‘ഗതികിട്ടാത്ത അവസ്ഥ

 

‘ഗതികിട്ടാത്ത അവസ്ഥ ‘ ഉമ്മത്തിനുള്ള ദൈവിക ശിക്ഷയോ ?

Theeh

ഒരു വ്യക്തിക്കോ സമൂഹത്തിനോ ഉദ്ദിഷ്ട ലക്ഷ്യത്തിലേക്കെത്തുന്നതില്‍ അനുഭവപ്പെടുന്ന തടസ്സങ്ങള്‍ക്കും ലക്ഷ്യബോധം നഷ്ടപ്പെടുന്നതിനും സാങ്കേതികമായി ഉപയോഗിക്കുന്ന പദമാണ് ‘തീഹ് ‘ (അലഞ്ഞുതിരിയല്‍) എന്നത്. ഇസ്രായേല്‍ വംശത്തിന് അവരുടെ പാപങ്ങളുടെയും ധിക്കാരങ്ങളുടെയും ഫലമായി ലഭിച്ച ദൈവികമായ ശിക്ഷയെ വിവരിക്കാനാണ് വിശുദ്ധ ഖുര്‍ആന്‍ ഈ പദം ഉപയോഗിച്ചത്. അവരുടെ ബോധപൂര്‍വമായ പ്രവര്‍ത്തനങ്ങള്‍ കാരണമായിട്ടാണ് ഈ പരിണിതി അവര്‍ക്കുണ്ടായത്. വിശുദ്ധ ഖുര്‍ആന്‍ അത് വിവരിക്കുന്നു. ”എന്റെ ജനമേ, അല്ലാഹു നിങ്ങള്‍ക്കായി നിശ്ചയിച്ച പുണ്യഭൂമിയില്‍ പ്രവേശിക്കുക. പിറകോട്ട് തിരിച്ചുപോകരുത്. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ പരാജിതരായിത്തീരും.അവര്‍ പറഞ്ഞു: ‘ഹേ, മൂസാ, മഹാ മല്ലന്മാരായ ജനമാണ് അവിടെയുള്ളത്. അവര്‍ പുറത്തുപോകാതെ ഞങ്ങളവിടെ പ്രവേശിക്കുകയില്ല. അവര്‍ അവിടം വിട്ടൊഴിഞ്ഞാല്‍ ഞങ്ങളങ്ങോട്ടുപോകാം.ദൈവഭയമുള്ളവരും ദിവ്യാനുഗ്രഹം ലഭിച്ചവരുമായ രണ്ടുപേര്‍  മുന്നോട്ടുവന്നു. അവര്‍ പറഞ്ഞു: ‘പട്ടണവാതിലിലൂടെ നിങ്ങളവിടെ കടന്നുചെല്ലുക. അങ്ങനെ പ്രവേശിച്ചാല്‍ തീര്‍ച്ചയായും നിങ്ങളാണ് വിജയികളാവുക. നിങ്ങള്‍ വിശ്വാസികളെങ്കില്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക.എന്നാല്‍ അവര്‍ ഇതുതന്നെ പറയുകയാണുണ്ടായത്: ‘മൂസാ, അവരവിടെ ഉള്ളേടത്തോളം കാലം ഞങ്ങളങ്ങോട്ട് പോവുകയില്ല. അതിനാല്‍ താനും തന്റെ ദൈവവും പോയി യുദ്ധം ചെയ്തുകൊള്ളുക. ഞങ്ങള്‍ ഇവിടെ ഇരുന്നുകൊള്ളാം.’ (അല്‍ മാഇദ 21-24).
മൂസാ നബിയോട് അവര്‍ സ്വീകരിച്ച അവസാനത്തെ നിലപാട് മാത്രമായിരുന്നില്ല നാല്‍പത് വര്‍ഷം അവര്‍ക്ക് ‘അലഞ്ഞു തിരിയല്‍ ‘ ശിക്ഷ ലഭിക്കാന്‍ കാരണം. മറിച്ച്, അവര്‍ വിശുദ്ധ ഭൂമിയായ ഫലസ്തീനില്‍ പ്രവേശിക്കാന്‍ വിസമ്മതം പ്രകടിപ്പിച്ച് ജിഹാദ് ഉപേക്ഷിച്ചതും അതിനുള്ള കാരണങ്ങളില്‍ പെട്ടതായിരുന്നു. ഗൗരവതരമായ ഈ ശിക്ഷക്ക് വിധേയരാകുന്നതിന് മുമ്പ് നിഷേധാത്മകമായ നിരവധി നിലപാടുകള്‍ അവര്‍ സ്വീകരിച്ചിരുന്നതായി കാണാം. അല്ലാഹു ചെങ്കടല്‍ പിളര്‍ത്തിക്കൊണ്ട് മൂസാ നബിയെയും ഇസ്രായേല്‍ സന്തതികളെയും ഫറോവയില്‍ നിന്ന് രക്ഷപ്പെടുത്തുകയും ഫറോവയെയും കൂട്ടരെയും നശിപ്പിക്കുകയും ചെയ്യുകയുണ്ടായി. അത് മുതല്‍ അവര്‍ തുടര്‍ന്നുവന്ന നിഷേധാത്മക നിലപാടുകള്‍ നമുക്ക് കാണാം.

ഈ സംഭവങ്ങള്‍ മുന്‍ കഴിഞ്ഞ സമൂഹങ്ങളുടേതാണല്ലോ, അവര്‍ ചെയ്തതിന്റെ പ്രതിഫലം അവര്‍ അനുഭവിച്ചു എന്നല്ലാതെ ആധുനിക മുസ്‌ലിംകളുമായി ഇതിനെന്താണ് ബന്ധം എന്ന് ചിലര്‍ ചോദിക്കാറുണ്ട്. ഇത്തരം സംഭവങ്ങള്‍ വിശ്വാസികള്‍ക്ക് പാഠമാകേണ്ടതുണ്ട് എന്നാണ് ഖുര്‍ആനിന്റെ ഉല്‍ബോധനം. ‘അവരുടെ ഈ കഥകളില്‍ ചിന്തിക്കുന്നവര്‍ക്ക്് തീര്‍ച്ചയായും ഗുണപാഠമുണ്ട്. ഇവയൊന്നും കെട്ടിച്ചമച്ചുണ്ടാക്കുന്ന വര്‍ത്തമാനമല്ല. മറിച്ച്, അതിന്റെ മുമ്പുള്ള വേദങ്ങളെ സത്യപ്പെടുത്തുന്നതാണ്. എല്ലാ കാര്യങ്ങള്‍ക്കുമുള്ള വിശദീകരണവുമാണ്. ഒപ്പം വിശ്വസിക്കുന്ന ജനത്തിന് വഴികാട്ടിയും മഹത്തായ അനുഗ്രഹവും’ (യൂസുഫ് 111). യഥാര്‍ഥ മാര്‍ഗത്തില്‍ നിന്ന് വ്യതിചലിച്ചുപോകാതിരിക്കാന്‍ ഇത്തരം സംഭവങ്ങള്‍ വിശ്വാസികള്‍ക്ക് ഗുണപാഠമാകേണ്ടതുണ്ട്. ഗതിതിരിയാത്ത അവസ്ഥ ബനൂഇസ്രായേലികള്‍ക്ക് എത്തിപ്പെടുന്നതിന് മുമ്പ് നിരവധി ഘട്ടങ്ങളിലൂടെ അവര്‍ കഴിഞ്ഞുപോയിട്ടുണ്ട്. ഫിര്‍ഔന്റെ ക്രൂരമായ അതിക്രമങ്ങള്‍ക്ക് അവര്‍ ഇരയായിരുന്നു. പക്ഷെ, അന്ന് അവര്‍ക്ക് കൃത്യമായ ലക്ഷ്യബോധം ഉണ്ടായിരുന്നു. മൂസാ നബിയുടെ പിന്നില്‍ അണിനിരന്ന് അദ്ദേഹത്തിന്റെ കല്‍പനകള്‍ അനുസരിച്ച് അവര്‍ മുന്നോട്ട് പോകുകയാണ് ചെയ്തത്. ഫിര്‍ഔന്റെ പീഢനങ്ങളില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ അദ്ദേഹമവരോട് ആവശ്യപ്പെട്ടപ്പോള്‍ അവര്‍ക്കിടയില്‍ ഒരു തര്‍ക്കവും ഉടലെടുത്തില്ല എന്നത് ഇതിനുള്ള മികച്ച ഉദാഹരണമാണ്. അവരാണെങ്കില്‍ തര്‍ക്കത്തിലും അനാവശ്യമായ ചോദ്യങ്ങളിലും കുപ്രസിദ്ധിയാര്‍ജിച്ച സമൂഹമായിരുന്നു. എന്നാല്‍ അവരഭിമുഖീകരിച്ച പ്രതിസന്ധിയും പ്രയാസങ്ങളും നീങ്ങിയ സന്ദര്‍ഭത്തിലാണ് അവര്‍ക്ക്‌മേല്‍ ശിക്ഷ വന്നുപതിച്ചത്.

ഇന്നലെകളില്‍ നമ്മുടെ സമൂഹം ഇത്തരത്തിലുള്ള നിരവധി പ്രതിസന്ധികള്‍ അഭിമുഖീകരിച്ചിട്ടുണ്ടായിരുന്നു. ഫറോവക്ക് തുല്യമായ നിരവധി സേഛ്വാധിപതികളെ കഴിഞ്ഞ കാലങ്ങളില്‍ ഇസ്‌ലാമിക സമൂഹം അഭിമുഖീകരിച്ചിട്ടുണ്ട്. അവരുടെ നടപടിക്രമങ്ങളും ഫറോവയില്‍ നിന്ന് ഭിന്നമായിരുന്നില്ല. ഫറോവയുടെ അനുയായികള്‍ ഉയര്‍ത്തിയ തലവാചകങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍ നമുക്ക് കാണാം. ‘അവര്‍ പറഞ്ഞു: ‘ഫറവോന്റെ പ്രതാപത്താല്‍ തീര്‍ച്ചയായും ഞങ്ങള്‍ തന്നെയായിരിക്കും വിജയികള്‍'(അശ്ശുഅറാഅ് 44). ഇത്തരത്തില്‍ തങ്ങളുടെ രാഷ്ട്രനേതാക്കളെ വിശേഷിപ്പിച്ച അറബ് രാഷ്ട്രങ്ങളെ നമുക്ക് കാണാം. ഈ നേതാവിന്റെ കരുത്തില്‍ ഞങ്ങള്‍ വിജയിക്കും എന്നതായിരുന്നു ആ രാഷ്ട്രത്തിന്റെ മുദ്രാവാക്യം. അപ്രകാരം ചില അറബ് രാഷ്ട്രങ്ങള്‍ തങ്ങളുടെ നേതാക്കന്മാരെ എന്നത്തേയും നേതാവ് എന്ന് വിശേഷിപ്പിക്കുന്നത് കാണാം. ശാശ്വതമായ നേതൃത്വം എങ്ങനെയാണ് മനുഷ്യന് ഉണ്ടാകുക! അവരുടെ മനോനിലയാണ് ഇവിടെ പ്രധാനം. ബനൂഇസ്രായേല്‍ സമൂഹം ചെങ്കടലിന്റെ അടുത്ത് എത്തിയപ്പോഴാണ് അവരുടെ നിഷേധാത്മക നിലപാടിന്ന് തുടക്കം കുറിക്കുന്നത്. ഫറോവയും സമൂഹവും പിന്നാലെ വരുന്നത് കണ്ടപ്പോള്‍ അവര്‍ പറഞ്ഞു. ‘ഇരുസംഘവും പരസ്പരം കണ്ടുമുട്ടിയപ്പോള്‍ മൂസായുടെ അനുയായികള്‍ പറഞ്ഞു: ‘ഉറപ്പായും നാമിതാ പിടികൂടപ്പെടാന്‍ പോവുകയാണ്'( അശ്ശുഅറാഅ് 61). അവരുടെ ലക്ഷ്യത്തിലേക്കുള്ള മാര്‍ഗത്തില്‍ അസ്വസ്ഥരായത് ആത്മീയമായ  അലഞ്ഞുതിരിച്ചലിന്റെ ഭാഗമായി കാണാം. മൂസാ നബിയുടെ കല്‍പന പ്രകാരം പുറപ്പെടുമ്പോള്‍ തങ്ങളുടെ സ്രഷ്ടാവായ അല്ലാഹുവിനെകുറിച്ച് അവര്‍ തെറ്റായ സങ്കല്‍പങ്ങള്‍ വെച്ചുപുലര്‍ത്തി എന്നതാണ് ഇവിടെ സംഭവിച്ചത്. അവരെ യഥാര്‍ഥ വിജയത്തിലേക്ക് നയിക്കുന്ന ശക്തനായ നേതാവ് മൂസാനബി കൂടെ ഉള്ളപ്പോഴാണ് അവര്‍ ഇപ്രകാരം ചെയ്തത്. ‘മൂസ പറഞ്ഞു: ‘ഒരിക്കലുമില്ല. എന്നോടൊപ്പം എന്റെ നാഥനുണ്ട്. അവന്‍ എനിക്കു രക്ഷാമാര്‍ഗം കാണിച്ചുതരികതന്നെ ചെയ്യും.’ ഇത്തരത്തില്‍ നിര്‍ണായക ഘട്ടങ്ങളില്‍ സമൂഹത്തിന് ദിശാബോധം നല്‍കുന്ന നേതൃത്വത്തിന്റെ അഭാവമാണ് നാം നേരിടുന്ന പ്രതിസന്ധി.

ഫിര്‍ഔനില്‍ നിന്ന് രക്ഷപ്പെട്ട സന്ദര്‍ഭത്തിലാണ് പ്രായോഗികമായ അലഞ്ഞുതിരിയലിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ബനൂ ഇസ്രായേലികളില്‍ ആരംഭിച്ചത്. ചെങ്കടല്‍ പിളരുക എന്ന അല്ലാഹുവിന്റെ മഹത്തായ ദൃഷ്ടാന്തത്തിന് സാക്ഷി ആയതിന് ശേഷം മൂസാനബിയും അവരും ബഹുദൈവാരാധകരായ ഒരു വിഭാഗത്തിന്റെ അടുത്ത്കൂടി സഞ്ചരിച്ചപ്പോള്‍ അവര്‍ ഇതുപോലുള്ള ഒരു ദൈവത്തെ ഉണ്ടാക്കിത്തരാന്‍ മൂസാനബിയോട് ആവശ്യപ്പെട്ടു. ‘ഇസ്രയേല്‍ മക്കളെ നാം കടല്‍ കടത്തിക്കൊടുത്തു. അവര്‍ വിഗ്രഹപൂജകരായ ഒരു ജനതയുടെ അടുത്തെത്തി. അവര്‍ പറഞ്ഞു: ‘മൂസാ, ഇവര്‍ക്ക് ഒരുപാട് ദൈവങ്ങളുള്ളതുപോലെ ഒരു ദൈവത്തെ ഞങ്ങള്‍ക്കും ഉണ്ടാക്കിത്തരിക. മൂസാ പറഞ്ഞു: ‘നിങ്ങളൊരു വിവരംകെട്ട ജനം തന്നെ’ (അല്‍ അഅ്‌റാഫ് 138). മൂസാനബി പ്രബോധനം ചെയ്യുന്ന തൗഹീദിനെകുറിച്ച് അവര്‍ക്ക് തികഞ്ഞ ബോധ്യമുണ്ടായിരുന്നു. അല്ലാഹുവിന്റെ കല്‍പന പ്രകാരമാണ് അവരെയും കൊണ്ട് അദ്ദേഹം പുറപ്പെട്ടത്. ‘അതിനാല്‍ നിങ്ങളിരുവരും അവന്റെയടുത്ത് ചെന്ന് പറയുക: തീര്‍ച്ചയായും ഞങ്ങള്‍ നിന്റെ നാഥന്റെ ദൂതന്മാരാണ്. അതിനാല്‍ ഇസ്രയേല്‍ മക്കളെ നീ ഞങ്ങളോടൊപ്പമയക്കുക. അവരെ പീഡിപ്പിക്കരുത്. നിന്റെ അടുത്ത് ഞങ്ങള്‍ വന്നത് നിന്റെ നാഥനില്‍നിന്നുള്ള വ്യക്തമായ തെളിവുകളുമായാണ്. നേര്‍വഴിയില്‍ നടക്കുന്നവര്‍ക്കാണ് സമാധാനമുണ്ടാവുക’.(ത്വാഹ 47) അതിന് ശേഷം ചെങ്കടല്‍ പിളരുന്നതിന് അവര്‍ സാക്ഷിയായി. അപ്പോഴൊന്നും അവര്‍ ഒരു ഇലാഹിനെ ആവശ്യപ്പെട്ടില്ല. അതിനാല്‍ തന്നെ പിന്നീട് ചിന്താപരമായ അപഭ്രംശവും പരാജയവുമാണ് അവര്‍ക്കുണ്ടായത്.

ബനൂ ഇസ്രായീല്യര്‍ക്ക് സംഭവിച്ചതുപോലെ ഇന്ന് നമ്മുടെ സമൂഹത്തിലെ ധാരാളമാളുകളെ ഇത്തരത്തിലുള്ള ചിന്താപരവും ആത്മീയവുമായ അപഭ്രംശവും അലച്ചിലും ബാധിച്ചതായി കാണാം. ഇസ്‌ലാമികമായ വേഷവിധാനങ്ങള്‍ ധരിക്കുന്നുണ്ടെങ്കിലും അവരുടെ ഹൃദയങ്ങള്‍ ഭൗതിക ജീവിതത്തോടും അതിന്റെ അലങ്കാരങ്ങളോടും ബന്ധപ്പെട്ടു കിടക്കുന്നതാണ്. ധനത്തിന്റെയും പ്രതാപത്തിന്റെയും രാഷ്ട്രീയത്തിന്റെയും അടിമകളെ അവരില്‍ നമുക്ക് ദര്‍ശിക്കാം. പ്രവാചകന്‍ പഠിപ്പിച്ചു ‘ദീനാറിന്റെയും ദിര്‍ഹമിന്റെയും ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും അടിമ നശിച്ചു, അതില്‍ നിന്ന് അവര്‍ക്ക് വല്ലതും ലഭിച്ചാല്‍ അവര്‍ തൃപ്തിപ്പെടുകയും ലഭിച്ചില്ലെങ്കില്‍ അവര്‍ പിണങ്ങുകയും ചെയ്യും’, ഇത്തരത്തിലുള്ള അപകടകരമായ അവസ്ഥയില്‍ എത്തിപ്പെട്ട നിരവധി മുസ്‌ലിംകള്‍ ഇന്നു നമുക്കിടയിലുണ്ട്. ഭൗതിക ജീവിതവുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളിലേര്‍പ്പെട്ടുകൊണ്ട് യഥാര്‍ഥ ലക്ഷ്യത്തില്‍ സംശയത്തിലകപ്പെട്ടവരാണവര്‍. അവര്‍ മൂസാനബിയെയും ഹാറൂനെയും യഥാര്‍ഥത്തില്‍ കയ്യൊഴിഞ്ഞിട്ടുണ്ടായിരുന്നില്ല, എന്നാല്‍ സാമിരി മറ്റൊരു പശുക്കുട്ടിയുമായി വന്നപ്പോള്‍ അവര്‍ ആ വലയത്തില്‍ പെട്ടുപോയതായി കാണാം. ചിലപ്പോള്‍ ഒരേ രീതിയിലുളള ഭക്ഷണത്തില്‍ തൃപ്തിയടങ്ങാതെ കൂടുതല്‍ വിഭവങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു. മന്നും സല്‍വായും നല്‍കിയിട്ടും ഒരു ലജ്ജയും കൂടാതെ അല്ലാഹുവിനോട്  ‘ഉള്ളി, പയര്‍, കക്കിരി, ചീര, ഗോതമ്പ്’ എന്നീ അഞ്ചുതരത്തിലുള്ള ഭക്ഷണങ്ങള്‍ അവര്‍ ആവശ്യപ്പെടുന്നതായി കാണാം. ദുനിയാവിന്റെ അടിമകളായവര്‍ക്ക് എന്തുവിഭവങ്ങള്‍ ലഭിച്ചാലും സംതൃപ്തിയടയുകയില്ല, അവരുടെ ആഗ്രഹങ്ങള്‍ അടിക്കടി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതായി നമുക്ക് കാണാം.

ബനൂഇസ്രായേലികള്‍ അനുഭവിച്ച അലഞ്ഞുതിരിയലിന്റെ വഴിയില്‍ ഇന്ന് നാമാണ് ഉള്ളത്. അവര്‍ അഞ്ചുതരത്തിലുള്ള വിഭവങ്ങളാണ് ആവശ്യപ്പെട്ടിരുന്നതെങ്കില്‍ ഇന്ന് കിഴക്കും പടിഞ്ഞാറുമുള്ള മുസ്‌ലിം രാഷ്ട്രങ്ങള്‍ എല്ലാറ്റിനെയും ആര്‍ത്തിയോടെ വാരിപ്പുണരുന്നത് കാണാം. നമ്മുടെ ഒരു വിരുന്നില്‍ മുഖ്യഭക്ഷണത്തിന് പുറമെ ബനൂഇസ്രായേലികള്‍ പോലും സങ്കല്‍പിച്ചിട്ടില്ലാത്ത വിധത്തില്‍ പത്തിലധികം വിഭവങ്ങള്‍ കാണാന്‍ കഴിയും. ആമാശയം മുഖ്യപരിഗണനയായ ഒരു സമൂഹം എങ്ങനെയാണ് അലഞ്ഞുതിരിയാതിരിക്കുക. നമ്മുടെ ലൈബ്രറികളില്‍ നൂറുകണക്കിന് പാചകപുസ്തകങ്ങള്‍ നമുക്ക് കാണാന്‍ കഴിയും. ഇതിനായുള്ള ചാനലുകള്‍ വരെ ഇന്ന് നിരവധിയാണ്. റമദാന്‍ മാസത്തില്‍ ആത്മീയമായ പോഷണം നടത്തുന്നതിന് പകരം നമ്മുടെ സമൂഹം ഭക്ഷണത്തിനും വിഭവങ്ങള്‍ക്കുമല്ലേ പ്രാധാന്യം നല്‍കുന്നത്. ഐഹിക ജീവിതത്തിന്റെ വാഹകരുടെ ഹൃദയങ്ങളില്‍ ഐഹിക ഭ്രമവും സ്വന്തത്തെകുറിച്ച ഭയവും ആധിപത്യം ചെലുത്തുകയുണ്ടായി. അപ്രകാരം അവര്‍ മൂസയോട് മറ്റൊരു ആവശ്യം കൂടി ഉന്നയിക്കുന്നുണ്ട്. ‘അവര്‍ പറഞ്ഞു; ഹേ, മൂസാ , പരാക്രമികളായ ജനമാണ് അവിടെയുള്ളത്. അവര്‍ പുറത്ത് പോകാതെ ഞങ്ങളവിടെ പ്രവേശിക്കുകയില്ല. അവര്‍ അവിടം വിട്ടൊഴിഞ്ഞാല്‍ ഞങ്ങളങ്ങോട്ടു പോകാം’ (അല്‍ മാഇദ 22) ഭീരുത്വവും അധ്വാനിക്കാതെ പ്രതിഫലവും വിത്തിറക്കാതെ വിളവെടുപ്പുമാണ് അവര്‍ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നത്. അതിന് ശേഷം ഇതിലും ഗൗരവമായ അഭിപ്രായം മൂസായോട് അവര്‍ പ്രകടിപ്പിക്കുകയുണ്ടായി.  ‘മൂസാ, അവരവിടെ ഉള്ളേടത്തോളം കാലം ഞങ്ങളങ്ങോട്ട് പോവുകയില്ല. അതിനാല്‍ താനും തന്റെ രക്ഷിതാവും പോയി യുദ്ധം ചെയ്തുകൊള്ളുക. ഞങ്ങള്‍ ഇവിടെ ഇരുന്നുകൊള്ളാം ‘. (അല്‍ മാഇദ 24). ദൈവമാര്‍ഗത്തിലുള്ള സമര്‍പ്പണത്തിന് പകരം ഒഴിഞ്ഞുപോക്കിന്റെയും കൂറുമാറലിന്റെയും രീതിയിലേക്കാണവര്‍ എത്തിപ്പെട്ടത്.

ഒരു വ്യക്തിക്ക് അല്ലാഹുവിനോടും ദീനിനോടും വിശ്വാസികളോടും ഉള്ള കൂറും പ്രതിബദ്ധതയും നഷ്ടപ്പെടുകയും ശത്രുക്കളോടുള്ള എതിര്‍പ്പും പോരാട്ടവീര്യവും ചോര്‍ന്നുപോകുകയും ചെയ്യുമ്പോള്‍ അല്ലാഹുവില്‍ നിന്ന് ഗതികിട്ടാതെ അലഞ്ഞുതിരിയേണ്ട അവസ്ഥയല്ലാതെ മറ്റെന്ത്് ശിക്ഷയാണ് ലഭിക്കുക! ഈ ധിക്കാരം അവരില്‍ നിന്ന് പ്രകടമായപ്പോള്‍ സത്യത്തിന്റെ വാഹകരെയും ധിക്കാരത്തിന്റെ വക്താക്കളെയും വേര്‍തിരിച്ചുകാണിക്കാന്‍ മൂസാനബി അല്ലാഹുവിനോട് ആവശ്യപ്പെടുകയുണ്ടായി. ‘മൂസാ പ്രാര്‍ഥിച്ചു: ‘എന്റെ നാഥാ, എന്റെയും എന്റെ സഹോദരന്റെയും മേലല്ലാതെ എനിക്ക് നിയന്ത്രണങ്ങളില്ല. അതിനാല്‍ ധിക്കാരികളായ ഈ ജനത്തില്‍ നിന്ന് നീ ഞങ്ങളെ വേര്‍പെടുത്തേണമേ’ ( അല്‍മാഇദ 25) തല്‍ഫലമായി ബനൂ ഇസ്രായേല്യരുടെ മേല്‍ ഗതിയില്ലാതെ അലഞ്ഞുതിരിയുക എന്ന അല്ലാഹുവിന്റെ ശിക്ഷവന്നുപതിക്കുകയുണ്ടായി. ഖുര്‍ആന്‍ വിവരിക്കുന്നു: ‘ അല്ലാഹു മൂസായെ അറിയിച്ചു: തീര്‍ച്ചയായും നാല്‍പതു കൊല്ലത്തേക്ക് ആ പ്രദേശം  അവര്‍ക്ക് വിലക്കപ്പെട്ടിരിക്കുന്നു. അക്കാലമത്രെയും അവര്‍ ഭൂമിയില്‍ അലഞ്ഞുതിരിയും. അധര്‍മകാരികളായ ഈ ജനത്തിന്റെ പേരില്‍ നീ ദുഖിക്കേണ്ടതില്ല’ (അല്‍മാഇദ 26). നാല്‍പത് വര്‍ഷത്തെ അലച്ചിലിനു ശേഷമാണ് അവര്‍ക്ക് ലക്ഷ്യത്തിലെത്താന്‍ സാധിച്ചത്.

ഈ താരതമ്യത്തിലൂടെ ഇന്നത്തെ മുസ്‌ലിം സമൂഹത്തെ ഇത്തരത്തിലുള്ള ശിക്ഷ ബാധിച്ചിട്ടുണ്ട് എന്ന് പറയാന്‍ ഞാന്‍ ധൈര്യപ്പെടും. നമ്മുടെ തലമുറയുടെ ഇന്നത്തെ മുഖ്യഭ്രമം ഭൗതികതയാണ്. ഇതിനെകുറിച്ചാണ് പ്രവാചകന്‍ മുമ്പ്തന്നെ നമ്മെ താക്കീത് ചെയ്തത്. ‘നിങ്ങള്‍ സന്തോഷ വാര്‍ത്തയറിയിക്കുക, എളുപ്പമുള്ളത് നടപ്പാക്കുക, അല്ലാഹുവാണ! നിങ്ങളുടെ മേല്‍ ദാരിദ്ര്യമല്ല ഞാന്‍ ഭയപ്പെടുന്നത്. മറിച്ച്, മുന്‍ഗാമികളെ പോലെ നിങ്ങളുടെ മേല്‍ ദുനിയാവ് വിശാലമാക്കപ്പെടുകയും അവര്‍ മല്‍സരിച്ചതു പോലെ നിങ്ങളുമത് നേടിയെടുക്കാന്‍ മല്‍സരിക്കുകയും അവര്‍ നശിപ്പിക്കപ്പെട്ടതു പോലെ നിങ്ങള്‍ നശിപ്പിക്കപ്പെടുകയും ചെയ്യുന്നതാണ് ഞാന്‍ ഭയപ്പെടുന്നത്’.

ഇസ്രായേല്‍ സന്തതികളെ ഗതികിട്ടാത്തവരാക്കിയതില്‍ സാമിരിക്ക് പ്രധാന പങ്കുണ്ട്. അദ്ദേഹം ജനതയെ വഴിപിഴപ്പിച്ച പ്രത്യക്ഷ മാര്‍ഗം പശുവാരാധനയാണെങ്കില്‍ ദൈവിക മാര്‍ഗത്തില്‍ നിന്ന് ജനങ്ങളെ പിഴപ്പിക്കുകയും ദിശാബോധം നഷ്ടപ്പെടുത്തുകയും ചെയ്യുന്ന സാമിരിമാര്‍ ഇന്ന് എല്ലായിടത്തുമുണ്ട്. രാഷ്ട്രീയ സാമിരിമാര്‍, മാധ്യമ സാമിരിമാര്‍, സാമ്പത്തിക സാമിരിമാര്‍.. അത്തരത്തില്‍ ഭൂരിപക്ഷം മുസ്‌ലിംകളെ ദൈവമാര്‍ഗത്തില്‍ നിന്ന് വ്യതിചലിപ്പിച്ചുകൊണ്ടിരിക്കുന്ന സാമിരിമാരെ നമുക്ക് ദര്‍ശിക്കാം. മൂസാ നബിയുണ്ടായിരിക്കെ ദൈവമാര്‍ഗത്തില്‍ നിന്ന് അവരെ വ്യതിചലിപ്പിച്ചവര്‍ ഖുര്‍ആന്‍ ഉണ്ടായിരിക്കെ യഥാര്‍ഥമാര്‍ഗത്തില്‍ നിന്നും വ്യതിചലിപ്പിക്കുന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ല.
നിരവധി ഫറോവമാരില്‍ നിന്ന് അല്ലാഹു ഈ സമുദായത്തെ രക്ഷപ്പെടുത്തിയിട്ടുണ്ട്. സമുദായം ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കുകയും ചിത്രം വികൃതമാകുകയും മാനദണ്ഡകള്‍ അട്ടിമറിക്കപ്പെടുകയും ചെയ്തിരിക്കുന്ന അവസ്ഥയാണ് നമുക്കിടയിലുള്ളത്. മുസ്‌ലിം രാഷ്ട്രങ്ങളില്‍ പരസ്പരം കൊലയും ശൈഥില്യവും അരങ്ങേറിക്കൊണ്ടിരിക്കുന്നത് ഇതിനാലാണ്. പശുവാരാധനയുടെ പശ്ചാത്താപമായിക്കൊണ്ട് ബനൂഇസ്രായീലികളോട് അല്ലാഹു കല്‍പിച്ചതും പരസ്പരം കൊല്ലുക എന്നതായിരുന്നു.
ബനൂ ഇസ്രായേലികള്‍ക്ക് അലച്ചില്‍ ശിക്ഷ പൂര്‍ണമായ നാല്‍പത് വര്‍ഷങ്ങളായിരുന്നു. മൂസാ നബിയും മരണപ്പെട്ടത് ഈ വര്‍ഷങ്ങളിലാണ്. നാമും ഈ ഗതികിട്ടാതെ അലച്ചിലിലാണെങ്കില്‍ എപ്പോഴാണ് ഇത് ആരംഭിച്ചിട്ടുള്ളത്? എന്നാല്‍ ഈ അവസ്ഥയിലും മുസ്‌ലിംകള്‍ക്ക് നേതൃത്വം നല്‍കാന്‍ കെല്‍പുള്ള നായകന്മാരെ അല്ലാഹു നിയോഗിച്ചുകൊണ്ടിരിക്കും. പക്ഷെ, അവര്‍ കുറവായിരിക്കും എന്നു മാത്രം. ബനൂഇസ്രായേലികള്‍ക്കിടയില്‍ മൂസായും ഹാറൂനും സച്ചരിതരായ പണ്ഡിതന്മാരും ഉണ്ടായിരിക്കെയാണല്ലോ അവര്‍ക്ക് ഈ ദുരവസ്ഥ ഉണ്ടായത്. ‘മൂസായുടെ ജനതയില്‍ തന്നെ സത്യമനുസരിച്ച് നേര്‍വഴി കാട്ടുകയും അതിനനുസരിച്ച് നീതി നടത്തുകയും ചെയ്യുന്ന ഒരു സമുദായമുണ്ട് ‘ (അല്‍ അഅ്‌റാഫ് 159)

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌

Related Post