സ്വഹാബികളെ ഒറ്റവാക്കില്‍ പ്രവാചക അനുചരന്‍മാര്‍ എന്നു വിശേഷിപ്പിക്കാം. പ്രവാചകനില്‍ നിന്ന് ഖുര്‍ആനും സുന്നത്തും അതിന്റെ ശുദ്ധ പ്രകൃതയില്‍ ആദ്യമായി കൈമാറ്റം ചെയ്യപ്പെട്ടതു ഇവരിലേക്കാണ്. പ്രവാചകനിലേക്കു ഇറക്കപ്പെട്ട ഖുര്‍ആന്‍ ഹൃദിസ്ഥമാക്കുകയും ജീവിതത്തില്‍ പ്രയോഗവല്‍ക്കരിക്കുകയും ചെയ്ത ആദ്യ സമൂഹമായിരുന്നു അവര്‍. പ്രവാചകന്റെ വചനങ്ങളെ ആ ചുണ്ടുകളില്‍ നിന്നു നേരിട്ടു മനസ്സിലാക്കി അദ്ദേഹത്തിന്റെ ഊണും ഉറക്കവും പ്രാര്‍ത്ഥനയും നടത്തവും ഇരുത്തവും കിടപ്പും സംസാരവും പെരുമാറ്റവും എല്ലാം അതുപോലെ ഒപ്പിയെടുക്കാന്‍ മത്സരിച്ചവര്‍. പ്രവാചകനോടുള്ള അതിരറ്റ സ്‌നേഹത്താല്‍ സ്വജീവന്‍ ത്യജിക്കാന്‍ സന്നദ്ധരായവര്‍. പ്രവാചക അനുചരന്‍മാര്‍ ഇങ്ങനെ പല വിശേഷങ്ങള്‍ക്കും അര്‍ഹരാണ്. വിശുദ്ധഖുര്‍ആനെ ഗ്രഹിക്കാന്‍ പ്രവാചക അനുചരന്‍മാരെ ചുമതലപ്പെടുത്തുകയും അവര്‍ അതിനെ മനപ്പാഠമാക്കുകയും അതിനെ ക്രോഡീകരിക്കുകയും ചെയ്തു. ഖുര്‍ആനില്‍ മാത്രമല്ല തൗറാത്തിലും ഇഞ്ചീലിലും ഈ അനുഗൃഹീത കൂട്ടരെ സംബന്ധിച്ച് എല്ലാ വിധ സദ്ഗുണങ്ങളുടെയും മൂര്‍ത്തീരൂപങ്ങളായിരുന്ന ദൈവപ്രീതിമാത്രം കാംക്ഷിച്ച വ്യക്തിത്വങ്ങള്‍ എന്ന വിശേഷണമുണ്ട്. ഖുര്‍ആനു പുറമെ സുന്നത്തിനെയും തങ്ങളുടെ ജീവിതത്തില്‍ സ്വാശീകരിച്ചു ആ മഹാത്മാക്കള്‍. ഇബ്‌നു ഹജറുല്‍ അസ്ഖലാനിയുടെ വിശദീകരണമനുസരിച്ച് പ്രവാചക അനുചരന്‍മാരെ പണ്ഡിതന്‍മാര്‍ വിശദീകരിച്ചിരിക്കുന്നത് ഇങ്ങനെയാണ്: ‘പ്രവാചകനെ കുറഞ്ഞത് ഒരു വട്ടമെങ്കിലും വിശ്വാസിയായി കണ്ടുമുട്ടുകയും അവിടത്തെ കേള്‍ക്കുകയും എന്നിട്ട് വിശ്വാസിയായി മരിക്കുകയും ചെയ്ത ഏതൊരാളും സ്വഹാബിയാണ്’ എന്നാല്‍ പ്രവാചകനോടൊപ്പം ഒരു വര്‍ഷമോ രണ്ടുവര്‍ഷമോ ജീവിച്ച വിശ്വാസികളെയാണ് ഒരു സമ്പൂര്‍ണ്ണ സ്വഹാബി എന്നു വിശേഷിപ്പിക്കാന്‍ കഴിയൂ എന്ന് അഭിപ്രായപ്പെടുന്ന പണ്ഡിതന്‍മാരുണ്ട്. വേറെചിലരാകട്ടെ, പ്രവാചകന്റെ വഹ്‌യിന്റെ അന്തരീക്ഷത്തില്‍ ജീവിക്കുകയും അതിന്റെ ഏതെങ്കിലും പ്രയോജനങ്ങള്‍ ലഭിക്കുകയും ചെയ്തവരെയും സ്വഹാബിയായി പരിഗണിക്കാമെന്നാണ് അഭിപ്രായപ്പെടുന്നത്. സ്വഹാബികള്‍ അവരുടെ പദവികളിലും അവരുടെ മഹത്ത്വത്തിലും വ്യത്യസ്ത തട്ടുകളിലുള്ളവരാണ്. ചിലര്‍ പ്രവാചകനില്‍ പ്രവാചകത്വത്തിന്റെ ആദ്യസന്ദര്‍ഭത്തില്‍ തന്നെ വിശ്വസിക്കുകയും അദ്ദേഹത്തോടൊപ്പം മരണം വരെ ഉറച്ചു നില്‍ക്കുകയും ചെയ്തവരാണ്. അല്ലാഹുവിന്റെ സന്ദേശത്തിലും പ്രവാചകനിലും വിശ്വസിക്കുന്നതില്‍ മുന്നിട്ടു നിന്നതിനെ ആശ്രയിച്ച് അവരുടെ സ്ഥാനവും മഹത്ത്വവും കൂടുന്നുവെന്നു കാണാന്‍ സാധിക്കും. പ്രവാചക തിരുമേനി തന്നെയും സഹാബാക്കള്‍ക്കിടയില്‍ ഇത്തരത്തില്‍ ഒരു വേര്‍തിരിവ് സൃഷ്ടിച്ചിട്ടുണ്ട്. പ്രവാചകനില്‍ പ്രബോധനത്തിന്റെ ആദ്യകാലത്തു തന്നെ വിശ്വസിച്ച അമ്മാറിനെ എതിര്‍ത്തു സംസാരിച്ച ഖാലിദിനോട് പ്രവാചകന്‍ ‘എന്റെ അനുചരന്‍മാരെ നീ വിഷമിപ്പിക്കരുത്’ എന്നു പറഞ്ഞു താക്കീതു നല്‍കി. അബൂബക്‌റിനെ ഒരിക്കല്‍ ശകാരിച്ച ഉമറിനു നേരെ പ്രവാചകന്‍ നെറ്റിച്ചുളിച്ചിട്ടു ചോദിച്ചു:’ എന്റെ അനുചരന്‍മാരെ എന്തു കൊണ്ടു നിങ്ങള്‍ വെറുതെ വിടുന്നില്ല? നിങ്ങളെല്ലാവരും നിഷേധിച്ചപ്പോഴും അബൂബക്ര്‍ എന്നില്‍ വിശ്വസിച്ചവനാണ്.’ അബൂബക്ര്‍ അപ്പോഴേക്കും ഇടപെട്ടുകൊണ്ട് പ്രവാചകനു മുമ്പില്‍ സത്യാവസ്ഥ ബോധിപ്പിക്കുകയായിരുന്നു. ‘അല്ലാഹുവിന്റെ പ്രവാചകരേ അതെന്റെ തെറ്റാണ്’ ഹാകിം നൈസാബൂരി പ്രവാചക അനുചരന്‍മാരെ 12 വിഭാഗമായി തിരിച്ചിട്ടുണ്ട്. മിക്കവാറും എല്ലാ പണ്ഡിതന്‍മാരും അദ്ദേഹത്തിന്റെ ഈ വിഭജനം അംഗീകരിച്ചിട്ടുമുണ്ട്. 1. ഇസ്‌ലാമിന്റെ ആദ്യ നാല് ഖലീഫമാര്‍. അബൂബക്ര്‍, ഉമര്‍, ഉസ് മാന്‍, അലി. ഇതിനു പുറമേ ജീവിച്ചിരിക്കെ തന്നെ അല്ലാഹുവിന്റെ പ്രവാചകന്‍ സ്വര്‍ഗം കൊണ്ടു വാഗ്ദാനം ചെയ്ത പത്തുപേരില്‍ ബാക്കിയുള്ള ആറു പേര്‍. സുബൈറുബ്‌നു അല്‍ അവ്വാം, അബൂ ഉബൈദത്തുബ്‌നുല്‍ ജര്‍റാഹ്, അബ്ദുര്‍ റഹ്മാനു ബ്‌നു ഔഫ്, ത്വല്‍ഹ ത്ബ്‌നു ഉബൈദില്ല, സഅദ് ബ്‌നു അബീ വഖാസ്, സഅദിബ്‌നു സൈദ്. 2. ഉമറിന്റെ ഇസ്‌ലാമാശ്ലേഷണത്തിനു മുമ്പ് ഇസ്‌ലാം സ്വീകരിക്കുകയും അര്‍ഖമിന്റെ വീട്ടില്‍ രഹസ്യമായി പ്രവാചകനുമായി സന്ധിക്കുകയും ചെയ്തവര്‍. 3. അബ്‌സീനിയയിലേക്ക് പലായനം ചെയ്തവര്‍ 4. അഖബയില്‍ പ്രവാചകന് സഹായം വാഗ്ദാനം ചെയ്തവര്‍ 5. ഹിജ്‌റയുടെ സന്ദര്‍ഭത്തില്‍ ഖുബായില്‍ വച്ച് പ്രവാചകനോടൊപ്പം ചേര്‍ന്നവര്‍. അവിടെ പ്രവാചകന്‍ അല്‍പം വിശ്രമിച്ചിരുന്നു. 6. ബദ്ര്‍ യുദ്ധത്തില്‍ പങ്കെടുത്തവര്‍ 7. ബദ്ര്‍ യുദ്ധത്തിന്റെയും ഹുദൈബിയ സന്ധിയുടെയും ഇടക്ക് മദീനയിലേക്കു പലായനം ചെയ്തവര്‍ 8. ഹുദൈബിയ സന്ധിയില്‍ അവിടെയുണ്ടായിരുന്ന ഒരു മരച്ചുവട്ടില്‍ വെച്ച് പ്രവാചകന് ബൈഅത് ചെയ്തവര്‍. 9. ഹുദൈബിയ സന്ധിക്കു ശേഷം മദീനയിലേക്കു പലായനം ചെയ്തവര്‍ 10. മക്കാ വിജയത്തിനു ശേഷം ഇസ്‌ലാമില്‍ പ്രവേശിച്ചവര്‍ 11. മക്കാ വിജയത്തിനു ശേഷം പ്രവാചകനെ എവിടെയെങ്കിലും വെച്ച് കണ്ട കുട്ടികള്‍. പ്രവാചകന്‍മാരാണ് മനുഷ്യകുലത്തിലെ ഏറ്റവും മഹാന്‍മാരും സദ്‌വൃത്തരുമായ മനുഷ്യര്‍. അവര്‍ക്ക് തൊട്ടു ശേഷം വരുന്നത് പ്രവാചകന്‍ മുഹമ്മദ് നബിയുടെ അനുചരന്‍മാരാണ്. സ്വഹാബാക്കളില്‍ ചിലര്‍ക്ക് ചില കാര്യങ്ങളില്‍ അല്ലാഹുവിന്റെ മറ്റു പ്രവാചകന്‍മാരുടെ ഗുണഗണങ്ങള്‍ ഉണ്ടെങ്കിലും അവര്‍ക്ക് പ്രവാചകന്‍മാരുടെ വിതാനത്തില്‍ എത്താന്‍ സാധിക്കില്ല. പില്‍ക്കാലത്ത് ഇസ്‌ലാമിക ലോകത്ത് ജീവിച്ചു മരിച്ചു പോയ ചില സുകൃതവാന്‍മാരും പണ്ഡിതന്‍മാരും സ്വഹാബാക്കളുടെ ചില ഗുണങ്ങളോട് അടുത്തു നില്‍ക്കുന്നവരാണ്. എന്നിരുന്നാല്‍ തന്നെയും സഹാബാക്കളില്‍ ഏറ്റവും കുറഞ്ഞ പദവിയിലുള്ളവര്‍ പോലും (ഉദാഹരണം ഹംസയെ വധിച്ച വഹ്ശി) അതിന് ശേഷം വരുന്ന തലമുറയിലെ ഏതൊരാളേക്കാള്‍ പൊതുവായ ഗുണങ്ങളില്‍ മഹാന്‍മാരായിരിക്കും. മുസ്‌ലിം ലോകത്തെ പണ്ഡിതന്‍മാരും ഫഖീഹുകളും സ്വാതികന്‍മാരും അംഗീകരിച്ച കാര്യമാണിത്.