നബിയുടെ മേല്‍ സ്വലാത്തും സലാമും

Prophet_Muhammad__s_name_3_by_Callligrapher_0മാതാപിതാക്കളോ കൂടപ്പിറപ്പുകളോ പോലുള്ള ഉറ്റവര്‍ ആരെങ്കിലും മരണപ്പെട്ടാല്‍ അവരുടെ പാപമോചനത്തിനും സ്വര്‍ഗപ്രവേശനത്തിനും വേണ്ടി നാം അല്ലാഹുവോട് വളരെയേറെ പ്രാര്‍ഥിക്കാറുണ്ട്. തന്റെ കുടുംബം സമ്പത്ത് എന്തിനേറെ സ്വന്തത്തേക്കാള്‍ പ്രവാചകന്‍(സ)യെ സ്‌നേഹിക്കുന്നവനാണ് സത്യവിശ്വാസി. അതുകൊണ്ട് അദ്ദേഹത്തെ അനുഗ്രഹിക്കാനായി അല്ലാഹുവോട് നാം പ്രാര്‍ഥിക്കുന്നു. അതാണ് നിര്‍ബന്ധമായും നാം പ്രവാചകന്റെ പേരില്‍ ചൊല്ലേണ്ട സ്വലാത്ത്. കാരണം നമുക്ക് സന്‍മാര്‍ഗം കാണിച്ചു തരാന്‍ അല്ലാഹു അവന്റെ ഔദാര്യവും അനുഗ്രഹവുമായി അയച്ച ദൂതനാണ് അദ്ദേഹം. അല്ലാഹു പറയുന്നു: ‘നിരക്ഷരന്മാര്‍ക്കിടയില്‍ അവരില്‍നിന്നുതന്നെ ഒരു ദൈവദൂതനെ നിയോഗിച്ചത് അവനാകുന്നു. അദ്ദേഹം അവന്റെ സൂക്തങ്ങള്‍ ഓതിക്കൊടുക്കുന്നു, അവരുടെ ജീവിതത്തെ സംസ്‌കരിക്കുന്നു. വേദവും തത്ത്വജ്ഞാനവും പഠിപ്പിച്ചുകൊടുക്കുന്നു. അവര്‍, ഇതിനു മുമ്പ് തികഞ്ഞ ദുര്‍മാര്‍ഗത്തിലായിരുന്നുവല്ലോ. (ഈ പ്രവാചക നിയോഗം) ഇനിയും അവരോട് ചേര്‍ന്നിട്ടില്ലാത്ത മറ്റു ജനങ്ങള്‍ക്കുവേണ്ടി കൂടി ഉള്ളതാകുന്നു. അല്ലാഹു അജയ്യനും അഭിജ്ഞനുമല്ലോ. ഇത് അല്ലാഹുവിന്റെ അനുഗ്രഹമാകുന്നു. അവനിച്ഛിക്കുന്നവര്‍ക്ക് അത് നല്‍കുന്നു. അവന്‍ മഹത്തായ അനുഗ്രഹമുടയവനല്ലോ.’ (62: 2-4)

നമ്മിലേക്ക് ദൂതനെ അയച്ച അല്ലാഹുവിന്റെ മഹാ അനുഗ്രഹത്തെ അംഗീകരിക്കുകയാണ് സ്വലാത്തിലൂടെ ചെയ്യുന്നത്. അതിലൂടെ നമുക്ക് അല്ലാഹുവോടുള്ള സ്‌നേഹവും നന്ദിയും അനുസരണയും പ്രകടിപ്പിക്കുന്നു. അതോടൊപ്പം പ്രവാചകന്‍(സ)യോടുള്ള നമ്മുടെ സ്‌നേഹവും ആദരവും അനുസരണവും പ്രകടിപ്പിക്കല്‍ കൂടിയാണത്.

നമുക്ക് സവിശേഷമായ വല്ല ഉപകാരമോ ഉപദ്രവമോ സ്വന്തം നിലക്ക് ശക്തിയില്ലാത്ത ഒരു മനുഷ്യനാണ് പ്രവാചകന്‍(സ) എന്ന കാര്യം നാം വിസ്മരിക്കരുത്. ഇന്ന് മുസ്‌ലിം സമൂഹത്തിലെ പലരുടെയും പ്രവാചകന്‍(സ)യോടുള്ള സ്‌നേഹം ദീന്‍ നിരോധിച്ചിട്ടുള്ളതും പ്രവാചകന്‍മാര്‍ നിയോഗിക്കപ്പെട്ട ലക്ഷ്യത്തിന് തന്നെ ഘടക വിരുദ്ധവുമായ തലത്തിലേക്ക് നീങ്ങുന്നത് കാണാം. വഴിപ്പെടാന്‍ അര്‍ഹന്‍ അല്ലാഹു മാത്രമാണ്. പ്രവാചകന്‍(സ)യെ അനുസരിക്കുന്നതും സ്‌നേഹിക്കുന്നതും അല്ലാഹുവിന് വഴിപ്പെടുന്നതിന്റെ ഭാഗം മാത്രമാണ്.

സ്വലാത്തിന്റെയും സലാമിന്റെയും അര്‍ത്ഥം
പ്രാര്‍ഥന സമര്‍പണം എന്നൊക്കെയാണ് സ്വലാത്ത് എന്നതിന്റെ ഭാഷാര്‍ത്ഥം. ‘അല്ലാഹുവും അവന്റെ മലക്കുകളും പ്രവാചകന് സ്വലാത്ത് ചെയ്യുന്നു. വിശ്വാസികളായവരേ, നിങ്ങളും അദ്ദേഹത്തിന് സ്വലാത്തും സലാമും ചൊല്ലുക.’ (33:56) എന്ന ഖുര്‍ആന്‍ സൂക്തം മൂന്ന് അര്‍ത്ഥങ്ങളാണ് നമുക്ക് നല്‍കുന്നത്.
1. സ്‌നേഹത്തിന്റെ പേരില്‍ ഒരാളെ ഇഷ്ടപ്പെടുകയും പരിഗണിക്കുകയും ചെയ്യുക.
2. ഒരാളെ പ്രശംസിക്കുക.
3. ഒരാള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുക.

അല്ലാഹു ഒരാളുടെ പേരില്‍ സ്വലാത്ത് ചെയ്യുന്നു എന്നതിന്റൈ വിവക്ഷ അല്ലാഹു അയാളെ സ്‌നേഹിക്കുന്നു, പ്രശംസിക്കുന്നു, അയാള്‍ക്ക് മേല്‍ അനുഗ്രഹങ്ങള്‍ ചൊരിയുകയും തന്റെ പ്രീതിയും കാരുണ്യവും നല്‍കുകയും ചെയ്യുന്നു എന്നെല്ലാമാണ്. സൃഷ്ടികള്‍ സ്വലാത്ത് ചെയ്യുന്നു എന്നു പറയുമ്പോള്‍ അദ്ദേഹത്തെ അനുഗ്രഹിക്കാനായി അവര്‍ അല്ലാഹുവോട് പ്രാര്‍ഥിക്കുന്നു എന്നര്‍ത്ഥം. ഈ അര്‍ത്ഥത്തിലാണ് സ്‌നേഹത്തെയും പ്രശംസയെയും മനസ്സിലാക്കേണ്ടത്. രണ്ട് കാര്യങ്ങളാണ് മേല്‍ പറഞ്ഞ സൂക്തം നമ്മോട് ആവശ്യപ്പെടുന്നത്.

ഒന്ന്, ‘നിങ്ങള്‍ സ്വലാത്ത് ചെയ്യുക.’ പ്രവാചകന്‍(സ)യുടെ മേല്‍ അനുഗ്രഹങ്ങള്‍ ചൊരിയാന്‍ അല്ലാഹുവോട് നാം തേടണം. നമുക്ക് മാര്‍ഗദര്‍ശനം നല്‍കിയതിന്റെ പേരില്‍ അദ്ദേഹത്തെ പ്രശംസിക്കാനും അല്ലാഹുവോട് നാം ആവശ്യപ്പെടുകയാണ് അതിലൂടെ. സ്വലാത്ത് ചെയ്യുക എന്നതിന്റെ അര്‍ത്ഥത്തെ കുറിച്ച് ചെറിയ തരത്തിലുള്ള അഭിപ്രായ വ്യത്യാസം പണ്ഡിതന്‍മാര്‍ക്കിടയിലുണ്ട്. ബഹുഭൂരിപക്ഷവും അഭിപ്രായപ്പെട്ടിട്ടുള്ളത് അതിന്റെ ആശയം ‘അല്ലാഹുവില്‍ നിന്നുള്ള ദയ, പാപമോചനത്തിനായുള്ള മലക്കുകളുടെ പ്രാര്‍ഥന, മനുഷ്യരുടെ പ്രാര്‍ഥന’ എന്നാണെന്നാണ്. എന്നാല്‍ ഇബ്‌നുല്‍ ഖയ്യിം, അബുല്‍ ആലിയ, ശൈഖ് ഇബ്‌നുല്‍ ഉഥൈമീന്‍ തുടങ്ങിയ പണ്ഡിതന്‍മാര്‍ അതിന്റെ ആശയമായി പറഞ്ഞിട്ടുള്ളത് പ്രവാചകന്റെ(സ) പേരില്‍ സ്വലാത്ത് ചൊല്ലുക എന്നതിന്റെ അര്‍ത്ഥം മലക്കുകളുടെ സദസ്സില്‍ വെച്ച് അദ്ദേഹത്തെ പ്രശംസിക്കാന്‍ അല്ലാഹുവോട് തേടലാണ്.

ശൈഖ് ഉഥൈമീന്‍ വിവരിക്കുന്നു: ഇവ്വിഷയത്തില്‍ പറയപ്പെട്ടിട്ടുള്ള ഏറ്റവും നല്ല അഭിപ്രായം അബുല്‍ ആലിയയുടേതാണ് അദ്ദേഹം പറഞ്ഞു: പ്രവാചകന്‍(സ) മേലുള്ള അല്ലാഹുവിന്റെ സ്വലാത്ത് ‘ഉന്നതമായ സംഘത്തില്‍’ (മലക്കുകള്‍) വെച്ച് അദ്ദേഹത്തെ പ്രശംസിക്കലാണ്. ‘അല്ലാഹുമ്മ സ്വല്ലി അലൈഹി’ എന്ന് പറയുന്നതിന്റെ അര്‍ത്ഥം ‘അല്ലാഹുവേ, ഉന്നതമായ സംഘത്തില്‍ വെച്ച് അദ്ദേഹത്തെ പ്രശംസിക്കണേ, എന്നാണ്. അതായത് അല്ലാഹുവിന്റെ സമീപസ്ഥരായ മലക്കുകളുടെ അടുത്ത് വെച്ച്. (അശ്ശറഹുല്‍ മുമ്തിഅ്- 3/163)
സ്വലാത്തിന്റെ ഭാഷാര്‍ത്ഥങ്ങളില്‍ പെട്ട ഈ രണ്ട് നിര്‍വചനങ്ങളും സ്വീകരിക്കാവുന്നതാണ്. അല്ലാഹുവല്ലോ സൂക്ഷ്മമായി അറിയുന്നവന്‍.

രണ്ടാമതായി നമ്മോട് ആവശ്യപ്പെട്ടിരിക്കുന്നത് തസ്‌ലീം ആണ്. തസ്‌ലീം എന്നതിന്റെ ഭാഷാര്‍ത്ഥം സമാധാനം ആശംസിക്കലാണ്. സമാധാനത്തിനും രക്ഷക്കും വേണ്ടി തേടലും ഉള്‍ക്കൊള്ളുന്നതാണ് അതിന്റെ ആശയം. തസ്‌ലീം, സലാം എന്നിവയുടെ മൂലപദത്തില്‍ നിന്നാണ് ഈ അര്‍ത്ഥം ലഭിക്കുന്നത്. ആത്യന്തികമായ സുരക്ഷിതത്വവും സമാധാനവും നല്‍കുന്നവന്‍ നിന്നോടൊപ്പമുണ്ടാവട്ടെ എന്നോ താങ്കള്‍ സുരക്ഷിതത്വത്തിലും സമാധാനത്തിലുമാകട്ടെ എന്നോ അതിനര്‍ത്ഥം നല്‍കാം.

ശൈഖ് ഇബ്‌നു ഉഥൈമീന്‍ പറയുന്നത് കാണുക: പ്രവാചകന്റെ(സ) മേലുള്ള തസ്‌ലീമിന്റെ ആശയം, എല്ലാ വിപത്തുകളില്‍ നിന്നും അല്ലാഹു അദ്ദേഹത്തെ കാത്തുരക്ഷിക്കട്ടെയെന്ന് നാം പ്രാര്‍ഥിക്കുകയാണ്. പ്രവാചകന്‍(സ)യുടെ ജീവിത കാലത്ത് ഈ പ്രാര്‍ഥന എന്താണെന്ന് വ്യക്തമാണ്. എന്നാല്‍ അദ്ദേഹത്തിന്റെ വിയോഗ ശേഷം എങ്ങിനെയാണ് നാം അദ്ദേഹത്തെ സംരക്ഷിക്കണമെന്ന് പ്രാര്‍ഥിക്കുന്നതെന്ന് ചോദിക്കുന്നവരുണ്ടാകും. അതിനുള്ള മറുപടി ജീവിതകാലത്ത് മാത്രമുള്ള രക്ഷയില്‍ പരിമിതമല്ല ഈ പ്രാര്‍ഥന, മറിച്ച് അന്ത്യദിനത്തിന്റെ എല്ലാ ഭയാനകതകളില്‍ നിന്നും രക്ഷ നല്‍കാനും കൂടിയാണ്.

വിവ: നസീഫ്‌

Related Post