തിരുശേഷിപ്പ് പൂജ ചരിത്രത്തില്‍

 

പുണ്യവാളന്മാരോടും വീരന്മാരോടുമുള്ള ആരാധനാമനോഭാവം ജനങ്ങളില്‍ രൂഡമൂലമായതൊടെ, ക്രമത്തില്‍ പ്രത്യക്ഷപ്പെ

ടാന്‍ തുടങ്ങിയ ഒരു പ്രവണതയാണ് തിരുശേഷിപ്പ് പൂജ. ഹെലനിക് യുഗത്തിലെ വീരാരാധനയോട് ഈ സമ്പ്രദായത്തിന്ന് അഭേദ്യ ബന്ധമുണ്ടെന്ന് കാണാം.

ഗ്രീസില്‍
പ്രാചീന ഗ്രീസിലെ തിരുശേഷിപ്പ് പൂജ [Cult of Relics] ഉദാഹരണം. ഭക്തിയുടെ മാര്‍ഗമായായിരുന്നില്ല, പ്രത്യുത, വീരാരാധനയുടെ ഭാഗമായായിരുന്നു അവിടെ ഇത് നില നിന്നു പോന്നിരുന്നത്. സുരക്ഷയും ബഹുമതിയും ഉറപ്പു നല്‍കുന്നുവെന്ന നിലയില്‍, നഗരങ്ങളുടെ പലഭാഗങ്ങളിലും, പ്രശസ്തമായ തിരുശേഷിപ്പുകള്‍ അടക്കം ചെയ്യപ്പെട്ടിരുന്നു. പലപ്പോഴും ജീവവസ്തുക്കളെക്കാള്‍ വലുതായിരുന്നുവത്രെ അവ.(i)  ലെസ്‌ബോസ് നഗരത്തിലെ, ഓര്‍ഫിയൊസിന്റെ ശിരസ്സ്, ഏലീസിലെ, പെലോപ്‌സിന്റെ തോളെല്ല്, അര്‍ഗോസിലെ റ്റന്റോളറിന്റെ അസ്ഥികള്‍ എന്നിവ ഉദാഹണം. യൂറോപ്പയുടെ തിരു ശേഷിപ്പുകള്‍, ക്രീറ്റിലെ വലിയ ഉത്സവ കേന്ദ്രങ്ങളത്രെ. (ii)

ഇവക്ക് പുറമെ, വീരന്മാരുടെ ആയുധഭാഗങ്ങളും അവരുമായി ബന്ധപ്പെട്ട മറ്റു വസ്തുക്കളും ആദരിക്കപ്പെട്ടിരുന്നു. ഓര്‍ഫിയൂസിന്റെ വല്ലകി, അക്കിലൂസിന്റെ കുന്തം, ഹെലന്റെ മെതിയടി, അഗമെമോന്റെ ചെങ്കോല്‍, അര്‍ഗോനന്റെ നങ്കൂരം, ക്രോണോ വിഴുങ്ങിയ ശില തുടങ്ങി വിവിധ ദേവാലയങ്ങളില്‍ സൂക്ഷിക്കപ്പെട്ട തിരുശേഷിപ്പുകള്‍ ഈ ഇനത്തില്‍ പെടുന്നു. തികച്ചും കൗതുക വസ്തുക്കള്‍ എന്ന പരിഗണന മാത്രമേ ഇവക്കുണ്ടായിരുന്നുള്ളുവെങ്കിലും, തീര്‍ത്ഥാടകരെ ആകര്‍ഷിക്കുക, പുരാണങ്ങളെയും മഹത്വങ്ങളെയും വെളിപ്പെടുത്തുക എന്നീ സുപ്രധാന ധര്‍മങ്ങള്‍ ഇവ നിര്‍വഹിച്ചിരുന്നു.

ക്രിസ്ത്യാനികളില്‍
പൂര്‍ണ വളര്‍ച്ചയെത്തിയ തിരുശേഷിപ്പ് പൂജ നാം കണ്ടെത്തുന്നത് ക്രിസ്തു മതത്തിലത്രെ. പൂര്‍വിക പുണ്യവാളന്മാരുടെയും രക്തസാക്ഷികലുടെയും ശവകുടീരങ്ങളെ ചുറ്റിപ്പറ്റി ഉടലെടുത്ത ആരാധനാ സമ്പ്രദായങ്ങളാണ്, ഇതിന്റെ അടിസ്ഥാന പാരമ്പര്യങ്ങളായി, പൊതുവെ, ഗണിക്കപ്പെടുന്നത്. എന്നാല്‍, മുമ്പ് പറഞ്ഞ ഹെലനിക് വീരാരാധനയുമായി, ഇവക്ക് വലിയ സാമ്യതയുണ്ട്.

രണ്ടാം ശതകത്തില്‍, ക്രിസ്തുമാര്‍ഗത്തില്‍ ക്രൂശിതനായ പോളികാര്‍പ്പിന്റെ തിരുശേഷിപ്പ് പൂജയുടെ വൃത്താന്തമാണ്, ഈ വിഷയത്തിലെ ഏറ്റവും പ്രാചീന രേഖ. സ്മിര്‍ണയിലെ ക്രിസ്ത്യാകള്‍ എഴുതി:
‘…. പിന്നീട്, അമൂല്യ രത്‌നത്തെക്കാള്‍ വിലപിടിച്ചതും, സംസ്‌കൃത സ്വര്‍ണത്തെക്കാള്‍ മെച്ചപ്പെട്ടതുമായ, അദ്ദേഹത്തിന്റെ അസ്തികളെടുത്ത് അനുയോജ്യ സ്ഥാനത്ത് ഞങ്ങള്‍ സ്ഥാപിച്ചു. അവിടെ സാഹ്ലാദം മേളിക്കാന്‍ കര്‍ത്താവ് ഞങ്ങള്‍ക്ക് അനുമതി നല്‍കും.’ (iii)

പരേതരായ പുണ്യവാളന്മാരെ കുറിച്ച കേവല സ്മരണ മാത്രമായിരുന്നില്ല, പ്രത്യുത, ദൈവ്യ സാമീപ്യത്തിലൂടെ അവര്‍ നേടിയെടുത്ത അനുഗ്രഹ ശക്തികളില്‍ പങ്കു ചേരാനുള്ള അഭിലാഷവും കൂടിയായിരുന്നു അതിന്റെ സ്രോതസ്സ്. പുണ്യവാളന്മാരോടുള്ള ജഡിക സാമീപ്യം പ്രയോജനപ്രദമാണെന്ന് ആദിമ സഭ കരുതിയിരുന്നു. വിശുദ്ധ രക്ത സാക്ഷികളുടെയും ഇപ്പോള്‍ ക്രിസ്തുവോട് സഹവസിച്ചുകൊണ്ടിരിക്കുന്നവരുടെയും വിശുദ്ധ ജഡങ്ങള്‍, മനുഷ്യര്‍ക്ക് ലഭിച്ച ദൈവാനുഗ്രഹങ്ങളാണെന്നാണ്, പോപ്പ് പയസ് നാലാമന്റെ വിശ്വാസ പ്രമാണത്തിലെഴുതിയിരിക്കുന്നത്.(iv)   പുണ്യവാള ജഡങ്ങള്‍ പരിശുദ്ധാത്മാവിന്റെ പാത്രങ്ങളാണെന്നാണ്, പതിമൂന്നാം നൂറ്റാണ്ടിലെ പ്രമുഖ ദൈവ ശാസ്ത്രജ്ഞന്‍ സൈന്റ് തോമസ് അക്വിനാസ് വാദിച്ചത്. (v)

അതിനാല്‍, പുണ്യവാളന്മാരുടെ ശവകുടീരങ്ങളുടെ അടുത്തേക്കുള്ള തീര്‍ത്ഥടനം ക്രിസ്ത്യാനികളില്‍ ആദ്യം മുതല്‍ക്കേ ഉടലെടുത്തിരുന്നു. ശവകുടീരത്തെ ആവരണം ചെയ്ത ശിലാഫലകങ്ങളില്‍ കുര്‍ബാന നടത്തുക, ചിലപ്പോള്‍ അവിടെ താമസിക്കാന്‍ തീരുമാനിക്കുക എന്നീ കാരണങ്ങളാല്‍, ശവകുടീരങ്ങള്‍ അള്‍ത്താരകളായി മാറുകയായിരുന്നു. പില്‍ക്കാലത്ത് നഗരങ്ങളായി തീര്‍ന്ന പല സ്ഥലങ്ങളും, ഒരു കാലത്ത് സെമിത്തേരികളായിരുന്നുവത്രെ. പലപ്പോഴും, ഇത്തരം ജഡങ്ങള്‍, ശവകുടീരങ്ങളില്‍ നിന്ന് മാറ്റി പള്ളികളില്‍ പ്രതിഷ്ടിച്ച് ജന സാന്നിധ്യത്തിലെത്തിക്കുന്ന പതിവുമുണ്ടായിരുന്നു. തദ്വാരാ, നിലവിലെ അള്‍ത്താരകള്‍ ശവകുടീരങ്ങളായി മാറുന്നു.

രക്തസാക്ഷികളുടെ അസ്ഥികളിന്മേല്‍ തിരുവത്താഴ ചടങ്ങ് നടത്തുന്ന സമ്പ്രദായം വര്‍ധിക്കുകയായിരുന്നു. തിരുശേഷിപ്പുകളടക്കം ചെയ്ത തുണികൊണ്ടാവരണം ചെയ്യപ്പെട്ട അള്‍ത്താരമേല്‍ മാത്രമേ, നാലാം ശതകത്തില്‍ പൗരസ്ത്യ സഭ കുര്‍ബാന നടത്തിയിരുന്നുള്ളു. അള്‍ത്താരയുടെ മുകളിലെ ഒരു കുഴിയില്‍ തിരുശേഷിപ്പുകല്‍ അടക്കം ചെയ്യുന്ന സമ്പ്രദായമാണ് പാശ്ചാത്യന്‍ സഭയിലുണ്ടായിരുന്നത്. പള്ളിയുടെ വിശുദ്ധീകരണത്തിന്ന്, ഇത്തരം തിരു ശേഷിപ്പുകളുടെ സാന്നിധ്യം അനിവാര്യമാണെന്നായിരുന്നു, 787 ലെ, രണ്ടാം നികയാ കൌണ്‍സില്‍ പ്രഖ്യാപനം. (vi)

ക്രിസ്തുമതം റോമാസാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമായി തീര്‍ന്നതോടെ, തിരുശേഷിപ്പുകളുടെ ആവശ്യകതയും അവക്കുള്ള പൂജയും വര്‍ധിക്കുകയായിരുന്നു. നഷ്ടപ്പെട്ടു പോയ തിരുശേഷിപ്പുകള്‍, നാലും അഞ്ചും ശതകങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. സെയ്ന്റ് സ്റ്റീഫന്റെ മൃതദേഹം കണ്ടെടുത്തത് ഇക്കാലത്തായിരുന്നു. പ്രധാനപ്പെട്ട പല കേന്ദ്രങ്ങളിലും അത് പ്രതിഷ്ടിക്കപ്പെടുകയുണ്ടായി. (vii)

ക്രിസ്തു ശിഷ്യയായിരുന്ന മഗ്ദലനക്കാരി മറിയയുടെ പൂര്‍ണ്ണ അസ്ഥികള്‍ തങ്ങളുടെ വശമുണ്ടെന്ന് വെസ്ലെയിലെ(Vezelay)യിലെ സന്യാസി മഠം അവകാശപ്പെടുന്നു. സ്വര്‍ഗസ്ഥയായ ആ പുണ്യവതി തങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുമെന്ന പ്രതീക്ഷയോടെ, ആ അസ്ഥി പഞ്ജരത്തോട് തീര്‍ഥാടകര്‍ പ്രാര്‍ത്ഥിക്കുന്നു. മറിയ മുമ്പ് പാപിയായിരുന്നുവെന്നാണല്ലൊ വിശ്വാസം. വേശ്യയായിരുന്നുവെന്നു പോലും അഭിപ്രായമുണ്ട്. എന്നിട്ടും ക്രിസ്തു അവരെ ശിഷ്യയായി സ്വീകരിച്ചുവല്ലൊ.

ക്രമത്തില്‍, തിരുശേഷിപ്പുകള്‍, വാണിജ്യമൂല്യമുള്ള കച്ചവടച്ചരക്കായി മാറുകയായിരുന്നു. അവയുടെ സാനിധ്യം തീര്‍ത്ഥാടകരെ ആകര്‍ഷിക്കുന്നു. വളരെ വിനയാന്വിതരായായിരിക്കും പുരോഹിതന്മാര്‍ അവയെ സമീപിക്കുക.(viii) അവ കഷ്ണങ്ങളാക്കി വില്‍ക്കാനും, മോഷ്ടിക്കപ്പെടാന്‍ പോലും ഇത് കാരണമായി. തദ്വിഷയകമായി, ധാരാളം കഥകള്‍ ക്രൈസ്തവ ചരിത്രത്തില്‍ കാണാം. ലിങ്കണനിലെ ഒരു ബിഷപ്പിന്റെ കഥ ഉദാഹരണം. ഒരു തീര്‍ത്ഥാടനവേളയില്‍, മഗ്ദലനക്കാരി മറിയയുടേതെന്ന് കരുതപ്പെടുന്ന ഒരു അസ്ഥി ഇദ്ദേഹത്തെ ആകര്‍ഷിക്കുകയുണ്ടായി. അങ്ങേയറ്റത്തെ ഭക്ത്യാദരവുകളോടെ, അതിന്നു മുമ്പില്‍ മുട്ട്കുത്തി പ്രാര്‍ത്ഥിച്ച ബിഷപ്പ്, അതില്‍ നിന്നൊരു തുണ്ട് കടിച്ചെടുത്ത കാര്യം ആരുടെയും ശ്രദ്ധയില്‍ പെട്ടില്ല. പിന്നീട്, ഈ അമൂല്യ വസ്തു സ്വദേശത്തെ കത്തീഡ്രലില്‍ കൊണ്ടുവന്നു പ്രതിഷ്ഠിക്കുകയായിരുന്നു അദ്ദേഹം. ഈ സംഭവം, അദ്ദേഹത്തിന്ന് നാട്ടില്‍ സ്വീകാര്യത വര്‍ദ്ധിപ്പിച്ചു വെന്ന്(ix) പറയേണ്ടതില്ലല്ലൊ.

1231-ല്‍, ഹങ്കറിയിലെ എലിസബെത്ത് എന്ന പുണ്യവതിയോട് ആരാധകര്‍ കാണിച്ച ഭക്തി ഇതിലും മര്‍മഭേദകമായിരുന്നു. അവരുടെ നഖവും മുടിയും മാത്രമല്ല, മുലക്കണ്ണുകല്‍ പോലും മുറിച്ചെടുത്ത് ചര്‍ച്ചുകളില്‍ പ്രതിഷ്ടിക്കുകയായിരുന്ന് അവര്‍. ഇതോടെ, പ്രസ്തുത ചര്‍ച്ചുകള്‍ വലിയ തീര്‍ഥാടന കേന്ദ്രങ്ങളായി തീരുകയും ചെയ്തു.  (x)

ചാര്‍ട്ടേഴ്‌സിലെ ഏറ്റവും വലിയ തീര്‍ഥാടന കേന്ദ്രമാണ് La Sainte Chemise. യേശുവിനെ പ്രസവിക്കുമ്പോള്‍ മറിയ ധരിച്ചിരുന്ന അടിവസ്ത്രം അവിടെയുണ്ടെന്നാണ് മധ്യയുഗങ്ങളില്‍ വിശ്വസിക്കപ്പെട്ടിരുന്നത്.   (xi)

fskn

യേശുവിന്റെ പാല്‍പല്ല്, കണ്ണീര്‍, രക്തകണങ്ങള്‍ തുടങ്ങിയ തിരുശേഷിപ്പികളടങ്ങിയ മനൊഹരമായൊരു പേടകം ചാറ്റേഴ്‌സിലുണ്ട്. എന്നാല്‍, അദ്ദേഹത്തിന്റെ പരിച്ഛേദനാ ഛേദമത്രെ ഇവയില്‍ പ്രാധാന്യമര്‍ഹിക്കുന്നത്. യഥാര്‍ത്ഥത്തില്‍, ഈ പേടകം സ്ഥാപിച്ചിരിക്കുന്നത് തന്നെ, അതിന്നു വേണ്ടിയാണ്. ഇംഗ്ലീഷില്‍ Holy Foreskin എന്നറിയപ്പെടുന്ന ഇത്, ജര്‍മങ്കാര്‍ക്കിടയില്‍ Le Saint Prepuce  എന്നാണറിയപ്പെടുന്നത്.  എന്നാല്‍, മധ്യ കാലഘട്ടങ്ങളില്‍, യേശുവിന്റേതെന്ന പേരില്‍, പതിനഞ്ചോളം ‘ഹോളി ഫോര്‍സ്‌കിനുകള്‍’, യൂറോപ്പിന്റെ പലഭാഗങ്ങളിലും  ആരാധിക്കപ്പെടുകയും ചെയ്തിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നു. ഇവയില്‍ ഏറ്റവും പ്രശസ്തമായതാണ്, ചര്‍ലമെയ്‌ന്റെ വിവാഹകരാര്‍ വേളയില്‍ ഐറിന്‍ രാജ്ഞി സമ്മാനിച്ചത്.(xii) പ്രസവ വേളയില്‍ സ്ത്രീകള്‍ക്ക്, വേദനയില്‍ നിന്ന് മോചനം നല്‍കിയിരുന്നുവെന്നതാണ് അതിന്റെ ഏറ്റവും സവിശേഷതയായി വിശ്വസിക്കപ്പെട്ടിരുന്നത്. 1422ല്‍ ഇംഗ്ലണ്ടിലെ ഹെന്റി അഞ്ചാമന്‍ തന്റെ സഹധര്‍മ്മിണിയെ സഹായിക്കാന്‍ ഇത് മോഷ്ടിക്കുകയുണ്ടായി.  അത് തിരിച്ചു കിട്ടാന്‍ പുരോഹിതന്മാര്‍ വളരെ പാടുപെടുകയുണ്ടായി. അതടക്കം ചെയ്തിരുന്ന പേടകം മാത്രമാണിപ്പോള്‍ അവശേഷിക്കുന്നത്.    (xiii)

ആദാമിനെ സൃഷ്ടിക്കാന്‍ ദൈവമെടുത്ത മണ്ണിന്റെ അവശിഷ്ടമാണ് കാന്റര്‍ബറിയിലെ തിരുശേഷിപ്പുകലിലൊന്ന്.(xiv) ഇന്ന് ഓരോ ചര്‍ച്ചിലും ഓരോ തിരുശേഷിപ്പുണ്ട്. ഓരോ നൂറ്റാണ്ടിലും അവയുടെ പേടകം കൂടുതല്‍ മോടികൂട്ടപ്പെടുന്നു. പ്രതിസന്ധിഘട്ടങ്ങളില്‍, ഇവയിലെ രത്‌നങ്ങള്‍ വില്പന നടത്തപ്പെടാറുണ്ട്. അതിനാല്‍, ചര്‍ച്ചിന്റെ ഭണ്ഡാരങ്ങളാണിവയെന്നു പറയാവുന്നതാണ്.

കുരിശുയുദ്ധ കാലത്ത്, മധ്യപൌരസ്ത്യ ദേശങ്ങളില്‍ നിന്ന് തിരുശേഷിപ്പുകളുടെ ഒരു പ്രവാഹം തന്നെയായിരുന്നു. അവയെ കുറിച്ച അന്ധവിശ്വാസങ്ങളും അവയുടെ വികാസവുമെല്ലാം, തനിമയെ കുറിച്ച് സംശയം ജനിപ്പിക്കനതാണ്. പ്രൊഫ. എബ്രഹാം എഴുതുന്നു:
‘മധ്യകാല ഘട്ടങ്ങളില്‍, മൃഗങ്ങളുടെ അസ്ഥികഷ്ണങ്ങള്‍ അവര്‍ വിശുദ്ധന്മാരുടെ എന്ന വ്യാജേന പുരോഹിതന്മാരും മറ്റും വ്യാപാരം നടത്തിയിരുന്നു. അവയെ വണങ്ങി നേര്‍ച്ചകാഴ്ചകള്‍ സമര്‍പ്പിച്ചാല്‍ അത്ഭുത രോഗ ശാന്തിയുണ്ടാകുമെന്നായിരുന്നു പ്രചാരണം. അഴുകാത്ത ശവശരീരം വിശുദ്ധിയുടെ വിശ്വസനീയമായ തെളിവാണ്. എന്നാല്‍ ഒരു വ്യത്യാസമുണ്ട്, അഴുകാത്ത ശരീരം വൈദികന്റേതാണെങ്കില്‍ ആള്‍ വിശുദ്ധനാണ്. അല്‍മേനിയുടേതാണെങ്കില്‍ അയാള്‍ കൊടിയ പാപിയുമായിരിക്കും. ആദ്യത്തേത് ദൈവാനുഗ്രഹത്തിന്റെയും അടുത്തത് ദൈവകോപത്തിന്റെയും തെളിവാണ് പോലും.’ (xv)
ബുദ്ധമതത്തില്‍
ദൈവമുക്തമെന്ന് കരുതപ്പെടുന്ന ബുദ്ധമതത്തിലും ഈ ആചാരം നിലനില്‍ക്കുന്നുവെന്നത് അത്ഭുതാവഹമത്രെ. ‘ബുദ്ധന്റെയും പ്രധാന ബുദ്ധാചാര്യന്മാരുടെതെന്ന് ആരോപിക്കപ്പെടുന്ന പല വിശുദ്ധാവശിഷ്ടങ്ങളും, പല രാജ്യങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.(xvi)   മാര്‍പ്പാപ്പക്ക് സമാനനായി കരുതപ്പെടുന്ന തിബത്തിലെ ലാമായിസത്തിന്റെ അധിപന്‍ ലാമയുടെ വിസര്‍ജ്ജ്യ വസ്തുക്കള്‍ പോലും വിശുദ്ധമാണെന്നത്രെ വിശ്വാസം. (xvii)

അന്ത്യ ‘നിര്‍വാണ’ വേളയില്‍, തന്റെ അവശിഷ്ടങ്ങളില്‍ നിമഗ്‌നരാകാതെ, ഉപദേശങ്ങള്‍ കൈകൊള്ളണമെന്ന് ബുദ്ധന്‍ സന്യാസിമാരോട് ആജ്ഞാപിച്ചിരുന്നുവെന്നാണ് പാരമ്പര്യം. അതിനാല്‍ ശവസംസ്‌ക്രരണ ശേഷം തിരുശേഷിപ്പുകല്‍ സാധാരണക്കാര്‍ക്ക് കൊടുക്കുകയായിരുന്നു. പക്ഷെ, നിരവധി ഉത്തരേന്ത്യന്‍ രാജാക്കന്മാര്‍ക്കിടയില്‍, അവ വിവാദ വിഷയമായി തീരുകയായിരുന്നു. അവ മുഴുവന്‍ സ്വന്തം രാജ്യത്തിന്ന് ലഭിക്കണമെന്നായിരുന്ന് ഓരോ രാജാവിന്റെയും ആഗ്രഹം. അവസാനം, ദ്രോണ എന്നൊരു ബ്രാഹ്മണനായിരുന്നു തീര്‍പ്പ് കല്പിച്ചത്. തിരുശേഷിപ്പുകള്‍ മൊത്തം എട്ടായി ഭാഗിക്കുകയും അവ എറ്റു രാജാക്കന്മര്‍ക്കിടയില്‍ വീതിക്കുകയും ഓരോരുത്തരുടെ ഭാഗത്തിന്മേല്‍ അവര്‍ സ്തൂപം സ്ഥാപിക്കുകയും ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദ്ദേശം. (xviii)

അശോക ചക്രവര്‍ത്തി ബുദ്ധമതം സ്വീകരിച്ച ശേഷം, ഈ സ്തൂപങ്ങളിലെ, തിരു ശേഷിപ്പുകളെല്ലാം ശേഖരിച്ചു 84000 ഓഹരികളാക്കി സാമ്രാജ്യമൊന്നടങ്കം വിതരണം നടത്ത്കയും, അവയടക്കം ചെയ്യാന്‍ 84000 സ്തൂപങ്ങള്‍ നിര്‍മിക്കുകയും ചെയ്തുവെന്നാണ് ഒരു ഐതീഹ്യം. അങ്ങനെ, ബുദ്ധോപദേശങ്ങള്‍ക്കൊപ്പം തിരുശേഷിപ്പുകലും, വ്യ്വസ്ഥാപിത രൂപത്തില്‍, ഉപഭൂഘണ്ഡമൊന്നടങ്കം പ്രചരിക്കുകയായിരുന്നു. (xix)

ബുദ്ധന്റ് എല്ലുകളിലും പല്ലുകലിലുമാണ് ചില പാരമ്പര്യങ്ങള്‍ ഊന്നല്‍ കൊടുക്കുന്നത്. ഉദാഹരണമായി, ശ്രീലങ്കയില്‍ അടക്കം ചെയ്യപ്പെട്ട ബുദ്ധദന്തം ഒരു തീര്‍ത്ഥാടന കേന്ദ്രമായി തീര്‍ന്നു. വര്‍ഷം തൊറും, അസാല മാസത്തില്‍, നഗരത്തിന്നു ചുറ്റും അത് ആര്‍ഭാടത്തൊടെ പ്രദര്‍ശിപ്പിക്കുന്നു. ശ്രീലങ്കയിലെ ഒരു മുഖ്യ ഉത്സവമാണിത്. പൂക്കളും സുഗന്ധ ധൂമങ്ങളും കാണിക്കയായി, തീര്‍ത്ഥാടകര്‍ ദന്ത ദേവാലയത്തിലെത്തുന്നു. (xx)

കുടിയേറ്റ ചരിത്രത്തിന്ന് മുമ്പ്, ഒരു രാജ്യത്ത് ഒരു ദന്തം ഉണ്ടാവുകയും, ഒരു നിയമാനുസൃത ഭരണാധിപന്‍ അതിനോട് ഭക്തി പ്രദര്‍ശിപ്പിക്കുകയും ചെയ്യേണ്ടതുണ്ടായിരുന്നു. രാജ്യത്ത് സാമൂഹിക ഐക്യവും മഴയും വിളവുകളും ഈ ദന്തം ഉറപ്പുവരുത്തുമെന്നായിരുന്നു വിശ്വാസം. ദന്തം കൈവശമുണ്ടെങ്കില്‍, ശക്തിയുണ്ടാകുമെന്നായിരുന്നു വെയ്പ്. 1815 ല്‍, ബ്രിട്ടീഷുകാര്‍, ‘കാണ്ടി’യൊടൊപ്പം ദന്തം പിടിച്ചെടുത്തപ്പോള്‍, അവരോടുള്ള ചെരുത്ത് നില്പ് പെട്ടെന്ന് നിലച്ചുവെന്നത് അവര്‍ അമ്പരപ്പിക്കുകയായിരുന്നു.  (xxi)

പുരോഹിതരായിരുന്നു, ഔദ്യോഗികമായ ഈ ദന്തപൂജാ ചടങ്ങിന്റെ നടത്തിപ്പുകാര്‍. ദിവസം തോറും ചടങ്ങുകളുടെ പരമ്പരകള്‍ തന്നെയുണ്ടാകും. ദന്തത്തെ വിനോദിപ്പിക്കുക, കുളിപ്പിക്കുക, ഉടുപ്പിക്കുക, ഊട്ടുക തുടങ്ങി, തികച്ചു ഹൈന്ദവാചാരങ്ങള്‍ക്ക് സമാനമായ ചടങ്ങുകള്‍. ബുദ്ധന്‍ പുനര്‍ജന്മാതീതനാണെന്നാണ് വിശ്വാസമെങ്കിലും,, ഏതോ വിധേന ഇവയില്‍ സന്നിഹിതനാകുമെന്നായിരുന്നു അവരുടെ വിശ്വാസമെന്നാണ് വ്യക്തമാകുന്നത്. (xxii)

ഈ തിരുശേഷിപ്പുകലുമായി ബന്ധപ്പെട്ട അത്ഭുതങ്ങള്‍ക്ക് വലിയ പ്രാധാന്യമായിരുന്നു നല്‍കപ്പെട്ടിരുന്നത്. ദുട്ടകമനി രാജാവിന്റെ കഥ ഉദാഹരണം. ശ്രീലങ്കയിലെ ,മഹാവംശ’പ്രകാരം, ഒന്നാം ശതകത്തില്‍ ജീവിച്ച ഇദ്ദേഹം, ഒരു ബുദ്ധാവശിഷ്ടം സ്തൂപത്തില്‍ അടക്കം ചെയ്യാനിരിക്കയാണ്. അതിനിടയില്‍, അവശിഷ്ട പേടകം സ്വയം വായുവിലേക്കുയരുകയും സ്വയം തുറന്നു ബുദ്ധനെ ശരീരരൂപം പ്രാപിക്കുകയും ചെയ്‌തെന്നു മാത്രമല്ല, ജീവിതകാലത്ത് ബുദ്ധന്‍ ചെയ്ത അത്ഭുത കൃത്യങ്ങളെല്ലാം, ഈ രൂപം ചെയ്യുകയുമുണ്ടായെന്നാണ് പറയപ്പെടുന്നത്. (xxiii)

അടുത്ത ബുദ്ധനായ മൈത്രേയന്റെ ആഗമനത്തിന്ന് തൊട്ട്മുമ്പ്, ഇപ്പോഴത്തെ ബുദ്ധന്റെ ചിതറിക്കിടക്കുന്ന തിരുശേഷിപ്പുകള്‍ അത്ഭുതകരമാം വിധം സംഗമിച്ചു, എന്നെന്നേക്കുമായി ഭൂമിയുടെ അഗാധതയില്‍ അപ്രത്യക്ഷമാകുന്നതിന്നു മുമ്പ്, ഒരിക്കല്‍ കൂടി ശരീരരൂപം കൈകൊള്ളുമെന്നാണ് ഒരു പാരമ്പര്യം. (xxiv)

റങ്കൂണ്‍, ബര്‍മ, ഉത്തര തായ്‌ലാന്റ് എന്നിവിടങ്ങളിലെ വിഹാരങ്ങളില്‍, അലംകൃത രൂപത്തില്‍ ബുദ്ധകേശങ്ങള്‍ അടക്കം ചെയ്യപ്പെട്ടിട്ടുണ്ട്. ഇവിടങ്ങളില്‍, ആദ്യമായി ബുദ്ധമതം പരിചയപ്പെടുന്നതിന്ന് ഈ തിരുശേഷിപ്പുകല്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അങ്ങനെ, കേവലം, ചിലയാളുകലുടെ പൂജാവസ്തുക്കള്‍ മാത്രമായി പരിമിതപ്പ്ടാതെ, ആഗോള തലത്തില്‍ വിശ്വാസ സംസ്ഥാപനത്തിന്റെ പ്രതീകങ്ങളായി മാറുകയായിരുന്നു ഇവ. താക് രാജവംശത്തിന്റെ ആസ്ഥാനമായ ചിയാങ്ങില്‍, ബുദ്ധന്റെ ഒരു വിരലെല്ലുണ്ട്. അതിനെ എതിരേല്‍ക്കാനുള്ള രാജാവിന്റെ എഴുന്നെള്ളിപ്പായിരിക്കും, ഒരു പക്ഷെ, ഒമ്പതാം ശതകത്തിലെ ഏറ്റവും വലിയ മതകീയോത്സവം. (xxv)

പീക്കിംഗിലെ ഒരു ബുദ്ധവിഹാരത്തില്‍ അടക്കം ചെയ്യപ്പെട്ട ബുദ്ധ ദന്തമാണ്, ചൈനയിലെ പ്രസിദ്ധമായൊരു തിരുശേഷിപ്പ്. 800 വര്‍ഷത്തോളം നഷ്ടപ്പെട്ടു കഴിയുകയായിരുന്ന ഈ ദന്തം, 1900 ല്‍ വീണ്ടും കണ്ടെടുക്കപ്പെടുകയായിരുന്നുവത്രെ. അന്താരാഷ്ട്രബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്നായി, 1950 ലും 1960 ലും ബര്‍മയിലും ശ്രീലങ്കയിലും ഇത് കൊണ്ടുവരികയുണ്ടായി. അവിടെ ലക്ഷക്കണക്കില്‍ ആളുകളാണതിനെ ആരാധിച്ചത്. (xxvi)

പുണ്യവാളന്മാരുടെ ശാരീരികാവശിഷടങ്ങളില്‍ മാത്രം പരിമിതമായിരുന്നില്ല, ഈ തിരുശേഷിപ്പ് ഭ്രമം എന്ന് ഇതിനകം മനസ്സിലായിരിക്കുമല്ലൊ. ബുദ്ധന്റെതെന്ന് പ്രസിദ്ധിപ്പെട്ട പല ശിലാപാദ ചിഹ്നങ്ങളും, ഉത്തരപൂര്‍വേഷ്യയിലെ പല ഭാഗങ്ങളിലും ആരാധിക്കപ്പെടുന്നുണ്ട്. ഇന്ത്യയുടെ തെക്ക് – പടിഞ്ഞാറ് ഭാഗത്ത്, ഒരു ഗുഹാമുഖത്ത് ബുദ്ധന്റെ നിഴലുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. നാലാം ശതകം മുതല്‍ എട്ടാം ശതകം വരെ പ്രശസ്തമായൊരു തീര്‍ത്ഥാടന കേന്ദ്രമായിരുന്നു ഇത്. ഈ നിഴലില്‍ ബുദ്ധനെ കാണാന്‍ കഴിയുമെന്നാണ് വിശ്വാസം. തൊട്ടടുത്തുള്ള പാറയില്‍, അദ്ദേഹത്തിന്റെ അങ്കിത്തുണിയുടെ മാതൃകയും കാണാം.
ബുദ്ധന്റെ യാചക കിണ്ണമാണ് മറ്റൊരു തിരുശേഷിപ്പ്. ഇന്ത്യയിലേക്കുള്ള യാത്രാ മധ്യേ, (399-414), ചൈനീസ് തീര്‍ത്ഥാടകനായ ഫാഹ്‌സിയെന്‍ (Fahsien)ഇത് ദര്‍ശിക്കുകയുണ്ടായി. നൂറ്റാണ്ടുകള്‍ക്ക് ശേഷം, അത്ഭുതകരമാം വിധം പ്രത്യക്ഷപ്പെട്ട ഈ ‘കിണ്ണം’, ഈ യുഗാന്ത്യത്തില്‍ തൂസിത (Tusita) സ്വര്‍ഗത്തിലേക്ക് ആരോഹണം നടത്തുകയും അവിടെ മൈത്രേയിയുടെ ചിഹ്നമായി നിലകൊള്ളുകയും ചെയ്യുമെന്നുമുള്ള ഒരൈതീഹ്യം ഫാഹ്‌സിയെന്‍ വിവരിക്കുന്നുണ്ട്.(xvii)

Related Post