മണ്ണിനും വിണ്ണിനും ഇടയില്‍ കനത്ത് നില്‍ക്കുന്ന ഒരുപാട് മൗനപാളികളുണ്ട്. ചില മൗനങ്ങള്‍ വാചാലമാണ്, മറ്റുചിലത് ബലിഷ്ടമായ കൈകള്‍ പൊത്തിപ്പിടിച്ചതിനാല്‍ പുറത്തേക്ക് പൊട്ടിത്തെറിക്കാന്‍ കഴിയാതെ മൗനമവലംബിച്ച് നില്‍ക്കേണ്ടി വന്ന വീര്‍പ്പുമുട്ടി നില്‍ക്കുന്ന ശബ്ദങ്ങളാണ്. മണ്ണിനു വേണ്ടി പോരാടുന്നവരിലേക്ക് കണ്ണയക്കാതെ, വിണ്ണിലെ ദൈവത്തെ കണ്ണടച്ച് ധ്യാനിക്കുന്നവരുടെ മൗനത്തിന് നേരെ കല്ലെറിയുക.
മണ്ണ്
‘ചവിട്ടി നില്‍ക്കാന്‍ മണ്ണിലാത്തവരുടെ നിലനില്‍പ്പുസമരം’ എന്ന പേരില്‍ മാതൃഭൂമി ആഴ്ചപതിപ്പില്‍ (സെപ്. 28) അന്യാധീനപ്പെട്ട സ്വന്തം ഭൂമിക്ക് വേണ്ടി നില്‍പ്പുസമരം നടത്തുന്ന ആദിവാസികളിലേക്ക് ശ്രദ്ധക്ഷണിച്ചു കൊണ്ട് എസ്.വിനേഷ് കുമാര്‍ എഴുതിയ ലേഖനം കേരളസമൂഹത്തിന്റെ സമരവ്യായാമങ്ങളിലെ അശ്ലീലതകളെ കുറിച്ച് ഉച്ചത്തില്‍ വിളിച്ചു പറയുന്നുണ്ട്. ആഫിക്കന്‍ ഐക്യനാടുകളിലെ പട്ടിണിക്കോലങ്ങളായ കറുത്തവര്‍ഗക്കാരുടെ ദയനീയമായ അവസ്ഥയെക്കുറിച്ച് സെമിനാറുകള്‍ സംഘടിപ്പിച്ച് പരിതപിക്കുന്ന മലയാളിസമൂഹം തൊട്ടയല്‍പ്പക്കത്തെ യാഥാര്‍ഥ്യങ്ങളോട് പുറംതിരിഞ്ഞു നില്‍ക്കുന്നതിന് പിന്നിലെ മാനസികനിലവാരത്തെ അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ഇതിനോട് കൂട്ടി ചൊല്ലേണ്ട ഒരു കവിത തേജസ് ദൈ്വവാരികയില്‍ (സെപ് 16) വന്നിട്ടുണ്ട്. മൊടപ്പത്തി നാരായണന്‍ എഴുതിയ ‘ഫലസ്തീനിലെ പുകമറ’ എന്ന കവിതയിലെ നാലുവരികള്‍…
‘പുലരിയില്ല, പൂക്കളില്ല, കരിവണ്ടിന്‍ മൂളലില്ല
കലപിലകള്‍ കളിയാടും പെരുവഴികള്‍ മൗനം
പിറക്കാനിടമില്ല, ചിതയൊരുക്കാനിടമില്ല
മണ്ണില്ല, വിണ്ണില്ല, മുന്നിലോ ശൂന്യം…’
കേരളത്തിലെ ആദിവാസികളും, ഫലസ്തീനിലെ അറബികളും ഒരവസരം കിട്ടുകയാണെങ്കില്‍ ഒരുമിച്ചിരുന്ന് ചൊല്ലാന്‍ സാധ്യതയുള്ള വരികള്‍. വിനേഷ് കുമാറിന്റെ വിലയിരുത്തലിനെ ഒരല്‍പ്പം അലോസരപ്പെടുത്തി കൊണ്ട് നില്‍പ്പ്‌സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഭരണകക്ഷികള്‍ മുതല്‍ മതമേലദ്ധ്യക്ഷന്‍മാര്‍ വരെ രംഗത്തുവന്നിട്ടുണ്ട്. സാധാരണ ‘ഒറ്റനിറത്തില്‍’ മാത്രം കണ്ട് വന്നിരുന്ന ആദിവാസി സമരങ്ങള്‍ക്കങ്ങനെ ഒരു ബഹുവര്‍ണ്ണശബളിമ കൈവന്നിട്ടുണ്ട്.
‘ഹൈക്കു’ഞ്ഞുണ്ണിമാഷ്
ഹൈക്കു കവിത, ബോണ്‍സായ് മരം, കുഞ്ഞുണ്ണി കവിത. വാതോരതെ സംസാരിക്കുന്ന ഇച്ചിരി വരികളില്‍, ചെറുതിന്റെ മനോഹാരിതയെ എം.എന്‍ കാരശ്ശേരി ‘ചെറുതാണ് ചേതോഹരം’ എന്ന സാഹിത്യാലോചനയില്‍ (മാധ്യമം ആഴ്ചപതിപ്പ് സെപ് 22) വാരിവിതറിയിട്ട് മൗനമവലംബിച്ച് നില്‍ക്കുകയാണ്. ബുദ്ധന്റെ മൗനം, ആയുധം കരുതുന്നതിന് പകരം കൈതന്നെ ആയുധമാക്കുന്ന ‘കുങ്ഫു’, വന്‍ വൃക്ഷത്തെ ഒരു ചെറു ചട്ടിയില്‍ ഒതുക്കുന്ന ‘ബോണ്‍സായ്’, കുറിയ മനുഷ്യരായ ജപ്പാന്‍കാരുടെ അമ്പരപ്പിക്കുന്ന അധ്വാനഭ്രമം എന്നിവയിലൂടെ ഒരു കൊച്ചുയാത്ര. മലയാളമല്ലാതെ മറ്റൊരു ഭാഷയും വശമില്ലാത്ത കുഞ്ഞുണ്ണി മാഷിന്റെ കവിതകളും ജാപ്പനീസ് ‘ഹൈക്കു’ കവിതകളും തമ്മിലുള്ള ആത്മസാദൃശ്യത്തിന് മുന്നില്‍ അത്ഭുതപ്പെട്ട് നില്‍ക്കുന്നുണ്ട് ഒരുവേള ലേഖകന്‍. ധ്യാനാനുഭവത്തിലൂടെ പുരോഗമിക്കുന്ന കുറിപ്പ് വായനാസുഖവും അറിവും പ്രദാനം ചെയ്യുന്നു.
വിണ്ണ്
ഇനി കുറച്ച് ആകാശക്കാര്യം. ചൊവ്വയില്‍ വെള്ളമുണ്ടോ, അവിടെ പുല്ലുണ്ടോ, എലിയുണ്ടോ തുടങ്ങിയ ഒരുപാട് സമസ്യകള്‍ക്ക് ഉത്തരം തേടിക്കൊണ്ട് ആകാശത്തേക്ക് കണ്ണുനട്ടിരുന്നവര്‍ക്ക് സന്തോഷത്തിന് വകനല്‍കുന്ന കാര്യങ്ങളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ ചൊവ്വാ ദൗത്യത്തെ ചരിത്ര നേട്ടം, വിജയകരം തുടങ്ങിയ ആലങ്കാരികപദങ്ങള്‍ കൊണ്ട് വിശേഷിപ്പിച്ച് രാഷ്ട്രപതിയും, പ്രധാനമന്ത്രിയും രംഗത്ത് വന്നു കഴിഞ്ഞു. എന്തിനും മറുവായനകള്‍ തേടുന്നവര്‍ക്ക് വിജ്ഞാനപ്രദമായ വിവരങ്ങള്‍ നല്‍കുന്ന വിഭവങ്ങളുമായാണ് ഇത്തവണ ചന്ദ്രിക ആഴ്ചപതിപ്പ് സാന്നിധ്യമറിയിച്ചിരിക്കുന്നത്. ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായരുമായുള്ള അഭിമുഖത്തില്‍ ചില അപസ്വരങ്ങള്‍ കേള്‍ക്കുന്നുണ്ട്. ചൊവ്വാദൗത്യപദ്ധതിക്ക് ശാസ്ത്രീയതയില്ലെന്ന് അദ്ദേഹം തുറന്ന് പറയുന്നു.