Main Menu
أكاديمية سبيلي Sabeeli Academy

ഈ റമദാനോടെ നമ്മളില്‍ കക്ഷിമാത്സര്യങ്ങളില്ല

  • by ഡോ. ആഇദ് അല്‍ഖര്‍നി

മുസ്‌ലിംകള്‍ ഏക ഹൃദയമുള്ള സ്വത്വമാണ്. നബി

25dfb73bbc67fba1a3d543165eb96584

തിരുമേനി(സ) അവരെ ഒരു ശരീരം എന്നാണ് വിശേഷിപ്പിച്ചത്. അവരെ പരസ്പരം യോജിപ്പിക്കുന്നതും അവര്‍ക്കിടയില്‍ ഊഷ്മളമായ സാഹോദര്യ ബന്ധം സ്ഥാപിക്കുന്നതും ഇസ്ലാം മാത്രമാണ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ‘അവന്‍ -അല്ലാഹു- അവരുടെ ഹൃദയങ്ങളെ കൂട്ടിയിണക്കിയിരിക്കുന്നു. താങ്കള്‍ ഭൂമിയിലുള്ളതൊക്കെ ചെലഴിച്ചാലും അവരുടെ ഹൃദയങ്ങളെ കൂട്ടിയിണക്കാന്‍ താങ്കള്‍ക്ക് കഴിയുമായിരുന്നില്ല. പക്ഷേ അല്ലാഹു അവരെ തമ്മിലിണക്കിച്ചേര്‍ത്തിരിക്കുന്നു. അവന്‍ പ്രതാപവാനും യുക്തിജ്ഞനുമത്രെ’.( അന്‍ഫാല്‍ : 63)
മുസ്‌ലിംകള്‍ക്കിടയില്‍ ഭാഷയുടെയോ, വംശത്തിന്റെയോ, നിറത്തിന്റെയോ, രാഷ്ട്രത്തിന്റെയോ, വര്‍ഗത്തിന്റെയോ പേരിലുള്ള ഐക്യപ്പെടലില്ല. മറിച്ച് ദീനിന്റെ പേരില്‍ മാത്രമാണ് ഐക്യപ്പെടുന്നത്.

ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദ് റസൂലുല്ലാഹ് എന്ന പ്രഖ്യാപനമാണ് അവരെ ഒന്നിപ്പിക്കുന്നത്. പരിശുദ്ധ റമദാനില്‍ ഈ ഐക്യബോധം കൂടുതല്‍ വ്യക്തമായി പ്രതിഫലിക്കുന്നു. ഒരൊറ്റ മാസം, ഒരൊറ്റ നോമ്പ്, ഒരൊറ്റ ഖിബ്‌ലയും ഒരേ മാര്‍ഗവും!
ഏക ഇമാമിന് കീഴില്‍ നാം നമസ്‌കാരത്തിനായി അണി നിരക്കുന്നു. നോമ്പും  ഒന്നിച്ചുതന്നെ അനുഷ്ഠിക്കുന്നു. നാം നിര്‍വഹിക്കുന്ന ഹജ്ജ് ആകട്ടെ,നിര്‍ണിതമാസത്തില്‍,നിര്‍ണിത സ്ഥലത്ത്, ഏകരൂപത്തിലുള്ള ഇഹ്‌റാം വസ്ത്രത്തിലാണ്.
ദൈവിക പാശം മുറുകെ പിടിക്കാനാണ് അല്ലാഹു നമ്മോട് ആഹ്വാനം ചെയ്യുന്നത്. വിയോജിപ്പിന്റെയും പിളര്‍പ്പിന്റെയും പ്രത്യയശാസ്ത്രങ്ങള്‍ നാം വലിച്ചെറിയേണ്ടിയിരിക്കുന്നു. അല്ലാഹു പറയുന്നു:’നിങ്ങളൊന്നായി  അല്ലാഹുവിന്റെ പാശം  മുറുകെ പിടിക്കുക. ഒരിക്കലും ഭിന്നിച്ചുപോകരുത്. അല്ലാഹു നിങ്ങള്‍ക്ക് ചെയ്തുതന്ന അനുഗ്രഹങ്ങള്‍ ഓര്‍ക്കുക. നിങ്ങളന്യോന്യം ശത്രുക്കളായിരുന്നു അപ്പോഴവന്‍ നിങ്ങളുടെ മനസ്സുകളെ പരസ്പരം കൂട്ടിയിണക്കി. അങ്ങനെ അവന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരന്മാരായിത്തീര്‍ന്നു’.(ആലുഇംറാന്‍ : 103)
ഭിന്നിപ്പില്‍നിന്നും കക്ഷിമാത്സര്യങ്ങളില്‍നിന്നും  അകന്നുനില്‍ക്കാന്‍ നിര്‍ദ്ദേശിച്ചുകൊണ്ട് അല്ലാഹു പറയുന്നു:’വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ വന്നുചേര്‍ന്നശേഷം പരസ്പരം പിളരുകയും ചിന്നഭിന്നമാവുകയും ചെയ്തവരെപ്പോലെ നിങ്ങള്‍ ആവരുത്. അവര്‍ക്ക് കഠിനമായ ശിക്ഷയാണുള്ളത്’.(ആലു ഇംറാന്‍ : 105)
നബി തിരുമേനി(സ)യില്‍ നിന്ന് സ്വഹീഹായി ഉദ്ധരിക്കപ്പെട്ട ഹദീസില്‍ ഇപ്രകാരം കാണാം:’ ഒരു വിശ്വാസി മറ്റൊരു വിശ്വാസിയെ ഒരു ബലിഷ്ഠകെട്ടിടം പോലെ പരസ്പരം താങ്ങി നിര്‍ത്തുന്നവനാണ്’. മറ്റൊരു പ്രവാചക വചനം ഇപ്രകാരമാണ്:’മുസ്ലിം മറ്റൊരു മുസ്ലിമിന്റെ സഹോദരനാണ്. അവന്‍ അവനെ അക്രമിക്കുകയോ, വഞ്ചിക്കുകയോ, നിന്ദിക്കുകയോ ഇല്ല. തന്റെ സഹോദരനെ നിസ്സാരമായി കാണുകയെന്നത് തന്നെ ഒരാള്‍ ചെയ്യുന്ന തെറ്റാണ്. ഓരോ മുസ്‌ലിമും ഇതരമുസ്‌ലിംകള്‍ക്ക് പവിത്രമാണ്. അവന്റെ രക്തവും, ധനവും അഭിമാനവും സംരക്ഷിക്കപ്പെടേണ്ടതാണ്’.
സഹോദരന്റെ സുഖവിവരങ്ങള്‍ അന്വേഷിക്കുകയും അവനെ സന്ദര്‍ശിക്കുകയും രോഗിയായാല്‍ ശുശ്രൂശിക്കുകയും അവനോട് സലാം പറയുകയും ചെയ്യുകയെന്നത് സാഹോദര്യത്തിന്റെ അനിവാര്യ തേട്ടങ്ങളാണ്. അവന്റെ ക്ഷണം സ്വീകരിക്കുകയും, പുഞ്ചിരിയോടുകൂടി അവനെ സമീപിക്കുകയും, അവന്റെ ജനാസയെ പിന്തുടരുകയും അവന്നുവേണ്ടി പ്രാര്‍ത്ഥിക്കുകയും അവന്റെ ആവശ്യം മനസ്സിലാക്കി സഹായിക്കുകയും ചെയ്യേണ്ടതുണ്ട്. എല്ലാ ഓരോ മുസ്‌ലിമും ഇതരമുസ്‌ലിമിന് ഖുര്‍ആനികദൃഷ്ടാ, വിശ്വാസപരമായി സഹോദരനാണ്.

Related Post