ചരിത്രത്തിലെ ആദര്‍ശ തീക്ഷ്ണതയുള്ള ഒരു പ്രസ്ഥാനത്തിന്റെ ജ്വലിക്കുന്ന സ്മരണകളുയര്‍ത്തുന്ന ആഘോഷമാണ് ബലി പെരുന്നാള്‍. ഇബ്‌റാഹീം നബിയുടെ നേതൃത്വമായിരുന്നു ആ പ്രസ്ഥാനത്തെ ജ്വലിപ്പിച്ചു നിര്‍ത്തിയത്.
ഇബ്‌റാഹീം എങ്ങനെ നേതാവായി എന്ന ചോദ്യത്തിന് ഖുര്‍ആന്‍ നല്‍കുന്ന ഉത്തരമിതാണ്: ”ചില ആഹ്വാനങ്ങളാല്‍ ഇബ്‌റാഹീമിനെ നാം പരീക്ഷിച്ചു. എല്ലാ ആഹ്വാനങ്ങള്‍ക്കും ഇബ്‌റാഹീം പൂര്‍ണമായ ഉത്തരം നല്‍കി. തുടര്‍ന്ന് ഞാനവനെ ജനനായകനായി നിശ്ചയിച്ചു” (അല്‍ബഖറ 124). നായകത്വം ആദര്‍ശ നിഷ്ഠക്കുള്ള അംഗീകാരവും ക്രിയാത്മക ജീവിതത്തിന്റെ സാക്ഷാത്കാരവുമാണെന്ന മഹത്തായ സന്ദേശം ലോകത്തിന് കൈമാറുന്ന വിശുദ്ധ വേളയാണ് ബലിപെരുന്നാള്‍. കുടുംബാധിപത്യം, വംശാധിപത്യം, പട്ടാളാധിപത്യം തുടങ്ങിയ അധാര്‍മിക അധികാര സങ്കല്‍പങ്ങള്‍ ഈ ‘ജനാധിപത്യ'(?) യുഗത്തിലും സജീവമായി നിലനിന്നുപോരുന്നത് കാണുമ്പോള്‍ ഇബ്‌റാഹീമിന്റെ നേതൃലബ്ധിയെക്കുറിച്ച ഖുര്‍ആനിക പ്രസ്താവം കൂടുതല്‍ പ്രസക്തമാവുകയാണ്.
‘മക്കള്‍ക്കും നേതൃത്വം വേണം’ (അല്‍ബഖറ 124) എന്ന് ഇബ്‌റാഹീം തുടര്‍ന്ന് ആവശ്യപ്പെടുന്നുണ്ട്. ‘മക്കളില്‍ അക്രമികള്‍ക്ക് നല്‍കാനാവില്ല’ (അതേ സൂക്തം) എന്ന് അല്ലാഹു മറുപടിയും പറയുന്നു. മക്കള്‍ രാഷ്ട്രീയത്തിന്റെയും കുടുംബാധിപത്യത്തിന്റെയും അടിവേരറുക്കുന്നതാണ് ആ പ്രസ്താവം. നേതാവ് ആരുടെയെങ്കിലും മകനോ മകളോ ആവുന്നതല്ല കാര്യം, ആദില്‍ (നീതിമാന്‍) ആകുന്നതാണ്; ‘ളാലിം’ (അക്രമി) ആകാതിരിക്കുന്നതാണ്. ‘അക്രമികളെ ഞങ്ങളുടെ നേതാക്കളാക്കരുതേ’ എന്ന് പ്രാര്‍ഥിക്കാന്‍ മുഹമ്മദ് നബിയും പഠിപ്പിച്ചിട്ടുണ്ട്. പ്രാര്‍ഥനയിലെ രാഷ്ട്രീയം എന്ന് നമുക്കതിനെ വിളിക്കാം. മതത്തിലും ആത്മീയതയിലും രാഷ്ട്രീയമോ എന്ന് സംശയിക്കുന്നവര്‍ ഇന്നുമുണ്ടല്ലോ, അവര്‍ക്കെല്ലാമുള്ള സമഗ്ര മറുപടിയാണ് ബലിപെരുന്നാള്‍ സ്മരണ. മതവും ആത്മീയതയും നിയന്ത്രിക്കുന്ന നീതിയുടെ രാഷ്ട്രീയം ആഘോഷിക്കാനാണ് ബലിപെരുന്നാള്‍ നമ്മെ ആഹ്വാനം ചെയ്യുന്നത്.
ആത്മീയ വിശുദ്ധിയുടെ ആഗോള ഗേഹമായ കഅ്ബയുടെ പുനര്‍ നിര്‍മാണവും പുനരുജ്ജീവനവുമാണല്ലോ ഇബ്‌റാഹീമീ ദൗത്യ പൂര്‍ത്തീകരണത്തിന്റെ പ്രധാന അടയാളം. ആ ആത്മീയ കേന്ദ്രത്തെ ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത് ‘ജനങ്ങളുടെ കേന്ദ്രവും അഭയ സ്ഥാനവും’ എന്നാണ് (അല്‍ബഖറ 125). കപട ആത്മീയതയില്‍ ‘ജനം’ പുറത്തും ‘ശൈഖ’ന്മാര്‍ അകത്തുമാണ്. അധികാര രാഷ്ട്രീയത്തില്‍ ‘ജനം’ ഭരണകൂടത്തിന്റെ ഇരകള്‍ മാത്രമാണ്. ഇവിടെയാണ് കഅ്ബയുടെ ആത്മീയതയും രാഷ്ട്രീയവും ജനകീയമായിത്തീരുന്നത്. കഅ്ബക്ക് ചുറ്റും ‘റിസര്‍വ്ഡ്’ ആയ ഒരു മുസല്ല പോലും ഇല്ല. കഅ്ബയുടെ കില്ല സ്പര്‍ശിക്കാനും ഹജറുല്‍ അസ്‌വദ് ചുംബിക്കാനുമുള്ള അവകാശം സുഊദിയിലെ രാജാവിനും സോമാലിയയിലെ അനാഥ ബാലനും തുല്യമാണ്. ഈ തുല്യതയെയാണ് നാം ആത്മീയതയിലെ ജനാധിപത്യം എന്ന് വിളിക്കുന്നത്. അതില്‍ നിന്നുതന്നെ ഉത്ഭവിക്കുന്നതാണ് രാഷ്ട്രീയത്തിലെ ജനാധിപത്യവും.
‘നിര്‍ഭയത്വം’ കഅ്ബയുടെ സന്ദേശമാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ടല്ലോ. അത് കേവലം ആശയമല്ല, കഅ്ബയില്‍ നടപ്പിലാക്കപ്പെടുന്ന പ്രായോഗിക പരിപാടി തന്നെയാണ്. ‘ആരവിടെ പ്രവേശിച്ചോ അവന്‍ നിര്‍ഭയനായി’ (ആലുഇംറാന്‍ 97) എന്നാണ് ഖുര്‍ആനിക പ്രഖ്യാപനം. മനുഷ്യന്‍ മാത്രമല്ല മിണ്ടാ പ്രാണികളും ചെടികളും കഅ്ബയുടെ പരിസരത്ത് സുരക്ഷിതമായിരിക്കുമെന്ന് പ്രവാചകനും ഉറപ്പ് നല്‍കുന്നു. ‘നിര്‍ഭയ ഭവനം’ എന്ന് പറഞ്ഞ് അവസാനിപ്പിക്കാതെ ‘നിര്‍ഭയ രാജ്യം’ എന്നുകൂടി പറയുന്നുണ്ട് ഖുര്‍ആന്‍ (അല്‍ബഖറ 126).
ഭയപ്പെടുത്തല്‍ പ്രധാന ഭരണരീതിയായി സ്വീകരിച്ച ആഗോള മുതലാളിത്തത്തിനെതിരെ ശക്തിപ്പെടേണ്ട വിപ്ലവ രാഷ്ട്രീയത്തിന്റെ മൂലാധാരമായി വര്‍ത്തിക്കേണ്ട കാഴ്ചപ്പാടാണിത്. അമേരിക്കയും ഇസ്രയേലും അറബ് ഏകാധിപതികളും ഇന്ത്യന്‍ ഹിന്ദുത്വ ഫാഷിസ്റ്റുകളുമെല്ലാം ജനത്തെ ഭയപ്പെടുത്തി ഭരിക്കുന്നവരാണ്. നേരത്തെ നംറൂദും ഫറോവയും അങ്ങനെ തന്നെയാണ് നാട് ഭരിച്ചത്. നംറൂദിയന്‍ ഭരണകൂടത്തിന്റെ മുഖ്യ പ്രതിസ്വരം ഇബ്‌റാഹീം ഉയര്‍ത്തിയ നിര്‍ഭയത്വത്തിന്റെ രാഷ്ട്രീയമായിരുന്നുവെന്ന് ഇവിടെ ഓര്‍ക്കാം. ഈജിപ്തിലെ മഹാ ഭൂരിപക്ഷം വരുന്ന ജനങ്ങളെ ഭയപ്പെടുത്തിയും വിരട്ടിയോടിച്ചും വെടിവെച്ചുമാണല്ലോ അമേരിക്കയുടെ വളര്‍ത്തുപുത്രന്‍ സീസി ആ നാട് ഭരിക്കുന്നത്. നമ്മുടെ നാട്ടിലെ പുതിയ മോഡിയവതാരവും ഭയപ്പെടുത്തലിന്റെ രാഷ്ട്രീയത്തെ തന്നെയാണല്ലോ പ്രമോട്ട് ചെയ്യുന്നത്. പഴയ ഗുജറാത്തും പുതിയ മുസഫര്‍ നഗറും അതിന്റെ സാമ്പിള്‍ കാപ്‌സ്യൂളുകള്‍ മാത്രമാണ്. ഇവിടെയാണ് ‘നിര്‍ഭയ രാഷ്ട്രീയം’ എന്ന ദര്‍ശനം ജനകീയമാക്കേണ്ടതിന്റെ അനിവാര്യത ബലിപെരുന്നാള്‍ വിളിച്ചറിയിക്കുന്നത്.
ബലിപെരുന്നാളിന്റെ ആകത്തുക ‘അല്ലാഹു അക്ബര്‍’ എന്ന തക്ബീര്‍ ധ്വനിയില്‍ സംക്ഷേപിക്കപ്പെട്ടതാണ്. സമ്പൂര്‍ണ നിര്‍ഭയത്വത്തിന്റെ മുദ്രാവാക്യമാണത്. നംറൂദ് മുതല്‍ ഒബാമ വരെ, സീസി മുതല്‍ മോഡി വരെ എല്ലാവരും ചെറുതാണെന്ന മഹാ പ്രഖ്യാപനമാണത്. ആരെയും ഭയക്കാതെ മുന്നോട്ട് ഗമിക്കാന്‍ മുഴുവന്‍ പൗരസമൂഹത്തെയും ആത്മീയമായും രാഷ്ട്രീയമായും പ്രചോദിപ്പിക്കുന്ന തക്ബീര്‍ ധ്വനിയാണത്.
‘സുഭിക്ഷത’യാണ് ബലിപെരുന്നാള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മറ്റൊരു കാഴ്ചപ്പാട് (അല്‍ബഖറ 126). ‘സുഭിക്ഷത’ ആത്മീയത തുളുമ്പുന്ന പ്രാര്‍ഥനാ ഉള്ളടക്കമായി സ്വീകരിച്ചപ്പോള്‍ ഇബ്‌റാഹീം ഒരു ഉപാധിവെക്കുകയുണ്ടായി. ‘വിശ്വാസികള്‍ക്ക്’ എന്നതായിരുന്നു ആ ഉപാധി. അല്ലാഹു അത് തിരുത്തിയിട്ട് പറഞ്ഞു: ‘അവിശ്വാസികള്‍ക്കും’. ദൈവികമായ ആ തിരുത്തിന്റെ കൂടി ആഘോഷമാണ് ബലിപെരുന്നാള്‍. എന്നാല്‍ വിശ്വാസികളില്‍ പലരും അത് മറന്നിരിക്കുന്നു. അതുകൊണ്ടാണല്ലോ പെരുന്നാളിന്റെ പ്രധാന ഭക്ഷണമായ ‘ബലിമാംസം’ അവിശ്വാസികള്‍ക്ക് ഹറാം ആണെന്ന പുരോഹിത ഫത്‌വക്ക് പ്രചാരം കിട്ടിക്കൊണ്ടിരിക്കുന്നത്. പുരോഹിതന്റെ ഫത്‌വയോ അല്ലാഹുവിന്റെ തിരുത്തോ ഏതാണ് ദീനെന്ന് ചോദിക്കുമ്പോള്‍ ഫത്‌വകളുടെ ചരിത്രരേഖകള്‍ ചികയുക എന്നതാണ് സമുദായത്തിന്റെ നടപ്പുശീലം. അപ്പോഴും അല്ലാഹുവിന്റെ തിരുത്ത് അവര്‍ ഓതിക്കൊണ്ടേയിരിക്കും! ആ തിരുത്തല്‍ പ്രസ്താവന ഓതിക്കൊണ്ടിരിക്കുമ്പോള്‍ പ്രസ്താവനയിലെ അക്ഷരമെണ്ണി ഓരോ അക്ഷരത്തിനും പത്ത് വീതം കൂലി കിട്ടുമെന്ന് മതോപദേശവും നടത്തും. ഈ ആഭാസങ്ങളോടൊന്നും വിട പറയാതെ എന്ത് പെരുന്നാളാണ് നാം ആഘോഷിക്കുന്നത്!
ജനകീയ സുഭിക്ഷതയുടേതായ പുതിയ രാഷ്ട്രീയ മുന്നേറ്റത്തിന്റെ ആത്മീയോര്‍ജ സമാഹരണം മാത്രമല്ല ബലിപെരുന്നാള്‍, അതിന്റെ കര്‍മ പരിപാടിയുടെ തുടക്കം കൂടിയാണ്. അതിനാലാണല്ലോ ഏറ്റവും ജനകീയ ഭക്ഷ്യവിഭവങ്ങളായ മൂരിയിറച്ചിയും പോത്തിറച്ചിയും ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ നാലുനാള്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. പെരുന്നാള്‍ ദിനത്തിലും തുടര്‍ന്നുള്ള മൂന്ന് നാളുകളിലും (അയ്യാമുത്തശ്‌രീഖ്) അത് തുടരാനാണ് പ്രവാചക കല്‍പന. ബലിമാംസ വിതരണത്തെക്കുറിച്ചുള്ള ഖുര്‍ആന്റെ നയപ്രഖ്യാപനം ചോരയും ഇറച്ചിയും അല്ലാഹുവിന് വേണ്ട, നിങ്ങളുടെ ജീവിത സൂക്ഷ്മതയാണ് പ്രധാനം എന്നാണ് (അല്‍ഹജ്ജ് 37). ഇറച്ചിയെന്ത് ചെയ്യണം എന്ന ചോദ്യത്തിനുള്ള ഖുര്‍ആന്റെ മറുപടി മതചടങ്ങുകള്‍ക്കായി നീക്കിവെക്കണമെന്നോ ആത്മീയാചാര്യന്മാര്‍ക്ക് സല്‍ക്കാരമൊരുക്കണമെന്നോ അല്ല. മറിച്ച് അത് നിങ്ങളുടെയും, ദരിദ്രരും ആലംബഹീനരുമായ നിങ്ങളുടെ സഹജീവികളുടെയും ഭക്ഷണമാണെന്നാണ് (അല്‍ഹജ്ജ് 28). ഈ ജനകീയ ഭക്ഷണത്തെ മത-സാമുദായിക അതിര്‍ വരമ്പുകളില്‍ തടഞ്ഞുവെക്കാന്‍ ആര്‍ക്കുമില്ല അധികാരം.
പെരുന്നാള്‍ നമസ്‌കരിക്കാനായി തെരുവിലിറങ്ങണം എന്നാണ് റസൂലിന്റെ ആഹ്വാനം. പള്ളിയുടെ അതിര്‍ വരമ്പ് ആര്‍ക്കെങ്കിലും നിയമപരമായി തടസ്സം നില്‍ക്കുന്നുവെങ്കില്‍ അവര്‍ക്കും പെരുന്നാള്‍ പ്രാപ്യമാകണമെന്നാണ് അതിന്റെ സാരം. ഒട്ടും ദുരൂഹതയില്ലാത്ത പെരുന്നാള്‍. എല്ലാവര്‍ക്കും പങ്കെടുക്കാന്‍ പാകത്തില്‍ പെരുന്നാള്‍ പ്രാര്‍ഥനയും പ്രസംഗവുമെല്ലാം ജനമധ്യത്തിലായിരിക്കണം. പ്രാര്‍ഥന കഴിഞ്ഞാല്‍ പിന്നെ ഭക്ഷണം കഴിക്കലും കഴിപ്പിക്കലും വീടുകളില്‍ സന്ദര്‍ശനം നടത്തലും ബന്ധങ്ങള്‍ പുതുക്കലുമാണ് പെരുന്നാള്‍. എന്തൊരു ജനകീയമായ സൗന്ദര്യമാണ് ഈ ഉത്സവത്തിന്!
പുതിയകാലത്ത് പെരുന്നാള്‍ കൂടുതല്‍ പ്രസക്തമാവുകയാണ്. ആസറും നംറൂദും വീണ്ടും ജനിക്കുന്നിടത്താണ് പെരുന്നാളിന്റെ വിപ്ലവസ്മൃതി നന്നായി ജ്വലിക്കേണ്ടത്. ഈജിപ്ഷ്യന്‍ ജനാധിപത്യ ചത്വരത്തില്‍ വെടിയുതിര്‍ക്കാന്‍ ശൈഖുല്‍ അസ്ഹര്‍ ഫത്‌വ ഇറക്കിയപ്പോള്‍ നംറൂദും ആസറും പുനര്‍ജനിച്ചിട്ടുണ്ട്. മോഡി ‘അമ്മ’യുടെ കാല്‍ തൊട്ടപ്പോഴും, ‘അമ്മ’ ചാണ്ടിയുടെ മൂര്‍ധാവ് ചുംബിച്ചപ്പോഴും ആ പഴയ ചരിത്രം തന്നെയാണ് ആവര്‍ത്തിക്കുന്നത്. അധികാരക്കൊതിയുടെ രാഷ്ട്രീയവും ഭൗതികാനന്ദം തേടിപ്പോകുന്ന പൗരോഹിത്യവും ഒരേ തൂവല്‍ പക്ഷികളാണ്. ‘അമ്മ’യുടെ ആശ്രമത്തില്‍ ദര്‍ഗാ ശരീഫിലെ ഖലീഫ ആശംസക്കെത്തിയപ്പോള്‍ പുരോഹിത മുന്നണിയുടെ ഏകോദര സാഹോദര്യമാണ് പ്രകടമായത്.
മതത്തിന്റെ വിപ്ലവ പ്രാപ്തിയെ നാം കൂടുതല്‍ ജ്വലിപ്പിച്ച് നിര്‍ത്തേണ്ട പെരുന്നാളാണിത്. അധികാര രാഷ്ട്രീയത്തോടും പൗരോഹിത്യത്തോടും ‘നോ കോംപ്രമൈസ്’ പറയാതെ അത് സാധ്യമല്ല തന്നെ. ഇബ്‌റാഹീമിനെയും മുഹമ്മദിനെയും വേണ്ടാതായിരിക്കുന്നു അധികാരികള്‍ക്കും പുരോഹിതര്‍ക്കും. മുഹമ്മദിനെ വേണ്ടാതായവര്‍ക്ക് റസൂലിന്റെ മുടി വേണമെന്നുള്ളതാണ് കൂടുതല്‍ ലജ്ജാവഹം. റസൂലിനെ കച്ചവടം ചെയ്യാന്‍ കഴിയില്ലെന്ന് ബോധ്യപ്പെട്ടപ്പോഴാണ് മികച്ച കച്ചവടച്ചരക്ക് എന്ന നിലക്ക് ആ തിരുനാമത്തിന്റെ പേരില്‍ വ്യാജമുടി നിര്‍മിച്ചെടുത്തത്. പൗരോഹിത്യം മതമല്ലെന്ന് പറയാനും മതത്തെ ആത്മാഭിമാനബോധത്തോടെ നെഞ്ചേറ്റാനും പുതിയ തലമുറയെ നാം ശീലിപ്പിക്കണം. അതിനുള്ള പരിശീലനക്കളരി കൂടിയാണ് ബലിപെരുന്നാള്‍.
ഖാലിദ് മൂസ നദ്‌വി
(പ്രബോധനം, 2013 ഒക്ടോബർ 11)