങ്ങനെ പ്രതീക്ഷിച്ചുകഴിയുകയും ഭര്‍ത്താവ് ഇസ്‌ലാം സ്വീകരിക്കുകയുമാണെങ്കില്‍ അവള്‍ക്കു അയാളുടെ കൂടെ കഴിയാം. നബിപുത്രി സൈനബും മറ്റുചിലരും ഈ രീതിയാണ് സ്വീകരിച്ചിരുന്നത്. അതേസമയം, തങ്ങളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ഭര്‍ത്താക്കന്മാരെ അനുവദിച്ചിരുന്നില്ല. ഈ ഘട്ടത്തില്‍ ഭര്‍ത്താവ് ഭാര്യക്ക് ജീവനാംശം നല്‍കേണ്ടതില്ല. തീരുമാനമെടുക്കാനുള്ള അവകാശം ഭാര്യക്കുമാത്രമായിരിക്കും. ഭാര്യയുടെ മേല്‍ എല്ലാ അര്‍ഥത്തിലുമുള്ള ഉടമാവകാശം ഭര്‍ത്താവിനുണ്ടായിരിക്കില്ല. ഭര്‍ത്താവ് ഇസ്‌ലാം സ്വീകരിക്കുന്നപക്ഷം വലിയ്യ്, സാക്ഷികള്‍, മഹ്‌റ്, വിവാഹകര്‍മം എന്നീ ഉപാധികള്‍ വീണ്ടും പൂര്‍ത്തിയാക്കേണ്ടതില്ല. നേരത്തെയുള്ള ബന്ധം അതേപടി തുടരാം.
ഈ കാലയളവില്‍ നിക്കാഹ് പുതുക്കുന്നത് അനുവദനീയമാണ്, നിര്‍ബന്ധമില്ല. ഭാര്യയെ അത് ദോഷകരമായി ബാധിക്കില്ല. ശര്‍ഇന്റെ അടിസ്ഥാനങ്ങളുമായി അത് ഏറ്റുമുട്ടുകയുമില്ല. എന്നാല്‍, പുരുഷന്‍ ഇസ്‌ലാം സ്വീകരിക്കുകയും ഭാര്യ വിസമ്മതിക്കുകയുമാണെങ്കില്‍ അവളുമായി ബന്ധം വിടര്‍ത്താതിരിക്കുന്നത് അവള്‍ക്ക് പ്രയാസമുണ്ടാക്കും. അതുകൊണ്ടവള്‍ക്കു പ്രത്യേക ഗുണവുമില്ല. ‘നിഷേധികളായ സ്ത്രീകളെ നിങ്ങളുടെ സംരക്ഷണയില്‍ വെച്ചുകൊണ്ടിരിക്കരുത്’ എന്ന് അല്ലാഹു പറയാന്‍ അതാണു കാരണം. സത്യനിഷേധികളായ ഭാര്യമാരുമായി വിവാഹബന്ധം തുടര്‍ന്നുപോകരുതെന്നു വിലക്കിയിരിക്കുന്നു. പുരുഷന്‍ ഇസ്‌ലാം സ്വീകരിക്കുകയാണെങ്കില്‍ അവളോട് ഇസ്‌ലാം സ്വീകരിക്കാന്‍ ആവശ്യപ്പെടും. ഇസ്‌ലാം സ്വീകരിക്കാത്തപക്ഷം ഇരുവരെയും തമ്മില്‍ വേര്‍പിരിക്കും.(1)
ഉടന്‍ വേര്‍പിരിക്കണമെന്ന് അഭിപ്രായപ്പെട്ടവരുടെ തെളിവുകള്‍
ഭാര്യ ഭര്‍ത്താവിനുമുമ്പ് ഇസ്‌ലാം സ്വീകരിക്കുന്നപക്ഷം ഇരുവരെയും തമ്മില്‍ എത്രയും വേഗം വേര്‍പിരിക്കണമെന്ന് വാദിക്കുന്നവരുടെ ന്യായങ്ങള്‍ അല്ലാമഃ ഇബ്‌നുല്‍ ഖയ്യിം ഉദ്ധരിക്കുന്നു. അല്‍ മുംതഹിനഃ 10-ാം സൂക്തമാണ് അവരുടെ ന്യായം.
”ഓ, വിശ്വസിച്ചവരെ, വിശ്വാസികളായ സ്ത്രീകള്‍ നിങ്ങളുടെ അടുക്കല്‍ പലായനം ചെയ്‌തെത്തിയാല്‍ (അവര്‍ വിശ്വാസികള്‍ തന്നെയോ) എന്നു പരീക്ഷിച്ചുനോക്കേണ്ടതാകുന്നു. അവരുടെ വിശ്വാസത്തെക്കുറിച്ച് അല്ലാഹു നന്നായി അറിയുന്നുണ്ട്. അവര്‍ വിശ്വാസികള്‍ തന്നെയെന്നറിഞ്ഞു കഴിഞ്ഞാല്‍ പിന്നെ നിങ്ങള്‍ അവരെ സത്യനിഷേധികളിലേക്കു തന്നെ തിരിച്ചയക്കരുത്. അവര്‍ നിഷേധികള്‍ക്ക് അനുവദിക്കപ്പെട്ടവരല്ല. നിഷേധികള്‍ അവര്‍ക്കും അനുവദനീയമല്ല. നിഷേധികളായ വരന്മാര്‍ അവര്‍ക്കു നല്‍കിയിരുന്ന വിവാഹമൂല്യം ആ വരന്മാര്‍ക്കു നിങ്ങള്‍ തിരിച്ചുകൊടുക്കേണ്ടതാകുന്നു. നിങ്ങള്‍ അവരെ വിവാഹം ചെയ്യുന്നതില്‍ യാതൊരു വിരോധവുമില്ല; നിങ്ങള്‍ അവള്‍ക്കു വിവാഹമൂല്യം നല്‍കിയാല്‍. നിഷേധികളായ സ്ത്രീകളെ നിങ്ങളും വിവാഹബന്ധത്തില്‍ വെച്ചുകൊണ്ടിരിക്കരുത്. നിങ്ങള്‍ അവിശ്വാസിനികളായ ഭാര്യമാര്‍ക്കു നല്‍കിയ വിവാഹമൂല്യം തിരിച്ചുചോദിച്ചുകൊള്ളുക. തങ്ങളുടെ മുസ്‌ലിംഭാര്യമാര്‍ക്കു നല്‍കിയിരുന്ന വിവാഹമൂല്യം അവരും തിരിച്ചുചോദിച്ചുകൊള്ളട്ടെ. ഇത് അല്ലാഹുവിന്റെ വിധിയാകുന്നു. അവന്‍ നിങ്ങള്‍ക്കിടയില്‍ വിധിപറയുന്നു. അല്ലാഹു സര്‍വജ്ഞനും യുക്തിജ്ഞനുമല്ലോ.” (അല്‍ മുംതഹിന: 10)
മേല്‍ സൂക്തത്തിന്റെ വെളിച്ചത്തില്‍, ഈ വിഭാഗത്തിന്റെ വാദമിപ്രകാരമാണ്. സത്യവിശ്വാസിനി സത്യനിഷേധിയുടെ അടുത്തേക്കു തിരികെ പോകുന്നത് അല്ലാഹു വിലക്കിയിരിക്കുന്നു. ഭര്‍തൃമതിയാണെങ്കിലും അവളെ മറ്റൊരാള്‍ വിവാഹം ചെയ്യുന്നത് അല്ലാഹു അനുവദിച്ചിരിക്കുന്നു. അതേസമയം, മുന്‍ ഭര്‍ത്താവ് അവളുടെ ഇദ്ദാകാലത്തോ അതിനുശേഷമോ ഇസ്‌ലാം സ്വീകരിക്കുന്നപക്ഷം അവളെ മറ്റൊരാള്‍ വിവാഹം ചെയ്യാവതല്ല. ഇങ്ങനെ പലായനം ചെയ്‌തെത്തുന്ന സ്ത്രീകള്‍ ഒരു ആര്‍ത്തവകാലം കാത്തിരിക്കണം. ഹിജ്‌റഃയോടെ ബന്ധം അറ്റു എന്നു വ്യക്തമാണ്.
‘നിഷേധികളായ സ്ത്രീകളെ നിങ്ങളും സംരക്ഷണത്തില്‍ വെച്ചുകൊണ്ടിരിക്കരുത്’ എന്ന സൂക്തഖണ്ഡം ഇസ്‌ലാം സ്വീകരിക്കാത്ത ഭാര്യമാരെ സംരക്ഷണയില്‍ വെച്ചുകൊണ്ടിരിക്കരുതെന്ന കല്‍പനയാണുള്‍ക്കൊള്ളുന്നത്. അതായത്, ഭര്‍ത്താവ് ഇസ്‌ലാം സ്വീകരിക്കുന്ന നിമിഷത്തോടെ സത്യനിഷേധിയായ ഭാര്യ അയാള്‍ക്കന്യയായി എന്നര്‍ഥം. ‘അവള്‍ നിഷേധികള്‍ക്ക് അനുവദിക്കപ്പെട്ടവരല്ല, നിഷേധികള്‍ അവള്‍ക്കും അനുവദിക്കപ്പെട്ടവരല്ല’ എന്ന സൂക്തഭാഗം ഭര്‍ത്താവോ ഭാര്യയോ ഇസ്‌ലാം സ്വീകരിക്കുന്ന സംഭവങ്ങളില്‍ ഇരുവരും അന്യോന്യം നിഷിദ്ധമാണെന്നതിനു വ്യക്തമായ സൂചനയാണ് നല്‍കുന്നത്. ഇങ്ങനെ, മേല്‍ സൂക്തത്തില്‍നിന്ന് നാലു തെളിവുകള്‍ കണ്ടെത്താന്‍ കഴിയും. ഖുര്‍ആന്‍സൂക്തത്തിന്റെ മുമ്പില്‍ മുന്‍ഖത്വിഉം മുര്‍സലുമായ ഹദീഥുകള്‍ക്കും അഥറുകള്‍ക്കും സ്ഥാനമില്ല.
മറുവിഭാഗത്തിന്റെ മറുപടി
മേല്‍ വാദമുഖങ്ങളെ എതിര്‍ത്തുകൊണ്ട് മറുവിഭാഗം പറയുന്നു: അല്ലാഹുവിന്റെ ഗ്രന്ഥത്തിനു സ്വാഗതം! ഞങ്ങളുടെ നാഥനായ അല്ലാഹുവിന്റെ വചനങ്ങള്‍ ഞങ്ങള്‍ സര്‍വാത്മനാ അംഗീകരിക്കുന്നു. പക്ഷെ, നിങ്ങള്‍ ഖുര്‍ആന്‍സൂക്തത്തെ അനുചിതമായാണ് വ്യാഖ്യാനിച്ചിരിക്കുന്നത്. ദമ്പതികളിലൊരാള്‍ മറ്റൊരാള്‍ക്കുമുമ്പ് ഇസ്‌ലാം സ്വീകരിച്ചാല്‍ ഇരുവരെയും ഉടന്‍ വേര്‍പിരിക്കണമെന്നതിനു സൂക്തത്തില്‍ തെളിവില്ല. നബി(സ്വ)യുടെ സഖാക്കളിലോ താബിഈകളിലോ പെട്ട ആരെങ്കിലും ഒരിക്കലും ഇങ്ങനെ ഒരാശയം ഈ സൂക്തത്തില്‍നിന്നു മനസ്സിലാക്കിയിരുന്നില്ല.
‘അവരെ സത്യനിഷേധികളിലേക്ക് തിരിച്ചയക്കരുത്’ എന്നത് അല്ലാഹുവിലേക്കും റസൂലിലേക്കും പലായനം ചെയ്‌തെത്തുന്ന സ്ത്രീകളെ നിഷേധികളുടെ അടുത്തേക്കു മടക്കി അയക്കുന്നതിനെ വിലക്കുകയാണ് ചെയ്യുന്നത്. ഭര്‍ത്താവ് മുസ്‌ലിമായി അല്ലാഹുവിലേക്കും റസൂലിലേക്കും പലായനം ചെയ്‌തെത്തുന്നതുവരെ അയാളെ ഭാര്യ കാത്തുനില്‍ക്കേണ്ടതില്ലെന്ന് സൂചിപ്പിക്കുന്ന എന്താണ് സൂക്തത്തിലുള്ളത്?
‘അവര്‍ നിഷേധികള്‍ക്ക് അനുവദിക്കപ്പെട്ടവരല്ല. നിഷേധികള്‍ അവര്‍ക്കും അനുവദിക്കപ്പെട്ടവരല്ല’ എന്ന ഭാഗം മുസ്‌ലിംകളും നിഷേധികളും തമ്മില്‍ വിവാഹബന്ധം നിഷിദ്ധമാണെന്നാണ് സൂചിപ്പിക്കുന്നത്. അല്ലാതെ, ദമ്പതിമാരിലൊരാള്‍ (അവന്‍ അഥവാ അവള്‍) ഇസ്‌ലാം സ്വീകരിക്കുന്നതുവരെ കാത്തിരിക്കേണ്ടതില്ല എന്നല്ല.
അവരുടെ വിവാഹമൂല്യം നല്‍കി അവരെ വിവാഹം ചെയ്യുന്നതിനു നിങ്ങള്‍ക്കു വിരോധമില്ല’ എന്നതു മൊത്തം മുസ്‌ലിംകളോടുള്ള നിര്‍ദേശവും ഭര്‍ത്താക്കന്മാരില്‍നിന്നു പൂര്‍ണമായും മോചനം നേടിയ, പലായനം ചെയ്‌തെത്തുന്ന സത്യവിശ്വാസിനികളെ വിവാഹം ചെയ്യുന്നതിലെ പ്രയാസത്തെ ദൂരീകരിക്കലുമാണ്. വിവാഹം സ്ത്രീയുടെ ഇദ്ദഃകാലം കഴിഞ്ഞശേഷവും അവളുടെ അഭീഷ്ടപ്രകാരവുമായിരിക്കണം. ഇദ്ദഃ കഴിഞ്ഞാല്‍ ഇഷ്ടമുള്ളവരെ വിവാഹം ചെയ്യാനും അല്ലെങ്കില്‍ ഭര്‍ത്താവ് മുസ്‌ലിമാകുന്നതുവരെ കാത്തുനില്‍ക്കാനും അവള്‍ക്കു സ്വാതന്ത്ര്യമുണ്ടായിരിക്കും. ഇങ്ങനെ, മുന്‍ ഭര്‍ത്താവിനെ തെരഞ്ഞെടുക്കുന്നപക്ഷം പുനര്‍വിവാഹത്തിന്റെ ആവശ്യമില്ല. ഇദ്ദഃ കഴിയുന്നതോടെ നിക്കാഹ് ദുര്‍ബലപ്പെട്ടു എന്നവകാശപ്പെടുന്നവരുടെ ന്യായമനുസരിച്ച് പുതിയ നിക്കാഹിലൂടെ പൂര്‍വബന്ധം തുടരാന്‍ കഴിയും. അതേസമയം, ഭര്‍ത്താവിന്റെ തടവുകാരിയെന്നോണം ഭാര്യ കഴിയണമെന്നോ, ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഇദ്ദഃ കഴിഞ്ഞശേഷം അവള്‍ വിവാഹിതയായിക്കൂടെന്നോ നാം അഭിപ്രായപ്പെട്ടിരുന്നുവെങ്കില്‍ സൂക്തത്തില്‍ നമ്മുടെ വാദത്തിന്നെതിരെ തെളിവുണ്ടെന്നു പറയാമായിരുന്നു. ഇങ്ങനെയൊരഭിപ്രായം നമുക്കോ മറ്റാര്‍ക്കെങ്കിലുമോ ഉള്ളതായി അറിയില്ല.
‘സത്യനിഷേധിനികളായ സ്ത്രീകളെ നിങ്ങളുടെ സംരക്ഷണയില്‍ വെച്ചുകൊണ്ടിരിക്കരുത്’ എന്നതിന്റെ വിവക്ഷ, നിഷേധത്തിലും ബഹുദൈവവിശ്വാസത്തിലും അടിയുറച്ചുനില്‍ക്കെ ബഹുദൈവവിശ്വാസികളുമായുള്ള വിവാഹബന്ധം തുടരരുതെന്നാണ്. അല്ലാതെ, ഭാര്യ മുസ്‌ലിമാകുമെന്ന പ്രതീക്ഷയില്‍ കാത്തുനില്‍ക്കരുതെന്നോ മുസ്‌ലിമായാല്‍ അവളെ കൂടെനിര്‍ത്തി തുടര്‍ജീവിതം നയിച്ചുകൂടാ എന്നോ അല്ല.
ഇവിടെ ഒരു ചോദ്യം ഉന്നീതമാകാം: ഭാര്യ ഇസ്‌ലാം സ്വീകരിക്കുമോ എന്നറിയാനുള്ള കാത്തിരിപ്പുഘട്ടത്തില്‍ അവളുടെ സംരക്ഷണം അയാളുടെ നിയന്ത്രണത്തിലായിരിക്കില്ലെ? നമ്മുടെ മറുപടി: അങ്ങനെയല്ല. ഇദ്ദഃ കഴിയുന്നതോടെ അവള്‍ക്ക് അയാളെ വേര്‍പിരിയാം, മറ്റൊരാളെ വിവാഹം ചെയ്യുകയുമാവാം. സംരക്ഷണം അയാളുടെ നിയന്ത്രണത്തിലാണെങ്കില്‍ അവള്‍ക്ക് അതിനു കഴിയുമായിരുന്നില്ല. തന്നെയുമല്ല, ഭര്‍ത്താവ് ഇസ്‌ലാം സ്വീകരിക്കുകയും ഭാര്യ ഇസ്‌ലാം സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നപക്ഷം അയാള്‍ അവളെ കൂടെ പിടിച്ചുനിര്‍ത്താതെ അവളുമായി ബന്ധം വിടര്‍ത്തുകയാണ് വേണ്ടത്. ഇനി, അവള്‍ അയാള്‍ക്കുശേഷം ഇസ്‌ലാം സ്വീകരിക്കുന്നപക്ഷം അയാള്‍ക്ക് അവളെ കൂടെ നിര്‍ത്താവുന്നതാണ്. അങ്ങനെ വരുമ്പോള്‍ ഒരു മുസ്‌ലിംവനിതയെയാണ്, അല്ലാതെ നിഷേധിയായ വനിതയെയല്ല അയാള്‍ കൂടെ നിര്‍ത്തുന്നത്. സത്യവിശ്വാസികള്‍ ബഹുദൈവവിശ്വാസിനികളെ വിവാഹം ചെയ്തുകൂടാ എന്നത് ഈ സൂക്തത്തില്‍ നിന്നല്ല, അല്‍ബഖറഃ 221-ാം സൂക്തത്തില്‍നിന്നുതന്നെ സിദ്ധമാണ്.’
‘ബഹുദൈവവിശ്വാസിനികള്‍ വിശ്വാസിനികളാകുന്നതുവരെ നിങ്ങള്‍ അവരെ വിവാഹം ചെയ്യരുത്.’
സത്യനിഷേധകളുടെയും സത്യവിശ്വാസികളുടെയും അടുത്തേക്ക് വന്നുകൊണ്ടിരിക്കുന്ന വനിതകളുടെ വിഷയത്തിലെ വിധിയാണ് ഈ സൂക്തം ഉള്‍ക്കൊള്ളുന്നത്. ഇസ്‌ലാം സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അങ്ങനെയും ഖുറൈശികളുടെ ദീനില്‍ പ്രവേശിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കു അങ്ങനെയുമാവാം എന്ന ഉപാധി നേരത്തെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഇതുപ്രകാരം, ചില സ്ത്രീകള്‍ ഇസ്‌ലാം തെരഞ്ഞെടുത്തു. മറ്റുചിലര്‍ ബഹുദൈവവിശ്വാസം തെരഞ്ഞെടുത്ത് മതപരിത്യാഗിനികളായി. ഈ രണ്ടു വിഭാഗത്തിന്റെയും കാര്യത്തില്‍ ഏറ്റവും നല്ല വിധിയായിരുന്നു ഈ സൂക്തം. നിഷേധവും ബഹുദൈവത്വവും തെരഞ്ഞെടുത്ത വനിതകളെ ഭാര്യമാരായി കൂടെ നിര്‍ത്തരുതെന്ന് മുസ്‌ലിംകളോട് നിര്‍ദേശിച്ചു. മുസ്‌ലിമിന്റെ സംരക്ഷണയില്‍ കഴിയവെ ഇഷ്ടമുള്ള മറ്റൊരു വരനെ സ്വീകരിക്കാന്‍ അതവള്‍ക്കു തടസ്സമാകുമെന്നതായിരുന്നു കാരണം. മുസ്‌ലിംപക്ഷത്തുനിന്ന് നിഷേധികളുടെ അടുത്തേക്ക് പോകുന്ന പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും അതിനു അനുവാദമുണ്ടായിരിക്കും. അതേസമയം, നിഷേധികളുടെ പക്ഷത്തുനിന്നു മുസ്‌ലിംകളുടെ അടുത്തേക്കു വരുന്ന നിഷേധികളെ തിരികെ അയക്കണം. നിഷേധികളായ വനിതകള്‍ മുസ്‌ലിംപക്ഷത്തേക്കു വരുന്നപക്ഷം അവരുടെ വിവാഹസംരക്ഷണം നീങ്ങിപ്പോവും. മുസ്‌ലിംകള്‍ക്ക് അവരെ വിവാഹം ചെയ്യാവുന്നതാണ്. എന്നാല്‍, മുസ്‌ലിംപക്ഷത്തുനിന്ന് ഒരു സ്ത്രീ മറുപക്ഷത്തേക്കു പോവുകയും അവളുടെ സംരക്ഷണം മുസ്‌ലിംഭര്‍ത്താവിന്റെ കീഴില്‍ തന്നെ തുടരുകയും ചെയ്യുന്നപക്ഷം അത് അവളെ സംബന്ധിച്ചേടത്തോളം പ്രയാസമായിരിക്കും. അയാളുടെ സംരക്ഷണയിലായിരിക്കെ മറ്റൊരു വിവാഹത്തിന് അവള്‍ക്കു കഴിയില്ല. ആയതിനാല്‍, മുസ്‌ലിംഭര്‍ത്താവും നിഷേധിയോ പരിത്യാഗിനിയോ ആയ ഭാര്യയും തമ്മിലെ വിവാഹബന്ധം ഭാര്യയുടെ പുനര്‍വിവാഹസൗകര്യാര്‍ഥം എത്രയും വേഗം അവസാനിപ്പിക്കണമെന്നു ദൈവികനീതി വിധിച്ചു. ഹിജ്‌റ ചെയ്‌തെത്തുന്ന മുസ്‌ലിംസ്ത്രീകള്‍ക്ക് പുനര്‍വിവാഹം സാധ്യമാകുന്നതുപോലെ അവര്‍ക്കും അതിനു സൗകര്യം ലഭിക്കേണ്ടതുണ്ട്.
ഇത്രയുമാണ് സൂക്തത്തിന്റെ വിവക്ഷ. അല്ലാതെ, ഭാര്യ ഇസ്‌ലാം സ്വീകരിച്ചാല്‍ അതിന്റെ പേരില്‍ മാത്രം അവളും ഭര്‍ത്താവും തമ്മില്‍ വേര്‍പിരിയണമെന്നോ, അയാള്‍ അവള്‍ക്കുശേഷം ഇസ്‌ലാം സ്വീകരിച്ചാല്‍ അവളുമായുള്ള ബന്ധം തുടരാന്‍ അയാള്‍ക്കു പാടില്ലെന്നോ അല്ല. ആയതിനാല്‍, ഖുര്‍ആനും സുന്നത്തും തമ്മില്‍ ഏതെങ്കിലും തരത്തില്‍ വൈരുധ്യമുണ്ടാകാവതല്ല. രണ്ടും ഒരേ വിളക്കുമാടത്തില്‍നിന്നാണ് വെളിച്ചം പ്രസരിപ്പിക്കുന്നത്. ഒന്ന് മറ്റൊന്നിനെ സത്യപ്പെടുത്തുകയേ ഉള്ളൂ.
ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയഃ പറയുന്നു: ബഹുദൈവവിശ്വാസികളായ ദമ്പതികളിലൊരാള്‍ ലൈംഗികബന്ധത്തിനുമുമ്പോ ശേഷമോ ഇസ്‌ലാം സ്വീകരിച്ചാല്‍ ഇരുവരെയും തമ്മില്‍ വേര്‍പിരിക്കണമെന്ന വാദം അത്യന്തം ദുര്‍ബലമാണ്. ഇസ്‌ലാമികശരീഅത്തിന്റെ അനേകം പരമ്പരയിലൂടെ സ്ഥാപിതമായ വിവരത്തിന്റെ നേര്‍വിരുദ്ധ വീക്ഷണമാണിത്. ഇസ്‌ലാം സ്വീകരിച്ചവര്‍ ലാഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുര്‍റസൂലുല്ലാഹ് (അല്ലാഹു അല്ലാതെ ദൈവമില്ല, മുഹമ്മദ് നബി (സ്വ) അല്ലാഹുവിന്റെ ദൂതനാണ്) എന്ന ആദര്‍ശവാക്യം പ്രഖ്യാപിച്ചിരുന്നത് ഒരുമിച്ചായിരുന്നില്ല. ഭര്‍ത്താവ് ഇസ്‌ലാം സ്വീകരിച്ച് കുറച്ചോ കൂടുതലോ കഴിഞ്ഞായിരുന്നു ഭാര്യ ഇസ്‌ലാം സ്വീകരിച്ചിരുന്നത്. അതേപോലെ, പല ഖുറൈശിവനിതകളും ഭര്‍ത്താക്കന്മാര്‍ക്കുമുമ്പെ ഇസ്‌ലാം സ്വീകരിച്ചിരുന്നു. അബൂത്വല്‍ഹഃയുടെ ഭാര്യ ഉമ്മുസുലൈം അദ്ദേഹത്തിനു മുമ്പെ ഇസ്‌ലാം സ്വീകരിച്ചിരുന്നു. മറ്റുചില സംഭവങ്ങളില്‍ ഭാര്യക്കുമുമ്പെ ഭര്‍ത്താവ് ഇസ്‌ലാം സ്വീകരിക്കുകയും കുറച്ചോ കൂടുതലോ കാലം കഴിഞ്ഞുമാത്രം ഭാര്യ ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
ബഹുദൈവവിശ്വാസിനികളെ വിവാഹം ചെയ്യുന്നത് നിഷിദ്ധമാക്കിക്കൊണ്ടുള്ള ഉത്തരവിനുമുമ്പാണ് ഇതെന്ന് ചിലര്‍ ന്യായവാദമുന്നയിക്കാറുണ്ട്. ഇത് രണ്ടുകാരണങ്ങളാല്‍ ശരിയല്ല. ഒന്നാമതായി, നിഷിദ്ധമാകുന്നതിനുമുമ്പാണെന്നു സങ്കല്‍പിച്ചാല്‍ ഈ വിധി ദുര്‍ബലപ്പെട്ടതാണെന്നതിനു തെളിവുവേണം. രണ്ടാമതായി, ബഹുദൈവവിശ്വാസിനികളെ ഭാര്യമാരായി വെച്ചുകൊണ്ടിരിക്കുന്നതും ബഹുദൈവവിശ്വാസിനികളെ വിവാഹം ചെയ്യുന്നതും നിഷിദ്ധമാക്കിയശേഷം ധാരാളം പേര്‍ കൂട്ടംകൂട്ടമായിത്തന്നെ ഇസ്‌ലാം സ്വീകരിക്കുകയുണ്ടായി. നബി (സ്വ) ശിക്ഷ വിധിക്കാതെ മാപ്പരുളിയ ഏതാനും പേര്‍ മക്കാവിജയവേളയില്‍ ഇസ്‌ലാം സ്വീകരിക്കുകയുണ്ടായി. ത്വാഇഫുകാരും തഥൈവ. ത്വാഇഫുകാരുടെ നിവേദകസംഘം മദീനഃയില്‍ വന്നു നബി(സ്വ)യെ നേരില്‍കണ്ട് ഇസ്‌ലാം സ്വീകരിക്കുമ്പോള്‍ അവരുടെ അവിശ്വാസിനികളായ ഭാര്യമാര്‍ അവരുടെ കൂടെ ഉണ്ടായിരുന്നില്ല, നാട്ടിലായിരുന്നു. ഇവര്‍ നബി(സ്വ)യുടെ അടുത്തുനിന്ന് തിരികെപോയി നാട്ടിലെത്തിയ ശേഷമാണ് ഭാര്യമാര്‍ ഇസ്‌ലാം സ്വീകരിച്ചത്. ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിനുമുമ്പോ ശേഷമോ ദമ്പതികളിലൊരാള്‍ ഇസ്‌ലാം സ്വീകരിക്കുന്നപക്ഷം ഇരുവരെയും എത്രയും വേഗം വര്‍പിരിക്കണമെന്ന വാദം അടിസ്ഥാനപരമായിത്തന്നെ അബദ്ധമാണ്. എന്തുകൊണ്ടെന്നാല്‍, ഇസ്‌ലാം സ്വീകരിച്ച ആരോടും നബി (സ്വ) താങ്കള്‍ ഭാര്യയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടോ? ഇല്ലെ? എന്നു ചോദിച്ചതായി രേഖയില്ല. നേരെമറിച്ച്, നിക്കാഹ് പുതുക്കാതെ പഴയ ബന്ധം തുടരാന്‍ അനുവദിക്കുകയായിരുന്നു. പല അറബി ഗോത്രപ്രതിനിധിസംഘങ്ങളും നബി(സ്വ)യെ വന്നു കണ്ടിട്ടുണ്ട്. അവര്‍ ഇസ്‌ലാം സ്വീകരിച്ച് സ്വദേശങ്ങളിലേക്കു മടങ്ങിപ്പോയശേഷം ഭാര്യമാര്‍ മുസ്‌ലിംകളാവുകയായിരുന്നു സാധാരണ രീതി. അലി, മുആദ്, അബൂമൂസാ (റ) മുതലായ ശിഷ്യന്മാരെ നബി (സ്വ) യമനിലേക്ക് അയക്കുകയുണ്ടായി. ധാരാളം പുരുഷന്മാരും സ്ത്രീകളും ഇസ്‌ലാം സ്വീകരിച്ചു. പുരുഷന്‍ പ്രവാചകപ്രതിനിധികളെ കണ്ട് ഇസ്‌ലാം സ്വീകരിച്ചശേഷം ഭാര്യ ഇസ്‌ലാം സ്വീകരിക്കുക. ഭാര്യ വന്നു കണ്ടശേഷം ഭര്‍ത്താവും സ്വീകരിക്കുക – ഇതായിരുന്നു രീതി.
ഏതെങ്കിലും ഭര്‍ത്താവിനോടോ ഭാര്യയോടോ നിക്കാഹ് ദുര്‍ബലപ്പെടാതിരിക്കാനായി നിങ്ങളും ഭാര്യയും അഥവാ നിങ്ങളും ഭര്‍ത്താവും ഒന്നിച്ച് ശഹാദത്ത് കലിമ ഉച്ചരിക്കണം എന്നുനിര്‍ദേശിച്ചതായ സംഭവങ്ങളില്ല. ലൈംഗികബന്ധം പുലര്‍ത്തിയവരെയും പുലര്‍ത്താത്തവരെയും വേര്‍തിരിച്ചതായും കാണുന്നില്ല. മൂന്നു ശുദ്ധികാലം നിര്‍ണയിച്ച് അത് കഴിഞ്ഞശേഷം വിവാഹബന്ധം ദുര്‍ബലപ്പെടുമെന്ന് വിധിച്ചതായും രേഖയില്ല. നബി(സ്വ)യുടെ കൂടെയും നബിയുടെ അഭാവത്തില്‍ അദ്ദേഹത്തിനുവേണ്ടിയും കാര്യങ്ങള്‍ നിര്‍വഹിച്ചിരുന്ന അലി (റ) പറയുന്നു:
”ഭാര്യ അവളുടെ പട്ടണത്തില്‍നിന്നു പുറത്തുപോകാത്തേടത്തോളം അവള്‍ അയാള്‍ക്കവകാശപ്പെട്ടതാണ്.”
മറ്റൊരു റിപ്പോര്‍ട്ടില്‍ ഇപ്രകാരമാണുള്ളത്:
”അവള്‍ പലായനം ചെയ്‌തെത്തിയ നാട്ടില്‍നിന്നു പുറത്തുപോകാത്തേടത്തോളം.” അലി(റ)യുടെ ഈ പ്രസ്താവനയിലൊന്നും ഭാര്യാഭര്‍ത്താക്കന്മാരെ വേര്‍പിരിക്കുന്ന കാര്യമോ മൂന്നു ശുദ്ധികാലമെന്ന നിര്‍ണയമോ ഇല്ല. നബിപുത്രി സൈനബിന്റെ സംഭവം തന്നെ ഇവ്വിഷയകമായി തൃപ്തികരമായ പരിഹാരം സമര്‍പ്പിക്കുന്നുണ്ട്.
ദമ്പതികളിലൊരാള്‍ മറ്റെയാള്‍ക്കുമുമ്പ് ഇസ്‌ലാം സ്വീകരിച്ചാല്‍ ദാമ്പത്യം തുടര്‍ന്നുപോകാന്‍ ഇരുവരും ആഗ്രഹിക്കുന്നപക്ഷം അങ്ങനെത്തന്നെ ജീവിക്കാന്‍ അനുവദിക്കുകയായിരുന്നു നബി(സ്വ)യുടെ രീതി. വേര്‍പിരിച്ചിരുന്നില്ല. പുതിയൊരു നിക്കാഹിനു നിര്‍ദേശിച്ചിരുന്നുമില്ല. ആദ്യം ഇസ്‌ലാം സ്വീകരിച്ചത് ഭാര്യയാണെങ്കില്‍ ഭര്‍ത്താവ് ഇസ്‌ലാം സ്വീകരിക്കുമോ എന്ന് അവള്‍ക്ക് കാത്തിരിക്കാം. അതായത്, അയാള്‍ ഇസ്‌ലാം സ്വീകരിക്കുമ്പോള്‍ അവള്‍ അയാളുടെ ഭാര്യയായിരിക്കും. അതേസമയം, ആദ്യം സ്വീകരിച്ചത് ഭര്‍ത്താവാണെങ്കില്‍ അയാള്‍ക്ക് ഭാര്യയെ തടഞ്ഞുവെക്കാന്‍ അനുവാദമില്ല. ഇസ്‌ലാം സ്വീകരിക്കാന്‍ അവളെ നിര്‍ബന്ധിക്കാവതുമല്ല. അതായത്, മതത്തിന്റെയോ വിവാഹത്തിന്റെയോ വിഷയത്തില്‍ അവര്‍ പീഡിപ്പിക്കപ്പെടാവതല്ല. ഹ്രസ്വമോ ദീര്‍ഘമോ ആയ കാലത്തേക്കു അവള്‍ക്കു കാത്തിരിക്കാം. ഇദ്ദഃ കഴിഞ്ഞശേഷം മറ്റൊരു ഭര്‍ത്താവിനെ വരിക്കണമെന്നാണ് അവള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അങ്ങനെയാവാം. ഇദ്ദാകാലയളവിലോ ശേഷമോ ആണ് ദമ്പതികളിലൊരാള്‍ ഇസ്‌ലാം സ്വീകരിക്കുന്നതെങ്കില്‍, ഭര്‍ത്താവ് മൊഴിചൊല്ലാത്തപക്ഷം നിലവിലെ ദാമ്പത്യനില തുടരും. ‘നിഷേധികളായ ഭാര്യമാരെ സംരക്ഷണയില്‍ വെച്ചുകൊണ്ടിരിക്കരുത്’ എന്ന സൂക്തം അവതരിച്ചപ്പോള്‍ ഉമര്‍ (റ) തന്റെ ബഹുദൈവവിശ്വാസിനികളായ ഭാര്യമാരെ മൊഴിചൊല്ലുകയുണ്ടായി. മുന്‍ ഭര്‍ത്താവില്‍നിന്ന് ഗര്‍ഭിണിയായിട്ടില്ലെന്ന് ഉറപ്പായശേഷം സ്ത്രീക്ക് വേണമെങ്കില്‍ മറ്റൊരു ഭര്‍ത്താവിനെ വേള്‍ക്കാവുന്നതാണ്.
മുകളില്‍ വിവരിച്ചതിനുപുറമെ, ഇസ്‌ലാം സ്വീകരിക്കുന്നതോടെ, പ്രിയപ്പെട്ട ഭര്‍ത്താവിനെ അഥവാ ഭാര്യയെ വേര്‍പിരിയേണ്ടിവരുമെന്ന് വരുന്നത് ഇസ്‌ലാമിനോടുതന്നെ വെറുപ്പുണ്ടാക്കും. ബന്ധം തുടരുവാന്‍ അവളുടെയും വലിയ്യിന്റെയും തൃപ്തിയും പുതിയ മഹ്‌റും നല്‍കണമെന്നുവരുന്നത് തീര്‍ച്ചയായും വെറുപ്പിന് നിമിത്തമാകും. അതേസമയം, ഇസ്‌ലാം സ്വീകരിച്ചാലും വിവാഹബന്ധം പഴയപടി തുടരുമെന്നും നിര്‍ബന്ധമായും വേര്‍പിരിയേണ്ടതില്ലെന്നും വന്നാല്‍ ഇസ്‌ലാം സ്വീകരിച്ചിട്ടില്ലാത്ത ഭര്‍ത്താവിന് അഥവാ ഭാര്യക്കു ഇസ്‌ലാമിനോട് താല്‍പര്യം വര്‍ധിക്കുകയേ ഉള്ളൂ.
ലൈംഗികബന്ധത്തിനു അനുവദിക്കാതെ വിവാഹബന്ധം തുടരാന്‍ അനുവദിക്കുന്നത് കേവല നന്മ എന്ന നിലക്കാണ്. നിഷേധിയായ ഭര്‍ത്താവിന് വിശ്വാസിനിയായ ഭാര്യയുടെ മേല്‍ അധികാരത്തിന് തുടക്കം കുറിക്കുന്നതിലാണ് കുഴപ്പം. നിഷേധിയായ പുരുഷന്‍ മുസ്‌ലിംവനിതയെ ആദ്യമായി വേള്‍ക്കുന്നതുപോലെത്തന്നെ ഇതും അനുവദനീയമല്ല. ലൈംഗികബന്ധത്തിലേര്‍പ്പെട്ടിട്ടില്ലെങ്കിലും ഇത്തരം ബന്ധം അനുവദനീയമല്ല. അടിമയാക്കി ഉടമപ്പെടുത്തുന്നതും അനുവദനീയമല്ല. ഇസ്‌ലാം സ്വീകരിച്ച ഭാര്യയുമായി ഇസ്‌ലാം സ്വീകരിച്ചിട്ടില്ലാത്ത ഭര്‍ത്താവ് ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതും കുഴപ്പത്തിനിടയാക്കും. ഇതൊരിക്കലും അനുവദനീയമല്ല. അതിനാല്‍, വിവാഹബന്ധം അതേപടി നിലനിര്‍ത്തുന്നത് ഭാര്യാഭര്‍ത്താക്കന്മാരുടെ മതപരവും ഭൗതികവുമായ താല്‍പര്യങ്ങള്‍ക്ക് അനുഗുണമാണെന്നുവന്നു. അനുവാദം എന്ന നിലയിലാണ് ഇങ്ങനെയുള്ള വിവാഹബന്ധം നിഷിദ്ധമാക്കുക എന്നത് ശരീഅത്തിന്റെ രീതിയല്ല.(2)
ഇമാം ഇബ്‌നുല്‍ ഖയ്യിമിന്റെ വാദങ്ങളുടെ നിരൂപണം
ഏകോപിതാഭിപ്രായമുണ്ടെന്നു കരുതിയിരുന്ന, എന്നല്ല, ഇസ്‌ലാമികസമൂഹത്തിന്റെ ഭാഗത്തുനിന്നുള്ള നിരന്തരമായ പ്രവര്‍ത്തനത്തിന്റെ പിന്തുണയുള്ളതും കര്‍മശാസ്ത്രപണ്ഡിതന്മാരുടെ വീക്ഷണപരമായ ഏകോപിതാഭിപ്രായം എന്നു നാം പരിഗണിക്കുന്നതുമായ വിഷയത്തില്‍ ഇബ്‌നുല്‍ ഖയ്യിം നടത്തിയിരിക്കുന്നത് ഒരു തുറന്ന പരിശോധന തന്നെയാണ്.
മുസ്‌ലിംവനിതയെ അമുസ്‌ലിമിന് വിവാഹം ചെയ്തുകൊടുക്കുന്നത് ഖണ്ഡിതമായും നിഷിദ്ധമാണ്. അതിനു വിരുദ്ധമായി ഒരു കര്‍മശാസ്ത്രപണ്ഡിതനും അഭിപ്രായപ്പെട്ടിട്ടില്ല. നാലു മദ്ഹബിലോ, എട്ടു മദ്ഹബിലോ, എല്ലാ മദ്ഹബുകള്‍ക്കും പുറമെയോ അതിനുവിരുദ്ധമായ അഭിപ്രായമുണ്ടായിട്ടില്ല. വീക്ഷണപരമായും കര്‍മപരമായും ഇക്കാര്യത്തില്‍ ഏകോപിതാഭിപ്രായമുണ്ട്.
എന്നാല്‍, ഇബ്‌നുല്‍ ഖയ്യിം ഭിന്നാഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത് അമുസ്‌ലിം പുരുഷനെ വിവാഹം ചെയ്യുന്ന അമുസ്‌ലിംവനിത പിന്നീട് ഇസ്‌ലാം സ്വീകരിക്കുന്നു. ഭര്‍ത്താവ് സ്വീകരിക്കുന്നുമില്ല. ഈ വിഷയത്തിലാണ് അഭിപ്രായവ്യത്യാസം. ഈ വിഷയകമായി ഇബ്‌നുല്‍ ഖയ്യിം ഒമ്പത് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നു.
ഇബ്‌നുല്‍ ഖയ്യിം ഉപജീവിച്ച മൗലികസ്രോതസ്സുകള്‍ പരിശോധിക്കുന്നത് ഇത്തരുണത്തിലാണ്. സ്രോതസ്സുകള്‍ എന്നതുകൊണ്ടുദ്ദേശിക്കുന്നത് പ്രവാചകസഖാക്കളുടെയും താബിഈങ്ങളുടെയും മുന്‍കല പണ്ഡിതന്മാരുടെയും അഭിപ്രായങ്ങളെയാണ്. നൂറ്റാണ്ടുകളില്‍ ഏറ്റവും ഉത്തമം എന്റെ നൂറ്റാണ്ടാണ്. പിന്നെ, അതിനോടടുത്തവര്‍, പിന്നെ അതിനോടടുത്തവര്‍ എന്നാണല്ലോ നബിവചനം.
അബ്ദുര്‍റസ്സാഖിസ്സ്വന്‍ആനി (മരണം ഹി: 211)യുടെയും അബീശൈബഃ (മരണം ഹി: 235)യുടെയും മുസ്വന്നഫുകള്‍ അബൂജഅ്ഫറിത്ത്വഹാവി (ഹി: 321)യുടെ രചനകള്‍, ബൈഹഖിയുടെ അസ്സുനനുല്‍ കുബ്‌റാ (മരണം ഹി: 456) മുതലായവയാണ് ഈ സ്രോതസ്സുകള്‍. ഇവ എന്താണു പറയുന്നതെന്നു പരിശോധിക്കാം.
സ്വഹാബികളുടെയും താബിഈങ്ങളുടെയും ഫത്‌വകള്‍
ഇബ്‌നു അബീശൈബഃ തന്റെ മുസ്വന്നഫില്‍ യഹൂദന്റെയോ ക്രൈസ്തവന്റെയോ ഇസ്‌ലാം സ്വീകരിക്കുന്ന ഭാര്യയുടെ കാര്യത്തില്‍ എന്തു നിലപാടെടുക്കണമെന്നതുസംബന്ധിച്ച് അലി(റ)യില്‍നിന്നുദ്ധരിക്കുന്നു.
”അവളുടെ ഗുഹ്യാവയവം അയാള്‍ക്കവകാശപ്പെട്ടതാണ്. അയാള്‍ക്കു കരാര്‍ പ്രകാരമുള്ള അവകാശസംരക്ഷണം ലഭിക്കേണ്ടതുണ്ട്.”(3)
ഇബ്‌നു അബീശൈബഃയുടെ മറ്റൊരു റിപ്പോര്‍ട്ട് ഇപ്രകാരമാണ്.
”ഭാര്യ ഹിജ്‌റഃ ചെയ്‌തെത്തിയ നാട്ടിലാണ് രണ്ടുപേരുമെങ്കില്‍ അവള്‍ അയാള്‍ക്കാണ് ഏറ്റവും അവകാശപ്പെട്ടത്.”(4)
അബ്ദുര്‍റസ്സാഖ് പരമ്പരസഹിതം അലിയില്‍നിന്ന് ഉദ്ധരിക്കുന്നു:
”അയാള്‍ അവളുടെ നാട്ടില്‍നിന്ന് അവളെ പുറത്താക്കാത്തേടത്തോളം അവള്‍ അയാള്‍ക്കവകാശപ്പെട്ടതാണ്.”(5)
ഹകമില്‍നിന്ന് പരമ്പരയോടെ അദ്ദേഹം ഉദ്ധരിക്കുന്നു:
”ക്രിസ്ത്യനിയായിരുന്ന ഹാനിഉബ്‌നു ഖബീസ്വഃ ശ്ശൈബാനിക്ക് നാലു ഭാര്യമരുണ്ടായിരുന്നു. അവര്‍ നാലുപേരും ഇസ്‌ലാം സ്വീകരിച്ചു. അവരോട് അദ്ദേഹത്തിന്റെ അടുത്തുതന്നെ കഴിയാന്‍ ഉമര്‍ (റ) നിര്‍ദേശിച്ചു.”(6)
അബ്ദുല്ലാഹിബ്‌നു യസീദില്‍ ഖത്വമീയില്‍നിന്നു പരമ്പരയോടെ അബ്ദുര്‍റസ്സാഖ് വീണ്ടും ഉദ്ധരിക്കുന്നു:
”ഭാര്യമാര്‍ക്ക്, സ്വാതന്ത്ര്യം പോലെ പ്രവര്‍ത്തിക്കാമെന്ന് ഉമര്‍ (റ) കത്തയക്കുകയുണ്ടായി.”(7)
ഈ സംഭവം അബ്ദുര്‍റസ്സാഖ് ഖത്വമിയില്‍നിന്ന് ഉദ്ധരിക്കുന്നത് ഇങ്ങനെയാണ്:
”ഹീറഃക്കാരിയായ ഒരു സ്ത്രീ ഇസ്‌ലാം സ്വീകരിച്ചു. അവരുടെ ഭര്‍ത്താവ് ഇസ്‌ലാം സ്വീകരിച്ചിരുന്നില്ല. അവളുടെ കാര്യത്തില്‍ അദ്ദേഹം ഇങ്ങനെ നിര്‍ദേശിച്ചു: അവള്‍ക്ക് സ്വാതന്ത്ര്യം നല്‍കണം. വേറിട്ടുപോകണമെങ്കില്‍ അങ്ങനെയാകാം. അദ്ദേഹത്തിന്റെ അടുത്ത് കഴിയുകയാണെങ്കില്‍ അങ്ങനെയുമാകാം.”(8)
ഇതുപോലൊരു സംഭവം ഹസനില്‍നിന്ന് ഇബ്‌നു അബീശൈബഃ പരമ്പരയോടെ ഉദ്ധരിക്കുന്നുണ്ട്.
”ഒരു ക്രൈസ്തവന്റെ ഭാര്യ ഇസ്‌ലാം സ്വീകരിച്ചു. അവളെ അയാളില്‍നിന്നു വേര്‍പ്പെടുത്താന്‍ ചിലര്‍ ഉദ്ദേശിച്ചു. അവര്‍ ഉമറിനെ സമീപിച്ചു. ഭര്‍ത്താവിന്റെ കൂടെ കഴിയുകയോ അയാളുമായി വേര്‍പിരിയുകയോ ചെയ്യാമെന്ന് അദ്ദേഹം അവള്‍ക്കു സ്വാതന്ത്ര്യം നല്‍കി.”(9)
ഇബ്‌നു അബീശൈബഃ ഇബ്‌റാഹീമുന്നഖഈയില്‍നിന്ന് ഉദ്ധരിക്കുന്നു. ”അവര്‍ക്കു വിവാഹബന്ധം അതേപടി തുടരാവുന്നതാണ്.”(10)
അബ്ദുര്‍റസ്സാഖ് ഇബ്‌റാഹീമുന്നഖഈയില്‍നിന്നുദ്ധരിക്കുന്നു:
”അയാള്‍ അവളെ അവളുടെ പലായനഗേഹത്തില്‍നിന്ന് പുറത്താക്കാത്തേടത്തോളം കാലം അവളുടെ കാര്യത്തില്‍ അയാള്‍ക്കുതന്നെയാണ് ഏറ്റവും അവകാശം.”(11)
ഇതുതന്നെയാണ് നേരത്തെ അലി(റ)യില്‍നിന്ന് ഉദ്ധരിക്കപ്പെട്ടതും.
ശഅ്ബിയില്‍നിന്നുള്ള റിപ്പോര്‍ട്ടില്‍ ഇങ്ങനെ കാണാം:
”അവള്‍ അവളുടെ നാട്ടിലാകുവോളം അവളുടെ കാര്യത്തില്‍ ഏറ്റവും അവകാശം അയാള്‍ക്കുതന്നെയായിരിക്കും.”(12)
ശഅ്ബിയില്‍നിന്നും ഇബ്‌റാഹീമില്‍നിന്നും ഉമറില്‍നിന്നും ഉദ്ധരിക്കപ്പെട്ട റിപ്പോര്‍ട്ടുകളും ‘ഭാര്യക്കു ഭര്‍ത്താവിന്റെ കൂടെ കഴിയാം, അഥവാ, അയാളെ വിട്ടുപിരിയാം’ എന്ന ഉമറി(റ)ല്‍നിന്നുള്ള റിപ്പോര്‍ട്ടും അലി(റ)യുടെ പ്രസ്താവനയെ ബലപ്പെടുത്തുന്നുണ്ട്.
ഇതിനു വിരുദ്ധമായി, ഇസ്‌ലാം സ്വീകരിക്കാന്‍ വിസമ്മതിച്ചതിനാല്‍ ഭാര്യ വേര്‍പ്പെടുത്തപ്പെട്ട തഗ്‌ലബ് ഗോത്രജനുമായി ബന്ധപ്പെട്ട് ഉമറില്‍നിന്നുദ്ധരിക്കപ്പെട്ട ഉത്തരവു മാത്രമേയുള്ളൂ. ഭര്‍ത്താവ് ഉമറിനോട് പറഞ്ഞതായി ചില റിപ്പോര്‍ട്ടുകളില്‍ കാണുന്നതിങ്ങനെയാണ്:
”ഇത് ഞാന്‍ ഉപേക്ഷിച്ചത് അറബികളുടെ മുമ്പാകെ ലജ്ജിതനാകുമല്ലോ എന്നതിനാലാണ്. ഒരു പെണ്ണിനുവേണ്ടി അവന്‍ മുസ്‌ലിമായെന്നു ആളുകള്‍ പറയും. അതുപ്രകാരം ഉമര്‍ (റ) ഇരുവരെയും വേര്‍പിരിക്കുകയായിരുന്നു.”(13)
ഇത്തരം സംഭവങ്ങളില്‍ ഖാദിക്കും ഭരണാധികാരിക്കും അവസരോചിതം തീരുമാനമെടുക്കാമെന്നു ഇതില്‍നിന്നു ഗ്രഹിക്കാം. ഭാര്യക്കു ഭര്‍ത്താവിന്റെ കൂടെ കഴിയാം. വേര്‍പിരിയണമെന്നാണെങ്കില്‍ അങ്ങനെയുമാവാം. ഈ സംഭവത്തിലേതുപോലെ, പ്രശ്‌നം ഭരണാധികാരിയുടെ മുമ്പാകെ ഉന്നയിക്കപ്പടുമ്പോള്‍, വിശേഷിച്ചും. ഭരണാധികാരികള്‍ വേര്‍പിരിക്കുവോളം ബന്ധം തുടരാം എന്ന് ഇബ്‌നു ശിഹാബിസ്സുവാരിയുടെ ഫത്‌വയായി ഇബ്‌നുല്‍ ഖയ്യിം പ്രസ്താവിച്ചതിനെ ബലപ്പെടുത്തുന്നതാണ് ഉമറിന്റെ ഈ വിധിയും.
ഇബ്‌നുല്‍ ഖയ്യിമിന്റെ വിശകലനരീതി
ഈ വിഷയകമായ ഒമ്പതു വീക്ഷങ്ങളുടെ ബലാബലങ്ങള്‍ പരിശോധിക്കാമെന്നു പറഞ്ഞുവെച്ച ഇബ്‌നുല്‍ ഖയ്യിം എല്ലാ വീക്ഷണങ്ങളെയും ബലാബലം പരിശോധിച്ച് വിശകലനം ചെയ്യാതെ തന്റെ ഗുരു ഇബ്‌നുതൈമിയഃ പിന്തുണച്ചതും തനിക്കുകൂടി സുബദ്ധമെന്നു തോന്നിയതുമായ ആറാമത്തെ വീക്ഷണത്തിലാണ് ചര്‍ച്ച കേന്ദ്രീകരിച്ചിരിക്കുന്നത്. അതായത്, ഭാര്യക്ക് ഭര്‍ത്താവിന്റെ ഇസ്‌ലാമാശ്ലേഷം പ്രതീക്ഷിച്ച് കഴിയാമെന്നും അതിനിടെ വര്‍ഷങ്ങള്‍ കഴിഞ്ഞാലും അയാള്‍ക്കു ലൈംഗികബന്ധത്തിനു അവസരം നല്‍കരുതെന്നുമുള്ള വീക്ഷണത്തില്‍.
ഇബ്‌നുതൈമിയഃയുടെയും ഇബ്‌നുല്‍ ഖയ്യിമിന്റെയും വീക്ഷണങ്ങള്‍ക്കു അവയുടേതായ തെളിവുകളുടെ മൂല്യമുണ്ട്. പക്ഷെ, അതിലൊരു പ്രായോഗികപ്രശ്‌നം അന്തര്‍ഭവിച്ചിട്ടുണ്ട്.
ഭര്‍ത്താവിന്റെ ഇസ്‌ലാമാശ്ലേഷം പ്രതീക്ഷിച്ച് വര്‍ഷങ്ങളോളം അദ്ദേഹത്തിന്റെ കൂടെ കഴിയാവുന്ന ഭാര്യ താനുമായി ലൈംഗികബന്ധത്തിനു അയാളെ അനുവദിക്കരുതെന്ന് പറയുന്നത് പ്രായോഗികമാണോ എന്നത് ചിന്തനീയമാണ്. ദമ്പതികള്‍ക്കു ഇങ്ങനെ ക്ഷമിച്ചുജീവിക്കാന്‍ കഴിയുമോ? ഒരേ മച്ചിനുകീഴെ വര്‍ഷങ്ങളോളം അന്യോന്യം ശാരീരികമായി അടുക്കാതെ? വിശിഷ്യാ, ദമ്പതികള്‍ യുവാവും യുവതിയുമാണെങ്കില്‍?
അല്ലാമഃ ഇബ്‌നുല്‍ ഖയ്യിം ഇമാം അലി(റ)യുടെ വീക്ഷണത്തെ – ഭര്‍ത്താവ് ഇസ്‌ലാം സ്വീകരിച്ച ഭാര്യ തന്റെ നാട്ടില്‍നിന്നു പുറത്തുപോകാത്തേടത്തോളം അവളുമായി ഭര്‍ത്താവിന് ലൈംഗികമായി ബന്ധപ്പെടാമെന്ന അലി(റ)യുടെ ഫത്‌വ പരിഗണിക്കേണ്ടിയിരുന്നു എന്നാണെന്റെ പക്ഷം. നബി(സ്വ)യുടെ ജീവിതകാലത്ത് യമനില്‍ അദ്ദേഹത്തിന്റെ ദൂതനായി നിയോഗിതനായ അലി (റ) ഉഥ്മാന്റെ കാലശേഷം ഭരണമേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഈ കാലയളവില്‍ ഇത്തരം പ്രശ്‌നങ്ങള്‍ അദ്ദേഹം നേരിട്ടിരിക്കാന്‍ സാധ്യതയേറെയാണ്. അതുകൊണ്ടുതന്നെ, ഈ വിഷയത്തിലെ അദ്ദേഹത്തിന്റെ വിധി ഒരേസമയം ഫത്‌വയും ജഡ്ജുമെന്റുമാണ്.
അലി (റ) തന്റെ വിധിക്കാധാരമായി അവലംബിച്ചിരിക്കുക അല്‍ മുംതഹിനഃ 10-ാം സൂക്തമായിരിക്കുമെന്നാണ് എന്റെ നിരീക്ഷണം. മേല്‍ സൂക്തം കാണുക:
”ഓ, വിശ്വസിച്ചവരേ, വിശ്വാസികളായ സ്ത്രീകള്‍ നിങ്ങളുടെ അടുക്കല്‍ പലായനം ചെയ്‌തെത്തിയാല്‍ (അവര്‍ വിശ്വാസികള്‍ തന്നെയോ എന്ന്) പരീക്ഷിച്ചുനോക്കേണ്ടതാകുന്നു. അവരുടെ വിശ്വാസത്തെക്കുറിച്ച് അല്ലാഹു നന്നായറിയുന്നുണ്ട്. അവര്‍ വിശ്വാസിനികള്‍ തന്നെ എന്നറിഞ്ഞു കഴിഞ്ഞാല്‍ പിന്നെ നിങ്ങള്‍ അവരെ സത്യനിഷേധികളിലേക്കു തിരിച്ചയക്കരുത്. അവര്‍ നിഷേധികള്‍ക്ക് അനുവദിക്കപ്പെട്ടവരല്ല. നിഷേധികള്‍ അവര്‍ക്കും അനുവദിക്കപ്പെട്ടവരല്ല.” (അല്‍ മുംതഹിന: 10)
ഈ സൂക്തപ്രകാരം, പലായനം ചെയ്‌തെത്തുന്ന സത്യവിശ്വാസിനികള്‍ വിശ്വാസത്തില്‍ സത്യസന്ധത പുലര്‍ത്തുന്നവരാണെങ്കില്‍ അവരെ നിഷേധികളുടെ അടുത്തേക്കു തിരികെ അയക്കരുത്. അത് അവരുടെ ദീനിനെ അപകടപ്പെടുത്തും. അതേസമയം, ദാറുല്‍ ഇസ്‌ലാമിലേക്ക് പലായനം ചെയ്യാതെ ഭര്‍ത്താവിന്റെ കൂടെ അതെ നാട്ടില്‍ കഴിയുകയാണെങ്കില്‍ അയാളുടെ ഭാര്യയായി അവള്‍ക്ക് അവിടെ കഴിയാവുന്നതാണ്. ഈ ആശയമാണ് സൂക്തത്തില്‍നിന്ന് അദ്ദേഹം കണ്ടെത്തിയിട്ടുള്ളതെന്നാണ് എന്റെ കാഴ്ചപ്പാട്.
എന്റെ അഭിപ്രായത്തില്‍, ഈ വീക്ഷണം പ്രബലവും പരിഗണനീയവുമാണ്. അനിസ്‌ലാമികരാജ്യങ്ങളിലെ നവമുസ്‌ലിംകളായ വനിതകള്‍ ഭര്‍ത്താക്കന്മാരുടെ ഇസ്‌ലാമാശ്ലേഷം പ്രതീക്ഷിക്കുന്ന സാഹചര്യത്തില്‍ വിശേഷിച്ചും. മക്കളുടെ സംരക്ഷണവും പരിപാലനവും സംബന്ധിച്ച് ആശങ്കയുണ്ടെങ്കില്‍ ഇതിന്റെ പ്രസക്തി ഏറെയാണ്.
ഉമറില്‍നിന്ന് ഉദ്ധരിക്കപ്പെട്ടതും ഇബ്‌നുതൈമിയഃയും ശിഷ്യന്‍ ഇബ്‌നുല്‍ ഖയ്യിമും അവലംബിച്ചതുമായ തെളിവിന്റെ ബാഹ്യാശയം അവര്‍ക്കനുകൂലമല്ല. ക്രിസ്ത്യന്‍ ഭര്‍ത്താവിന്റെ ഇസ്‌ലാം സ്വീകരിച്ച ഭാര്യയോട് ഇഷ്ടമുണ്ടെങ്കില്‍ കൂടെ കഴിയാമെന്നും ഇല്ലെങ്കില്‍ വേര്‍പിരിയാമെന്നുമാണ് ഉമര്‍ നിര്‍ദേശിച്ചത്. ഈ റിപ്പോര്‍ട്ടനുസരിച്ച് ഭാര്യക്കു ഭര്‍ത്താവിന്റെ കൂടെ കഴിയാം. അതായത്, ഭാര്യാഭര്‍ത്താക്കന്മാര്‍ എന്തിനാണോ കൂടെ കഴിയുന്നത് ആ അര്‍ഥത്തിലുള്ള ബന്ധങ്ങളാകാം. പക്ഷെ, ഇബ്‌നുല്‍ ഖയ്യിം ഈ ബാഹ്യാശയത്തെ വ്യാഖ്യാനിക്കുന്നത് ഇങ്ങനെയാണ്. ‘ഭര്‍ത്താവിന്റെ കൂടെ നില്‍ക്കുകയെന്നാല്‍ ക്രിസ്ത്യാനിയായ ഭര്‍ത്താവിനു കീഴെ കഴിയുക എന്നല്ല, പ്രത്യുത, അയാളുടെ ഇസ്‌ലാമാശ്ലേഷം പ്രതീക്ഷിച്ച് കഴിഞ്ഞുകൂടുക എന്നതു മാത്രമാണ്.’
അതേസമയം, ഏതെങ്കിലും മുജ്തഹിദ് ഉമറിന്റെ പ്രസ്താവനയെ ബാഹ്യാശയപ്രകാരം വ്യാഖ്യാനിച്ചാല്‍ അദ്ദേഹത്തെ കുറ്റപ്പെടുത്താനാവില്ല.
ഈ റിപ്പോര്‍ട്ടിനെ ഉമറില്‍നിന്നു തന്നെയുള്ള മറ്റു റിപ്പോര്‍ട്ടുകള്‍ ബലപ്പെടുത്തുന്നുണ്ട്. അവയില്‍ ചിലത് ഭാര്യയെ ഭര്‍ത്താവിന്റെ കൂടെ കഴിയാന്‍ അനുവദിക്കുന്നതാണ്. മറ്റുചിലത്, ഖത്വ്മിയുടെ റിപ്പോര്‍ട്ടിലേതുപോലെ, എന്തുചെയ്യണമെന്നു ഭാര്യയ്ക്ക് സ്വാതന്ത്ര്യം നല്‍കുന്നവയാണ്. സുഹ്‌രിയില്‍നിന്ന് ഇബ്‌നുല്‍ ഖയ്യിം ഉദ്ധരിച്ച എട്ടാമത്തെ അഭിപ്രായം ഇതിനെ ബലപ്പെടുത്തുന്നുണ്ട്. അതായത്, ഭാര്യ ഇസ്‌ലാം സ്വീകരിക്കുകയും ഭര്‍ത്താവ് സ്വീകരിക്കാതിരിക്കുകയും ചെയ്യുന്ന സംഭവങ്ങളില്‍ ഭരണാധികാരി ഇരുവരെയും വേര്‍പിരിക്കുന്നില്ലെങ്കില്‍, ഇരുവര്‍ക്കും നിലവിലെ ബന്ധം തുടരാം എന്ന്.
പാരമ്പര്യപാഠങ്ങള്‍ക്ക് എതിരാകയാല്‍ മിക്ക പണ്ഡിതന്മാര്‍ക്കും അംഗീകരിക്കാന്‍ പ്രയാസമുണ്ടാകുമെങ്കിലും നവമുസ്‌ലിംവനിതകളെ സംബന്ധിച്ചേടത്തോളം ഇത് വലിയ അളവില്‍ ആശ്വാസദായകമാണ്.
()
‘തുടക്കത്തില്‍ പൊറുക്കപ്പെടാത്തത് ഒടുക്കത്തില്‍ പൊറുക്കപ്പെടും’ എന്നത് ഒരു അംഗീകൃത ഫിഖ്ഹീ തത്വമാണ്. ഇതിനു ധാരാളം ശാഖാപരമായ പ്രായോഗികവശങ്ങളുമുണ്ട്.
()
”തുടക്കവും ഒടുക്കവും തമ്മില്‍ വേര്‍തിരിക്കുക.”
()
‘തുടക്കത്തില്‍ വിശാലത ലഭിക്കാത്തതിനു, ശേഷവും ഒടുക്കവും വിശാലത ലഭിക്കും.’
ഉദാഹരണമായി, ഒരു സത്യനിഷേധിക്ക് സത്യവിശ്വാസിനിയെ വിവാഹം ചെയ്തുകൂടാ. അല്ലാഹു പറയുന്നു: ‘ബഹുദൈവവിശ്വാസിനികളെ അവര്‍ വിശ്വസിക്കുന്നതുവരെ നിങ്ങള്‍ വിവാഹം ചെയ്യരുത്. സത്യവിശ്വാസിനിയായ അടിമസ്ത്രീയാണ് ബഹുദൈവവിശ്വാസിനിയേക്കാള്‍ ഉത്തമ. അവര്‍ നിങ്ങളെ കൗതുകപ്പെടുത്തിയാലും.” (അല്‍ബഖറഃ 221)
ഇതൊരിക്കലും നാം നിസ്സാരമായി ഗണിക്കാവതല്ല. അതിനാല്‍തന്നെ, നാം വിശ്വാസിനിയെ അമുസ്‌ലിമിന് വിവാഹം ചെയ്തുകൊടുക്കാവതല്ല. എന്നാല്‍, ഇവിടെ നാം മുസ്‌ലിംവനിതയെ അമുസ്‌ലിമിന് വിവാഹം ചെയ്തുകൊടുക്കുകയല്ല. പ്രത്യുത, ഇസ്‌ലാം സ്വീകരിക്കുന്നതിനുമുമ്പെ അവള്‍ വിവാഹിതയായിരുന്നു. അതിനാല്‍, നമ്മുടെ ശര്‍ഈനിയമം അവള്‍ക്കു ബാധകമാവുകയാണ്. ഒരു കാര്യം ‘തുടങ്ങുന്നതും’ ‘നേരത്തെ തുടങ്ങിയത് തുടരുന്നതും’ തികച്ചും രണ്ടുകാര്യമാണ്.
പരിഗണനീയമായ മൂന്നു അഭിപ്രായങ്ങള്‍
ഈ വിഷയകമായി പരിഗണനീയമായ മൂന്നു വീക്ഷണങ്ങളുണ്ട്. ഇസ്‌ലാം ആശ്ലേഷിക്കുന്നതിനു ധാരാളം അമുസ്‌ലിംവനിതകള്‍ക്കു മുമ്പാകെ തടസ്സമായി നില്‍ക്കുന്ന ഈ പ്രശ്‌നത്തിന് പരിഹാരം ആരായുന്നവര്‍ക്കു ഇവയെ അവലംബിക്കാവുന്നതാണ്.
ഒന്ന്: അലി(റ)യുടെ വീക്ഷണം: ഭാര്യ അവളുടെ നാട്ടില്‍നിന്നു പുറത്തുപോകാത്തേടത്തോളം അവള്‍ ഭര്‍ത്താവിനു അവകാശപ്പെട്ടവളാണ്. അവള്‍ അവളുടെ ദേശത്തും നാട്ടിലും തന്നെയാണ് താമസം. മുസ്‌ലിംദേശത്തേക്കോ മറ്റു സ്ഥലങ്ങളിലേക്കോ പോയിട്ടില്ല. അലി(റ)യുടെ ഈ വീക്ഷണം അദ്ദേഹത്തില്‍നിന്നു സ്ഥാപിതമായതാണ്. ഈ വിഷയത്തില്‍ അദ്ദേഹത്തോട് ആരും വിരുദ്ധാഭിപ്രായം പുലര്‍ത്തിയിട്ടില്ല. താബിഈ ഇമാമുകളായ ശഅ്ബിയും ഇബ്‌റാഹീമും അദ്ദേഹത്തോട് യോജിക്കുന്നുമുണ്ട്.
രണ്ട്: ഉമറില്‍നിന്ന് ഉദ്ധരിക്കപ്പെട്ടതാണ് രണ്ടാമത്തെ വീക്ഷണം. ഒന്നിലധികം സ്രോതസ്സുകള്‍വഴി അദ്ദേഹത്തില്‍നിന്ന് ഉദ്ധരിക്കപ്പെട്ടതുപോലെ, അമുസ്‌ലിംഭര്‍ത്താക്കന്മാരുടെ ഭാര്യമാര്‍ ഇസ്‌ലാം സ്വീകരിച്ചാല്‍ അവരുടെ കൂടെത്തന്നെ കഴിയാം. അല്ലെങ്കില്‍ വേര്‍പിരിയാം. ഇതിനുവിരുദ്ധമായി ഒരു റിപ്പോര്‍ട്ടാണുള്ളത്. അതിനാണെങ്കില്‍ ചില അവ്യക്തതകള്‍ ഉണ്ടുതാനും. അതുകൊണ്ട്, ഒന്നുകില്‍ കൂടുതല്‍ റിപ്പോര്‍ട്ടുകളുള്ള വീക്ഷണത്തിനു മുന്‍തൂക്കം നല്‍കുക. അല്ലെങ്കില്‍, ഭാര്യക്കു ഭര്‍ത്താവിന്റെ കൂടെ ശിഷ്ടകാലം തുടരാന്‍ നിയമത്തില്‍ വിശാലതയുണ്ടെന്നുവെക്കുക. അല്ലെങ്കില്‍ ഇഷ്ടമുള്ളതു തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യം നല്‍കുക, അതുമല്ലെങ്കില്‍ ഭാര്യാഭര്‍ത്താക്കന്മാരെ വേര്‍പിരിക്കാന്‍ ഭരണാധികാരിക്കും ജഡ്ജിക്കും അവകാശമുണ്ടെന്നുവെക്കുക.
മൂന്ന്: ഇമാം സുഹ്‌രിയുടേതാണ് ഈ വീക്ഷണം. ഭരണാധികാരി ദമ്പതികളെ വേര്‍പിരിക്കാത്ത കാലത്തോളം അഥവാ ഇരുവരെയും വേര്‍പിരിച്ചുകൊണ്ടുള്ള ന്യായാധിപവിധി ഉണ്ടാകുവോളം ഇരുവരും തമ്മില്‍ നേരത്തെയുള്ള വിവാഹബന്ധം തുടരുക.
സ്വഹാബികളുടെയും താബിഉകളുടെയും പ്രസ്താവനകള്‍കൊണ്ട് ഫത്‌വ നല്‍കല്‍ അനുവദനീയം
കര്‍മശാസ്ത്രമേഖലയില്‍ തഖ്‌ലീദും മദ്ഹബ് പരമായ പക്ഷപാതിത്വവും മേധാവിത്വം നേടിയ കാലങ്ങളിലെ ചില പണ്ഡിതന്മാര്‍ സ്വഹാബിമാരുടെ പ്രസ്താവനകള്‍ ആധാരമാക്കി ഫത്‌വ നല്‍കുന്നത് അനുവദനീയമല്ലെന്നു വിധിക്കുകയുണ്ടായി. സച്ചരിതരും മാതൃകായോഗ്യരുമായ ഉമറിന്റെയും അലിയുടെയും സ്വഹാബികളിലെ കര്‍മശാസ്ത്രപടുക്കളായ ഇബ്‌നുമസ്ഊദ്, ഇബ്‌നു ഉമര്‍, ഇബ്‌നു അബ്ബാസ് മുതലായവരുടെയും പ്രസ്താവനകള്‍ ഈ ഗണത്തില്‍ പെടുന്നു.
സ്വഹാബികളുടെ പ്രസ്താവനകള്‍ കേവലമാണെന്നും സോപാധികമല്ലെന്നും സംക്ഷിപ്തമാണെന്നും വിശദമല്ലെന്നും അതിനാല്‍ അവയെ ഫത്‌വക്കാധാരമായെടുക്കാവതല്ലെന്നുമാണ് ഈ വാദഗതിക്കാരുടെ ന്യായം.
സ്വഹാബികളുടെയും താബിഈങ്ങളുടെയും ‘ആഥാറു’കളെ ആധാരമാക്കി ഫത്‌വ നല്‍കല്‍ അനുവദനീയമാണെന്നതിനു ഇബ്‌നുല്‍ ഖയ്യിം ചില അടിസ്ഥാനങ്ങള്‍ സമര്‍പ്പിക്കുന്നുണ്ട്. അദ്ദേഹം എഴുതുന്നു: ”സ്വഹാബികളുടെ ഫത്‌വകളും മുന്‍കാലക്കാരുടെ വീക്ഷണങ്ങളുമാണ് പില്‍ക്കാലക്കാരുടെ അഭിപ്രായങ്ങളേക്കാളും ഫത്‌വകളേക്കാളും സ്വീകരണാര്‍ഹം. നബി(സ്വ)യുടെ കാലത്തോടടുക്കുംതോറുമാണ് ഫത്‌വകള്‍ കൂടുതല്‍ സുബദ്ധമാവുക. താബിഈങ്ങളുടെ ഫത്‌വകളേക്കാള്‍ സ്വഹാബികളുടെ ഫത്‌വകള്‍ക്കു മുന്‍തൂക്കം നല്‍കണം. താബിഈങ്ങളുടെ ഫത്‌വകള്‍ താബിഇത്താബിഈങ്ങളുടേതിനേക്കാള്‍ പരിഗണിക്കപ്പെടണം. അങ്ങനെയങ്ങനെ മുകളിലേക്ക് നബി(സ്വ)യുടെ കാലത്തോടടുക്കും തോറും ഫത്‌വ സുബദ്ധമാകാനുള്ള സാധ്യതയേറുന്നു. ഓരോ പ്രശ്‌നത്തെയും വെവ്വേറെ വിശകലനം ചെയ്തുകൊണ്ടല്ല, മറിച്ച്, മൊത്തം പരിഗണിച്ചുകൊണ്ടാണ് ഈ സാധ്യത കാണേണ്ടത്. അതേപോലെ, മുന്‍കാലത്തെ ശ്രേഷ്ഠര്‍ പില്‍ക്കാലത്തെ ശ്രേഷ്ഠരേക്കാള്‍ കൂടുതലുണ്ട്. അതേപോലെ, പിന്‍ഗാമികളുടേതിനേക്കാള്‍ സുബദ്ധമാണ് മുന്‍ഗാമികളുടെ വാക്കുകള്‍. മുന്‍ഗാമികളുടെയും പിന്‍ഗാമികളുടെയും വിജ്ഞാനങ്ങള്‍ തമ്മിലുള്ള അന്തരം ശ്രേഷ്ഠതയിലും ദീനിലും അവര്‍ക്കിടയിലുള്ള അന്തരം പോലെത്തന്നെയാണ്. ഇമാം ബുഖാരി, ഇസ്ഹാഖുബ്‌നു റാഹവൈഹി, അലിയ്യുബ്‌നുല്‍ മദീനി, മുഹമ്ദുബ്‌നു നസ്വ്‌റില്‍ മര്‍വീസി മുതലായവരുടെ ഫത്‌വകളും വിധികളും മാറ്റിവെച്ച് കര്‍മശാസ്ത്ര ഇമാമുകളുടെ അനുകര്‍ത്താക്കളായ പില്‍ക്കാല പണ്ഡിതന്മാരുടെ ഫത്‌വകള്‍ അവലംബിക്കാവതല്ല. ഇബ്‌നുല്‍ മുബാറക്, ഔസാഈ, സുഫ്‌യാനുബ്‌നു ഉയയ്‌നഃ, ഹമ്മാദുബ്‌നു സൈദ്, ഹമ്മാദുബ്‌നു സലമഃ, ഇബ്‌നു അബീദിഅ്ബ്, സുഹ്‌രി, ലൈഥുബ്‌നു സഅ്ദ്, സഈദുബ്‌നുല്‍ മുസയ്യിബ്, ഹസന്‍, ഖാസിം, സാലിം, അത്വാഅ്, ത്വാഊസ്, ജാബിറുബ്‌നു സൈദ്, ശുറൈഹ്, അബൂവാഇല്‍, ജഅ്ഫറുബ്‌നു മുഹമ്മദ് മുതലായവരുടെയെല്ലാം ഫത്‌വകളെയും വീക്ഷണങ്ങളെയും ഈ വാദഗതിക്കാര്‍ അഗണ്യമാക്കുന്നു. എന്തിനധികം പറയുന്നു, അബൂബക്ര്‍, ഉമര്‍, ഉഥ്മാന്‍, അലി, ഇബ്‌നു മസ്ഊദ്, ഉബയ്യുബ്‌നു കഅ്ബ്, അബുദ്ദര്‍ദാഅ്, സൈദുബ്‌നു ഥാബിത്, അബ്ദുല്ലാഹിബ്‌നു അബ്ബാസ്, അബ്ദുല്ലാഹിബ്‌നു ഉമര്‍, അബ്ദുല്ലാഹിബ്‌നു സുബൈര്‍, ഉബാദത്തുബ്‌നുസ്സ്വാമിത്, അബൂമൂസല്‍ അശ്അരി (റ) മുതലായ സ്വഹാബികളുടെയെല്ലാം ഫത്‌വകളെ മാറ്റിനിര്‍ത്തി തങ്ങളംഗീകരിക്കുന്ന പില്‍ക്കാലപണ്ഡിതന്മാരെ പ്രത്യക്ഷരം അനുകരിക്കാനാണ് ചിലര്‍ക്ക് താല്‍പര്യം. സ്വഹാബികളുടെയും താബിഈങ്ങളുടെയും പില്‍ക്കാലക്കാരുടെയും ഫത്‌വകളെ വിവേചനമന്യെ ഒന്നായി കാണുന്ന ഇവര്‍ നാളെ അല്ലാഹുവിന്റെ മുമ്പാകെ എന്തൊഴികഴിവാണ് പറയുക എന്നു കണ്ടറിയണം. പില്‍ക്കാലക്കാരുടെ ഫത്‌വകള്‍ തന്നെ എടുക്കണമെന്ന് വിധിക്കുകയും സ്വഹാബികളുടെ പ്രസ്താവനകളെ അവലംബിക്കുന്നതിനെ തടയുകയും പില്‍ക്കാലക്കാരുടെ വാദമുഖങ്ങള്‍ക്കു വിരുദ്ധാഭിപ്രായം പ്രകടിപ്പിക്കുന്നവര്‍ക്കെതിരെ ശിക്ഷ വിധിക്കാനും അവരില്‍ പുത്തനാചാരവും മാര്‍ഗഭ്രംശവും ആരോപിക്കാനും വരെ ഇത്തരക്കാര്‍ ധൃഷ്ടരാവുന്നു. പണ്ഡിതന്മാരോട് വിയോജിക്കുന്ന ഇവര്‍ ഇസ്‌ലാമിനെതിരെ ഗൂഢാലോചനയില്‍ പങ്കാളികളാവുകയാണെന്നുകൂടി ആരോപിക്കപ്പെടുന്നു! ‘അവള്‍ അവളുടെ രോഗം എന്നിലെറിഞ്ഞ് തന്ത്രത്തില്‍ രക്ഷപ്പെട്ടു’ ()എന്നുപറഞ്ഞതുപോലെ, വാദി പ്രതിയാകുന്നതാണിവിടെ നാം കാണുന്നത്. തിരുദൂതരുടെ യഥാര്‍ഥ അനനന്തരാവകാശികളില്‍ തങ്ങളുടെ രോഗം ആരോപിച്ച് രക്ഷപ്പെടാനാണവരുടെ ശ്രമം. ഞങ്ങള്‍ ഞങ്ങളുടെ ദീനീവിഷയകമായി ആരെ അനുകരിച്ചു മുന്നോട്ടുപോകുന്നുവോ അവരെ സമുദായം പിന്‍പറ്റിയേ പറ്റൂ എന്നും തിരുസഖാക്കളായ അബൂബക്ര്‍, ഉമര്‍, അലി, ഉഥ്മാന്‍ (റ) മുതലായവരുടെ ഫത്‌വകളെ സ്വീകരിക്കുന്നത് അനുവദനീയമല്ലെന്നും അവര്‍ പരസ്യമായിത്തന്നെ വാദിച്ചുകൊണ്ടിരിക്കുന്നു.(14)
ശ്രദ്ധേയമായൊരു പഠനം
ഗവേഷകനും പണ്ഡിതനുമായ ശൈഖ് അബ്ദുല്ലാഹില്‍ ജദീഅ് ജോര്‍ദ്ദാനിലെ ഗവേഷണങ്ങള്‍ക്കും ഫത്‌വക്കുമുള്ള സമിതിക്ക് സമര്‍പ്പിച്ച ഇവ്വിഷയകമായ സുദീര്‍ഘവും ഗഹനവുമായ പഠനത്തെക്കുറിച്ച് പരാമര്‍ശിക്കാന്‍ ഈ അവസരം ഞാന്‍ ഉപയോഗിക്കട്ടെ. വിഷയത്തെക്കുറിച്ച് എന്നേക്കാള്‍ വിശാലമായിത്തന്നെ അദ്ദേഹം കൈകാര്യം ചെയ്തിരിക്കുന്നു. അദ്ദേഹത്തിന്റെ ഗവേഷണം താഴെ പോയിന്റുകളില്‍ സംക്ഷേപിക്കാം:
1) ഈ വിഷയകമായി ഖണ്ഡിതപ്രമാണമില്ല.
2) ഏകോപിതാഭിപ്രായമില്ല.
3) ഇസ്‌ലാം സ്വീകരിക്കുന്നതിനുമുമ്പ് നിലവിലുള്ള വൈവാഹികബന്ധം സാധുവും സ്വീകരിച്ചശേഷം പരിഗണിക്കപ്പെടുന്നതുമാണ്. ബന്ധം മുറിയുമെന്നുറപ്പുള്ള കാരണത്താലെ വിവാഹബന്ധം അസാധുവാകുകയുള്ളൂ. ദമ്പതികളുടെ മതങ്ങള്‍ വ്യത്യസ്തമായി എന്നതുകൊണ്ടുമാത്രം ബന്ധം അസാധുവാകുകയില്ല. അസാധുവാകുമെന്നുപറയാന്‍ തക്ക പ്രമാണമില്ല; അഭിപ്രായവ്യത്യാസമുണ്ടുതാനും.
4) വിവാഹാനന്തരം ദമ്പതികള്‍ വ്യത്യസ്ത മതക്കാരായി എന്നതുകൊണ്ട് ഭര്‍ത്താവ് ഭാര്യയോടൊപ്പം കഴിഞ്ഞുകൂടാ എന്നു ഖുര്‍ആനോ സുന്നത്തോ വിധിക്കുന്നില്ല. ബന്ധം ശരിയല്ലെന്നുപറയാവതല്ല.
5) ദമ്പതികളിലൊരാള്‍ ഇസ്‌ലാം സ്വീകരിച്ചതിനാല്‍ ഇരുവരും തമ്മിലെ ബന്ധം ഇസ്‌ലാമാശ്ലേഷം ഒന്നുകൊണ്ടുമാത്രം അസാധുവാകില്ല.
6) നബിയുടെ കാലത്ത് ഇസ്‌ലാം സ്വീകരിച്ച എത്രയോ ദമ്പതികമാരെ തമ്മില്‍ വേര്‍പിരിയാതെ, ഒന്നിച്ചുജീവിക്കാന്‍ അദ്ദേഹം അനുവദിച്ചിട്ടുണ്ട്. ഭര്‍ത്താക്കള്‍ മാത്രവും, ഭാര്യമാര്‍ മാത്രവും ഇസ്‌ലാം സ്വീകരിച്ച സംഭവങ്ങളില്‍ അദ്ദേഹം വേര്‍പ്പെടുത്തല്‍നയം സ്വീകരിച്ചിരുന്നില്ല. ഇതിനു വിരുദ്ധമായ നടപടി സ്വീകരിക്കാന്‍ അദ്ദേഹം ആരോടും കല്‍പിച്ചിരുന്നുമില്ല. തന്നെയുമല്ല, സ്വപുത്രി സൈനബിന്റെ വിഷയത്തില്‍ ബന്ധം തുടരാന്‍ അനുവദിച്ചത് പ്രസിദ്ധമാണല്ലോ. മുംതഹിനഃ 10-ാം സൂക്തം അവതരിച്ച്, മക്കാവിജയത്തിനു തൊട്ടുമുമ്പ് മാത്രമാണ് സൈനബിന്റെ ഭര്‍ത്താവ് ഇസ്‌ലാം സ്വീകരിച്ചത്. ആകെക്കൂടി സംഭവിച്ചത്, ബദ്ര്‍യുദ്ധാനന്തരം ഭര്‍ത്താവിനെ മക്കയില്‍ ഉപേക്ഷിച്ച് സൈനബ് പലായനം ചെയ്തുവെന്നത് മാത്രമാണ്. പലായനം ചെയ്തുവെന്നതുകൊണ്ട് ഇരുവരും തമ്മിലെ ബന്ധം അസാധുവാക്കപ്പെടുകയില്ല.
7) അല്‍മുംതഹിനഃ 10-ാം സൂക്തം അവലംബമാക്കി മതവ്യത്യാസത്തിന്റെ പേരില്‍ ദാമ്പത്യബന്ധം അസാധുവാക്കുന്നത് ശരിയല്ല. മുസ്‌ലിംഭാര്യയും ഇസ്‌ലാമിനോട് ശത്രുത പുലര്‍ത്തുന്ന നിഷേധിയായ ഭര്‍ത്താവും മുസ്‌ലിംഭര്‍ത്താവും ഇസ്‌ലാമിനോട് ശത്രുത പുലര്‍ത്തുന്ന നിഷേധിയായ ഭാര്യയും തമ്മില്‍ ബന്ധം പുലര്‍ത്തുന്നതിനെയാണ് മേല്‍സൂക്തം വിലക്കുന്നത്.
8) മേല്‍ സൂക്തപ്രകാരം, നിഷേധിയായ ഭര്‍ത്താവുള്ള, പലായനം ചെയ്‌തെത്തുന്ന മുസ്‌ലിംഭാര്യയെ വിവാഹം ചെയ്യുന്നതിനു വിരോധമില്ല. പക്ഷെ, മുന്‍ബന്ധം ഒഴിവാക്കി പുതിയ ബന്ധം സ്വീകരിക്കണമെന്നു നിര്‍ബന്ധമില്ല. നബിപുത്രി സൈനബിന്റെ സംഭവം ഇതാണ് സൂചിപ്പിക്കുന്നത്. നിഷേധിയായ ഭര്‍ത്താവുമായി നിര്‍ബന്ധമായും തുടര്‍ന്നുപോന്ന ബന്ധം തുടരുകയോ വേര്‍പ്പെടുത്തുകയോ ചെയ്യാവുന്ന കേവല അനുവദനീയ ബന്ധമായിത്തീരുന്നു. ഇസ്‌ലാംവിരോധിയായ ഭര്‍ത്താവിങ്കലേക്ക് തിരിച്ചുപോകുന്നതും ഭര്‍ത്താവ് നഷ്ടപ്പെടുന്നതുവഴിയുള്ള പ്രയാസങ്ങളും ഒരുപോലെ പരിഗണിച്ചുകൊണ്ടാണ് ഇങ്ങനെയൊരു നിലപാട് സ്വീകരിച്ചിരിക്കുന്നത്.
9) ദാറുല്‍ കുഫ്‌റില്‍നിന്ന് ദാറുല്‍ ഇസ്‌ലാമിലേക്ക് പലായനം ചെയ്യാതിരിക്കുകയോ ഇസ്‌ലാമിനോട് യുദ്ധം പ്രഖ്യാപിച്ച സത്യനിഷേധികളുടെ പക്ഷത്തേക്ക് ഇസ്‌ലാം പരിത്യാഗിനിയായി ഓടിപ്പോവുകയോ ചെയ്ത നിഷേധിയായ ഭാര്യയെ മുസ്‌ലിംഭര്‍ത്താവ് വെച്ചുകൊണ്ടിരിക്കാന്‍ പാടില്ല. ദാമ്പത്യബന്ധം നിഷേധികളോട് ആദര്‍ശപരമായ ആകര്‍ഷണത്തിനു കാരണമാകുമെന്നതാണ് കാരണം. മക്കയിലെ തന്റെ രക്തബന്ധുക്കള്‍ക്ക് മുസ്‌ലിംകളുടെ രഹസ്യങ്ങളെ സംബന്ധിച്ച് കത്തിലൂടെ അറിയിച്ച ഹാത്വിബുബ്‌നു അബീബല്‍തഅഃയുടേതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇത്തരം മുന്‍കരുതലുകള്‍ ആവശ്യമാണ്. സ്ത്രീകളെ ഭര്‍ത്താക്കന്മാരില്ലാതെ ജീവിക്കാന്‍ വിടുന്നതും പ്രശ്‌നങ്ങള്‍ക്കു കാരണമാകും.
10) ദമ്പതികളിലൊരാള്‍ ഇസ്‌ലാം സ്വീകരിക്കുകയും അവരിലെ നിഷേധി ഇസ്‌ലാമിനോട് യുദ്ധം പ്രഖ്യാപിച്ചവനുമല്ലെങ്കില്‍ ഇരുവര്‍ക്കും ഒന്നിച്ചുജീവിക്കാവുന്നതാണ്. ഇരുവരുടെയും മതം വ്യത്യസ്തമാണെന്നതുകൊണ്ടുമാത്രം ബന്ധം വേര്‍പ്പെടുത്തേണ്ടതില്ല. മക്കയില്‍വെച്ച് ഹിജ്‌റക്കുമുമ്പും മക്കാ വിജയഘട്ടത്തിലും ഇസ്‌ലാം സ്വീകരിച്ചവരുടെ കാര്യത്തില്‍ ഈ നയമാണ് സ്വീകരിച്ചിരുന്നത്. ഉമറുബ്‌നുല്‍ ഖത്വാബും, അലിയ്യുബ്‌നു അബീത്വാലിബും ഇതേ രീതിയിലാണ് വിധിച്ചിരുന്നത്.
11) ദമ്പതികളിലൊരാള്‍ ഇസ്‌ലാം സ്വീകരിക്കുന്നതുകൊണ്ട് മതവ്യത്യാസം സംഭവിക്കുന്നതിനാല്‍ വിവാഹബന്ധം വേര്‍പ്പെടുത്താന്‍ അനുവാദമുണ്ടായിരിക്കുന്നതാണ്. എന്നാല്‍, നിര്‍ബന്ധമില്ല. ഉമറി(റ)ന്റെ വിധിയും സ്വഹാബികളുടെ സമ്മതവും ഇതു തെളിയിക്കുന്നുണ്ട്.
12) ഇസ്‌ലാം സ്വീകരിച്ച ഭര്‍ത്താവ് ഇസ്‌ലാമിനോട് ശത്രുതാനിലപാടു സ്വീകരിക്കാത്ത നിഷേധിയായ ഭാര്യയോടൊപ്പവും ഇസ്‌ലാം സ്വീകരിച്ച ഭാര്യ ഇസ്‌ലാമിനോട് ശത്രുതാനിലപാടു സ്വീകരിക്കാത്ത നിഷേധിയായ ഭര്‍ത്താവോടൊപ്പവും ദാമ്പത്യജീവിതം തുടരുന്നത് അനുവദനീയമാണ്. വിവാഹബന്ധത്തിന്റെ സാധുത നിലനില്‍ക്കുന്നതിനാല്‍ ലൈംഗികബന്ധം ഉള്‍പ്പെടെ ന്യായമായ സഹവാസം നിര്‍ബന്ധബാധ്യതയാണ്.
വിവ: അബ്ദുല്ലത്വീഫ്, കൊടുവള്ളി
അവലംബം: ബോധനം ത്രൈമാസിക |