ശരീഅത്ത് നടപ്പാക്കല്‍ ; തുടങ്ങേണ്ടത് സ്വന്തത്തില്‍ നിന്ന്
ഏതെങ്കിലും ഒരു മന്ത്രിസഭയിലേക്ക് ഇറക്കപ്പെട്ട ഒന്നല്ല ശരീഅത്ത്. മുസ്‌ലിമായ ഓരോ വ്യക്തിയും ആദ്യമായി സ്വന്തം ജീവിതത്തിലും പിന്നെ അവന്‍ താമസിക്കുന്ന വീട്ടിലും അയല്‍പക്കത്തും ബന്ധുക്കള്‍ക്കിടയിലും നടപ്പാക്കേണ്ട ഒന്നാണത്. ഓരോ മുസ്‌ലിമും സ്വന്തമായി ഒരു രാഷ്ട്രത്തിന്റെ ചുമതല വഹിക്കുന്നവനാണ്. മറ്റുള്ളവരുടെ കാര്യത്തിലേക്ക് തിരിയുന്നതിന് മുമ്പ് അവിടെ അല്ലാഹുവിന്റെ കല്‍പനകള്‍ നടപ്പാക്കുക അവന്റെ ബാധ്യതയാണ്. സൂറത്തുല്‍ മാഇദയിലെ ഈ സൂക്തങ്ങള്‍ അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
‘ഏതൊരു ജനം അല്ലാഹു അവതരിപ്പിച്ച നിയമങ്ങളനുസരിച്ചു വിധിനടത്തുന്നില്ലയോ, അവര്‍ സത്യനിഷേധികള്‍ തന്നെയാകുന്നു.’ (അല്‍-മാഇദ : 44)
‘അല്ലാഹു അവതരിപ്പിച്ച നിയമങ്ങളനുസരിച്ചു വിധിനടത്താത്ത ജനം അതിക്രമകാരികള്‍ തന്നെയാകുന്നു.’ (അല്‍-മാഇദ : 45)
‘അല്ലാഹു അവതരിപ്പിച്ച നിയമങ്ങളനുസരിച്ചു വിധിനടത്താത്ത ജനം കടുത്ത അധര്‍മികള്‍ തന്നെയാകുന്നു.’ (അല്‍-മാഇദ : 47)
ഓരോ മുസ്‌ലിമിനും വേണ്ടിയാണ് ഈ ആയത്തുകള്‍ അവതീര്‍ണമായിട്ടുള്ളത്. അത് ഭരണാധികാരിയുടെയോ അല്ലെങ്കില്‍ മന്ത്രിസഭയുടെയോ മാത്രം ഉത്തരവാദിത്വമല്ല. ജനങ്ങള്‍ സ്വയം മാറാന്‍ സന്നദ്ധരാവാതെ അല്ലാഹു അവരെ മാറ്റില്ലെന്ന് വളരെ വ്യക്തമായി തന്നെ വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞിട്ടുള്ളതാണ്. ‘അല്ലാഹു ഒരു ജനതയുടെയും അവസ്ഥയില്‍ മാറ്റം വരുത്തുകയില്ല; അവര്‍ തങ്ങളുടെ സ്ഥിതി സ്വയം മാറ്റുംവരെ.’ (അര്‍റഅ്ദ് : 11)
അല്ലാഹുവിന്റെ ശരീഅത്ത് സ്വന്തത്തില്‍ നടപ്പാക്കലാണ് മാറ്റത്തിന്റെ ഒന്നാമത്തെ നിബന്ധന. അതില്ലാതെ ഒരു മാറ്റമോ ബദലോ സാധ്യമല്ല. എന്നാല്‍ സ്വന്തത്തില്‍ അത് നടപ്പാക്കാതെ സമൂഹത്തില്‍ ശരീഅത്തില്‍ അത് നടപ്പാക്കാന്‍ മുറവിളി കൂട്ടുന്നവരെയാണ് പലപ്പോഴും നാം കാണുന്നത്. ഒരു ഭരണാധികാരി ശക്തി ഉപയോഗിച്ച് അത് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ സമൂഹത്തില്‍ മാറ്റങ്ങളുണ്ടാക്കാന്‍ അതിലൂടെ സാധിക്കുകയില്ല. എന്നാല്‍ ബാഹ്യപ്രകടനങ്ങളിലെ ചില മാറ്റങ്ങള്‍ മാത്രമാണ് അതിലൂടെ നടപ്പാക്കാനാവൂ.
ശരീഅത്ത് നടപ്പാക്കാക്കുന്നവരെന്ന് വാദിക്കുന്ന പലരുടെയും ഉദ്ദേശ്യം ശരീഅത്ത് നടപ്പാക്കലല്ല, ഭരണാധികാരികളായി തങ്ങള്‍ക്ക് നിലനില്‍ക്കാനുള്ള തന്ത്രമായിട്ടാണത്. അത്തരക്കാര്‍ കാട്ടികൂട്ടുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ശരീഅത്ത് ഉത്തരവാദിയാവുകയില്ല. വിശുദ്ധ ഖുര്‍ആന്‍ കുന്തത്തില്‍ ഉയര്‍ത്തി പിടിച്ച് അല്ലാഹുവിന്റെ വിധി നടപ്പാക്കാമെന്ന് പറഞ്ഞ ഖവാരിജുകളുടെ വാദത്തിന്റെ ആവര്‍ത്തനം തന്നെയാണിത്. അതിന് അലി(റ) നല്‍കിയ ‘പറഞ്ഞത് സത്യമാണ്, എന്നാല്‍ അതുകൊണ്ടുദ്ദേശിക്കുന്നത് അധര്‍മമാണെന്ന’ എന്ന മറുപടി തന്നെയാണ് ഏറ്റവും യുക്തം. അന്നുണ്ടായ കുഴപ്പങ്ങള്‍ക്ക് സമാനമായ കുഴപ്പങ്ങളാണ് നാമിന്ന് കാണുന്നത്. ലബനാനിലും ഇറാഖിലും ഇറാനിലും സിറിയയിലും ലിബിയിയിലുമെല്ലാം മുസ്‌ലിംകള്‍ തന്നെ മുസ്‌ലിംകളെ കൊന്നൊടുക്കുന്നു. ഇതെല്ലാം ശരീഅത്തിന്റെയും ദൈവിക ദീനിന്റെയും പേരില്‍ നടത്തുന്നു എന്നതാണ് ഏറെ ദുഖകരം.
മുമ്പ് ക്ഷാമകാലത്ത് ഉമര്‍(റ) കട്ടവന്റെ കൈ മുറിച്ചിരുന്നില്ല. അപ്രകാരം നബി(സ) യുദ്ധ കാലത്ത് കൈവെട്ടല്‍ ശിക്ഷ നടപ്പാക്കിയിരുന്നില്ല. എന്നാല്‍ യുദ്ധത്തെക്കാളും ക്ഷാമത്തേക്കാളും സങ്കീര്‍ണമായ ഒരവസ്ഥയാണിന്നുള്ളത്. ഒരാളുടെ കൈ വെട്ടാന്‍ നാല് കള്ളസാക്ഷികളെ കിട്ടാന്‍ ഒരു പ്രയാസവുമില്ലാത്ത കാലത്താണ് നാം ജീവിക്കുന്നത്. സംശയങ്ങള്‍ അവശേഷിക്കുന്ന സാഹചര്യത്തില്‍ ശിക്ഷകള്‍ നടപ്പാക്കരുതെന്നാണ് പ്രവാചകന്‍(സ) നമ്മോട് ആവശ്യപ്പെട്ടിരിക്കുന്നത്.
അതുകൊണ്ട് നിങ്ങളൊരിക്കലും ധൃതി വെക്കരുത്. അത് നിങ്ങളെ അന്ധകാരത്തിലേക്കായിരിക്കും എടുത്തെറിയുക. ശരീഅത്ത് കേവലം വൈകാരികതയുടെയോ ഇച്ഛയുടെയോ വിഷയമല്ല. മറിച്ച് തികഞ്ഞ ഉദ്ദേശ്യ ശുദ്ധിയില്‍ നിന്ന് ഉണ്ടാവേണ്ട ഒരാവശ്യമാണത്. അതിന് വേണ്ട് വാദിക്കുന്നവര്‍ ആദ്യം സ്വന്തത്തില്‍ നിന്ന് തുടങ്ങുകയാണ് വേണ്ടത്. മദ്യത്തില്‍ മുങ്ങിക്കിടന്നിരുന്ന ഒരു സമൂഹത്തില്‍ സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കിയത് പോലെ ഘട്ടം ഘട്ടമായി കൊണ്ടു വരേണ്ട ഒന്നാണത്. പന്ത്രണ്ടിലേറെ വര്‍ഷമെടുത്താണ് മദ്യനിരോധനം നടപ്പാക്കിയതെന്ന് നാം പ്രത്യേകം മനസ്സിലാക്കേണ്ടതുണ്ട്. ദൈവിക ശരീഅത്തിന്റെ വിശാലതയും സന്ദര്‍ഭങ്ങള്‍ക്ക് അനുയോജിച്ച അതിന്റെ സമീപനവുമാണിത് വ്യക്തമാക്കുന്നത്.
അത്ത് എന്നാല്‍ കേവലം ശിക്ഷാവിധികള്‍ മാത്രമല്ലെന്നുള്ള കാര്യവും തിരിച്ചറിയേണ്ടതുണ്ട്. നീതിയും കാരുണ്യവും വിജ്ഞാനവും അതനുസരിച്ചുള്ള പ്രവര്‍ത്തനവുമെല്ലാം ശരീഅത്താണ്. അറിവിനെ കുറിച്ച് ആയിരത്തിലേറെ തവണ കല്‍പിച്ച അല്ലാഹു കട്ടവന്റെ കൈ മുറിക്കണമെന്ന് ഒറ്റത്തവണ മാത്രമാണ് കല്‍പിച്ചിരിക്കുന്നത്. വിശുദ്ധ ഖുര്‍ആന്റെ ഒന്നാമത്തെ കല്‍പന തന്നെ അറിവ് നേടാനുള്ളതാണ്. ‘നിന്നെ സൃഷ്ടിച്ച നിന്റെ നാഥന്റെ നാമത്തില്‍ വായിക്കുക’ എന്ന കല്‍പനയോടെയാണ് ഖുര്‍ആന്‍ അവതരണം ആരംഭിക്കുന്നത് തന്നെ. ശരീഅത്ത് നടപ്പാക്കാന്‍ തെരുവിലിറങ്ങി മുറവിളി കൂട്ടുന്ന പലരും വിസ്മരിക്കുന്ന ഒരു യാഥാര്‍ഥ്യമാണിത്.
ശരീഅത്തിനോടും അത് നടപ്പാക്കുന്നതിനോടുമുള്ള എന്റെ താല്‍പര്യവും, ദുരുദ്ദേശ്യത്തോടെ അതിനെ കൈകാര്യം ചെയ്യുന്നതിനെയും തെറ്റായി വ്യാഖ്യാനിക്കുന്നതിനെയും കുറിച്ച ഭയവും കാരണമാണ് ഞാനിത് പറയുന്നത്. അതിനെ തെറ്റായി മനസ്സിലാക്കുന്നതും തെറ്റായ രീതിയില്‍ നടപ്പാക്കുന്നതും ഞാന്‍ ഭയപ്പെടുന്നു. യഥാര്‍ത്ഥ ഇസ്‌ലാമില്‍ നിര്‍ബന്ധത്തിനും അടിച്ചേല്‍പ്പിക്കലിനും ഒരു സ്ഥാനവുമില്ല. ഇസ്‌ലാം പഠിപ്പിക്കുന്നത് വിട്ടുവീഴ്ച്ചയുടെയും പരസ്പര കാരുണ്യത്തിന്റെയും പാഠങ്ങളാണ്. എന്നാല്‍ ഭീകര പ്രവര്‍ത്തനങ്ങളും അട്ടിമറികളും ബന്ദികളാക്കലുമെല്ലാം കുതന്ത്രശാലിയായ രാഷ്ട്രീയക്കാരന്റെയും സ്വാര്‍ഥതാല്‍പര്യക്കാരുടെയും ഉല്‍പന്നങ്ങളാണെന്ന് നാം തിരിച്ചറിയണം. നാം അവര്‍ക്കെതിരാണ്. കാരണം അതൊരിക്കലും നമുക്ക് രക്ഷയുടെ കവാടങ്ങള്‍ തുറന്ന് തരില്ല, മറിച്ച് നരക കവാടങ്ങളാണ് അത് തുറന്ന് തരിക.
മുസ്തഫ മഹ്മൂദ്