“ആഡംബരപ്രമത്തതയും നാശവും”

 എ.എസ്.ഹലവാനി

വിശ്വഹാസ്യചലച്ചിത്രനടനായ ചാര്‍ലിചാപ്ലിന്‍ തന്റെ ആത്മകഥയില്‍  ഇപ്രകാരം എഴുതി: ‘ആഡംബരസംഗതികളുമായി കെട്ടുപിണഞ്ഞുജീവിക്കുകയെന്നത് ഏറ്റവും ദുഃഖകരമായ കാര്യമാണെന്ന് ഞാന്‍ വിചാരിക്കുന്നു’ തത്ത്വചിന്തകനായ ഖലീല്‍ജിബ്രാന്‍ അതിനെപ്പറ്റി പറഞ്ഞത് ഇങ്ങനെ: ‘സുഖാഡംബരങ്ങളോടുള്ള ആസക്തി വീട്ടില്‍ ആദ്യം അതിഥിയെന്നോണം കടന്നുവരും . പിന്നീട് അത് ആതിഥേയനാകും. തുടര്‍ന്ന് യജമാനനും’.ചാപ്ലിന്‍ ലക്ഷ്വറിജീവിതത്തിന്റെ അപകടത്തെക്കുറിച്ചോര്‍ത്ത് ഭയപ്പെട്ടുവെങ്കില്‍ ജിബ്രാന്‍ അതെങ്ങനെ മനുഷ്യനെ കീഴ്‌പ്പെടുത്തുന്നുവെന്ന് വിശദീകരിക്കുകയായിരുന്നു. ഇത് ആഡംബരപ്രമത്തതയുടെ വ്യക്തിപരമായ ദോഷങ്ങളാണെങ്കില്‍ ഒരു രാഷ്ട്രത്തെ അത് എങ്ങനെ നശിപ്പിക്കുന്നുവെന്നതാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്.

എന്താണ് ആഡംബരമെന്നും അതിന്റെ പ്രകടഭാവങ്ങളെന്തെന്നും അതിന്റെ പ്രതിലോമസ്വഭാവമെന്തെന്നും ഖുര്‍ആനും സുന്നത്തും വിവരിച്ചിട്ടുണ്ട്.

 

‘ഒരു നാടിനെ നശിപ്പിക്കണമെന്ന് നാമുദ്ദേശിച്ചാല്‍ അവിടത്തെ സുഖലോലുപരോട് നാം കല്‍പിക്കും. അങ്ങനെ അവരവിടെ അധര്‍മം പ്രവര്‍ത്തിക്കും. അതോടെ അവിടം ശിക്ഷാര്‍ഹമായിത്തീരുന്നു. അങ്ങനെ, നാമതിനെ തകര്‍ത്ത് തരിപ്പണമാക്കുന്നു’.(അല്‍ ഇസ്‌റാഅ് 16) . ദേശരാഷ്ട്രങ്ങളുടെ തകര്‍ച്ചയ്ക്ക് കാരണമാകുന്നതെന്താണെന്ന് ഖുര്‍ആന്‍ ഇവിടെ അസന്ദിഗ്ധമായി വെളിപ്പെടുത്തുന്നു. സമ്പത്തുള്ള ഒരുവിഭാഗം ആളുകള്‍ ധാരാളിത്തത്തിന്റെയും  അധമമായ ആഡംബരത്തിന്റെയും മാര്‍ഗത്തില്‍ ചരിക്കാന്‍ തുടങ്ങും. അത് കാലക്രമേണ സമൂഹത്തെ ഛിന്നഭിന്നമാക്കുകയും അനീതി നടമാടാന്‍ വഴിയൊരുക്കുകയുംചെയ്യും.

നീചവും അന്യായവുമായ മാര്‍ഗങ്ങളിലൂടെ സമ്പത്തും അധികാരവും കൈപിടിയിലൊതുക്കുന്ന ആധിപത്യമനോഭാവമുള്ളവരെ സംബന്ധിച്ചിടത്തോളം അവര്‍ സത്യത്തെ പൂര്‍ണമായി അംഗീകരിക്കാന്‍ മടികാണിക്കുന്നവരായിരിക്കും. ഇത് അവരുടെ താന്‍പോരിമയെയും അധാര്‍മികവൃത്തിയെയും ഊട്ടിവളര്‍ത്തുന്നു. ഇതിന്റെ അനന്തരഫലമെന്നോണം അക്രമികളായ പ്രമാണിമാര്‍ സമൂഹത്തിലെ പരിഷ്‌കര്‍ത്താക്കള്‍ക്കെതിരെ നീങ്ങുന്നു. നന്‍മകല്‍പിക്കാനും മ്ലേച്ഛവൃത്തികള്‍വിലക്കാനും തയ്യാറായവര്‍ ക്രമേണ തങ്ങളില്‍ ഒതുങ്ങിക്കൂടാന്‍ നിര്‍ബന്ധിതരാകുന്നു. അധികാരം, സമ്പത്ത്, താന്‍പോരിമ, സ്വാര്‍ഥത എന്നിവ എന്നത്തേക്കാളുമേറെ സമൂഹത്തില്‍ സ്വാധീനശക്തിയാവുകയും ആളുകള്‍ വീരാരാധന, നുണ,കാപട്യം,നിഷേധം എന്നിവയില്‍ അഭിരമിക്കുകയുംചെയ്യും. അതിനുപുറമെ, കൈക്കൂലി, ഫണ്ട് ദുരുപയോഗം, പൊതുമുതല്‍അപഹരണം, അധികാരദുര്‍വിനിയോഗം എന്നിവ സമൂഹത്തില്‍ സര്‍വസാധാരണമാകും. ആത്മീയ-ധാര്‍മികമൂല്യങ്ങള്‍ക്കൊന്നുംയാതൊരു വിലയുമില്ലാതാകും. ധാര്‍മികബോധവത്കരണത്തിനുതകുന്ന എല്ലാ മാര്‍ഗങ്ങളും കൊട്ടിയടക്കപ്പെടും. അധാര്‍മികതയും അശ്ലീലതയും സര്‍വത്ര അഴിഞ്ഞാടും. അതോടെ ആ നാടിന്റെ തകര്‍ച്ച പൂര്‍ണമാകും.

സ്‌പെയിനില്‍ മുസ്‌ലിംകള്‍ പരാജിതരായതിനും പുറത്താക്കപ്പെട്ടതിനും കാരണമായി ചരിത്രകാരനായ ജോസ് അേെന്റാാണിയോ തന്റെ ‘The Dominion of the Arabs in Spain: A History’ എന്ന പുസ്തകത്തില്‍ പറയുന്നത് ഇപ്രകാരമാണ്:’ തങ്ങളിലെ നന്‍മകള്‍ വിസ്മരിക്കുകയും അത്യധികമായി  ആഹ്ലാദരസങ്ങളില്‍ മുഴുകുകയും അധാര്‍മികവൃത്തികളില്‍ അഭിരമിക്കുകയുംചെയ്തതിനാല്‍ അറബികള്‍ പരാജിതരായി.’

 

ആഡംബരപ്രമത്തതയെ പണ്ഡിതനായ അല്‍ അസ്ഫഹാനി ‘അല്‍ മുഫ്‌റദാത് ഫീ ഗരീബില്‍ ഖുര്‍ആനി’ല്‍ നിര്‍വചിക്കുന്നതിപ്രകാരമാണ്: ‘ജീവിതം അത്യന്തം സുഖകരവും അനായാസവും ആക്കുന്നതിന് വേണ്ട സൗകര്യങ്ങളുടെ സമാഹരണമാണ് അത്.’ദൈവം തമ്പുരാന്‍ നമുക്ക് നിശ്ചയിച്ചുതന്നിട്ടുള്ള പ്രകൃതിപരമായ അതിര്‍വരമ്പുകളെ ലംഘിക്കുന്നതാണ് അത്തരം ജീവിതം. നബിതിരുമേനി (സ) യമനിലേക്ക് മുആദ്ബ്‌നുജബലിനെ ഗവര്‍ണറായി അയക്കുന്നവേളയില്‍ പറയുകയുണ്ടായി:’മുആദ്, സുഖലോലുപതയെ സൂക്ഷിക്കുക, അല്ലാഹുവിനെ കീഴൊതുങ്ങിജീവിക്കുന്നവര്‍ ആഡംബരജീവിതം നയിക്കുന്നവരല്ല'(അഹ്മദ്)

ആഡംബരത്തെ ഖുര്‍ആനില്‍ എട്ടിടങ്ങളില്‍  അഭിശംസിക്കുന്നുണ്ടെങ്കിലും അതിനെ വിലക്കുന്നതായി കാണുന്നില്ല. അതേസമയം അത്തരത്തില്‍ ധൂര്‍ത്തും, അമിതഭോജനവും ആര്‍ത്തിയുമായി അത് സുഖപ്രമത്തതയിലേക്ക് കടന്നുകയറുന്നതിനെ അത് വിലക്കുന്നു. അല്ലാഹു പറയുന്നത് കാണുക:’ആദം സന്തതികളേ, എല്ലാ ആരാധനകളിലും നിങ്ങള്‍ നിങ്ങളുടെ അലങ്കാരങ്ങളണിയുക.  തിന്നുകയും കുടിക്കുകയും ചെയ്യുക. എന്നാല്‍ അമിതമാവരുത്. അമിതവ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല.ചോദിക്കുക: അല്ലാഹു തന്റെ ദാസന്മാര്‍ക്കായുണ്ടാക്കിയ അലങ്കാരങ്ങളും ഉത്തമമായ ആഹാരപദാര്‍ഥങ്ങളും നിഷിദ്ധമാക്കിയതാരാണ്? പറയുക: അവ ഐഹിക ജീവിതത്തില്‍ സത്യവിശ്വാസികള്‍ക്കുള്ളതാണ്. ഉയിര്‍ത്തെഴുന്നേല്‍പു നാളിലോ അവര്‍ക്കു മാത്രവും.'(അല്‍അഅ്‌റാഫ് 31,32) നബിപത്‌നി ആഇശ(റ)യുടെ റിപോര്‍ട്ടില്‍ ഇങ്ങനെ കാണാം:’അല്ലാഹുവിന്റെ ദൂതന് തേനും മധുരപലഹാരങ്ങളും ഇഷ്ടമായിരുന്നു'(അല്‍ ബുഖാരി)

 

ജീവിതത്തില്‍ ധാര്‍മികമൂല്യങ്ങളെ ഹനിക്കുന്ന, അനീതിയെ ത്വരിപ്പിക്കുന്ന, കൃതഘ്‌നതയും അഹങ്കാരവും തന്‍പ്രമാണിത്തവും അമിതഭോഗാസക്തിയും വര്‍ധിപ്പിക്കുന്ന അതിരുകവിച്ചിലിനെ ഇസ്‌ലാം അകറ്റിനിര്‍ത്തുന്നു. പരലോകത്തെയും ,സ്രഷ്ടാവിനെയും, മതവിശ്വാസത്തെയും മരണത്തെയും ഖബ്‌റിനെയും വിസ്മരിക്കുന്ന എല്ലാ സുഖസൗകര്യങ്ങളെയും അത് വെറുക്കുന്നു.

പ്രവാചകന്‍ തിരുമേനി(സ) പറഞ്ഞതായി അബൂമാലിക് അല്‍അശ്അരി എഴുതുന്നു:’എന്റെ അനുയായികളില്‍ ഒരു വിഭാഗം അവസാനനാളുകളില്‍ അവിഹിതവേഴ്ചകളെയും പട്ടുവസ്ത്രധാരണത്തെയും മദ്യസേവയെയും  സംഗീതോപകരണങ്ങളെയും ഹലാലാക്കുന്നവരായിരിക്കും.'(അല്‍ബുഖാരി)

‘എന്റെ സമുദായം എല്ലാവിധ പ്രമത്തതയോടെയും വിഹരിക്കും. പേര്‍ഷ്യയുടെയും റോമയുടെയം സന്താനങ്ങള്‍ അവരെ സേവിക്കാനുണ്ടാകും. അന്ന് സമുദായത്തിലെ അധര്‍മകാരികളായിരിക്കും സച്ചരിതരായ വിശ്വാസികളുടെമേല്‍ ആധിപത്യം വാഴുന്നത് ‘(തിര്‍മിദി)

beautiful-pink-blossming-tree-during-spring-season

നബിതിരുമേനി(സ)പറഞ്ഞതായി അല്‍ മിഖ്ദാമിബ്‌നുമഅ്ദികരീബ് അല്‍കിന്ദി റിപോര്‍ട്ടുചെയ്യുന്നു:’തന്റെ ആമാശയത്തെക്കാള്‍ മോശമായ പാത്രമൊന്നും ആദംസന്തതി നിറച്ചിട്ടില്ല. ആദംസന്തതിക്ക് തന്റെ നടുനിവര്‍ത്താനാവശ്യമായ ഏതാനും ഉരുളകള്‍ മതി. ഇനി അതിനേക്കാള്‍ കൂടുതല്‍ അവന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ആമാശയത്തിന്റെ മൂന്നിലൊന്ന് ഭക്ഷണത്തിനും മൂന്നിലൊന്ന് പാനീയത്തിനും ബാക്കി വായുവിനും നീക്കിവെച്ചുകൊള്ളട്ടെ.'(നസാഈ, തിര്‍മിദി)

 

Related Post