ലോകത്ത് എക്കാലത്തും യൗവനവും പ്രസരിപ്പും കാത്ത് സൂക്ഷിക്കാന്‍ സാധിച്ചിട്ടുള്ള ഏക ഗ്രന്ഥം വിശുദ്ധ ഖുര്‍ആനാണ്. എല്ലാ കാലത്തും ഇറങ്ങിക്കൊണ്ടിരിക്കുന്നതു പോലെ പ്രശോഭിതവും പ്രസക്തവുമായി അത് നിലനില്‍ക്കുന്നു. പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അവതരിപ്പിക്കപ്പെട്ട അതിന്റെ അഭിസംബോധന എല്ലാ കാലത്തെയും മനുഷ്യവിഭാഗങ്ങളോടുമാണ്. അതിനാല്‍ തന്നെ എക്കാലത്തും യൗവ്വനത്തോടെ അത് നിലകൊള്ളുന്നു. ഖുര്‍ആന്‍ അവതീര്‍ണമായത് യുവത്വത്തിലായിരുന്നു. ഇന്നും ആ സുന്ദരയൗവനം കാത്തുസൂക്ഷിക്കുന്നു. അതിലെ വൈവിധ്യമാര്‍ന്ന ചിന്തകളും വീക്ഷണങ്ങളും വായിക്കുമ്പോള്‍ ഇക്കാലത്തേക്ക് പ്രത്യേകമായിറങ്ങിയതു പോലെ നമുക്കനുഭവപ്പെടുന്നു. മനുഷ്യ നിര്‍മിത നിയമങ്ങളും ചിന്തകളും നരബാധിച്ച് മാറ്റത്തിരുത്തലുകള്‍ക്ക് വിധേയമാവാറുണ്ട്. എന്നാല്‍ വിശുദ്ധ ഖുര്‍ആന്റെ നിയമങ്ങളും വിധികളും കാലാതീതവും പ്രസക്തവുമായി തുടരുന്നു. ആധുനിക ലോകം മുമ്പത്തേക്കാളേറെ വിശുദ്ധഖുര്‍ആന്റെ അദ്ധ്യാപനങ്ങള്‍ക്ക് ചെവികൊടുക്കുന്നതില്‍ നിന്ന് കാതുകളെ ബധിരമാക്കി സ്വയം വഞ്ചിതരായിക്കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് വേദക്കാര്‍. ഖുര്‍ആന്‍ നേരിട്ടഭിസംബോധന ചെയ്ത വേദക്കാരായിരുന്നു അവ ചെവിക്കൊള്ളാന്‍ ഏറ്റവും അര്‍ഹര്‍. അഹ്‌ലുല്‍ കിതാബ് എന്ന അഭിസംബോധന ഈ ആധുനിക കാലത്തില്‍ അഹ്‌ലുസ്സഖാഫതില്‍ ഹദീസ(ആധുനിക സംസ്‌കാരത്തിന്റെ വാഹകര്‍) എന്ന അര്‍ത്ഥതലങ്ങള്‍ കൂടി ഉള്‍ക്കൊള്ളുന്നതാണ്.
നിലവിലുള്ള ലോകക്രമം വിശ്വസിക്കുന്ന ചില തത്വങ്ങളുണ്ട്. മനുഷ്യരുടെ സാമൂഹിക ജീവിതം കേന്ദ്രീകരിച്ചിരിക്കുന്നത് ശക്തിയിലാണ്. എല്ലാ കാര്യങ്ങളെയും ലാഭക്കണ്ണോടെയാണത് കാണേണ്ടത്. സംഘട്ടനമെന്നത് ജീവിതത്തിന്റെ ഭരണഘടനയായി തന്നെ സ്വീകരിച്ചിരിക്കുന്നു. സമൂഹ ഘടനയില്‍ തെറ്റായ ജാതീയതയും വര്‍ഗീയതയും ഉണ്ടായിരിക്കുന്നു. ദേഹേച്ഛയെ തൃപ്തിപ്പെടുത്തലും മനസുകളില്‍ ചാഞ്ചല്ല്യമുണ്ടാക്കുന്നതുമായ നിരര്‍ഥകമായ വിനോദങ്ങളാണ് അവയുടെ ലക്ഷ്യം. മറ്റുള്ളവരെ മുന്‍കടക്കുകയെന്നാണു ശക്തി എന്നതിനുദ്ദേശ്യമെന്ന് നമുക്കറിവുളളതാണ്. എല്ലാവരുടെയും ആഗ്രഹങ്ങളെയും ആവശ്യങ്ങളെയും പൂര്‍ത്തീകരിക്കാത്ത ഞെരുക്കമുണ്ടാക്കുകയാണ് ലാഭം കൊണ്ടുദ്ദേശിക്കുന്നത്. സംഘട്ടനം പരസ്പര ഏറ്റുമുട്ടലും വര്‍ഗീയതയെന്നത് മറ്റുള്ളവരെയെല്ലാം വിഴുങ്ങിക്കളയുന്ന തീവ്രതയുമാണ്. നിലവിലുള്ള ലോകക്രമത്തിലേക്ക് ചേര്‍ക്കുന്ന അടിസ്ഥാനങ്ങളാണിത്. ഇക്കാരണത്താല്‍ തന്നെ സമൂഹത്തിലെ കേവലം ഇരുപത് ശതമാനം ആളുകള്‍ക്ക് ബാഹ്യമായ ക്ഷേമം നല്‍കുന്നതിന്ന് വേണ്ടി അവശേഷിക്കുന്നവരെ തികഞ്ഞ ദുരിതത്തിലും പ്രയാസത്തിലും അകപ്പെടുത്തി.
എന്നാല്‍ ഖുര്‍ആനിന്റെ യുക്തി, ശക്തിക്ക് പകരം സത്യത്തെയാണ് സാമൂഹ്യജീവിതത്തില്‍ പ്രതിഷ്ഠിക്കുന്നത്. അല്ലാഹുവിന്റെ തൃപ്തിയും ശ്രേഷ്ടഗുണങ്ങള്‍ കൈവരിക്കലും ലാഭത്തിനു പകരം അതില്‍ ലക്ഷ്യവുമായി മാറുന്നു. സംഘട്ടനത്തിന്റെ സ്ഥാനത്ത് പരസ്പര സഹകരണത്തെയാണ് ജീവിതത്തിലെ ഭരണഘടനയായിട്ടത് സ്വീകരിച്ചിരിക്കുന്നത്. ജാതീയതയുടെയും വര്‍ഗീയതയുടെയും സ്ഥാനത്ത് നാടുകളെയും സമൂഹങ്ങളെയും ബന്ധിപ്പിക്കുന്ന കണ്ണിയായി വര്‍ത്തിക്കുന്നത് ദീന്‍ ആയിരിക്കും. തിന്മകല്‍പ്പിക്കുന്ന മനസ്സിന് കടിഞ്ഞാണിടുകയും ശ്രേഷ്ഠമായ കാര്യങ്ങള്‍ക്ക് അതിനെ പ്രേരിപ്പിക്കുകയുമാണ് ലക്ഷ്യം. മനുഷ്യനെ പൂര്‍ണ്ണനും യഥാര്‍ഥ മനുഷ്യനുമാക്കുന്നതാണത്.
സത്യമെന്നത് പരസ്പര യോജിപ്പും, ശ്രേഷ്ഠതയെന്നത് പരസ്പരം സഹായിക്കലും, പരസ്പര സഹകരണം മറ്റുള്ളവരെ സഹായിക്കലുമാണ്. ദീന്‍ എന്നത് സാഹോദര്യവുമാണ്. ഇരുലോകത്തെയും വിജയമാണ് മനസ്സിനെ നിയന്ത്രിക്കലും പൂര്‍ണ്ണതയിലേക്ക് അതിനെ പ്രേരിപ്പിക്കലുമാണ്. ഇപ്രകാരമാണ് ഖുര്‍ആനിന്റെ മുന്നില്‍ നിലവിലെ ലോകക്രമം പരാജയപ്പെടുന്നത്. അവ പൂര്‍വ്വമതങ്ങളുടെ പ്രത്യേകിച്ചും ഖുര്‍ആനിന്റെ നന്മകള്‍ സ്വീകരിച്ചിരിക്കെയാണിത്. നിലവിലുള്ള ആയിരക്കണക്കിന് പ്രശ്‌നങ്ങളില്‍ നിന്നും നാലെണ്ണത്തിലൂടെ അതിനെ വിശദീകരിക്കാവുന്നതാണ്.
1:-ഖുര്‍ആനിക ഭരണഘടനയും അതിന്റെ നിയമങ്ങളും എക്കാലത്തേക്കുമുള്ള ശ്വാശത നിയമങ്ങളാണ്. സിവില്‍ നിയമങ്ങള്‍ക്ക് സംഭവിക്കുന്നത് പോലെ അതിന് വാര്‍ദ്ധക്യമോ മരണമോ സംഭവിക്കില്ല. എക്കാലത്തും അതിന്റെ യുവത്വം നിലനിര്‍ത്തികൊണ്ടത് നിലനില്‍ക്കും.
ഉദാ:- കെട്ടുറപ്പുള്ള പ്രസ്ഥാനങ്ങളും സേവന സംഘങ്ങളും സ്ഥാപനങ്ങളും നിലനില്‍ക്കുന്ന സമൂഹത്തിന് ഖുര്‍ആന്‍ പറയുന്ന രണ്ട് കാര്യങ്ങള്‍ക്ക് മുമ്പില്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കുന്നില്ല. അവ അല്ലാഹുവിന്റെ വാക്കുകളിലൂടെ വ്യക്തമാക്കുന്നു:
‘നിങ്ങള്‍ സകാത്ത് നല്‍കുക’ (അല്‍ബഖറ:43) ‘അല്ലാഹു കച്ചവടം അനുവദനീയവും പലിശ നിശിദ്ധവുമാക്കിയിരിക്കുന്നു’ (അല്‍ബഖറ: 275) ഖുര്‍ആന്‍ അതിന്റെ നിലപാടുകൊണ്ട് പ്രസക്തമായി നിലകൊള്ളുന്നത് നമുക്ക് ഇവയിലൂടെ മനസ്സിലാക്കാം.
മനുഷ്യകുലത്തില്‍ സര്‍വ്വ പ്രശ്‌നങ്ങളുടെയും കുഴപ്പങ്ങളുടെയും മൂലകാരണം ഒരു വാക്കാണ്. അതുപോലെ എല്ലാ വൃത്തികെട്ട സ്വഭാവങ്ങളുടെയും സ്രോതസ്സും ഒരു വാക്കാണ്. എന്റെ വയര്‍ നിറഞ്ഞു, ഇനി മറ്റുള്ളവര്‍ വിശന്ന് മരിച്ചാലും എനിക്കത് പ്രശ്‌നമല്ല എന്നതാണ് അതില്‍ ഒന്നാമത്തെ വാക്യം. നീ സമ്പാദിക്ക് ഞാനത് ഭക്ഷിക്കാം, എനിക്ക് വിശ്രമിക്കാന്‍ നീ കഷ്ടപ്പെട് എന്നതാണ് അതില്‍ രണ്ടാമത്തേത്.
പ്രമുഖര്‍ക്കും സാധാരണക്കാര്‍ക്കുമിടയിലെ(ധനികര്‍ക്കും ദരിദ്രര്‍ക്കുമിടയില്‍) സന്തുലിതത്വം പാലിക്കാതെ സമൂഹത്തില്‍ സമാധാനം നിലനില്‍ക്കുകയില്ല. സമൂഹത്തിലെ പ്രമാണിമാര്‍ സാധാരണക്കാരോട് കരുണയോടെയും ദയയോടെയും വര്‍ത്തിക്കലാണ് ഈ സന്തുലിതത്വത്തിന്റെ അടിസ്ഥാനം. അതിന്റെ സ്വാഭാവിക ഫലമായി സാധാരണക്കാര്‍ അവരെ അനുസരിക്കുകയും ആദരിക്കുകയും ചെയ്യും.
മുമ്പ് സൂചിപ്പിച്ച ഒന്നാമത്തെ വാക്യം പ്രമുഖരെ അക്രമത്തിലേക്കും കുഴപ്പത്തിലേക്കുമാണ് നയിക്കുന്നത്. രണ്ടാമത്തേത് സാധാരണക്കാരെ അസൂയയിലേക്കും പകയിലേക്കും സംഘട്ടനത്തിലേക്കും എത്തിക്കുന്നു. കഴിഞ്ഞകാലഘട്ടങ്ങളിലും ഇക്കാലത്തുമുള്ള മനുഷ്യരില്‍ നിന്ന് സമാധാനവും നിര്‍ഭയത്വവും കവര്‍ന്നെടുക്കപ്പെട്ടു. യൂറോപ്പില്‍ തൊഴിലാളികള്‍ക്കും മുതലാളിമാര്‍ക്കുമിടയില്‍ ഉണ്ടായ സംഘട്ടനത്തിലേക്ക് വഴിമാറിയ സംഭവങ്ങള്‍ എല്ലാവര്‍ക്കുമറിയാവുന്നതാണ്. അവിടെയുണ്ടായിരുന്ന സേവനസംഘങ്ങള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ പ്രസ്ഥാനങ്ങള്‍ക്കോ ഇരു വിഭാഗങ്ങള്‍ക്കിടയില്‍ രജ്ഞിപ്പുണ്ടാക്കാന്‍ സാധിച്ചില്ല. വേദനിക്കുന്ന മനുഷ്യരുടെ മുറിവുണക്കുന്നതിലും അവര്‍ പരാജയപ്പെട്ടു.
എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ ഒന്നാമത്തെ വാക്യത്തെ വേരോടെ പിഴുതെറിയുകയാണ് ചെയ്യുന്നത്. സകാത്ത് വ്യവസ്ഥ കൊണ്ടാണതിനെ ചികിത്സിക്കുന്നത്. രണ്ടാമത്തെ വാക്യത്തെയും ഉന്മൂലനം ചെയ്ത് പലിശ നിഷിദ്ധമാക്കി കൊണ്ടതിനെ ചികിത്സിക്കുകയും ചെയ്യുന്നു. ലോകത്തിന്റെ കവാടത്തിന് മുന്നില്‍ നിന്ന് ഖുര്‍ആനിക സൂക്തങ്ങള്‍ പലിശയോട് ‘പ്രവേശനമില്ല’ എന്നു പറഞ്ഞുകൊണ്ടിരിക്കുകയാണ്. ആളുകളോടത് കല്‍പ്പിക്കുന്നു: ‘യുദ്ധത്തിന്റെ വാതിലുകള്‍ നിങ്ങള്‍ക്കു മുന്നില്‍ അടക്കാന്‍ പലിശയുടെ വാതിലുകള്‍ നിങ്ങള്‍ അടക്കുക.’ അതില്‍ പ്രവേശിക്കുന്നതില്‍ നിന്നും ഖുര്‍ആനിന്റെ അനുയായികള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു.
2:- നിലവിലുള്ള ലോകക്രമം ബഹുഭാര്യത്വത്തെ അംഗീകരിക്കുന്നില്ല. അതുമായി ബന്ധപ്പെട്ട ഖുര്‍ആനിക വിധി യുക്തിക്ക് നിരക്കാത്തതും മനുഷ്യ നന്മക്ക് വിരുദ്ധവുമാണെന്നവര്‍ കണക്കാക്കുന്നു. കേവലം വികാരപൂര്‍ത്തീകരണമാണ് വിവാഹത്തിന്റെ ലക്ഷ്യമെങ്കില്‍ കാര്യങ്ങള്‍ വിരുദ്ധമായി ഭവിക്കുമായിരുന്നു. കാരണം, മൃഗങ്ങളിലും സസ്യലതാദികളിലും ഇണകളും ഇണചേരലും സാധാരണായി നടക്കുന്നതാണ്.
വിവാഹത്തിന്റെ യുക്തിയും ലക്ഷ്യവും വംശവര്‍ദ്ധനവും തലമുറകളെ സൃഷ്ടിക്കലുമാണ്. വികാരപൂര്‍ത്തീകരണത്തിലൂടെ ലഭിക്കുന്ന ആസ്വാദനമെന്നത് പ്രസ്തുത ലക്ഷ്യം നിര്‍വഹിക്കപ്പെടുന്നതിനായി ദൈവത്തിന്റെ കരുണ അനുവദിച്ചിട്ടുള്ള ഭാഗികമായ ഫലം മാത്രമാണത്. വംശവര്‍ദ്ധനവും പരമ്പര നിലനിര്‍ത്തലുമാണ് വിവാഹത്തിന്റെ യുക്തിയും യാത്ഥാര്‍ഥ്യവും. ഒരു സ്ത്രീക്ക് വര്‍ഷത്തില്‍ ഒറ്റത്തവണ മാത്രമേ പ്രസവിക്കാന്‍ കഴിയുകയുള്ളു. മാസത്തിലെ ചില നിര്‍ണ്ണിതമായ ദിവസങ്ങള്‍ മാത്രമാണ് അണ്‌ഢോല്‍പാദനം നടക്കുന്നത്. അന്‍പതു വയസാകുന്നതോടെ അത് നിലക്കുകയും ചെയ്യുന്നു. പ്രജനനശേഷിയുള്ള ഒരു പുരുഷന് അത് മതിയാവുകയില്ല. അതിനാല്‍ മറ്റൊരു മാര്‍ഗം സ്വീകരിക്കാന്‍ പുരുഷന്‍ നിര്‍ബന്ധിതനാണ്.
3:-നിലവിലെ വ്യവസ്ഥ യുക്തിയോടെയല്ല കാര്യങ്ങളെ കൈകാര്യം ചെയ്യുന്നത്. പുരുഷന്ന് രണ്ടു സ്ത്രീയുടെ വിഹിതത്തിന് തുല്യമായതുണ്ട്’ (അന്നിസാഅ്: 11) എന്ന ആയത്തിനെ അവര്‍ വിമര്‍ശിക്കുകയും ചെയ്യുന്നു. അനന്തരാവകാശത്തില്‍ പുരുഷന്റെ പകുതിയാണ് സ്ത്രീക്ക് നിശ്ചയിച്ചിട്ടുള്ളത്. സാമൂഹിക ജീവിതത്തിലെ മിക്ക നിയമങ്ങളും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് ഭൂരിപക്ഷത്തെ പരിഗണിച്ചാണ്. മിക്ക സ്ത്രീകളും തങ്ങളെ സംരക്ഷിക്കുന്നവരും പോറ്റുന്നവരുമായിട്ടാണ് ഭര്‍ത്താക്കന്‍മാരെ കാണുന്നത്. ഭാര്യമാരുടെ സഹായവും ചെലവും സ്വീകരിക്കാന്‍ നിര്‍ബന്ധിതരായ പുരുഷന്‍മാരും ഉണ്ടായിരിക്കും. പുരുഷന് ലഭിക്കുന്നതിന്റെ പകുതി ലഭിക്കുന്ന സ്ത്രീയുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ അവളുടെ ഭര്‍ത്താവുണ്ടായിരിക്കും. അതേസമയം രണ്ട ഓഹരി ലഭിക്കുന്ന പുരുഷന്‍ തന്റെ ഇണയുടെ ചെലവ് വഹിക്കേണ്ടതുണ്ട്. അതിലൂടെ ഇരുവര്‍ക്കും സമത്വം നല്‍കുകയാണ് ഇസ്‌ലാം. പുരുഷനു തന്റെ സഹോദരിക്കുമിടയില്‍ തുല്ല്യത കാണിക്കുയാണിതിലൂടെ. ഇവിടെയാണ് ഖുര്‍ആനിക നീതിയുടെ പ്രസക്തി.
4:-ഖുര്‍ആന്‍ വിഗ്രഹാരാധനയെ വിലക്കുന്നത് പോലെ തന്നെ വിഗ്രഹങ്ങള്‍ക്ക് സദൃശ്യമായ ഫോട്ടോ എടുക്കുന്നതിനെയും വിലക്കുന്നു. എന്നാല്‍ നിലവിലെ ലോകം ഫോട്ടോകളെ സവിശേഷതകളും മഹത്വവുമായിട്ടാണ് കാണുന്നത്. അത് ഖുര്‍ആനിനെ എതിര്‍ക്കുകയും ചെയ്യുന്നു. ഇന്ന് നാം കാണുന്നതായ ഛായചിത്രങ്ങളും അതല്ലാത്തതുമായ ഫോട്ടോകള്‍ പ്രകടനപരതയോ ദേഹേച്ഛയോ അടിസ്ഥാനമാക്കിയുള്ളതാണ്. അവ ഇച്ഛകളെ ഇളക്കുകയും മനുഷ്യനെ അക്രമത്തിനും താന്‍പോരിമക്കും പ്രേരിപ്പിക്കുകയും ചെയ്യുന്നു.
ഖുര്‍ആന്‍ സ്ത്രീകളോട് ലജ്ജയുടെ മറ സ്വീകരിക്കാന്‍ കല്‍പ്പിക്കുന്നു. അവര്‍ക്ക് കാരുണ്യവും, വിശുദ്ധിയുടെയും ആദരവിന്റെയും സംരക്ഷണവുമായിട്ടാണത്. കരുണയുടെയും അനുകമ്പയുടെയും അമൂല്യമായ ആ ഖനിജങ്ങള്‍ അവമതിക്കപ്പെടാതിരിക്കാനാണത്. അവര്‍ മ്ലേഛമായ ചിന്തകള്‍ക്ക് ഉപകരണവും വിലകെട്ട ചരക്കുമാവാതിരിക്കാനാണ്. എന്നാല്‍ ഇന്നത്തെ വ്യവസ്ഥ അവരെ വീടുകളില്‍ നിന്നും പുറത്തിറക്കുകയും ആളുകളില്‍ നിന്ന് തങ്ങളുടെ ശരീരത്തെ മറച്ചിരുന്ന മറകള്‍ കീറിക്കളയുകയും ചെയ്തു. ഇണകളുടെ പരസ്പര സ്‌നേഹത്തിലൂടെയും കാരുണ്യത്തിലൂടെയും മാത്രമേ കുടുംബജീവിതം സാധ്യമാവുകയുള്ളൂ. എന്നാല്‍ അഴിഞ്ഞാട്ടവും ശരീര പ്രദര്‍ശനവുമെല്ലാം ആത്മാര്‍ത്ഥമായ സ്‌നേഹത്തെയും ആദരവിനെയും നീക്കുകയും കുടുംബജീവിതത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. പ്രത്യേകിച്ചും അത്തരം രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ അവ ധാര്‍മ്മികതയെ തകര്‍ക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു. ആത്മീയമായ തകര്‍ച്ചയിലേക്കാണത് നയിക്കുക.
സുന്ദരിയുടെ ഒരു മൃതദേഹം കാണുന്നതും പ്രതീക്ഷിക്കുന്നതും കാരുണ്യമാണെങ്കിലും അതിനെ വികാരവായ്‌പോടെ നോക്കുന്നതും ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ സ്ത്രീകളുടെ ചിത്രങ്ങളിലേക്കു നോക്കുന്നതും ഒരു പോലെയാണ്. മൃതദേഹത്തിന്റെ കാര്യത്തിലാകുമ്പോള്‍ അതിനെ നിന്ദിക്കലായിട്ടാണല്ലോ ആളുകളത് മനസ്സിലാക്കുന്നത്. അവരുടെ വികാരത്തെ വ്രണപ്പെടുത്തലുമാണത്.
മനുഷ്യന് ശാശ്വതമായ പരലോക സൗഖ്യം പ്രദാനം ചെയ്യുകയും ഇഹലോകത്ത് സന്തോഷം നല്‍കുകയും ചെയ്യുന്ന ആയിരക്കണക്കിനു കാര്യങ്ങളില്‍ നാലെണ്ണം മാത്രമാണ് നാമിവിടെ പരാമര്‍ശിച്ചിട്ടുള്ളത്. മറ്റു കാര്യങ്ങളെയും ഇതിനോട് തുലനം ചെയ്താണ് നാം വായിക്കേണ്ടത്. മനുഷ്യരുടെ സാമൂഹിക ജീവിതവുമായി ബന്ധപ്പെട്ട ഖുര്‍ആനിന്റെ ഭരണഘടന മനുഷ്യനിര്‍മ്മിതമായ വ്യവസ്ഥകളെ അതിജയിക്കുന്നതായാണ് നമുക്ക് കാണാന്‍ സാധിക്കുന്നത്. ഖുര്‍ആനിന്റെ അമാനുഷികമായ ആശയങ്ങള്‍ക്ക് മുന്നില്‍ അവയുടെ പാപ്പരത്വമാണ് വെളിവാകുന്നത്. ഖുര്‍ആനിനെയും മനുഷ്യനിര്‍മ്മിത വ്യവസ്ഥകളെയും താരതമ്യപ്പെടുത്തുമ്പോള്‍ അതിന്റെ അമാനുഷികതയും യുക്തിയുമാണ് ബോധ്യമാവുന്നത്.
ഖുര്‍ആന്‍ യുക്തിയിലും വിജ്ഞാനത്തിലും ആധുനിക നാഗരികതകളെ പരാജയപ്പെടുത്തിയതുപോലെ സാഹിത്യഭംഗിയിലും പരാജയപ്പെടുത്തുന്നുണ്ട്. അവക്കിടയിലുള്ള വ്യത്യാസം, പിതാവ് നഷ്ടപ്പെട്ട ദുഖത്തിലും വേദനയിലും കരയുന്ന അനാഥബാലന്റെ കരച്ചിലും കുറഞ്ഞസമയത്തേക്ക് തന്റെ കാമുകിയെ പിരിയേണ്ടിവന്ന കാമുകന്‍ പ്രതീക്ഷയോടെയും ആഗ്രഹത്തോടെയും പാടുന്ന പാട്ടും പോലെയാണ്. അല്ലെങ്കില്‍ ലഹരിബാധിച്ച് ഉന്മത്തനായവന്റെ അട്ടഹാസങ്ങള്‍, ശ്രേഷ്ഠകരമായ കാര്യങ്ങള്‍ക്ക് പ്രേരിപ്പിക്കുന്ന പ്രചോദന കാവ്യങ്ങളോട് താരതമ്യപ്പെടുത്തുന്നതുപോലെയാണ്. കാരണം സാഹിത്യം ശ്രേഷ്ഠകരമാവുന്നത് അതിന്റെ ശൈലി കൊണ്ട് മാത്രമല്ല അതില്‍ ഉന്നയിക്കപ്പെട്ട ആശയത്തിന്റെ മൂല്യവും കൂടി പരിഗണിച്ചാണ്.
കാര്യങ്ങളെ സൂക്ഷ്മമായി കാണാത്ത സങ്കുചിത വീക്ഷണക്കാര്‍ ‘മനുഷ്യരും ജിന്നുകളും ഒത്തൊരുമിച്ചു ശ്രമിച്ചാലും ഈ ഖുര്‍ആന്‍ പോലൊന്ന് കൊണ്ടുവരാനാവില്ല’ എന്ന ഖുര്‍ആനിന്റെ വെല്ലുവിളിയെ ഒരു അസംഭവ്യമോ അതിശയോക്തിയോ ആയിട്ടാണവര്‍ കണക്കാക്കുന്നത്. എന്നാല്‍ പ്രസ്തുത വെല്ലുവിളി അതിശയോക്തിയോ അസംഭവ്യമോ മാത്രമല്ല, തികഞ്ഞ യാഥാര്‍ഥ്യം കൂടിയാണ്. മനുഷ്യരും ജിന്നുകളും പറയുന്ന ഏറ്റവും സുന്ദരമായ വാക്കുള്‍ തെരെഞ്ഞടുത്ത് ക്രോഡീകരിച്ചാല്‍ പോലും ഖുര്‍ആന്‍ പോലെയാവുകയില്ല. ഇതു തന്നെ മറ്റൊരു രൂപത്തില്‍ പറഞ്ഞാല്‍, നിലവിലുള്ള വ്യവസ്ഥകളും തത്വശാസ്ത്രങ്ങളുമെല്ലാം ജിന്നുകളുടെയും മനുഷ്യരുടെയും ചിന്തകളുടെ ആകെത്തുകയാണല്ലോ. ഖുര്‍ആനിന്റെ വിധികളുടെയും യുക്തിയുടെയും സാഹിത്യത്തിനും മുന്നില്‍ അവയെല്ലാം കീഴടങ്ങുന്നു.
അഹ്മദ് നസ്വീഫ് തിരുവമ്പാടി
(Islam Onlive)